കഠിനാദ്ധ്വാനത്തിന്റെ വര്‍ഷങ്ങള്‍

പ്രസിദ്ധ സാഹിത്യനിരൂപകനും ഗ്രന്ഥകാരനുമായ ഡോ. ജോര്‍ജ് ഇരുമ്പയത്തിന്റെ ആത്മകഥ
കഠിനാദ്ധ്വാനത്തിന്റെ വര്‍ഷങ്ങള്‍

അദ്ധ്യായം-19 | സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍

കോഴിക്കോട്ടും തലശ്ശേരിയിലും വീണ്ടും കോഴിക്കോട്ടും അനന്തരം എറണാകുളത്തും ഞാന്‍ പ്രവര്‍ത്തിച്ച 1970-കളിലും '80-കളിലുമാണ് ഗവേഷണ പഠനങ്ങളും അധ്യാപനവും എഴുത്തും പ്രസംഗവും മലയാളസംരക്ഷണപ്രവര്‍ത്തനങ്ങളുമായി ഞാന്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തത്. 1972-ല്‍ അഴീക്കോടിന്റെ കീഴില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലാരംഭിച്ച ഗവേഷണം 1980-ല്‍ പൂര്‍ത്തിയാക്കി തീസിസ് സമര്‍പ്പിച്ചു. ഗവേഷണത്തിനിടയ്ക്ക് ഉപോല്പന്നമായി രൂപപ്പെട്ട 'ആദ്യത്തെ മലയാള നോവല്‍' എന്ന പഠനം 1977 ആഗസ്റ്റ് 7-ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നു. അത് അയച്ചുകിട്ടിയ ഉടന്‍ ''വായിച്ചു നോക്കി. സന്തോഷത്തോടെ പ്രസിദ്ധീകരിക്കുന്നു'' എന്ന് എഡിറ്റര്‍ എം.ടി. വാസുദേവന്‍ നായര്‍ എഴുതി അറിയിച്ചു. ''ഘാതകവധ''മാണ് ആദ്യത്തെ മലയാള നോവലെന്ന അതിലെ നിഗമനത്തെ അതൊരു തര്‍ജമയാകയാല്‍ എങ്ങനെ ആദ്യമലയാള നോവലാകുമെന്ന് ഒരു സമ്മേളനത്തില്‍വച്ച് ഉറൂബും നേരിട്ടു കണ്ടപ്പോള്‍ ഡോ. കെ.എം. ജോര്‍ജും ചോദിച്ചു.

അത്തരം ചോദ്യങ്ങളുടെ മുനയൊടിക്കാനുള്ള ഒട്ടേറെ ന്യായങ്ങള്‍ എന്റെ ലേഖനത്തിലുണ്ട്. സി.വി. രാമന്‍പിള്ളയുടെ നോവലുകളിലെ മര്‍മപ്രധാനമായ ഭാഗങ്ങള്‍ അദ്ദേഹം ഇംഗ്ലീഷില്‍ പറഞ്ഞുകൊടുത്ത് മലയാളത്തിലേക്ക് തര്‍ജമചെയ്കയായിരുന്നു എന്ന സി.വിയുടെ കേട്ടെഴുത്തുകാരനായിരുന്ന മുന്‍ഷി രാമക്കുറുപ്പിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സമാനമായ കാര്യമാണ് ഘാതകവധത്തിന്റേതെന്നും നോവലില്‍ ഭാഷയേക്കാള്‍ പ്രധാനം അതിലാവിഷ്‌കരിക്കപ്പെടുന്ന ജീവിതമാണെന്നും സമര്‍ഥിച്ചിരുന്നു. എങ്കിലും ഉറൂബിന്റെയും മറ്റും വാക്കുകള്‍ എന്നെ പുനരാലോചനയ്ക്കു പ്രേരിപ്പിച്ചു. എന്തൊക്കെ ന്യായം പറഞ്ഞാലും 'ഘാതകവധം' ഒരു തര്‍ജമയാണെന്ന സത്യം അവശേഷിക്കുന്നു. ആ സ്ഥിതിക്ക് ആദ്യത്തെ കേരളീയ നോവല്‍ എന്ന വിശേഷണമാകും ഘാതകവധത്തിനു കൂടുതല്‍ യോജിക്കുക എന്ന നിഗമനത്തിലേക്കു ഞാനെത്തി. ഗവേഷകന്‍ തെളിവുകളുടെയും പുനശ്ചിന്തയുടെയും ഫലമായി അഭിപ്രായമോ നിഗമനമോ പരിഷ്‌കരിക്കുകയോ മാറ്റുകയോ ചെയ്യുന്നതില്‍ തെറ്റില്ല. ആവശ്യമെങ്കില്‍ അങ്ങനെ ചെയ്യണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. നിഗമനം അങ്ങനെ പരിഷ്‌കരിച്ചപ്പോള്‍ ആദ്യ മലയാള നോവല്‍ ഇന്ദുലേഖ തന്നെയാണെന്നു വന്നു. കുന്ദലത ഒരു ഗദ്യ റൊമാന്‍സു മാത്രമാണെന്നു ഞാന്‍ കണ്ടെത്തിയിരുന്നു. ആദ്യകാല നോവലുകളെപ്പറ്റി ഒരു പരമ്പരതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതാന്‍ എന്‍.വി. കൃഷ്ണവാരിയര്‍ ആവശ്യപ്പെട്ടു. അങ്ങനെ 1979-80 കാലത്ത് ഇന്ദുമതീസ്വയംവരം, മീനാക്ഷി, സരസ്വതീവിജയം, പരിഷ്‌കാരപ്പാതി, ലക്ഷ്മീകേശവം, അക്ബര്‍ എന്നിവയെക്കുറിച്ചുകൂടി ആഴ്ചപ്പതിപ്പിലെഴുതി. ഭാഷാപോഷിണി പോലുള്ള മറ്റു പ്രസിദ്ധീകരണങ്ങളില്‍ മറ്റു ചില ആദ്യകാല നോവലുകളെക്കുറിച്ചും എഴുതി. അവയെല്ലാം ചേര്‍ത്ത് ''ആദ്യകാല മലയാള നോവല്‍'' എന്ന പഠന ഗ്രന്ഥം 1982-ല്‍ കറന്റ് ബുക്‌സ് (കോട്ടയം) വഴി ഇറക്കി. അതിന്റെ അവതാരികയില്‍ എന്‍.വി. എഴുതി: ''മലയാള നോവലിന്റെ എളിയപ്രാരംഭത്തിന്റെ ചരിത്രം അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യം പഠിക്കേണ്ട ഒരു ആധികാരിക കൃതിയാണ് ആദ്യകാല മലയാള നോവല്‍. ക്ലേശസഹിഷ്ണുവായ ഗവേഷകനെന്നപോലെ പ്രഗത്ഭനായ വിമര്‍ശകന്‍ കൂടിയാണു താനെന്ന് ഈ കൃതിയിലൂടെ ഡോ. ജോര്‍ജ് തെളിയിച്ചിരിക്കുന്നു. യഥാര്‍ഥ ഗവേഷണം നിലവിലുള്ള അറിവിന്റെ അതിര്‍ത്തി വിപുലപ്പെടുത്തുന്നത് എങ്ങനെയെന്നതിന് ഈ കൃതി ഒരുദാഹരണമാണ്.''

1981-ല്‍ ''ഉപാസിക്കുന്നു ദുഃഖത്തെ ഞാന്‍'' എന്ന ലേഖനസമാഹാരം എന്‍.ബി.എസ്. വിതരണമായും ഇറങ്ങി. 1970-കളില്‍ അറബിക്കടലിലെ കേരളം, ഉത്തരേന്ത്യന്‍ നഗരങ്ങള്‍ പശ്ചിമേന്ത്യന്‍ ദൃശ്യങ്ങള്‍ എന്നീ യാത്രാവിവരണങ്ങളും മഗ്ദലനമറിയവും വള്ളത്തോള്‍ക്കവിതയും, നീഗ്രോക്രിസ്തു എന്നീ നിരൂപണ ഗ്രന്ഥങ്ങളും സഞ്ജയ് മുതല്‍ രുക്‌സാന വരെ എന്ന തര്‍ജമയും ഒരു വിലാപം (വ്യാഖ്യാന സഹിതം) കോലായ രണ്ട്, ഇന്ദുമതീസ്വയംവരം (നോവല്‍) എന്നീ ഞാന്‍ എഡിറ്റു ചെയ്ത കൃതികളും ഇറങ്ങി. 1980-കളില്‍ മുന്‍പറഞ്ഞവയ്ക്കു പുറമേ മുപ്പതു കവിതകള്‍ (1983) എന്ന കാവ്യസമാഹാരവും മലയാള നോവല്‍ 19-ാം നൂറ്റാണ്ടില്‍ (1984) എന്ന തീസിസും കാട്ടാളരില്‍ കാപ്പിരി (1987) എന്ന നിരൂപണവും 'കേസ് ഡയറി'യും (ഷെര്‍ലക് ഹോംസ് തര്‍ജമ, 1981) നിരൂപണം പുതിയ മുഖം (1982) ഉറൂബ് വ്യക്തിയും സാഹിത്യകാരനും (1983) പൊറ്റെക്കാട്ട് വ്യക്തിയും സാഹിത്യകാരനും (1984) കുന്ദലത (1984) നാലു നോവലുകള്‍ (1985) വ്യക്തിസമൂഹം സാഹിത്യം (1986) വര്‍ത്തമാനപ്പുസ്തകം പാഠവും പഠനങ്ങളും (1987) എന്നീ ഞാന്‍ എഡിറ്റു ചെയ്ത പുസ്തകങ്ങളും പ്രസിദ്ധീകൃതമായി.

1982 മുതല്‍ മലയാള സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. എസ്.കെ. പൊറ്റെക്കാട്ടുമായി ചേര്‍ന്ന് 1982 ജൂണ്‍ 15-ന് ഒരു പ്രസ്താവന തയ്യാറാക്കി. ഞങ്ങള്‍ക്കു പുറമേ വൈക്കം മുഹമ്മദ് ബഷീര്‍, സുകുമാര്‍ അഴീക്കോട്, എം.ടി. തുടങ്ങി പലരും ഒപ്പിട്ടതും കേരളത്തിലെ എല്ലാത്തരം വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതമാക്കുക, പ്രഥമസ്ഥാനം നല്‍കി പഠിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നതുമായ സാഹിത്യകാരന്മാരുടെ പ്രസ്തുത ആഹ്വാനം കേരള സര്‍ക്കാരിനും യൂണിവേഴ്‌സിറ്റികള്‍ക്കും അയച്ചുകൊടുത്തു. പത്രങ്ങളില്‍ പ്രാധാന്യത്തോടെ വാര്‍ത്തവന്നു. മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു. പ്രസിദ്ധീകരണങ്ങളില്‍ എഴുതിയും ഈ ആശയങ്ങള്‍ പ്രചരിപ്പിച്ചു. 1986-ല്‍ എറണാകുളത്ത് എത്തിയശേഷം ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പോലുള്ള വിദ്യാര്‍ഥികളുടെ മാതൃഭാഷകള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ റിട്ടു നല്‍കി. അതി ന് അനുകൂലമായ നടപടി ഉണ്ടായെങ്കിലും സംസ്‌കൃതത്തിനുപകരം മാതൃഭാഷ എന്ന നടപടി റദ്ദാക്കാന്‍ സംസ്‌കൃതാധ്യാപകര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ആ തീരുമാനം സ്റ്റേ ചെയ്യിക്കുകയുമുണ്ടായി. 1988-89 കാലത്തു കുറച്ചുനാള്‍ സംസ്‌കൃതത്തിനുപകരം മാതൃഭാഷ പഠിപ്പിച്ചു തുടങ്ങിയത് അങ്ങനെ നിര്‍ത്തലാക്കപ്പെട്ടു. ആ കേസില്‍ കക്ഷിചേരാന്‍ സുപ്രീം കോടതി വരെ പോയി. 1989-ല്‍ മലയാള സംരക്ഷണവേദി എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തനം വിപലീകരിച്ചു. അതിന്റെ ശാഖ ഡല്‍ഹിയില്‍വരെ സ്ഥാപിക്കപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സമ്മേളനങ്ങള്‍ നടത്തിയും പത്രങ്ങളില്‍ എഴുതിയും മലയാളത്തിന് ഉന്നതസ്ഥാനം ലഭ്യമാക്കാന്‍ ശ്രമിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ബന്ധപ്പെട്ട ലേഖനങ്ങളുമടങ്ങിയ ''മലയാളവും മലയാളിയും'' (1992) എന്ന പുസ്തകവും സാഹിത്യസാമൂഹ്യ വിമര്‍ശനങ്ങള്‍ (1990) നോവല്‍ സി.വി. മുതല്‍ ബഷീര്‍ വരെ (1998) ഭാഷ സാഹിത്യം സംസ്‌കാരം (2010) എന്നീ നിരൂപണ-പഠനങ്ങളും കാനായിലെ വീഞ്ഞ് (1991) നല്‍കുക ദുഃഖം വീണ്ടും (1998) എന്നീ കാവ്യസമാഹാരങ്ങളും എന്റെ സത്യാന്വേഷണ പരീക്ഷണ കഥയും (ഗാന്ധി ആത്മകഥാ വിവര്‍ത്തനം, 1997) സാഹിത്യനിരൂപണം ജി.എന്‍. പിള്ള സ്മാരക ഗ്രന്ഥം (1994) പരിഷ്‌കാര വിജയം (2006) എന്നീ ഞാന്‍ എഡിറ്റു ചെയ്ത കൃതികളും പിന്നീടിറങ്ങി.

1992-ല്‍ കേരള യൂണിവേഴ്‌സിറ്റിയുടെ മലയാളം എം.എ. പരീക്ഷാബോര്‍ഡില്‍ (വൈവ ഉള്‍പ്പെടെ) സേവനം ചെയ്തു. അടുത്തവര്‍ഷത്തേക്കു വന്ന നിയമനം ജോലിഭാരം മൂലം ഞാന്‍ നിരസിച്ചു. 1993 മുതല്‍ സാഹിത്യ നിരൂപണം ത്രൈമാസികത്തിന്റെ പൂര്‍ണ ഉത്തരവാദിത്വവും ഉണ്ടായിരുന്നു. അതിന്റെ ഒരു ലക്കവും എന്റെ സാഹിത്യസാമൂഹ്യ വിമര്‍ശനങ്ങളും മുന്‍കേന്ദ്രമന്ത്രി എം.എം. ജേക്കബിന്റെ സഹായത്താല്‍ ഉപരാഷ്ട്രപതി (പിന്നീട് രാഷ്ട്രപതി) ഡോ. ശങ്കര്‍ ദയാല്‍ ശര്‍മയെക്കൊണ്ട് 1990 മേയ് മാസത്തില്‍ ഡല്‍ഹിയില്‍ പ്രകാശനം ചെയ്യിച്ചതും ഓര്‍ക്കുന്നു. ആ യാത്രയിലാവണം എന്റെ മരുമകന്‍ സോജിയോടൊപ്പം ഡല്‍ഹിയില്‍ ഒ.വി. വിജയനെ പോയി കണ്ടു. എം. മുകുന്ദനെയും കാണാന്‍ കഴിഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org