സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 10

അദ്ധ്യായം-10 | മഹാരാജാസും തേവര കോളേജും: ചില കലാലയകഥകള്‍
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 10

മഹാരാജാസില്‍ ഏറെ സഹായകമായത് കൃഷ്ണന്‍ നായരു മാസ്റ്ററുടെയും (രാമചരിത വ്യാഖ്യാനവും പഠനവും എഴുതിയ പ്രൊഫ. പി.വി. കൃഷ്ണന്‍നായര്‍) ആന്റണി മാസ്റ്ററുടെയും അച്ചുതന്‍-സാനുമാരുടെയും ക്ലാസ്സുകളാണ്. തിരുവനന്തപുരത്തെ സഹപാഠികള്‍ ആരോപിച്ചതുപോ ലെ റാങ്കു കിട്ടാന്‍ കൃഷ്ണന്‍ നായരു മാസ്റ്ററുടെ സഹായം ഉണ്ടായെന്നതും സത്യം. മഹാരാജാസ് ഹോസ്റ്റലിലെ മോശം ഭക്ഷണവും വാരാന്ത്യത്തിലെ വീട്ടിലേക്കുള്ള പോക്കും മറ്റുമായി പഠനം നന്നായില്ല. ദൈവാശ്രയം ഇല്ലാഞ്ഞതും കാരണമാകാം. തേവരയില്‍ (ബി.എക്ക്) അതുണ്ടായിരുന്നു. അഞ്ചു പേപ്പറുകളാണ് എം.എ. ഫൈനലിന് ഉണ്ടായിരുന്നത്. സംസ്‌കൃതത്തിന്റേതൊഴികെ മറ്റൊന്നും നന്നായി എഴുതാന്‍ കഴിഞ്ഞില്ല. ഒട്ടേറെ ഒരുങ്ങിയെങ്കിലും ആശയക്കുഴപ്പം പിടിപെട്ടു. പരീക്ഷ കഴിഞ്ഞു ഞങ്ങള്‍ ആണ്‍കുട്ടികള്‍ കൃഷ്ണന്‍ നായരു മാസ്റ്ററെ വീട്ടില്‍ പോയി കണ്ടു. ചായയും മറ്റും തന്നു സല്‍ക്കരിച്ചു. പിന്നീട് ഒറ്റയ്ക്കു കണ്ടപ്പോള്‍ പരീക്ഷ ശരിയായില്ലെന്നു ഞാന്‍ പറഞ്ഞു. ബോര്‍ഡ് ചെയര്‍മാന്‍ ഉലഹന്നന്‍ മാപ്പിളയെ ഒന്നു കണ്ടേക്കാന്‍ മാസ്റ്റര്‍ പറഞ്ഞു. എം.എ. പ്രീവിയസിന് ആ വര്‍ഷം എസ്.ബി. കോളജില്‍ പഠിച്ചിരുന്ന ടി.വി. വര്‍ക്കിയും കെ.ബി.എം. ഹുസൈനും അങ്ങോട്ടു ചെന്ന് മാപ്പിള സാറിനെ കാണാന്‍ ഉപദേശിച്ചു. കൃഷ്ണന്‍ നായരു മാസ്റ്ററും കെ.എന്‍. എഴുത്തച്ഛനും പാലാ ഗോപാലന്‍ നായരും ബോര്‍ഡിലുണ്ടായിരുന്നു. വര്‍ക്കിയും ഞാനും കൂടി മാപ്പിള സാറിനെ കണ്ടു. നോക്കട്ടെ എന്നു മാത്രം പറഞ്ഞു. അദ്ദേഹത്തിന് അവിടെ പഠിച്ചിരുന്ന ഒ. ലൂക്കോസിനു റാങ്കു നല്‍കാനായിരുന്നു മോഹം. കൃഷ്ണന്‍ നായരു സാറും പാലാ സാറും എതിര്‍ത്തതിനാല്‍ നടന്നില്ല. അവര്‍ നല്ല സ്‌നേഹമുള്ളവരായിരുന്നു. എനിക്കുതന്നെ നറുക്കുവീണു. പ്രധാന കാര്യം ഇതൊന്നുമല്ല. ഞാന്‍ മാപ്പിള സാറി നെ കാണാന്‍ ചങ്ങാനാശേരിയില്‍ പോയ കാര്യം കെ.പി. അപ്പന്‍ അറിഞ്ഞിരുന്നു. വൈവക്ക് ഞങ്ങള്‍ കൂടിയിരുന്നപ്പോള്‍ അപ്പന്‍ അക്കാര്യം പറഞ്ഞു. ഇല്ലെന്ന് അസത്യം പറയാനിടയായി. കൃഷ്ണന്‍ നായരു സാറു പറഞ്ഞതുകൊണ്ട് പോയി എന്നു പറഞ്ഞാല്‍ മതിയായിരുന്നു. ആ ബുദ്ധി അപ്പോള്‍ തോന്നിയില്ല. അസത്യം പറഞ്ഞതില്‍ ഞാന്‍ പിന്നീടു വളരെ ദുഃഖിച്ചു. എന്റെ അപ്പനെ ഭയന്നാണ് അസ ത്യം പറഞ്ഞു തുടങ്ങിയത്. അതൊരു ബന്ധനമായി മാറി. ബി.എക്കെന്നപോലെ എം.എക്കും ഒരു പേപ്പര്‍ സംസ്‌കൃതമായിരുന്നു. അതിന്റെ പഠനത്തില്‍ ചില ക്ലാസ്സുകള്‍, തന്റെ വീട്ടില്‍വച്ച് എനിക്കു പ്രത്യേകമായി എടുത്തുതന്നു സഹായിച്ചത് ഡോ. ടി. ഭാസ്‌ക്കരനാണ്. അദ്ദേഹമന്ന് മഹാരാജാസില്‍ സംസ്‌കൃതാധ്യാപകനായിരുന്നു. പിന്നീട് മാനുസ്‌ക്രിപ്റ്റ് ലൈബ്ര റി ഡയറക്ടറായി തിരുവനന്തപുരത്തേക്കു പോയി. പൗരസ്ത്യ സാഹിത്യ നിരൂപണത്തെപ്പറ്റി മികച്ച പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഹിന്ദി എം.എ.ക്കും സംസ്‌കൃതം ഉണ്ടായിരുന്നു. ഹിന്ദിയിലെ ഹരിഹരനുണ്ണിത്താനും ഞാനും ചേര്‍ന്നു (ഹോസ്റ്റലില്‍) സംസ്‌കൃതം പഠിച്ചു. ഞങ്ങള്‍ക്ക് ഒരേ മാര്‍ക്കാണ് കിട്ടിയത്! സംസ്‌കൃതത്തിനും വൈവ ക്കും എനിക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു എന്നത് റാങ്കു കിട്ടാന്‍ സഹായകമായി.

രമേശ്ചന്ദ്രനില്‍ നിന്ന് ഒരു ബുദ്ധിമുട്ടും ഒരു സഹായവും ഉണ്ടായതുകൂടി പറയാം. എം.എ. ക്ലാസ് കഴിയുമ്പോള്‍, ഒഴിവുകാലത്ത് പരസ്പരം വീടുകള്‍ സന്ദര്‍ശിക്കാമെന്നൊരു ആശയം രമേശന്‍ പറഞ്ഞു. അപ്പനത് അപ്പാടെ തള്ളിക്കളഞ്ഞു. എനിക്കങ്ങനെ ചെയ്യാന്‍ തോന്നിയില്ല. രമേശന്‍ പറഞ്ഞ ദിവസം ഉച്ചക്ക് മൂന്നാലു കൂട്ടുകാരോടൊപ്പമാണ് വന്നത്. എന്നെക്കാളധികം എന്റെ അമ്മയാണ് വിഷമത്തിലായത്. അങ്ങനെ കൂടുതല്‍ പേര്‍ വരുമെന്ന് പറഞ്ഞിരുന്നില്ല. രമേശന്‍ ഒറ്റക്കാവുമെന്നു കരുതി ഞാനമ്മയോടു പറഞ്ഞില്ല. പറയേണ്ടതായിരുന്നു. അമ്മ വളരെ ബുദ്ധിമുട്ടി അനിയത്തിയുടെയും അയല്‍ക്കാരുടെയും സഹായത്തോടെ ഉച്ചഭക്ഷണം ഒരുക്കിതന്നു. ഞാന്‍ പറഞ്ഞില്ലെന്ന് അവരെ അറിയിക്കുകയും ചെയ്തു. രമേശന്‍ പറയാതിരുന്ന കാര്യം ഞാന്‍ മിണ്ടിയില്ല. കുറ്റം സ്വയം ഏറ്റു! അതിഥിയെ കുറ്റപ്പെടുത്തരുതല്ലോ!

''നോവല്‍ സി.വി. മുതല്‍ ബഷീര്‍ വരെ'' എന്ന എന്റെ പുസ്തകം എസ്.പി.സി.എസ് വഴി പ്രസിദ്ധീകരിക്കുന്നതിലാണ് പില്‍ക്കാലത്ത് രമേശന്റെ സഹായം എനിക്കുണ്ടായത്. അന്ന് രമേശന്‍ അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലും പബ്ലിക്കേഷന്‍ കമ്മിറ്റിയിലും ഉണ്ടായിരുന്നു.

എന്റെ സഹപാഠികളില്‍ ബി.എക്കുണ്ടായിരുന്ന ടി.വി. വര്‍ക്കിയുമായി ബന്ധപ്പെടാറുണ്ട്. ഗോപിനാഥപിള്ളയും ഓമല്ലൂരും പ്രഭാകരനും രമേശനും അപ്പനും പീതാംബരനും പൊന്നമ്മയുമൊക്കെ പൊയ്ക്കഴിഞ്ഞു. ശാന്ത വിവാഹം കഴിഞ്ഞ് അമേരിക്കയിലായെന്നു കേട്ടു. ഇപ്പോള്‍ ഇല്ലെന്നാണറിവ്. അവളില്‍ നിന്ന് എനിക്കു കിട്ടിയ ഒരു സഹായം ഓര്‍ ക്കുന്നു. മുമ്പവിടെ പഠിച്ചിരുന്ന ഒരു എന്‍.എസ്.എസ്. വിമന്‍സ് കോളജധ്യാപിക ഡാനിയല്‍ സാര്‍ പറഞ്ഞുകൊടുത്ത പാശ്ചാത്യസാഹിത്യ നിരൂപണത്തിന്റെ നോട്ടുകള്‍ കാത്തുസൂക്ഷിച്ചിരുന്നത് എനിക്കയപ്പിച്ചുതന്നു! ആ ടീച്ചറുടെ പേരു മറന്നു. കുറേ വര്‍ഷം കഴിഞ്ഞ് അവരെന്നോട് ആ നോട്ടുബുക്കുകള്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട ഭാഗത്തുനിന്നുള്ള ഒരെഴുത്തുകാരന്‍ മലയാളം എം.എക്കെഴുതാന്‍ സഹായം തേടിവന്നപ്പോള്‍ പകര്‍ത്തിയെടുത്തിട്ടു തിരിച്ചുതരാനായി ആ ബുക്കുകള്‍ ഞാന്‍ കൊടുത്തു. അയാളത് തിരിച്ചുതന്നില്ല. കിട്ടാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. ''പുസ്തകം ധനവും സ്ത്രീയും പരഹസ്തഗതം, ഗതം'' എന്നാണല്ലോ പ്രമാണം! ഞാന്‍ ടീച്ചര്‍ക്ക് വസ്തുതകള്‍ വിവരിച്ചും മാപ്പു പറഞ്ഞും കത്തയച്ചു!

തേവരയിലെ ഒന്നുരണ്ടനുഭവങ്ങള്‍കൂടി: ബി.എ. മൂന്നാം വര്‍ഷം കൂടുതല്‍ പഠനസൗകര്യം തേടി കോളജിനടുത്ത്, അധ്യാപകര്‍ മുകള്‍ നിലയില്‍ താമസിക്കുന്ന ബോട്ട്ഹൗസിന്റെ താഴത്തെ നിലയിലെ ഒരു മുറിയില്‍ ദേവസിയെന്ന ഒരു വിദ്യാര്‍ഥിയോടൊപ്പം ഞാന്‍ താമസം തുടങ്ങി. (തലേ വര്‍ഷം ഹോസ്റ്റലിലായിരുന്നു). ആ മുറിയുടെ ഭിത്തിയില്‍ ഒരു ബോര്‍ഡുണ്ടായിരുന്നു. രാമചരിതത്തിലെ ''വച്ചിറവല്ലെകിറന്‍'' പോലുള്ള വാക്കുകളും അര്‍ഥവും അതിലെഴുതിവച്ച് ഞാന്‍ പഠിച്ചിരുന്നു. ടി.എം. ചുമ്മാരുസാര്‍ അതിന്റെ മുകളിലാണു താമസിച്ചിരുന്നത്. കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള മത്സരത്തില്‍ അദ്ദേഹത്തിന്റെ വോട്ടു വാങ്ങാന്‍വന്ന കവി ആനന്ദക്കുട്ടനും പ്രൊഫ. കരിങ്കുളം നാരായണപിള്ളയും ഞങ്ങളുടെ മുറിയിലേക്കു വന്നു. ചുമ്മാരു സാര്‍ മുകളില്‍ ഇല്ലായിരുന്നു. അവര്‍ ബോര്‍ഡിലെ എഴുത്തുകണ്ട് ആരാ രാമചരിതം പഠിക്കുന്നതെന്നു ചോദിച്ചു. ഞാന്‍ ''കുറ്റം'' സമ്മതിച്ചു. അടുത്ത വര്‍ ഷം എം.എക്ക് യൂണിവേഴ്‌സിറ്റി കോളജില്‍ ചേര്‍ന്ന എന്റെ ക്ലാസ്സില്‍ രാമചരിതം പഠിപ്പിക്കാന്‍ വന്ന കരിങ്കുളം എന്റെ ഈ കുറ്റകൃത്യം വിളംബരം ചെയ്തത് അസൂയാലുക്കളായ ചില സഹപാഠികളെ അസ്വസ്ഥരാക്കി!

എന്റെ ''സഹമുറിയന്‍'' ദേവസി പാവവും സ്‌നേ ഹമുള്ളവനുമായിരുന്നു. ഒരു ദിവസം വൈകിട്ട് കോളജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കിറങ്ങിയ ഞാന്‍ ബോളിന്റെ പുറകേയുള്ള ഓട്ടത്തില്‍ മറ്റൊരാളുടെ ഇടിയേറ്റു വീണു. കണ്ടുനിന്ന ദേവസി ഓടിവന്ന് എന്നെ താങ്ങിക്കൊണ്ടുപോയി മുറിയിലെത്തിച്ചു തിരുമ്മി സുഖപ്പെടുത്തി. പഠിക്കാന്‍ മോശമായിരുന്നു അയാള്‍. തേവരയില്‍ ഞാന്‍ അധ്യാപകനായശേഷമാണ് യൂണി. പരീക്ഷയ്ക്കു തോറ്റ ഏതോ വിഷയം വീണ്ടും എഴുതാന്‍ വന്നത്. ഉത്തരക്കടലാസില്‍ പകര്‍ത്തുന്നതു കണ്ട് അയാളെ ഒരു ആന്റണി സാര്‍ പിടികൂടി. ടീച്ചേഴ്‌സ് ഹോസ്റ്റലില്‍ എന്റെയടുത്തൊരു മുറിയില്‍ താമസിച്ചിരുന്ന ആന്റ ണി സാറിനെ കാണാന്‍ ദേവസി വന്നു. കര്‍ശനക്കാരനായ ആന്റണി സാറിനോട് ഒന്നും പറയാന്‍ എനിക്കു ധൈര്യമില്ലായിരുന്നു. ദേവസി മാപ്പു പറഞ്ഞു കേ സൊതുക്കി തീര്‍ത്തു. ഞാന്‍ വിഷണ്ണനായി നിന്നതേ ഉള്ളൂ. ദേവസി ഇപ്പോഴുണ്ടോ എന്നറിയില്ല. ആന്റണി സാറും അയാളും അങ്കമാലി ഭാഗത്തുനിന്നായിരുന്നു.

തേവരയില്‍ ബി.എ. ഒന്നാംവര്‍ഷം വലിയൊരനുഭവം ഉണ്ടായി. വര്‍ഷാവസാനത്തെ കോളജ് ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന കവിതാ മത്സരത്തില്‍ ഞാനും പങ്കെടുത്തു. കേക വൃത്തത്തില്‍ കവിത എഴുതാന്‍ ഞാന്‍ ശീലിച്ചിരുന്നു. എറണാകുളം ഒരു സായാഹ്നത്തില്‍ എന്നോ മറ്റോ ആണ് കിട്ടിയ കാവ്യവിഷയം. കോളജ് ഗ്രൗണ്ടിനടുത്തുള്ള വേമ്പനാട്ടുകായലും സൂര്യാസ്തമയത്തില്‍ കായല്‍ ജലത്തിലെ നിറഭേദവും മറ്റും എന്നെ ആകര്‍ഷിച്ചിരുന്നു. അവ ഉള്‍ക്കൊള്ളിച്ചാവാം ''സുന്ദരമെര്‍ണാകുളം'' എന്നവസാനിക്കുന്ന കേകവൃത്തത്തിലുള്ള കുറേ വരികള്‍ കുത്തിക്കുറിച്ചു. അദ്ഭുതമെന്നു പറയട്ടെ അതിനായിരുന്നു ഒന്നാം സമ്മാനം. കോളജില്‍ അറിയപ്പെടുന്ന കവി മൂന്നാം വര്‍ഷ ഡിഗ്രിക്ലാസ്സിലുള്ള ഒരു അയ്യപ്പനായിരുന്നു. അയാള്‍ക്ക്, മുമ്പ് ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട്. ആ പ്രതീക്ഷയോടെ ഇരുന്ന അയാള്‍ വാര്‍ത്തയറിഞ്ഞ് ഒരു നടുക്കത്തോടെ എന്നെ തേടിവന്നു. ഓട്ടോഗ്രാഫില്‍ കവിതയില്‍ ആശംസയെഴുതാനാവശ്യപ്പെട്ടു. ഞാന്‍ വളരെ പണിപ്പെട്ടു രണ്ടുവരി കുറിച്ചു! ഈ അയ്യപ്പന്‍ മലയാളം എം.എ. പാസ്സായി എസ്.എന്‍. ട്രസ്റ്റിന്റെ കീഴില്‍ അധ്യാപകനാകുകയും ഞാന്‍ കോഴിക്കോടു ഗവ. കോളജിലുള്ളപ്പോള്‍ എന്റെ മിസ്സിസ് ജോലിചെയ്തിരുന്ന ചേളന്നൂര്‍ എസ്.എന്‍. കോളജില്‍ മലയാളം പ്രൊഫസറായി വരികയും ചെയ്തു. അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പാസ് ബോര്‍ഡില്‍ അംഗമാവുകയും എന്റെ ''ഉപാസിക്കുന്ന ദുഃഖത്തെ ഞാന്‍'' എന്ന പുസ്തകം ബി.എ., ബി.എസ്‌സി. ക്ലാസ്സുകള്‍ക്കുള്ള പാഠപുസ്തകമാക്കാന്‍ മുന്‍കൈ എടുത്തു വിജയിക്കുകയും ചെയ്ത കാര്യം നന്ദിയോടെ ഓര്‍ക്കുന്നു!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org