സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 07

അദ്ധ്യായം-7 : ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക്
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 07

1953 ഏപ്രില്‍ മാസത്തിലാണ് തേഡ് ഫോം (8-ാം ക്ലാസ്) ജയിച്ച വിവരം അറിയുന്നത്. കുട്ടികളെ പള്ളിവക സ്‌കൂളുകളില്‍ ചേര്‍ത്തുപഠിപ്പിക്കണമെന്ന് വൈദികര്‍ പ്രസംഗിച്ചും ഉപദേശിച്ചും നടന്നിരുന്ന കാലം. മറിച്ചായാല്‍ കുട്ടികള്‍ വിശ്വാസാചാരങ്ങളില്‍ നിന്നകന്നുപോകും എന്ന ബോധ്യമായിരുന്നു അതിനു പിന്നില്‍. വൈദികര്‍തന്നെ (എല്ലാവരുമല്ല) വിശ്വാസത്തില്‍ നിന്നകലുകയും സഭാതര്‍ക്കത്തിനും പണസമ്പാദനത്തിനും മറ്റുമായി നടക്കുകയും ചെയ്യുന്ന ഇക്കാലത്ത് അതേപ്പറ്റി ചിന്തിക്കുമ്പോള്‍ ചിരിവരും. എങ്കിലും ആ ധാരണ തെറ്റായിരുന്നില്ല. കാരിക്കോടു സ്‌കൂളിലെ എന്റെ ദുരനുഭവങ്ങള്‍ മുമ്പു പറഞ്ഞല്ലോ.

ഞങ്ങളുടെ സമീപത്തെങ്ങും പള്ളിവക ഹൈ സ്‌കൂളില്ല. പിറവത്തും വെളിയനാടും മറ്റു ക്രൈസ്തവസഭക്കാരുടെ സ്‌കൂളുകളുണ്ട്. വെളിയനാട്ടേക്ക് പുഴ കടന്നുപോകണം. പിറവം വളരെ ദൂരെയും. അതിനാല്‍ കുറച്ചെങ്കിലും അടുത്തുള്ള തലയോലപ്പറമ്പു സ്‌കൂളിനു നറുക്കു വീണു. ഗവ. ഹൈസ്‌കൂള്‍ വടയാര്‍ എന്നു പേര്‍. അത് ആരോ ഒപ്പിച്ച കുസൃതിയാണ്. സ്‌കൂള്‍ തലയോലപ്പറമ്പില്‍ തന്നെ. പിന്നീട് എ.ജെ. ജോണ്‍ സ്മാരക ഗേള്‍സ് ഹൈസ്‌കൂളും ഒരു കോളജും തലയോലപ്പറമ്പിന്റെ പേരു ചേര്‍ത്തുവന്നു.

എന്റെ അപ്പന്‍ വളരെ വൈമനസ്യത്തോടെയാണ് ഗവ. സ്‌കൂളില്‍ ചേര്‍ക്കാന്‍ എന്നെ കൊണ്ടുപോയത്. ജോര്‍ജും മറ്റൊരു അയല്‍ക്കാരനായ പൗലോസും അവിടെ ചേര്‍ക്കപ്പെട്ടു. ദൂരം പരിഗണിച്ച് വികാരിയച്ചന്‍ സമ്മതം നല്‍കിയതാവാം. കുട്ടികളുടെ വാക്കും പ്രവൃത്തിയും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു കാണുമെന്നു വിചാരിക്കാന്‍ പറ്റിയ ഒരനുഭവം എനിക്കുണ്ടായി. മിഡില്‍ സ്‌കൂളിലെ അവസാന വര്‍ഷമോ ഹൈസ്‌കൂളിലെ ആദ്യവര്‍ഷമോ ആകണം മലയാളാധ്യാപകന്‍ ഒരു പദ്യഭാഗം പഠിപ്പിക്കുമ്പോള്‍ മൃതദേഹത്തെ ആടയാഭരണങ്ങള്‍ ധരിപ്പിച്ചു സംസ്‌കരിക്കുന്നതിലെ അര്‍ത്ഥശൂന്യത വിവരിച്ചു. അതെന്റെ മനസ്സില്‍ കിടന്നു. നാട്ടിലെ ഒരു മൃതദേഹ സംസ്‌കാരത്തിന് അമ്മയുടെ കൂടെ ഞാനും പോയിരുന്നു. നല്ല വസ്ത്രങ്ങളും കാലില്‍ ഷൂസുമൊക്കെ മൃതദേഹത്തിലുണ്ടായിരുന്നു. രാത്രി വൈകിയാണ് കൂട്ടുകാരുമൊത്തുള്ള ചീട്ടുകളിയും മറ്റും കഴിഞ്ഞ്, അപ്പന്‍ വീട്ടില്‍ എത്താറ്. ഞങ്ങള്‍ കുട്ടികള്‍ പ്രാര്‍ത്ഥനയും അത്താഴവും കഴിച്ചിരിക്കും. ആ സമയത്താണ് അമ്മയോടല്പം നര്‍മസംഭാഷണം നടത്തുക. മൃതദേഹത്തെ നല്ല വസ്ത്രങ്ങളണിയിച്ച് സംസ്‌കരിക്കുന്നത് എന്തിനാണെന്നു ഞാന്‍ ചോദിച്ചു. അമ്മക്ക് ശരിയായ ഉത്തരം ഇല്ലായിരുന്നു. ഞാന്‍ ജയിച്ച ഭാവത്തിലിരിക്കുമ്പോള്‍ ആ സംഭാഷണം ഒളിച്ചുനിന്നു കേട്ട അപ്പന്‍ ചാടിവീണു. ഇവനെ ഗവ. സ്‌കൂളില്‍ വിട്ടതിന്റെ ഫലമാണിതെല്ലാം എന്നാക്രോശിച്ചുകൊണ്ട് എന്നെ അടിച്ചു. വല്ല്യമ്മ തടസം പിടിക്കുകയും എതിര്‍ക്കുകയും ചെയ്തു. വിശ്വാസപ്രമാണം ചൊല്ലെടാ എന്ന് അപ്പന്‍ ആജ്ഞാപിച്ചു. ഞാന്‍ കരഞ്ഞുകൊണ്ട് ചൊല്ലി. അതില്‍ ''ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു'' എന്ന ഭാഗമായപ്പോള്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞു. എന്താ അതിന്റെ അര്‍ത്ഥം? ശരീരം നല്ല വേഷത്തില്‍ ഉയിര്‍ത്തുവരണ്ടേ? എന്നെല്ലാം ചോദ്യശരങ്ങള്‍. ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. ഒരു സംശയം അമ്മയോടു ചോദിച്ചതിനു കിട്ടിയ ശിക്ഷ!

ഇവിടെ ഒന്നുരണ്ടു കാര്യങ്ങള്‍ ഓര്‍ക്കാം.

1. പ്രാര്‍ത്ഥനകള്‍ കാണാതെ പഠിച്ചിട്ട് യഥാസമയം ചൊല്ലുമെന്നല്ലാതെ അതിന്റെ അര്‍ത്ഥമൊന്നും കുട്ടികള്‍ ശ്രദ്ധിക്കാറില്ല; പ്രാര്‍ത്ഥനാ പുസ്തകത്തില്‍ നോക്കി ചൊല്ലുമ്പോഴും ഏതാണ്ടിങ്ങനെ തന്നെ.

2. ഉയിര്‍പ്പിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണകളുണ്ട്. ഉയിര്‍ക്കുന്നത് ഭൗതികശീരമല്ല ആത്മീയശരീരമാണെന്ന് പൗലോസ് ശ്ലീഹാ വെളിപ്പെടുത്തിയിട്ടുണ്ട് (1 കൊറി. 15:42-49). യേശു ഉയിര്‍ത്തപ്പോള്‍ വസ്ത്രം ശവക്കല്ലറയില്‍ കിടന്നിരുന്നു (ലൂക്കാ 24:12; യോഹ. 20:7). ലാസര്‍ ഉയിര്‍പ്പിക്കപ്പെട്ടപ്പോഴും മുന്‍വസ്ത്രങ്ങളും കെട്ടുകളുമെല്ലാം ഒഴിവാക്കപ്പെട്ടത് യോഹ. 11, സ്‌നേഹഗീത 546 ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ലാസര്‍ മനുഷ്യനായിതന്നെയാണ് ഉയിര്‍പ്പിക്കപ്പെട്ടത്. യേശു സ്വര്‍ഗാരോഹണം വരെ ഇടയ്ക്ക് മനുഷ്യനായി തന്നെയാണ് ഉയിര്‍പ്പിക്കപ്പെട്ടത്. യേശു സ്വര്‍ഗാരോഹണം വരെ ഇടക്ക് മനുഷ്യനായി ഭക്ഷണം കഴിച്ചും അപ്പസ്‌തോലരോടും മറ്റും ഇടപഴകിയും കഴിഞ്ഞതായി കാണാം. പക്ഷേ രണ്ടുപേര്‍ക്കും മുന്‍വസ്ത്രം കൊണ്ട് ഒരുപയോഗവും ഉണ്ടായില്ല! ഇക്കാലത്ത് ദൂരെയോ വിദേശത്തോ മരിച്ചാല്‍ ദഹിപ്പിച്ചിട്ട് ഭസ്മം കൊണ്ടുവന്ന് നാട്ടിലെ സെമിത്തേരിയില്‍ അടക്കാറുണ്ട് - സഭാധികാരികളുടെ അംഗീകാരത്തോടെ. സിമിത്തേരികളില്‍തന്നെ ഇപ്പോള്‍ സ്ഥലക്കുറവുമൂലം വലിയ കുഴിയിലേക്ക് ശവപ്പെട്ടിയോടെയോ അല്ലാതെയോ മൃതദേഹം തള്ളുന്ന അവസ്ഥയും സംജാതമായിരിക്കുന്നു. എന്നിരിക്കെ മുന്‍പറഞ്ഞ ധാരണകളും നിലപാടുകളും എത്രയോ വികലം! എന്റെ അനുഭവം നടക്കുമ്പോള്‍ ബൈബിള്‍ തര്‍ജമയോ വിശ്വാസികള്‍ക്ക് (വൈദികര്‍ക്കുതന്നെയും) പൗലോസ് ശ്ലീഹായുടെ മേല്പറഞ്ഞ ആശയത്തെപ്പറ്റി ഗ്രാഹ്യമോ ഉണ്ടായിരുന്നില്ല. ഇപ്പോഴും നല്ല വസ്ത്രങ്ങളും ഷൂസും ധരിപ്പിച്ചടക്കുന്ന രീതി മുന്‍പറഞ്ഞതരം അപവാദങ്ങളൊഴിച്ചാല്‍, നിലനില്‍ക്കുകയും ചെയ്യുന്നു! ഈ സാഹചര്യത്തില്‍ തന്റെ അറിവനുസരിച്ച് പറഞ്ഞതിന് അപ്പനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ആ സംഭവം എന്നിലുണ്ടാക്കിയ മുറിവ് വലുതായിരുന്നു.

അക്കാലത്ത് പ്രൈവറ്റ് സ്‌കൂളധ്യാപകര്‍, ഗവ. സ്‌കൂളില്‍ ജോലി കിട്ടുന്നത് ഒരു സ്വര്‍ഗാരോഹണമായി കരുതിയിരുന്നു. ശമ്പളവും സ്വാതന്ത്ര്യവും കൂടുതല്‍ കിട്ടുമെന്നതാണു കാരണം. അതിനാല്‍ സമര്‍ത്ഥരെല്ലാം ഗവ. സ്‌കൂള്‍ ജോലിക്കു ശ്രമിച്ചിരുന്നു. തന്മൂലം ഞങ്ങള്‍ക്ക് നല്ല അധ്യാപകരെ തലയോലപ്പറമ്പു സ്‌കൂളില്‍ കിട്ടിയിരുന്നു. ശരിക്കുള്ള തിരിച്ചറിവും ഗ്രഹണപാടവവും എനിക്കുണ്ടായത് അവിടയാണെന്നു തോന്നുന്നു. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന മാത്യു, എബ്രഹാം, സയന്‍സ് പഠിപ്പിച്ചിരുന്ന ഉണ്ണി, തോമസ്, കണക്കു പഠിപ്പിച്ചിരുന്ന ജോസഫ്, ജോര്‍ജ്, മലയാളം പഠിപ്പിച്ചിരുന്ന ദിവാകരന്‍ നായര്‍, മേരി ജോര്‍ജ്, ചരിത്രം പഠിപ്പിച്ചിരുന്ന കണിയാര്‍ (എം.എന്‍.എസ്.കെ), അയ്യപ്പന്‍ എന്നീ അധ്യാപകരെ പ്രത്യേകം ഓര്‍ക്കുന്നു. മൂന്നുവര്‍ഷത്തെ പഠനം അവിടെ ഉണ്ടായിരുന്നല്ലോ. ഏതെങ്കിലും വര്‍ഷം ഇവരുടെ ക്ലാസ്സുകള്‍ ഉണ്ടാകുമായിരുന്നു. മൂന്നാം വര്‍ഷമാണ് ഉണ്ണി സാറും ജോര്‍ജ് സാറും കണിയാരു സാറും എബ്രാഹം സാറും ദിവാകരന്‍നായരു സാറും എന്നെ പഠിപ്പിച്ചത്. ക്ലാസ് ടീച്ചര്‍ എബ്രഹാം സാറായിരുന്നു. ഇംഗ്ലീഷിനു പുറമേ ഭൂമിശാസ്ത്രവും അദ്ദേഹം പഠിപ്പിച്ചു. മാസത്തിലൊരിക്കലോ മറ്റോ ക്ലാസ് അസംബ്ലി ഉണ്ടായിരുന്നു. ആരെങ്കിലും ഒരു വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയോ എഴുതിക്കൊണ്ടുവന്നു വായിക്കയോ വേണം. മറ്റു പലരും പങ്കെടുത്തു പ്രസംഗിക്കും. ക്ലാസ് ടീച്ചറായ അധ്യക്ഷന്‍ ഉപസംഹാര പ്രസംഗം നടത്തും. ഒരു മണിക്കൂറാണ് അതിനുള്ള ആകെ സമയം. അതില്‍ സജീവമായി പങ്കെടുത്തിരുന്ന എന്നോട് എബ്രാഹം സാറിന് മമതയുണ്ടായിരുന്നു. മറ്റധ്യാപകരുടെ ക്ലാസുകളില്‍ സംശയം ചോദിക്കയും മറ്റും ചെയ്തിരുന്നതിനാല്‍ അവരും എന്നെ ശ്രദ്ധിച്ചിരുന്നു. ഉണ്ണിസാറും കണിയാരുസാറുമൊക്കെ ഇടയ്ക്കു ചോദ്യങ്ങള്‍ ചോദിച്ച് എന്നെ അനുഗ്രഹിക്കുമായിരുന്നു. എബ്രഹാം സാറിനോട് ഒരു കുസൃതി കാണിച്ചത് ദുഃഖത്തോടെ ഓര്‍ക്കുന്നു. എസ്.എസ്.എല്‍.സി(1956)ക്കുള്ള മോഡല്‍ പരീക്ഷയ്‌ക്കോ അതിനുമുമ്പുള്ള ക്രിസ്മസ് പരീക്ഷയ്‌ക്കോ ആണ്, ഭൂമിശാസ്ത്രത്തിന്റെ ചോദ്യങ്ങളില്‍ കേരളത്തിന്റെ പടംവരച്ച് നദികള്‍ അടയാളപ്പെടുത്താനുണ്ടായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. മറ്റു ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം സാമാന്യം നന്നായി എഴുതിയിട്ട് കേരളത്തിന്റെ പടം വരച്ച് കിഴക്കുപടിഞ്ഞാറായി കുറേ വരകളിട്ട് നീണ്ട നദി, കണ്ടനദി, വിണ്ട നദി... എന്നൊക്കെ എഴുതിവച്ചു. ഉത്തരക്കടലാസുകളുമായി എബ്രഹാം സാര്‍ വന്നിട്ട് എന്നെ എഴുന്നേല്പിച്ചു നിര്‍ത്തി. പുതിയ ഭൂമിശാസ്ത്രം സൃഷ്ടിച്ച മഹാനാണ് എന്നു പറഞ്ഞു നദികളുടെ പേര്, ഞാനെഴുതിയതു വായിച്ചു. എല്ലാവരും ചിരിച്ചു; ഞാനും. യാതൊരു പകയുമില്ലാതെ ആ പേപ്പറിന് മറ്റുത്തരങ്ങളുടെ ബലത്തില്‍ നല്ല മാര്‍ക്കുതന്നു. മാന്യനായിരുന്നു അദ്ദേഹം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org