ചില പുസ്തകങ്ങള്‍

അദ്ധ്യായം-20 | സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍
ചില പുസ്തകങ്ങള്‍

എന്റെ സത്യാന്വേഷണ പരീക്ഷണകഥ

ഗാന്ധിജിയുടെ ജീവിതം എക്കാലത്തും എന്നെ ആകര്‍ഷിച്ചിരുന്നു. ഗാന്ധിയെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ മധുര യൂണിവേഴ്‌സിറ്റിയുടെ 'ഗാന്ധിയന്‍ ചിന്ത' എം.എ. കറസ്‌പോണ്ടന്‍സ് കോഴ്‌സിനുചേര്‍ന്നു. അതിന്റെ പരീക്ഷയെഴുതാന്‍ കോയമ്പത്തൂര്‍ പോയപ്പോഴാണ് ഗാന്ധിയന്‍ കൃതികള്‍ പ്രസിദ്ധീകരിക്കുന്ന എറണാകുളത്തെ പൂര്‍ണോദയ ട്രസ്റ്റിന്റെ സെക്രട്ടറി ശര്‍മയുമായി പരിചയപ്പെട്ടത്. ഗാന്ധി ആത്മകഥ നവജീവന്‍ ട്രസ്റ്റിനുവേണ്ടി മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ ശ്രീ. ശര്‍മയാണ് എന്നെ സമീപിച്ചത്. 1997-ല്‍ ആദ്യപതിപ്പിറങ്ങിയ ഈ തര്‍ജമ 2022 ആയപ്പോഴേക്ക് 10 ലക്ഷം കോപ്പി വിറ്റഴിഞ്ഞു. അതിലെ പരിഭാഷകന്റെ കുറിപ്പ് താഴെ.

'ഒരു ആത്മകഥ അഥവാ സത്യംകൊണ്ടുള്ള എന്റെ പരീക്ഷണങ്ങളുടെ കഥ' (An Autobiography or The Story of My Experiments with Truth) എന്ന ഗാന്ധിയുടെ ആത്മകഥ തര്‍ജ്ജമ ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു. യശശ്ശരീരനായ കെ. മാധവനാര്‍ തയ്യാറാക്കി മാതൃഭൂമി പ്രസിദ്ധീകരിച്ച ആദ്യ തര്‍ജ്ജമ്മ (എന്റെ സത്യാന്വേഷണ പരീക്ഷകള്‍) ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് വായിച്ചത്. സാമാന്യം നല്ലൊരു തര്‍ജ്ജമയാണത്. പക്ഷേ, ഇംഗ്ലീഷ് മൂലത്തോട് വേണ്ടത്ര നീതി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അതു സമീപകാലത്ത് താരതമ്യപ്പെടുത്തി നോക്കിയപ്പോള്‍ തോന്നി ഹിന്ദി വിവര്‍ത്തനത്തെയാവാം തര്‍ജ്ജമക്കാരന്‍ ഇടയ്ക്കിടെ ആശ്രയിച്ചത്.

എന്റെ തര്‍ജ്ജമയില്‍ ഇംഗ്ലീഷ് പാഠത്തോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. (ഗാന്ധിജി മാതൃഭാഷയായ ഗുജറാത്തിയിലാണ് ആത്മകഥ എഴുതിയത്. ഇംഗ്ലീഷ് - ഹിന്ദി വിവര്‍ത്തനങ്ങള്‍ അദ്ദേഹം പരിശോധിച്ചിട്ടാണ് പ്രസിദ്ധീകരിച്ചത്). രണ്ടു മൂന്നു സന്ദര്‍ഭങ്ങളില്‍ ആശയവ്യക്തതയ്ക്കുവേണ്ടി ഹിന്ദിപാഠത്തെ ഞാന്‍ അനുവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്തുമാസമായി എന്റെ ജോലി മുഖ്യമായും ഈ തര്‍ജ്ജമതന്നെ ആയിരുന്നു. എന്റെ ചിന്തയെയും പ്രവര്‍ത്തനത്തെയും ഇതു സ്വാധീനിക്കുകയും മാറ്റുകയും ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ ഭക്ഷണപരീക്ഷണങ്ങള്‍ ചിലത് ഞാന്‍ പിന്തുടരാന്‍ ശ്രമിച്ചു. വിജയിച്ചെന്നു പറഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസവും ഭക്തിയും മതാചാരങ്ങളും എന്നെ അദ്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തു. ദരിദ്രനാരായണനായുള്ള അദ്ദേഹത്തിന്റെ ലളിതജീവിതവും ഉയര്‍ന്ന ചിന്തയും ഏതൊരാളെയും കൊതിപ്പിക്കുന്ന ഏറ്റവും മഹത്തായ ജീവിതമാതൃകകളില്‍ ഒന്നാണ്. ആ ജീവിതത്തെ അടുത്തുനിന്നു നിരീക്ഷിക്കാന്‍ കിട്ടിയ ഈ അവസരം ഒരു ഭാഗ്യവും ആത്മീയാഭ്യസനത്തിനായി ലഭിച്ച വരദാനവുമാണ്. അതു സാധ്യമാക്കിയ എല്ലാ വ്യക്തികളോടും തര്‍ജ്ജമ എഴുതിയെടുത്തു സഹായിച്ച എന്റെ അനന്തിരവള്‍ സിജിയോടും ഇതിലെ പദ്യഭാഗങ്ങള്‍ തര്‍ജ്ജമ ചെയ്ത പ്രൊഫ. ജി. കുമാരപിള്ളയോടും നന്ദി പറയുന്നതോടൊപ്പം മനോവാക്കര്‍മ്മങ്ങളില്‍ അഹിംസ പാലിക്കാന്‍വേണ്ട ഈശ്വരാനുഗ്രഹത്തിനായി ഗാന്ധിജി ആത്മകഥയുടെ ഒടുവില്‍ നടത്തിയ പ്രാര്‍ത്ഥന ഏറ്റുപറയുകയും ചെയ്യട്ടെ.'

പരിഷ്‌കാര വിജയം

പ്രഥമ ക്രൈസ്തവ പരിഷ്‌കരണ നോവലും ആദ്യ ലത്തീന്‍ ക്രൈസ്തവ നോവലുമാണിത്. 1906-ല്‍ ഇറങ്ങി. വാര്യത്ത് ചോറി പീറ്റര്‍ ആണ് നോവലിസ്റ്റ്. സേവ്യര്‍ എന്ന പേരാണ് ചോറി ആയി മാറിയത്. നോവലിലെ കഥാനായിക മോനിക്കയാണ്. മാതാപിതാക്കള്‍ കണ്ടെത്തി ഉറപ്പിച്ച വരനെ, പള്ളിയില്‍ മനസ്സമ്മതത്തിനെത്തിയപ്പോള്‍ നിരസിക്കാനുള്ള ധൈര്യം അവള്‍ പ്രകടിപ്പിച്ചു. ആ സമുദായത്തില്‍ പല പരിഷ്‌കാരങ്ങളും നടപ്പിലാകുന്നത് നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഈ പുസ്തകത്തെപ്പറ്റി ആത്മകഥയില്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്.

ത്രസ്യാമ്മ (1922)

(പ്രഥമ മദ്യവിരുദ്ധനോവല്‍ + ആദ്യ സിറിയന്‍ കാത്തലിക് നോവല്‍)

ആളുകള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് എല്ലാത്തരം അതിക്രമങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, നമ്മുടെ നാട്ടില്‍ മലയാളത്തില്‍, എഴുതപ്പെട്ട ആദ്യത്തെ മദ്യവിരുദ്ധ നോവലിനെപ്പറ്റി അറിയുന്നത് നന്നായിരിക്കും. കോട്ടയം ജില്ലയിലെ മുട്ടുചിറയില്‍ ജീവിച്ചിരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനും മദ്യപാനം പോലുള്ള സാമൂഹ്യതിന്മകള്‍ക്കെതിരെ പ്രചാരണം നടത്തിയിരുന്ന ആളുമായ കരോട്ട് സി. ജോര്‍ജ് (കെ.സി. ജോര്‍ജ്, 1889-1945) ആണ് ത്രസ്യാമ്മയെന്ന പ്രസ്തുത നോവല്‍ രചിച്ചത്. അക്കാലത്ത് ആഴ്ചയില്‍ മൂന്നുദിവസം ഇറങ്ങിയിരുന്ന ദീപിക പത്രത്തിലൂടെ അതു വെളി ച്ചം കാണുകയും 1925-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമാവുകയും ചെയ്തു. 1936-ല്‍ ഇറങ്ങിയ രണ്ടാം പതിപ്പ് മൂന്നധ്യായങ്ങള്‍ കൂടി ചേര്‍ത്ത് വിപുലമാക്കിയിട്ടുണ്ട്. സുറിയാനി കത്തോലിക്കരുടെ സാമൂഹ്യജീവിതം പ്രതിഫലിപ്പിക്കുന്ന ആദ്യനോവല്‍ ഇതാണെന്നത് സ്വാഭാവികമാകാം!

ഇങ്ങനെ ചരിത്രപരമായ പ്രാധാന്യമുള്ള ഒരു കൃതിയാണെങ്കിലും 'ത്രസ്യാമ്മ'യെക്കുറിച്ചുള്ള പരാമര്‍ശം നമ്മുടെ സാഹിത്യചരിത്രങ്ങളിലോ നോവല്‍ സാഹിത്യചരിത്രത്തില്‍ പോലുമോ കാണുന്നില്ല. 'മലയാളഗ്രന്ഥസൂചി'യില്‍ ചെറുകഥകളുടെ കൂട്ടത്തിലാണ് ഈ പുസ്തകത്തെ പെടുത്തിയിരിക്കുന്നത്! 28 അധ്യായവും 163 പേജുമുള്ള ഒരു സാമൂഹ്യനോവലാണിത്. 'മദ്യപാനം, അക്രമപ്പലിശനിരക്ക്, അനുചിത വിവാഹസമ്പ്രദായം ഇത്യാദി, മുന്നിട്ടു നില്‍ക്കുന്ന ഏതാനും കുത്സിതവൃത്തികളെ തജ്ജന്യമായ ദുഷ്ഫലങ്ങള്‍കൂടി ദൃഷ്ടാന്തമാക്കി ചിത്രീകരിച്ചു ഫലമുളവാക്കാനാണ് 'ത്രസ്യാമ്മ' രചിച്ചതെന്ന് നോവലിസ്റ്റിന്റെ 'പ്രസ്താവന'യില്‍ കാണുന്നു. ഡോ. പി.ജെ തോമസിന്റെ അവതാരികയും തെങ്ങുംമൂട്ടില്‍ വര്‍ഗീസ് മാപ്പിളയുടെ ആമുഖോപന്യാസവും പുസ്തകത്തിലുണ്ട്.

വടക്കന്‍ തിരുവിതാംകൂറില്‍പ്പെടുന്ന തെക്കന്‍ പറവൂര്‍, കടുത്തുരുത്തി, വടക്കന്‍ പറവൂര്‍, ആലപ്പുഴ ഭാഗങ്ങളെ ദേശ്യപശ്ചാത്തലമാക്കി യാഥാര്‍ത്ഥ്യനിഷ്ഠവും യുക്തിബദ്ധവുമായി രചിച്ചിട്ടുള്ള നോവലാണിത്. കഥാപാത്രങ്ങള്‍, സംഭവങ്ങള്‍, ആഖ്യാനം, സംഭാഷണം എന്നിവ ഏറെക്കുറെ ഉചിതമാകയാല്‍ വായനക്കാരെ ആകര്‍ഷിച്ചുനിര്‍ത്താന്‍ ഇതിനു കഴിയുന്നു. ഗൃഹനാഥന്റെ മദ്യലഹരിയും തന്റെ വീഴ്ചകള്‍ മറയ്ക്കാന്‍ അയാള്‍ ആയുധമാക്കുന്ന കോപവും കുടുംബത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ദുഃഖ ദുരിതങ്ങളും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീകഥാപാത്രങ്ങളായ അന്നമ്മ, മകള്‍ ത്രസ്യാമ്മ, ഭൃത്യ അന്നച്ചേടത്തി, മാത്തന്റെ മകള്‍ കുഞ്ഞാണ്ടമ്മ എന്നിവരുടെ സ്വഭാവമഹിമയും ഭക്തിവിശ്വാസങ്ങളും വെളിപ്പെടുന്നു. മാത്തന്റെ പണക്കൊതിയും കുഞ്ഞിപ്പൈലിയുടെ ദുഷ്ടതയും, വാക്കും പ്രവൃത്തിയും വഴി ബോധ്യമാക്കുന്നു.

ചന്തുമേനോനെക്കാള്‍ സി.വി. രാമന്‍പിള്ളയാണ് ഈ നോവലിസ്റ്റിനെ സ്വാധീനിച്ചിട്ടുള്ളത്. ആള്‍മാറാട്ടവും ഭാഷയിലെ സംസ്‌കൃത പദാധിക്യവും ഇടയ്ക്കുള്ള പദ്യഭാഗങ്ങളും അതിനു തെളിവാണ്. വേപഥു, ഖരാര്‍, ക്രയം ചെയ്യുക, കിംബഹുനാ? എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ സുലഭം. തെക്കന്‍ പറവൂര്‍, കടുത്തുരുത്തി ഭാഗങ്ങളുടെ വര്‍ണന നോവലില്‍ കാണാം. പല ഭാഗങ്ങളിലും സംഭവങ്ങളിലും സി.വി.യുടെ മാര്‍ത്താണ്ഡവര്‍മ്മ ധര്‍മ്മരാജാകളുടെ സ്വാധീനം പ്രകടമാണ്; ഇംഗ്ലീഷ് പഠിപ്പിനെ ആക്ഷേപിക്കുന്നിടത്ത് ഇന്ദലേഖയുടെയും. ഒട്ടേറെ ചെറുകഥകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ച കരോട്ട് ജോര്‍ജിന്റെ ആദ്യത്തെ നോവലാണിത്. മറ്റൊരു നോവല്‍ എഴുതി പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. മദ്യവിപത്തില്‍ കൂപ്പുകുത്തിയിരിക്കുന്ന കേരളീയര്‍ക്ക് ഈ നോവല്‍ ഒരു സന്ദേശവും പാഠവുമാണ്.

(2014 മെയ് 11-ലെ മലയാളമനോരമ ഞായാറാഴ്ചയില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്. ത്രസ്യാമ്മയെക്കുറിച്ചുള്ള വിശദമായ പഠനം ആ പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ ഞാനെഴുതിയിട്ടുണ്ട്.)

യുഗാന്ത്യവും രണ്ടാം വരവും

എന്റെ ആത്മീയഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും പ്രചരിച്ചതും ഈ പുസ്തകമാണ്. യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. 2006-ല്‍ ആദ്യപതിപ്പിറങ്ങി. 2016ലെ 10-ാം പതിപ്പോടെ 11500 കോപ്പി പ്രചരിച്ചു. ആവശ്യക്കാരുെണ്ടങ്കിലും പിന്നീടിറക്കാന്‍ കഴിഞ്ഞില്ല. ഓരോ പതിപ്പും പുതിയ വിവരങ്ങള്‍ ചേര്‍ത്തു പരിഷ്‌കരിച്ചിരുന്നു. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങള്‍ പിന്നീടിറങ്ങിയ അന്ത്യനാളുകള്‍, അന്ത്യനാള്‍ സന്ദേശങ്ങള്‍ പ്രകാശത്തിന്റെ അമ്മ എന്നിവയില്‍ ചേര്‍ത്തിട്ടുണ്ട്. യുഗാന്ത്യത്തെ യും രണ്ടാം വരവിനെയും കുറിച്ചുള്ള എല്ലാ സന്ദേശങ്ങളും ഈ പുസ്തകത്തിലുണ്ട്.

അപ്പസ്‌തോലന്മാര്‍ മുതല്‍ മഗ്ദലന മറിയം വരെ (2019 ഡിസം.)

ഞാന്‍ വളരെ ബുദ്ധിമുട്ടി തയാറാക്കിയ പ്രധാനപ്പെട്ട പുസ്തകം. സ്‌നാപക യോഹന്നാന്‍ ഉള്‍പ്പെടെ 17പേരെക്കുറിച്ചുള്ള പഠനങ്ങള്‍. കോവിഡ് കാലത്ത് ഇറങ്ങിയതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി. മഗ്ദലന മറിയം നടത്തിയ രണ്ട് തൈലാഭിഷേകങ്ങളെക്കുറിച്ചും (ലൂക്കാ ഏഴാം അധ്യായത്തിലേത് ആദ്യ തൈലാഭിഷേകം മറ്റു സുവിശേഷങ്ങളിലേത് രണ്ടാം തൈലാഭിഷികം) മറ്റും ഇതില്‍ വിവരിക്കുന്നുണ്ട്. യൂദാസ് ഉള്‍പ്പെടെ 13 അപ്പസ് തോലന്മാരും ലാസര്‍ മര്‍ത്ത മറിയവും ഇതില്‍ വരുന്നു.

(ആത്മകഥയുടെ പ്രസക്തഭാഗങ്ങളുടെ പ്രസിദ്ധീകരണം ഈ ലക്കത്തോടെ അവസാനിക്കുന്നു. ആത്മകഥയുടെ പൂര്‍ണരൂപം പുസ്തകരൂപത്തില്‍ മീഡിയ ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖകന്റെ ഫോണ്‍ നമ്പര്‍ - 8547536188)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org