സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍

പ്രസിദ്ധ സാഹിത്യനിരൂപകനും ഗ്രന്ഥകാരനുമായ ഡോ. ജോര്‍ജ് ഇരുമ്പയത്തിന്റെ ആത്മകഥയുടെ ആദ്യഭാഗം സത്യദീപത്തില്‍ പ്രസിദ്ധീകരണമാരംഭിക്കുന്നു.
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍
അദ്ധ്യായം-1 | കൊച്ചുപിള്ള ആശാന്‍

1938 ഡിസംബര്‍ 19 നാണ് എന്റെ ജനനം. അത് എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ ആലപുരത്തുള്ള എന്റെ അമ്മ വീട്ടിലായിരുന്നു. ക്രിസ്ത്യാനികളുടെ രീതി, ആദ്യ പ്രസവമാണെങ്കില്‍ ഏഴു മാസം ഗര്‍ഭമാകുമ്പോള്‍ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുക എന്നതായിരുന്നു. അത്തരം കുറേ ചടങ്ങുകള്‍ തുടര്‍ന്നുണ്ട്. കുട്ടി പിറന്നാലും ജ്ഞാനസ്‌നാനം തുടങ്ങി പല ചടങ്ങുകള്‍. എന്റെ മാതാപിതാക്കളുടെ ആദ്യ സന്താനമാണ് ഞാന്‍. രണ്ടാം പ്രസവം കൂടി അമ്മവീട്ടിലാകാറുണ്ട്. പിന്നീടുള്ളത് ഭര്‍ത്തൃഗൃഹത്തിലാകും. ഇതിലൊക്കെ ചെറിയ മാറ്റങ്ങള്‍ ഓരോ ക്രൈസ്തവവിഭാഗങ്ങളിലും കാണും. ഇക്കാലത്ത് ഇതിലൊക്കെ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അക്കാലത്തെ സുറിയാനി ക്രിസ്ത്യാനികളുടെ (വിശേഷിച്ചും യാക്കോബായക്കാരുടെ) ഇത്തരം ആചാരാനുഷ്ഠാനങ്ങളുടെ വിവരണം കുന്നുകുഴിയില്‍ കൊച്ചുതൊമ്മന്‍ അപ്പോത്തിക്കരി എഴുതിയ ''പരിഷ്‌കാരപ്പാതി'' (1892) എന്ന നോവലിലുണ്ട്; ലത്തീന്‍ ക്രിസ്ത്യാനികളുടേത് വാര്യത്ത് ചോറി പീറ്റര്‍ രചിച്ച 'പരിഷ്‌കാരവിജയ'ത്തിലും. 1906-ല്‍ ഇറങ്ങിയതും കിട്ടാനില്ലാതിരുന്നതുമായ 'പരിഷ്‌കാരവിജയ'ത്തിന്റെ കോപ്പി ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ (ഇപ്പോള്‍ ബ്രിട്ടീഷ് ലൈബ്രറി) ഉള്ളതില്‍ നിന്നു കോപ്പിയെടുപ്പിച്ച് എഡിറ്റു ചെയ്ത് പഠനത്തോടെ ഞാനാണു പുതിയ പതിപ്പിറക്കിയത്. 2006-ല്‍, 100-ാം വര്‍ഷം!

വ്യക്തതയ്ക്കുവേണ്ടി പറയട്ടെ, എന്റെ മാതാപിതാക്കള്‍ (അന്നമ്മ-വര്‍ക്കി) സുറിയാ നി കത്തോലിക്കരായിരുന്നു. കോട്ടയം ജില്ലയില്‍, വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിക്കടുത്തുള്ള ഇറുമ്പയം കരയിലാണ് വീട്. ലളയോരഭേദം പോലെ ര-റയോരഭേദവും ഉള്ളതിനാല്‍ ഞാനതിനെ ഇരുമ്പയം ആക്കി! അക്കാലത്ത് നടന്നാണ് ഞങ്ങള്‍ അമ്മവീട്ടിലേക്കും തിരിച്ചും പോയിരുന്നത്. കാരിക്കോട്-പെരുവ-അവര്‍മ (അല്ലെങ്കില്‍ മരങ്ങോലി) വഴി തണല്‍പറ്റി രണ്ടുമൂന്നു മണിക്കൂര്‍കൊണ്ട് അങ്ങോട്ടോ ഇങ്ങോട്ടോ എത്തുമായിരുന്നു. അല്‍പം വിശ്രമിക്കുന്ന ഇടത്താവളം പെരുവ ആയിരുന്നു. എന്റെ ബാല്യകാലത്ത് ഒരിക്കല്‍ അമ്മയും ഞാനും എന്റെ ഇളയവരും (ചിന്നമ്മ, ജോസഫ്, മാത്യു) കൂടി അമ്മവീട്ടില്‍ പോകുന്ന വഴി, അല്പം വെള്ളം കുടിക്കാന്‍ പെരുവയിലെ ഒരു വീട്ടില്‍ ചെന്നു. വാതില്‍ക്കലെത്തിയപ്പോള്‍ ഗൃഹനാഥന്‍ കാലുകഴുകിയിട്ടു കയറാന്‍ പറഞ്ഞ് ഒരു കിണ്ടി വെള്ളം തന്നു. എല്ലാവര്‍ക്കും വേണ്ടിയാണയാളതു തന്നത്. പക്ഷേ ഞാനതു മനസ്സിലാക്കാതെ മുഴുവന്‍ എന്റെ കാലിലൊഴിച്ചു. ക്ഷുഭിതനായ അയാള്‍ ഇവനൊരു മണ്ടനാണല്ലോ എന്ന് എന്റെ അമ്മയോട് ഉറക്കെ പറഞ്ഞു. എനിക്കു വിഷമം തോന്നിയെങ്കിലും അത് വലിയൊരു സത്യമാണെന്ന് പിന്നീടുള്ള എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ ബോധ്യപ്പെടുത്തി. വളരെ വൈകിയാണ്, മണ്ടനായ എന്നെയല്ല, സര്‍വജ്ഞനും സര്‍വശക്തനും ബുദ്ധിയുടെയും വിവേകത്തിന്റെയും ഇരിപ്പിടവും സത്യവും സ്‌നേഹവും നീതിയുമായ ദൈവത്തെയാണ് ആശ്രയിക്കേണ്ടതെന്ന ബോധ്യത്തിലും വിശ്വാസത്തിലും ഞാനെത്തിയത്.

ബാല്യത്തിലേക്കു മടങ്ങാം. മൂന്നോനാലോ വയസ്സുള്ളപ്പോള്‍ അടുത്തുള്ള കളരിയില്‍ എന്നെ എഴുത്തിനിരുത്തി. കളരിയെന്നും എഴുത്തുപള്ളിക്കൂടമെന്നും പറയുമായിരുന്നു. കൊച്ചുപിള്ള ആശാനാണ് ആ കളരി നടത്തിയിരുന്നത്. അദ്ദേഹം വിശാലമനസ്‌കനായിരുന്നു. ഹിന്ദു കുട്ടികളെ ഹരിശ്രീ എഴുതിച്ചും ക്രിസ്ത്യന്‍ കുട്ടികളെ ''ഈശോ മറിയം യൗസേപ്പേ'' എന്നെഴുതിച്ചുമാണ് അദ്ദേഹം എഴുത്തിനിരുത്തിയത്. നിലത്തെഴുത്ത് എന്നാണു പറയുക. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. കുട്ടികള്‍ കുടുക്കയില്‍ പൊടിമണലുമായി ചെല്ലണം. അതു നിലത്ത്, ഇരിക്കുന്നതിനു മുന്നില്‍ കുടഞ്ഞിട്ട് വലതുകൈയുടെ ചൂണ്ടുവിരല്‍ കൊണ്ടുവേണം എഴുതാന്‍. അത് തുടക്കത്തില്‍ പൊട്ടിയെന്നുവരും. അ മുതല്‍ അക്ഷരങ്ങളെല്ലാം എഴുതിയും പറഞ്ഞും പഠിക്കണം. വീട്ടിലിരുന്നു നോക്കി എഴുതി പഠിക്കാന്‍, ആശാന്‍ പനയോലയില്‍ നാരായംകൊണ്ട് എഴുതി തന്നുവിടും. അതില്‍ കരിതേച്ചു തുടച്ചെടുത്താല്‍ അക്ഷരം തെളിഞ്ഞുകിട്ടും. അവ പഠിച്ചുകഴിഞ്ഞാല്‍ കൂട്ടിയെഴുതി, വാക്കുകളും അവ ചേര്‍ത്തു വാക്യങ്ങളും എഴുതാനും, പറയാനും പഠിപ്പിക്കും. അതു കഴിഞ്ഞാല്‍ നീതിസാരം വായിപ്പിച്ചു പഠിപ്പിക്കും. അതോടെ നിലത്തെഴുത്തു കഴിയും.

പഠനം തീരുന്ന ദിവസം ചെലവുണ്ട്. ആശാനു ദക്ഷിണയും (അതു തുടക്കത്തിലുമുണ്ട്) അദ്ദേഹത്തിനും അവിടെയുള്ള കുട്ടികള്‍ക്കും അവലും പഴവും നല്‍കും. അതാണ് സദ്യ. കളരിയിലെ പഠനത്തിനിടക്ക് ആശാനെ ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിക്കണം. എനിക്കെവിടെയാണ് നാളത്തെ ഊണെന്ന് അദ്ദേഹം തലേന്നു ചോദിക്കും. ഞാനൊരിക്കല്‍ ആ ചോദ്യത്തിനുത്തരം നല്‍കിയതു വീട്ടില്‍ പറയാന്‍ മറന്നു. പിറ്റേന്നുച്ചയ്ക്ക് ആശാനും ഞാനും കൂടി ചെന്നപ്പോള്‍ അമ്മ അമ്പരന്നു. ഭാഗ്യത്തിന് എന്റെ അപ്പന്‍ ഊണുകഴിച്ചിരുന്നില്ല. അത് ആശാനു കൊടുത്തിട്ട് അമ്മ അരി കഴുകി വേകാനിട്ടു. അക്കാലത്ത് മണ്‍കലത്തില്‍ അരിയിട്ട് വിറകിനു തീകൂട്ടി വേവിച്ചെടുക്കാന്‍ വളരെ സമയമെടുക്കും. അതുവരെ അമ്മയും പണിസ്ഥലത്തുനിന്നുവന്ന അപ്പനും ഊണുകഴിക്കാതെ കാത്തിരുന്നു. ഇതൊക്കെ അമ്മ പിന്നീടെന്നോടു പറഞ്ഞതാണ്. ഇത്തരത്തില്‍ അശ്രദ്ധമായി എന്റെ അമ്മയെ പിന്നീടും ഞാന്‍ വിഷമിപ്പിച്ചിട്ടുണ്ട്. കൂട്ടുകാരെ ക്ഷണിച്ചതു പറയാന്‍ വിട്ടു! അങ്ങനെ എത്രയെത്ര മണ്ടത്തരങ്ങള്‍!

(തുടരും)

(ഡോ. ഇരുമ്പയം: 8547536188)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org