
കോഴിക്കോട് ഗവ. കോളജില്‍ ജോലി ചെയ്യുന്ന കാലം (1970കള്‍). പത്ര-വാരികകളില്‍ ഞാന്‍ ഒട്ടേറെ എഴുതിയിരുന്നു. അവ ശ്രദ്ധിച്ചിട്ടാവാം, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് എന്നെയും പ്രസംഗത്തിന് പ്രൊഫ. എ.പി.പി. നമ്പൂതിരിയെയും ക്ഷണിച്ചു. വയനാട്ടിലേക്ക് ഞാനാദ്യം പോകുകയാണ്. മഞ്ഞുകാലം തുടങ്ങിയിരുന്നു. ചുരം കയറാന്‍ തുടങ്ങിയതോടെ തണുപ്പ് എന്നെ പിടികൂടി. കൈനീളമില്ലാത്ത ഷര്‍ട്ടായിരുന്നു. ഞാനല്പാല്പം വിറച്ചിരുന്നു. സമ്മേളനഹാള്‍ നിറയെ വിദ്യാര്‍ത്ഥികളും അധ്യാപകരും. അധ്യക്ഷത വഹിച്ച പ്രിന്‍ സിപ്പല്‍ പ്രൊഫ. കെ.സി. പീറ്റര്‍ ഉദ്ഘാടന പ്രസംഗത്തിന് എന്നെ ക്ഷണിച്ചു. കാലാവസ്ഥാമാറ്റം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. നാലഞ്ച് മിനിറ്റ് എന്തൊക്കെയോ പറഞ്ഞവസാനിപ്പിച്ചു. വലിയ പ്രതീക്ഷയോടെ ഇരുന്നവര്‍ നിരാശപ്പെ ട്ടു കാണും. പുറകേ പ്രസംഗിച്ച എ.പി.പി. ചെറുതെങ്കിലും നന്നായിരുന്നു എന്റെ പ്രസംഗമെന്ന്, Small is beautiful എന്നൊക്കെ പറഞ്ഞുപുകഴ് ത്തി. അധ്യക്ഷന്റെ ഉപസംഹാര പ്രസംഗം എന്നെ സംഹരിക്കുന്നതായിരുന്നു. ഞാന്‍ വലിഞ്ഞുകേ റി ചെന്നതാണെന്നു ധ്വനിപ്പിക്കുന്ന ഒരു കഥയും മറ്റെന്തൊക്കെയോ കൂടിയും പറഞ്ഞു. ഞാന്‍ പ്ര തികരിക്കാതെ എല്ലാം സഹിച്ചു.
സുല്‍ത്താന്‍ ബത്തേരി കോളജിലെ മറ്റൊരനുഭവം മലയാളാധ്യാപക നിയമനത്തോടു ബന്ധപ്പെട്ടതാണ്. ഭാഷാ വിദഗ്ധനായി യൂണിവേഴ്‌സിറ്റി എന്നെ നിയോഗിച്ചു. നിയമിക്കാനുള്ള ആളെ, നല്‍കേണ്ട തുക ഉറപ്പിച്ച് അവര്‍ നിശ്ചയിച്ചിരു ന്നു. അയാള്‍ എന്നെ വന്നു കാണുകയും ചെ യ്തു! ഞാനതു കാര്യമാക്കിയില്ല. ചെന്നപ്പോള്‍ 100 ഓളം അപേക്ഷകരില്‍ മൂന്നുപേര്‍ മാത്രം ഇന്റര്‍വ്യൂവിനു വന്നതായി കണ്ടു! അവരില്‍ എന്നെ വന്നു കണ്ടയാള്‍ക്ക് സെക്കന്റ് ക്ലാസ് മാത്രം. എം.ഫില്‍ കൂടിയുള്ള ഒരു സ്ത്രീക്കാണ് കൂടുതല്‍ യോഗ്യതയെന്ന് ഞാന്‍ കണ്ടെത്തി. പ്രിന്‍സിപ്പലും മാനേജരും ബോര്‍ഡിലുണ്ട്. (സര്‍ ക്കാര്‍ പ്രതിനിധി ഇല്ലായിരുന്നു). അവരുറപ്പിച്ചയാളിനു കൂടുതല്‍ മാര്‍ക്കിടണമെന്നവര്‍ വാദിച്ചു. ഞാനാ സ്ത്രീയുടെ കാര്യം പറഞ്ഞപ്പോള്‍ പ്രിന്‍ സിപ്പല്‍ ദുസ്സൂചനവച്ചു സംസാരിച്ചു. ഞാനത് അവഗണിച്ചു. മര്യാദയ്ക്കു സംസാരിച്ച മാനേജരോടു മൂന്നുപേര്‍ മാത്രം വരാനിടയാക്കിയല്ലോ എന്നു ഞാന്‍ പറഞ്ഞു. മറുപടി ഉണ്ടായില്ല. നിങ്ങളാണല്ലോ ബോര്‍ഡില്‍ ഭൂരിപക്ഷം, അതനുസരിച്ചു നിങ്ങളുടെ ആളെ നിശ്ചയിക്കാമല്ലോ. എന്റെ ദൃഷ്ടിയില്‍ യോഗ്യത കൂടിയ ആള്‍ക്കു കൂടുതല്‍ മാര്‍ക്കിടുമെന്നു ഞാന്‍ പറഞ്ഞു. മാനോജര്‍ ഫാ. നൂറനാല്‍ അതിനു വഴങ്ങി. എനിക്കു വേണമെങ്കില്‍ യൂണിവേഴ്‌സിറ്റിക്ക് അവിടെ കൂടുതല്‍ അപേക്ഷകര്‍ വരാതിരിക്കാന്‍ കൃത്രിമം നടന്നിരിക്കാമെന്ന് റിപ്പോര്‍ട്ടു ചെയ്യാമായിരുന്നു. എം.ഇ.എസ്. കോളജിലെ അധ്യാപകനിയമനത്തിലും ഇതേ അനുഭവമായിരുന്നു. അതിന് കോഴിക്കോട് കളക്ടര്‍ സര്‍ക്കാര്‍ പ്രതിനിധിയായി വന്നിരുന്നു. അദ്ദേഹത്തെ അവര്‍ സ്വാധീനിച്ചിരുന്നോ എ ന്തോ! അദ്ദേഹം അവരുടെ ആളെ നിയമിക്കാമെ ന്നു പറഞ്ഞു. മറ്റൊരാള്‍ക്കാണു കൂടുതല്‍ യോ ഗ്യതയെന്നു ഞാന്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
കോഴിക്കോടു ദേവഗിരി സെന്റ് ജോ സഫ്‌സ് കോളജിലെ അധ്യാപക നിയമനക്കാര്യത്തില്‍ വളരെ നല്ല അനുഭവമായിരുന്നു. അവര്‍ക്ക് നല്ല ആളെ കിട്ടിയാല്‍ മതി, മറ്റൊന്നും പ്രശ്‌നമല്ലെന്ന് തുടക്കത്തിലേ പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധി കളക്ടര്‍ കെ. ജയകുമാര്‍ നിസ്സംഗനായിരുന്നു. ഞാന്‍ എന്റെ ചുമതല നിര്‍വഹിച്ചു. ഉദ്യോഗാര്‍ഥികള്‍ കുറേ ഉണ്ടായിരുന്നു. ഓരോരുത്തരോടും അവര്‍ക്കിഷ്ടപ്പെട്ട വിഷയം ചോദിച്ച്, അതില്‍നിന്നു മാത്രം ചോദ്യങ്ങള്‍ ചോദിച്ച്, കൂടുതല്‍ യോഗ്യതയുള്ള ആളെ കണ്ടെത്തി. ആ കോളജില്‍ മലയാള അധ്യാപകനായിരുന്ന ഫാ.ഡോ. ചെറിയാന്‍ കുനിയന്തോടത്ത്, എന്റെ സമീപനം അവര്‍ക്കിഷ്ടപ്പെട്ടതായി പിന്നീടറിയിച്ചു. പ്രൊഫ. എന്‍. കൃഷ്ണപിള്ളക്കു നന്ദി! അദ്ദേഹത്തെയാണ് ഞാന്‍ മാതൃകയാക്കിയത്.
പയ്യന്നൂര്‍ കോളജിലും ഇതുപോലെ ഭാഷാവിദഗ്ധനായി ഇന്റര്‍വ്യൂവിനു പോയി. അവിടെ വളരെയധികം ഉദ്യോഗാര്‍ത്ഥികള്‍ എത്തിയിരു ന്നു; നീതി പ്രതീക്ഷിച്ചാവാം! തുടക്കത്തിലേ ഒരു കടലാസെടുത്ത് ഉദ്യോഗാര്‍ത്ഥിയുടെ പേരും ക്രമനമ്പറും ഞാനെഴുതി. സര്‍ക്കാര്‍ പ്രതിനിധിയായ ജില്ലാ കളക്ടര്‍, അങ്ങനെയൊന്നും വേണ്ട, നമുക്കൊരു പൊതുധാരണയില്‍ ആളെ നിശ്ചയിക്കാമെന്നു പറഞ്ഞു. ഇത്രയും ആളുകളുണ്ടല്ലോ എ നിക്കോര്‍മ കിട്ടാന്‍ പ്രത്യേകം എഴുതുകയാണെ ന്നു പറഞ്ഞു ഞാനങ്ങനെ ചെയ്തു. എത്രയോ മണിക്കൂറുകള്‍കൊണ്ടാണ് ഇന്റര്‍വ്യൂ തീര്‍ത്തത്. ഇടയ്ക്ക് ഉച്ചഭക്ഷണവും മറ്റും കഴിച്ചു. അവസാ നം മാനേജര്‍ പറഞ്ഞു അവരുടെ ഓഫീസ് സ്റ്റാ ഫിലൊരാള്‍ മലയാളം എം.എ. എഴുതിയെടുത്തു. രണ്ടാം ക്ലാസ്സേ ഉള്ളൂ, അയാളെ നിയമിക്കണം. ഞാന്‍ പറഞ്ഞു, ഫസ്റ്റ് ക്ലാസ്സും റാങ്കുമൊക്കെയുള്ളവരെ നമ്മള്‍ ഇന്റര്‍വ്യൂ ചെയ്തു; തെക്കേ അറ്റം മുതലുള്ള അപേക്ഷകര്‍. ഇവരെ എന്തിനു വിളിച്ചുവരുത്തി? നീതി പ്രതീക്ഷിച്ചല്ലേ അവര്‍ വന്നത്? മാനേജര്‍ കുഴങ്ങി. കളക്ടര്‍ ആ ഭാഗത്തുനിന്നുള്ളയാള്‍. അദ്ദേഹം പറഞ്ഞു, ഒന്നാം ക്ലാസ്സുള്ള ആ ഭാഗത്തുകാരനായ ഒരാളെ നിയമി ച്ചുകൂടെ? യോഗ്യതയുണ്ടെങ്കില്‍ നോക്കാമെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ ഒരാളെ നിശ്ചയിച്ചു. എന്റെ സമ്മതമില്ലെങ്കിലും ഭൂരിപക്ഷം അവരാകയാല്‍ അവര്‍ക്കതു ചെയ്യാം!
ദേവഗിരി കോളജിലെ മറ്റൊരനുഭവം ഭീകരമായിരുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷാ സൂപ്രണ്ടുസ്ഥാനം പ്രിന്‍സിപ്പല്‍ ഓരോ പ്രൊഫസര്‍മാര്‍ക്കു നല്‍കുന്ന രീതിയായിരുന്നു അവിടെ. പുറത്തുനിന്നൊരു അഡീഷണല്‍ ചീഫും രണ്ട് എക്‌സ്റ്റേണല്‍ എക്‌സാമിനര്‍മാരും (മേല്‍നോട്ടത്തിന്) കാ ണും. എക്‌സ്റ്റേണല്‍ ആയി ഞാന്‍ ചെന്നവര്‍ഷം പട്ടാളച്ചിട്ടയുള്ള പ്രൊഫ. സെബാസ്റ്റ്യനായിരുന്നു ചീഫ് സൂപ്രണ്ട്. ഫറൂക്ക് കോളജില്‍ നിന്നുള്ള ഒരു പ്രൊഫസര്‍ അഡീഷനല്‍ ചീഫും. ഒരു വെ ള്ളിയാഴ്ച ഉച്ചവരെയുള്ള മേല്‍നോട്ടം കഴിഞ്ഞപ്പോള്‍ പനിയുള്ളതുപോലെ തോന്നി. സൂപ്രണ്ടിനോടു പറഞ്ഞു ലീവെടുക്കാന്‍ നോക്കിയപ്പോള്‍ അദ്ദേഹത്തെ കണ്ടില്ല. അഡീഷനല്‍ ചീഫിനോടു പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ കൈപിടിച്ചു നോ ക്കി, പനിയുണ്ടല്ലോ പൊയ്‌ക്കോ ഞാന്‍ പറഞ്ഞേക്കാമെന്നു പറഞ്ഞു. പോരികയും ചെയ്തു.
തിങ്കളാഴ്ച രാവിലേ ഞാന്‍ ചെന്നപ്പോള്‍ വെ ള്ളിയാഴ്ച ഉച്ചകഴിഞ്ഞു താനെവിടെപോയി, ആരോടു ചോദിച്ചിട്ടു പോയി, എന്നൊരു ചാട്ടം ചീഫ് സൂപ്രണ്ടു വക. സുഖമില്ലായിരുന്നെന്നും സാറിനെ കാണായ്കയാല്‍ അഡീഷനല്‍ ചീഫിനോട് പറഞ്ഞിട്ടാണ് പോയതെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ ഞാനില്ലായിരുന്നെന്ന് ആരോപ ണം ഉന്നയിക്കയാണോ എന്നായി ചോദ്യം. ഞാന്‍ മിണ്ടിയില്ല. കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നി. പരീക്ഷാ മേല്‍നോട്ടത്തിനു പോകാന്‍ പറഞ്ഞതിനാല്‍ പോയി ഉത്തരമെഴുതേണ്ട പേപ്പ റും ചോദ്യപേപ്പറും നല്‍കി. കുട്ടികള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞാനൊരു ഭാഗത്തിരുന്നു. അ പ്പോള്‍ ചീഫ് സൂപ്രണ്ട് ഷൂസിന്റെ ശബ്ദം കേള്‍ പ്പിച്ചുകൊണ്ട് ഹാളിനകത്തു കയറി നോക്കി. ഞാന്‍ കണ്ടതായി ഭാവിച്ചില്ല. വരാന്തയിലിറങ്ങിയിട്ട് എന്നെ വിളിച്ചു. ഞാന്‍ ചെന്നു. ചീഫ് സൂപ്ര ണ്ട് വരുമ്പോള്‍ എഴുന്നേല്‍ക്കണമെന്നു പറഞ്ഞു. അങ്ങനെ നിയമം ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചു. നിയമമല്ല, മര്യാദയാണെന്നു മറുപടി. മര്യാദ എനിക്കിഷ്ടമുണ്ടെങ്കില്‍ മതിയല്ലോ എന്നു ഞാന്‍ പറഞ്ഞു. കുട്ടികള്‍ ഇതുകേട്ടു പതുക്കെ ചിരിച്ചു. മൂപ്പര്‍ അപ്പോള്‍തന്നെ പരീക്ഷാ കണ്‍ട്രോളറെ വിവരം അറിയിച്ചുകാണും. എന്റെ ആ ജോലി അവസാനിപ്പിച്ചതായി കണ്‍ട്രോളറുടെ ടെലിഗ്രാം വൈകിട്ടു വീട്ടിലെത്തി!
പിറ്റേന്നു യൂണിവേഴ്‌സിറ്റിയിലെത്തി പരീക്ഷാ കണ്‍ ട്രോളറോടു കാര്യങ്ങള്‍ പറയാന്‍ നോക്കിയപ്പോള്‍ സെബാസ്റ്റ്യന്റേതുപോലുള്ള ചാട്ടവും ആക്രോശവും. വേലപ്പന്‍നായരെന്ന അയാളെ വേലവെപ്പന്‍ നായരെന്നാണ് അഴീക്കോട് സാര്‍ വിളിച്ചിരുന്നത്! ഞാന്‍ മാതൃഭൂമിയിലെത്തി സുഹൃത്തും അവിടെ അസി. എഡിറ്ററുമായിരുന്ന സുകുമാരന്‍ പൊറ്റെക്കാടിനോടു വിവരം പറഞ്ഞു. എഴുതി കൊടുക്കാന്‍ പറഞ്ഞു. അദ്ദേഹമത് എന്റെ പേരു കാണിക്കാതെ ''ആക്ഷേപങ്ങളും അഭിപ്രായങ്ങളും'' കോളത്തില്‍ ''കണ്ടിട്ടെഴുന്നേല്ക്കാഞ്ഞതിനു ശിക്ഷ'' എ ന്നോ മറ്റോ തലക്കെട്ടു നല്‍കി പ്രസിദ്ധീകരിച്ചു. വലിയ ഭൂകമ്പമായി. കോളജധ്യാപക സംഘടനാ പ്രതിനിധികള്‍ വൈസ് ചാന്‍സലര്‍ എം.എം. ഗനിയെ കണ്ടു പരാതി നല്‍കി. അദ്ദേഹം അഡീഷനല്‍ ചീഫിനോട് റിപ്പോര്‍ട്ട് തേടി. എന്റെ കൈയില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയതോടെ എന്റെ പ്രതിഫലവും ടി.എയും മറ്റും കോളജില്‍ പോയിവാങ്ങാന്‍ അറിയിപ്പു കിട്ടി. സെബാസ്റ്റ്യന്റെ ദുര്‍മുഖം അ വിടെ കണ്ടു. സംഘടനക്കാര്‍ വി.സി യെ ഇടയ്ക്കിടെ കണ്ട് തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ടു.
കുമാരനാശാന്റെ ജന്മശതാബ്ദി വര്‍ഷം (1973) ആയിരുന്നു അത്. എം. ഗോവിന്ദന്‍ 'സമീക്ഷ'യുടേതായി ഒരു സ്മാരകഗ്രന്ഥം Poetry and Renaissance എന്ന പേരില്‍ ഇംഗ്ലീഷില്‍ തയാറാക്കി. ഒട്ടേറെ പഠനങ്ങളും ആശാന്‍ കവിതകളുടെ ഇംഗ്ലീഷ് തര്‍ജമകളുമടങ്ങിയ മികച്ച പ്രസിദ്ധീകരണം. കോഴിക്കോട്ടെ അതിന്റെ പ്രകാശനം 1974-ല്‍ കോലായ ക്കാരും കാലിക്കറ്റ് ബുക് ക്ലബ്ബും സമീ ക്ഷാ സുഹൃത്തുക്കളും ചേര്‍ന്നു ഹോട്ടല്‍ മഹാറാണിയില്‍ സംഘടിപ്പിച്ചു. പണികളധികവും ഞാനാണു ചെയ്തത്. വി.സി. എം.എം. ഗനിയാണ് പ്രകാശനം നടത്തിയത്. അതോടുബന്ധപ്പെട്ട് അദ്ദേഹത്തെ കണ്ടപ്പോള്‍ അധ്യാപകരെ തന്റെയടുത്തുവിട്ടു ബുദ്ധിമുട്ടിക്കുന്നതെന്തിനാണെന്നും കണ്‍ട്രോളറെയും മറ്റും താന്‍ ശിക്ഷിക്കണോ എന്നും ചോദിച്ചു. ഞാന്‍ വിടുന്നതല്ല, സംഘടനാ പ്രവര്‍ത്തകരെന്ന നിലക്ക് നീതിക്കുവേണ്ടി അവര്‍ ശബ്ദമുയര്‍ത്തുകയാണെന്ന് പറഞ്ഞു. അവര്‍ തെറ്റു ചെയ്യുകയും ഞാന്‍ ശിക്ഷിക്കപ്പെടുകയുമായിരുന്നല്ലോ. എങ്കിലും അതവസാനിപ്പിക്കാന്‍ സംഘടനക്കാരോട് ഞാന്‍ പറഞ്ഞു.
മേല്‍പ്പറഞ്ഞ പ്രകാശന ചടങ്ങ് ഒരു ദിവസം 10 മണിയോടെ തുടങ്ങി രാത്രി 8 മണിവരെ നീണ്ടു. നവോത്ഥാനത്തെയും ആശാന്‍ കവിതയെയും കുറിച്ചുള്ള ചര്‍ച്ചയായിരുന്നു 5 മണിവരെ. ഗോവിന്ദന്‍ മദ്രാസില്‍നിന്ന് എത്തിയിരുന്നു. അദ്ദേഹവും എം.ജി.എസ്. നാരായണനും എം. ഗംഗാധരനുമൊക്കെ പ്രസംഗിച്ചു. ഹോട്ടല്‍ മഹാറാണി(പുതിയറ)യിലെ വലി യ ഹാളിലാണ് എല്ലാം നടന്നത്. പാലാ കെ.എം. മാത്യു അതിന്റെ യും കാലിക്കറ്റ് ബുക് ക്ലബ്ബിന്റെ യും നടത്തിപ്പുകാരില്‍ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ ആതി ഥ്യം സഹായകമായി. ആര്‍. രാമചന്ദ്രനും അഡ്വ. എ. ശങ്കരനും കെ. ഗോപാലനും ചെലവൂര്‍ വേണു വും മറ്റും ആദ്യന്തം ഉണ്ടായിരുന്നു. 6 മണിയോടെ നടന്ന പ്രകാശനച്ചടങ്ങില്‍ സ്വാഗതം പറഞ്ഞ പ്രൊഫ. ദേവസ്യാ തകടിയേല്‍ എം. ഗോവിന്ദന്റെ പേര്‍ എം. മുകുന്ദന്‍ എന്നു പല പ്രാവശ്യം പറഞ്ഞത് ചിരിക്കു വക നല്‍കി. സ്വാഗതം അദ്ദേഹത്തെ ഏല്പിച്ചതിനു ചെലവൂര്‍ വേണു എന്നെ കുറ്റപ്പെടുത്തി. വൈസ് ചാന്‍സലര്‍ പ്രൊഫ. ഗനിയുടെ പുസ്തക പ്ര കാശന പ്രസംഗം (ഇംഗ്ലീഷില്‍) ഗംഭീരമായിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള അദ്ദേഹത്തിനു മലയാളം നല്ല വശമില്ലായിരുന്നു.