സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 13

അദ്ധ്യായം-13 | ആദ്യപുസ്തകം, ലക്ഷദ്വീപ് യാത്ര, ഇന്ദിരാഗാന്ധി
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 13

കോഴിക്കോട് ഗവ. ആര്‍ട്‌സ് & സ യന്‍സ് കോളജ് മാനാഞ്ചിറയില്‍ പ്രവര്‍ത്തിച്ചിരുന്ന 1968-ല്‍ ബി.എ. ക്ലാസ്സില്‍ ചിന്താവിഷ്ടയായ സീത പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് രജി. പോസ്റ്റില്‍ വന്ന ഒരു കെട്ടു പുസ്തകങ്ങള്‍ പോസ്റ്റുമാന്‍ എനി ക്കു തന്നത്. പൊട്ടിച്ചപ്പോള്‍ ''കവിതയുടെ ഭാവി'' എന്ന ചിന്താവിഷ്ടയായ സീതയെക്കുറിച്ചു കൂടി ലേഖനമുള്ള എന്റെ ആദ്യപുസ്തകത്തിന്റെ ഓതേഴ്‌സ് കോപ്പികള്‍! കുട്ടികളെയും കാണിച്ചു. സുകുമാര്‍ അഴീക്കോടിന്റെ അവതാരിക. അതിന്റെ പിന്നില്‍ ഒരു തമാശയുണ്ട്. എന്‍.ബി.എസ്. ജനറല്‍ മാനേജരായിരുന്ന നോവലിസ്റ്റ് വെട്ടൂര്‍ രാമന്‍ നായരുടെ നിര്‍ദ്ദേശപ്രകാരമാണ് കേരള ഡൈജസ്റ്റി ലും മറ്റും വന്ന എന്റെ കുറേ ലേഖനങ്ങള്‍ ചേര്‍ന്ന മാറ്റര്‍, എന്‍.ബി.എസ്. വിതരണമെടുക്കാന്‍ അയച്ചത്. അവിടത്തെ രീതിയനുസരിച്ച് ഒരാള്‍ വായിച്ചു നല്ല റിപ്പോര്‍ട്ട് നല്‍കണം. സുകുമാര്‍ അഴീക്കോടിനയച്ചു. വിതരണത്തിനെടുത്താല്‍ വലിയ തെറ്റാവില്ലെന്നോ മറ്റോ ആയിരുന്നു റിപ്പോര്‍ട്ട്! അതുവച്ചു കാര്യം നടക്കില്ല, അഴീക്കോടിനെ കണ്ട് അവതാരിക എഴുതിച്ചു കൊണ്ടുവരാന്‍ വെട്ടൂര്‍ പറഞ്ഞു. മൂത്തകുന്നത്ത് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായി പ്രവര്‍ ത്തിച്ചിരുന്ന അഴീക്കോടിന്റെയടുത്തെത്തി ആവശ്യം പറഞ്ഞു. വൈകാതെ നല്ല വാക്കുകള്‍ നിറഞ്ഞ അവതാരിക എഴുതി തന്നു! തുടക്കമെന്ന നിലക്ക് ഏതു യുവനിരൂപകനും അഭിമാനിക്കാവുന്ന കൃതിയാണതെന്ന് അദ്ദേഹം എഴുതി. അദ്ദേഹത്തിനും വെട്ടൂരിനും മുഖവുരയില്‍ ഹൃദയപൂര്‍വം നന്ദി പറഞ്ഞു!

ഞാന്‍ അച്ചടിച്ചെലവു നല്‍കി 1968 ജൂണില്‍ ഇറക്കിയ ആ പുസ്തകം ''നിത്യദുഃഖത്തിന്റെ തമോഭൂമിയില്‍ എന്നെയും സഹോദരങ്ങളെയും അമ്മയെ യും വിട്ടുകൊണ്ട് 1959 മേയ് 4-ന് അര്‍ധരാത്രിക്കു മേല്‍ ഐഹികവാസം വെടിഞ്ഞ എന്റെ വന്ദ്യപിതാവ് പി.വി. വര്‍ക്കിയുടെ ശാശ്വത സ്മരണക്കായി'' സമര്‍ പ്പിച്ചിരുന്നു. മുഖവുരയുടെ തുടക്കം: ''ഒരര്‍ഥത്തില്‍ എന്റെ ആദ്യത്തെ പുസ്തകമാണിത്. 'വിചിന്തനം' എന്ന പേരിലൊരു പുസ്തകം എന്റേതായി പുറത്തുവന്നെങ്കിലും തിടുക്കത്തില്‍ മാറ്റര്‍ കൊടുക്കേണ്ടിവന്നതിനാലും പ്രൂഫ് നോക്കാനോ മുഖവുര കുറിക്കാനോ വേണ്ട സന്ദര്‍ഭം പ്രസാധകരില്‍നിന്നു കിട്ടാതെ വന്നതിനാലും ധാരാളം പ്രമാദങ്ങള്‍ കടന്നുകൂടിയ പ്രസ്തുത പുസ്തകത്തെ എന്റേതെന്നു പറയാന്‍ മടി തോന്നുന്നു. എന്നാല്‍ ഈ പുസ്തക ത്തെ സംബന്ധിച്ചിടത്തോളം അത്തരം ന്യായീകരണങ്ങള്‍ക്കൊന്നും സ്ഥാനമില്ല. ഇതിന്റെ കുറ്റങ്ങളും കുറവുകളും പൂര്‍ണമായും എന്റേതാണ്.''

ഒമ്പതു ലേഖനങ്ങളടങ്ങിയ ആ ഉപന്യാസ സമാഹാരത്തില്‍ ചങ്ങമ്പുഴയെക്കുറിച്ചും സ്റ്റൈന്‍ബക്കി ന്റെ 'മുത്തി'നെ ക്കുറിച്ചുമുള്ള ലേഖനങ്ങള്‍ മികച്ചതായിരുന്നു. ഇതു മുതല്‍ 2020-ല്‍ ഇറങ്ങിയ 'പ്രകാശത്തിന്റെ അമ്മ' വരെ 48 പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു.

അറബിക്കടലിലെ കേരളം (1970) എന്ന രണ്ടാമ ത്തെ പുസ്തകത്തിലെ ആദ്യഭാഗം: ''ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി 1969 ഒക്‌ടോബര്‍ 10, 11, 12 തീയതികളില്‍ നടത്തിയ ലക്ഷദ്വീപു സന്ദര്‍ശ നം പ്രമാണിച്ചാണ് ആ ദ്വീപുകളില്‍ ചിലതു കാണാനവസരം ലഭിച്ചത്. ശ്രീമതി ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം ദ്വീപുകാര്‍ക്കു മനസ്സിലാകുന്ന ഭാഷ (മലയാളം) യിലാക്കുക എന്ന കൃത്യമാണ് എനിക്കും മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ശ്രീ. എ. പത്മനാഭക്കുറുപ്പിനും നിര്‍വഹിക്കാനുണ്ടായിരുന്നത്. ലക്ഷദ്വീപുകളുടെ തലസ്ഥാനമായ കവറത്തിയിലും കല്‌പേനിയിലും ആ കൃത്യം നിര്‍വഹിക്കേണ്ടിയിരുന്നതു ഞാനാണെങ്കില്‍ അമിനി, ആന്ത്രോത്തൂ ദ്വീപുകളില്‍ ശ്രീമാന്‍ കുറുപ്പാണ് അതിനു നിയോഗിക്കപ്പെട്ടത്. എന്നാല്‍ കവറത്തി ഹയര്‍ സെക്കന്ററി സ്‌കൂ ളിലെ അധ്യാപകനായ ശ്രീ. സതികുമാരന്‍ നായര്‍ കൂടി ഇതേ കൃത്യത്തിനു നിയുക്തനാവുകയും അദ്ദേഹം, പ്രധാനമന്ത്രിയുടെ കവറത്തിയിലെ ഒരു പ്രസംഗവും ആന്ത്രോത്തിലെ പ്രസംഗവും ഭാഷാന്തരീകരിക്കയും ചെയ്കയാല്‍ എനിക്കു തര്‍ജമ ചെയ്യേണ്ട പ്രസംഗങ്ങള്‍ മൂന്നായും ശ്രീ കുറുപ്പിനു തര്‍ജമ ചെ യ്യേണ്ട പ്രസംഗം ഒന്നായും ചുരുങ്ങിക്കിട്ടി. അങ്ങനെ കോഴിക്കോട്ടുനിന്നു പ്രസ്തുത കൃത്യത്തിനു പോയവരില്‍ ഏറ്റവും കൂടുതല്‍ ദ്വീപുകള്‍ കാണാനും പ്രസംഗങ്ങള്‍ വിവര്‍ത്തനം ചെയ്യാനുമുള്ള ഭാഗ്യം എനിക്കുതന്നെ വന്നു ചേര്‍ന്നു.

തികച്ചും നാടകീയമായിരുന്നു ആ യാത്ര എന്നു പറയാതെ വയ്യ. ഇങ്ങനെയൊരു കൃത്യം ഏറ്റെടുക്കാമോ എന്ന് ആദ്യമൊരന്വേഷണമുണ്ടായപ്പോള്‍ അതില്‍നിന്നൊഴിവാകാനാണ് ഞാനാഗ്രഹിച്ചത് - ജീവിതത്തിലാദ്യമായി ഒരു പ്രസംഗവിവര്‍ ത്തനത്തിനു മുതിരുക എന്ന പരീക്ഷണം, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്മേലാവുക ധിക്കാരപരമായിരിക്കും എന്നെനിക്കു തോന്നി. മറ്റാരെയെങ്കിലും കണ്ടുപിടിച്ചുകൊള്ളും എന്ന ഉറപ്പിന്മേല്‍ ഒരാഴ്ച ലീവില്‍ ഞാന്‍ നാട്ടിലേക്കു പോയി. ലീവ് കഴിഞ്ഞ്, ഒരുനാള്‍ രാവിലെ 4 മണിക്കു മലബാര്‍ എക്‌സ്പ്രസ്സില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ട കാഴ്ച, സത്യത്തില്‍, നടുക്കം തോന്നിക്കുന്നതായിരുന്നു. എന്നെ കണ്ടുപിടിച്ച് ഈ കൃത്യമേല്പിക്കാനും അന്നുതന്നെ (5.10.1969) രാത്രിയിലത്തെ മലബാര്‍ എക്‌സ്പ്രസ്സില്‍ കൊച്ചിയിലേക്കു തിരിച്ചയക്കാനും അവിടെനിന്നു കപ്പല്‍വഴി നാടുകടത്താനു(!)മായി ആര്‍ട്‌സ് കോളജ് ലക്ചറര്‍ ശ്രീ. രാജഗോപാലന്‍, ക്രിസ്ത്യന്‍ കോളജ് ലക്ചറര്‍ ശ്രീ. കരുണാകരന്‍ എന്നീ സുഹൃത്തുക്കള്‍ കാവല്‍ നില്‍ ക്കുന്നു! ട്രെയിനില്‍ എനിക്കായി ടിക്കറ്റ് റിസര്‍വ് ചെയ്തുകഴിഞ്ഞു. ഞാനാണെങ്കില്‍ സഭാര്യനായി ആദ്യജാതനുമൊത്തു പുതിയൊരു പൊറുതിയാരംഭിക്കാന്‍ പരിവാസസമേതം എത്തിയിരിക്കയാണ്. പുതിയ വീട്ടില്‍ ഒരു ദിവസംപോലും അവരോടൊ ത്തു താമസിക്കാതെ, സ്ഥലഗൃഹാദികളുമായി യാ തൊരു പരിചയവുമില്ലാത്തവരെ നവജാതനോടൊത്താക്കിയിട്ടു പോവുക - അതും ഈ ദുരിതം നിറ ഞ്ഞ യാത്ര, പോര്‍ട്ടര്‍മാരും തിങ്ങിത്തൂങ്ങി നില്‍ക്കു ന്ന സഹയാത്രികരും മറ്റുമായി മല്ലടിച്ചു വല്ലപാടും അവസാനിപ്പിച്ച്, അല്പമൊന്നാശ്വസിക്കാമെന്നു കരുതിവരുമ്പോള്‍, അതേവഴിക്ക്, അതേ ദിവസം തന്നെ തിരിച്ചുപോവുക! ചിന്തിക്കാന്‍കൂടി വയ്യാത്ത കാര്യങ്ങളാണ്. പക്ഷേ, എന്റെ സ്‌നേഹിതന്മാരുടെ മാധു ര്യം കലര്‍ന്ന നിര്‍ബന്ധത്തിനു വഴങ്ങുകയേ വയ്ക്കൂ എന്നുവന്നു.

കോഴിക്കോട്ടുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ സെക്രട്ടറി ശ്രീ. കുമാരനില്‍നിന്ന് അവശ്യം വേ ണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ഞങ്ങള്‍ യാത്രയാരംഭിച്ചത്. അടുത്ത ദിവസം (6.10.69) 'രാജലക്ഷ്മി' എന്ന കപ്പല്‍ കൊച്ചിയില്‍നിന്നു ഞങ്ങളെയുംകൂട്ടി ലക്ഷദ്വീപിലേക്കു തിരിക്കുമെന്നായിരുന്നു അറിയിപ്പ്. പക്ഷേ, ആറാം തീയതി രാവിലെ കൊ ച്ചിന്‍ ടെര്‍മിനസ്സില്‍ ഞങ്ങളെ സ്വീകരിക്കാനെത്തിയ ശ്രീ. മേനവനില്‍നിന്നും ഞങ്ങള്‍ക്കു കിട്ടിയ വിവരം മറ്റൊന്നായിരുന്നു. 'രാജലക്ഷ്മി' ഏഴാം തീയതി മാത്രമേ യാത്രയാകൂ. എനിക്കുണ്ടായ നിരാശയും ദുഃഖവും വെറുപ്പും വര്‍ണിക്കാവതല്ല. പുതിയ താമസസ്ഥലത്തെ പ്രശ്‌നങ്ങളങ്ങനെ. ജോലിസ്ഥലത്തേക്കാണെങ്കില്‍ (ഗവ. ആര്‍ട്‌സ് കോളജ്) തിരിഞ്ഞുനോക്കിയിട്ടു പത്തുപന്ത്രണ്ടു ദിവസമായി. അവിടെ എത്രയോ ദിവസമായി എന്നെക്കാത്തു കിടക്കുന്ന കത്തുകള്‍ ഇനിയും കുറേനാള്‍കൂടി അനാഥമായി കിടക്കണം! പ്രിന്‍സിപ്പലിനോടൊ പ്രോഫസറോടൊ ഒരുവാക്ക് പറഞ്ഞിട്ടുപോരാന്‍ കഴിഞ്ഞില്ല. പരിപാടിയില്‍ വന്ന ഈ ഒരു ദിവസത്തെ മാറ്റം അറിയിച്ചിരുന്നെങ്കില്‍ എനിക്കു കോളജുവരെ പോയി അത്യാവശ്യം വേണ്ട കാര്യങ്ങള്‍ കഴിച്ചിട്ടു പോരാമായിരുന്നു - എല്ലാമാലോചിച്ചപ്പോള്‍ എനിക്കുണ്ടായ അമര്‍ഷം അദമ്യമായുയര്‍ന്നു. പക്ഷേ, ആരോടു പ്രകടിപ്പിക്കാന്‍? ഫോര്‍ട്ടുകൊച്ചിയിലെ ഗസ്റ്റുഹൗസില്‍, (ഇതിനോടകം ഞങ്ങളവിടെ എത്തിക്കഴിഞ്ഞു) വിശാലമായ ആ മുറിയില്‍ ശ്രീ. കുറുപ്പു മാത്രമാണ് എന്നോടൊപ്പമുള്ളത്. അദ്ദേഹം വന്നപാടേ കുളിയും മറ്റും കഴിച്ച് ഉറങ്ങാനുള്ള ഭാവമാണ്. എന്റെ അമര്‍ഷവിലാപങ്ങള്‍ കേട്ടിട്ട് അദ്ദേഹത്തിനെന്തു വേണം? ഞാന്‍ നിശ്ശബ്ദനായും എന്നാല്‍ അന്തരാസശ്ശബ്ദനായും അങ്ങനെ ഇരുന്നു.

അന്നത്തെ പ്രധാന പരിപാടി, മണിപ്രവാളഭാഷയില്‍ പറഞ്ഞാല്‍, 'ഊണുറക്കൗ' മാത്രമാണ്. എന്റെ 'സഹമുറിയന്‍' അതിലൊന്നാരംഭിച്ചും കഴിഞ്ഞു. പക്ഷേ നിസ്സാരകാര്യങ്ങളില്‍ അസ്വസ്ഥനാവുക എന്ന ചപല സ്വഭാവം എന്നെ അതിനനുവദിച്ചില്ല. തൊട്ടടുത്ത് എറണാകുളം പട്ടണത്തില്‍ എന്റെ ഭാര്യാഗൃഹമുണ്ടെന്നിരിക്കെ, അവിടംവരെ ഒന്നു പോകാതിരിക്കുക അപരാധമാവും എന്നായി എന്റെ ചിന്ത. അവിടെനിന്നു പത്തിരുപതു മൈലകലെയുള്ള എന്റെ വീട്ടില്‍ പോയാല്‍ ചില പുസ്തകങ്ങളെടുത്തുകൊണ്ടുവരാമെന്നും എനിക്കു ബോധോദയമുണ്ടായി. ഒന്നും വായിക്കാനില്ലാതെ, അവിടെ ഉറക്കം മാത്രം ശരണമായി കഴിയുന്നത് അസംബന്ധമാണെന്നും തോന്നി. ഈ തോന്നലുകള്‍ എന്നെ വെറുതെ വിട്ടതുമില്ല. ഉടന്‍തന്നെ വസ്ത്രംമാറി ഞാന്‍ യാത്രയായി. കയ്യിലുണ്ടായിരുന്ന കുറച്ചു രൂപയും പോക്കറ്റില്‍ തിരുകി. അവിടെനിന്നു മട്ടാഞ്ചേരിവരെ ഒരു ലിഫ്റ്റു കിട്ടി. അവിടെയിറങ്ങി നാലുപാടും നോക്കിയപ്പോള്‍ പുതിയ ചില ചിന്തകളാണ് എന്റെ മനസ്സിലേക്കു കടന്നുവന്നത്. സമയം പതിനൊന്നു മണിയായിരിക്കുന്നു. ഇനി എറണാകുളത്തെത്തുമ്പോള്‍ ഉച്ചയാവും. അവിടെനിന്ന് ഉച്ചയ്ക്കുശേഷം എന്റെ വീട്ടിലേക്ക് തിരിച്ചാല്‍ ഇന്നു മടങ്ങിയെത്താ നും പ്രയാസം. അതുകൊണ്ടു രണ്ടു പരിപാടിയും റദ്ദുചെയ്യുകയും പോസ്റ്റാഫീസില്‍ ചെന്നു രണ്ടിടത്തേക്കും ഓരോ കത്തുകളയക്കുകയും ഇന്നത്തെ വായനക്കായി ഹിന്ദു, ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ് തുടങ്ങിയ പത്രങ്ങള്‍ വാങ്ങിക്കൊണ്ടു തിരിച്ചുപോവുകയും ചെ യ്യുക! ഈ തീരുമാനം കൂടുതല്‍ ബുദ്ധിപൂര്‍വകമാണെന്നു മനസ്സിലാക്കിയ ഞാന്‍ ഉടന്‍തന്നെ അതനുസരിച്ചു പ്രവര്‍ത്തിക്കുകയും 12 മണിയോടുകൂടി ഗസ്റ്റ്ഹൗസില്‍ തിരിച്ചെത്തുകയും ചെയ്തു!! എന്റെ സ്‌നേഹിതന്‍ അപ്പോഴും ഗാഢനിദ്രയിലായിരുന്നു. ആ സമയത്ത് അദ്ദേഹത്തെ അനുകരിക്കുന്നതാകും ബുദ്ധിയെന്നെനിക്കു തോന്നി. ഒരു മണിവരെ ഉറക്കവും അതിനുശേഷം ഊണും കഴിച്ചിട്ട് പത്രപാരായണത്തില്‍ മുഴുകി. വായിക്കുന്ന ഓരോ വാക്യവും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തുനോക്കാന്‍ ഞാന്‍ മറന്നില്ല. പ്രസംഗ വിവര്‍ത്തന കലയില്‍ പൂര്‍വപരിചയം നേടിയിരുന്ന ശ്രീമാന്‍ കുറുപ്പിന് ഇതിലൊന്നും താല്പര്യമില്ലായിരുന്നു. മണിപ്രവാളശ്ലോകങ്ങള്‍ ഉച്ചത്തില്‍ ചൊല്ലിയും വേദാന്തവും ഹിന്ദുമതതത്വങ്ങളും വിശദീകരിച്ചും സ്വയം രസിക്കാനും എന്നെ രസിപ്പിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. വൈകുന്നേരത്തെ ബീച്ചുചുറ്റലും പെരുവഴി താണ്ടലും അത്താഴഭോജനവും കഴിഞ്ഞതോടെ അന്ന ത്തെ പരിപാടികള്‍ തീര്‍ന്നു.'' (കൂടുതല്‍ കാര്യങ്ങള്‍ പുസ്തകത്തില്‍). പിറ്റേന്ന് കപ്പല്‍ പ്രവേശനവും തുടര്‍ന്ന് യാത്രയും.

ലക്ഷദ്വീപു തലസ്ഥാനമായ കവറത്തിയില്‍ പ്രധാനമന്ത്രിയുടെ അടുത്തിരുന്ന് ലക്ഷദ്വീപ് എം.പിയുടെ മലയാള പ്രസംഗത്തിലെ ആശയങ്ങള്‍ പറഞ്ഞുകൊടുക്കാനും രണ്ടു പ്രസംഗങ്ങള്‍ തര്‍ജമ ചെയ്യാനും അവസരം കിട്ടി. ആദ്യതര്‍ജമ അത്ര നന്നായില്ല. രണ്ടാമത്തേത് അനുഭവപരിചയം കൊണ്ട് മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ദ്വീപിലെ സമ്മേളനങ്ങള്‍ക്ക് വലിയ ആള്‍ക്കൂട്ടം പ്രതീക്ഷിച്ചുകൂടാ. ആ ദ്വീപിലെ ആളുകളും ഞങ്ങളുമല്ലേ ഉണ്ടാകൂ. 2000 ലധികം പേര്‍ ഉണ്ടായിരുന്നു. പ്രധാനമന്തിയുടെ സമീപനവും ആളുകളുടെ സ്‌നേഹപ്രകടനവുമെല്ലാം ഹൃദ്യമായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org