സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 15

അദ്ധ്യായം-15 | എം ഗോവിന്ദനും കാലിക്കറ്റ് ബുക് ക്ലബും
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 15

എം. ഗോവിന്ദന്റെ പുസ്തകത്തിന്റെ പ്രകാശനം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, തിരുവനന്തപുരത്തും എറണാകുള ത്തും തലശേരിയിലും വടകരയിലുമൊക്കെ നടന്നു. വടകരയിലും തലശേരിയിലും നട ന്ന പ്രകാശനചടങ്ങുകളില്‍ ഞാന്‍ പോയി പ്രസംഗിച്ചു. വി.ടി. കുമാരനും വി. രാജകൃഷ്ണനും സി.പി. ശിവദാസും അവിടങ്ങളില്‍ പ്രസംഗിക്കാനുണ്ടായിരുന്നു. ഇവയ്‌ക്കെല്ലാമായി എന്റെ അധ്വാനവും സമയവും പണവും നിര്‍ ലോപം ചെലവഴിച്ചു. സമീക്ഷയുടെ ഒരു ലക്കത്തി ന്റെ പ്രകാശനം കോഴിക്കോട് 'കോലായ'യില്‍ സം ഘടിപ്പിച്ചതും ഓര്‍ക്കുന്നു. അളകാപുരിയിലെ ഒരു ഹാളിലാണ് ഞങ്ങള്‍ കൂടിയിരുന്നത്. എം.വി. ദേവന്‍ അ വിടെ സമീക്ഷയുടെ കോപ്പികളുമായി എറണാകുളത്തുനിന്നു വന്നു. ആര്‍. രാമചന്ദ്രനാണ് പ്രകാശനം നടത്തിയത്. പി.എം. നാരായണനും ഞാനും പത്രക്കാരും മറ്റുമായി കുറേപേര്‍ ഉണ്ടായിരുന്നു.

പത്രാധിപര്‍, എഴുത്തുകാരന്‍, സ്വതന്ത്ര ചിന്തകന്‍ എന്നീ നിലകളിലുള്ള ഗോവിന്ദന്റെ കഴിവുകള്‍ അ ത്ഭുതകരമാണ്. ഞാനദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് എന്നോടും ഇഷ്ടമായിരുന്നു. ഏതാനും വര്‍ഷം കഴിഞ്ഞ് ഗവേഷണാവശ്യത്തിന് മദ്രാസിലെത്തി ഒരു മാസത്തോളം ഹോട്ടലില്‍ താമസിച്ച് കണ്ണിമറ പബ്ലി ക് ലൈബ്രറിയിലും തമിഴ്‌നാട് ആര്‍ക്കൈവ്‌സിലും മറ്റും ഞാന്‍ പഠനം നടത്തി. വൈകിട്ട് ഗോവിന്ദനെ കാണുമായിരുന്നു. ഒരു ദിവസം തന്റെ സേവനങ്ങളെക്കുറിച്ചും മറ്റും അദ്ദേഹം കുറെ പൊങ്ങച്ചം പറഞ്ഞു. അതുകേട്ടപ്പോള്‍ ആര്‍. രാമചന്ദ്രന്റെ വലിപ്പം അദ്ദേഹത്തിനില്ലല്ലോ എന്നു തോന്നി. അതവിടെ ഉപേക്ഷിക്കേണ്ടതായിരുന്നു. എന്റെ മണ്ടത്തരം, അതിന്റെയടിസ്ഥാനത്തില്‍ ആരോടോ പ്രതികരിക്കാന്‍ ഇടവരുത്തി. അതു ഗോവിന്ദന്റെ ചെവിയിലെത്തി. അദ്ദേഹമെന്നെ അകറ്റിനിര്‍ത്താനും തുടങ്ങി. ഏതാനും വര്‍ഷം കഴിഞ്ഞ് ഗോവിന്ദന്‍ മരിച്ചപ്പോള്‍ പൊന്നാനിയിലെത്തി ശവദാഹത്തിലും പിന്നീടൊരു ദിവസം ഗുരുവായൂരോ മറ്റോ നടന്ന അനുശോചന യോഗത്തിലും ഞാന്‍ പോയി പങ്കെടുത്തു. അനുശോചന യോഗാധ്യക്ഷന്‍ ജി. കുമാരപിള്ള ആയിരുന്നു. ഞാനും പ്രസംഗിച്ചു. വലിയ സിദ്ധികളുള്ള ആളായിരുന്നു ഗോവിന്ദന്‍; കുമാരപിള്ളയും.

കാലിക്കറ്റ് ബുക് ക്ലബ്ബിനെപ്പറ്റി പറഞ്ഞല്ലോ. 1974-ല്‍ പാലാ കെ.എം. മാത്യു മുന്‍കൈ എടുത്തു തുടങ്ങിയ ചര്‍ച്ചാവേദിയാണത്. ഹോട്ടല്‍ മഹാറാണിക്കാരുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായോ മറ്റോ മാത്യു കോഴിക്കോട്ടെത്തിയിരുന്നു. അദ്ദേഹം, സുകുമാര്‍ അഴീക്കോട് തുടങ്ങിയ പ്രമുഖരെയെല്ലാം പുതിയറയിലെ മഹാറാണിയില്‍ വിളിച്ചുകൂട്ടി. അഴീക്കോട് പ്രസിഡന്റായും മാത്യു സെക്രട്ടറിയായും മഹാറാണി കേന്ദ്രമാക്കി 1974 ജൂലൈ മാസം ബുക് ക്ലബ്ബ് ആരംഭിച്ചു. സമകാലിക പ്രാധാന്യമുള്ള ഒരു വിഷയമോ പുസ്തകമോ ആധാരമാക്കി ഒരാള്‍ പ്രബന്ധമോ വിഷയമോ അവതരിപ്പിക്കും. തുടര്‍ന്നു മറ്റുള്ളവര്‍ പ്രസംഗിക്കും. രണ്ടോ മൂന്നോ മണിക്കൂര്‍ നീളുന്ന പ്രതിമാസ ചര്‍ച്ചകള്‍. കോഴിക്കോട്ടെത്തി യിരുന്ന പല പ്രമുഖരെയും സ്വീകരിക്കാനും അവരുടെ പ്രഭാഷണം കേള്‍ക്കാനും പ്ര ത്യേക സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. അങ്ങനെ ഡോ. ആര്‍.ഇ. ആഷര്‍ (യു.കെ) ടോണി കോണോര്‍ (അമേരിക്കന്‍ കവി), ഡോ. പവിത്ര സര്‍ക്കാര്‍ (ബംഗാള്‍), ജ്വാലാമുഖി (ആന്ധ്ര), ബാലാമണിയമ്മ, അയ്യപ്പപ്പണിക്കര്‍, ഒ.എന്‍.വി., പ്രൊഫ. പി.സി. ദേവസ്യ, കടമ്മനിട്ട, പ്രൊഫ. എം.കെ. സാനു, ജി.എന്‍. പിള്ള, മാധവിക്കുട്ടി, ജി. കുമാരപിള്ള, എന്‍.വി. കൃ ഷ്ണവാരിയര്‍, എം.ജി.എസ്. നാരായണന്‍, പ്രൊഫ. എ.ജി. ജോര്‍ജ്, കെ.എ. കൊടുങ്ങല്ലൂര്‍, തിക്കൊടിയന്‍, ഫാ. ജിയോ പയ്യപ്പിള്ളി, എന്‍.പി. മുഹമ്മദ്, ഡോ. കുനിയന്തോടത്ത് തുടങ്ങിയവര്‍ മുഖ്യാതിഥികളോ പ്രബന്ധാവതാരകരോ ആയി ആദ്യ ദശകത്തില്‍ പങ്കെടുത്തു. അതിന്റെ സെക്രട്ടറിയായി 1975-ലും '80-ലും പ്രസിഡന്റായി 1984, 85, 86 വര്‍ഷങ്ങളിലും ഞാന്‍ പ്രവര്‍ത്തിച്ചു. അതിനിടക്കാണ് മുഖ്യ ബഷീര്‍കൃതികളുടെ ഇംഗ്ലീഷ് വിവര്‍ത്തകനായ ഡോ. ആര്‍.ഇ. ആഷര്‍ ഉള്‍പ്പെടെ പല പ്രമുഖര്‍ക്കും സ്വീകരണം നല്‍കിയത്. മാധവിക്കുട്ടിയുടെ കാര്യം പ്രത്യേകം ഓര്‍ക്കുന്നു. അവരുടെ പ്രസംഗത്തില്‍ ധാര്‍മികമൂല്യങ്ങളെപ്പറ്റി പറഞ്ഞു. അപ്പോള്‍ എന്റെ വിദ്യാര്‍ഥി ആയിരുന്ന ഒരു ദേവരാജന്‍ എഴുന്നേറ്റ് '''എന്റെ കഥ'യില്‍ നിങ്ങളെഴുതിയതും ഇപ്പോള്‍ പറഞ്ഞതുമായി ചേര്‍ച്ചയില്ലല്ലോ'' എന്നു പറഞ്ഞു. അതോടെ മാധവിക്കുട്ടി വികാരഭരിതയാവുകയും എന്റെ മകന്റെ പ്രായമില്ലാത്ത പയ്യനാണ് എന്നെ ഇങ്ങനെ ആക്ഷേപിക്കുന്നതെന്നു പറഞ്ഞ് ഇരിക്കുകയും കരയുകയുമൊക്കെ ചെയ്തു. മാധവിക്കുട്ടിയുടെ ഇളയമകന്‍ കൂടെ വന്നിരുന്നു. അയാള്‍ തല കുമ്പിട്ടിരുന്നു. പ്രസിഡന്റ് എന്ന നിലക്ക് അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ഞാന്‍ എഴുന്നേറ്റ് ആ പയ്യന്റെ അറിവില്ലായ്മകൊണ്ടു ചോദിച്ചതാവാം, അതിനിടയായതില്‍ ഖേദിക്കുന്നു, വിഷമം തോന്നരുത്, പ്രസം ഗം തുടരണം എന്നൊക്കെ പറഞ്ഞു. അല്പമെന്തോ കൂടി മാധവിക്കുട്ടി സംസാരിച്ചു. ഇതേപ്പറ്റി അവര്‍ എന്‍.പി. മുഹമ്മദിനോടു പരാതി പറയുകയും അ യാള്‍ എന്നോട് ചോദിക്കുകയും ചെയ്തു. എഴുത്തുകാരുടെ കൃതികള്‍ മുന്‍നിര്‍ത്തി വായനക്കാര്‍ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നു ഞാന്‍ എന്‍.പി.യോടു ചോദിച്ചു.

ആര്‍.ഇ. ആഷര്‍ക്കുള്ള സ്വീകരണം ഗംഭീരമായി. "Me grandad 'ad an Elephant" എന്ന ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയു ടെ ആട് എന്നിവയുടെ തര്‍ജമയും ആഷറിന്റെ പഠനവുമുള്ള യുനെസ്‌കോ പ്രസിദ്ധീകരണത്തിന് നോബല്‍ സമ്മാനം കിട്ടിയേക്കുമെന്ന ശ്രുതിയുണ്ടായിരുന്നു. ഒട്ടേറെ മുസ്ലീം സഹോദരങ്ങള്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ മഹാറാണിയിലെ വലിയ ഹാളി നു പുറത്തും ശ്രോതാക്കള്‍ നിന്നിരുന്നു.

''വ്യക്തി സമൂഹം സാഹിത്യം'' എന്നൊരു പു സ്തകം ബുക് ക്ലബ്ബിന്റേതായി പ്രസിദ്ധീകരിച്ചതും കെ.പി. അപ്പന്റെ ''കലഹവും വിശ്വാസവും'' എന്ന കൃതിക്ക് ബുക് ക്ലബ്ബ് ദശാബ്ദി പ്രമാണിച്ച് പുരസ്‌കാരം പ്രഖ്യാപിച്ചതും ഞാന്‍ പ്രസിഡന്റായിരുന്ന കാലത്താണ്. 1986 അവസാനം പ്രമോഷന്‍ കിട്ടി ഞാന്‍ മഹാരാജാസ് കോളജിലേക്കു പോന്നതോടെ ബുക് ക്ലബ്ബുമായുള്ള ബന്ധമറ്റു. അതിപ്പോഴും പ്രവര്‍ ത്തിക്കുന്നുണ്ടെന്നറിയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org