സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 06

അദ്ധ്യായം-6 : പള്ളിയും പട്ടക്കാരും
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 06

ഞങ്ങളുടെ ഇടവക വൈക്കം ഫൊറോനയിലെ മേവെള്ളൂരും, അതിരൂപത എറണാകുളവും ആയിരുന്നു. മേവെള്ളൂര്‍ പള്ളി ഒരു മലമുകളിലായിരുന്നു. മലകയറിച്ചെല്ലുമ്പോള്‍ കിതയ്ക്കും. കുറേനേരം നിന്നിട്ടുവേണം പള്ളിയിലേക്കു പോകാന്‍. പ്രായാധിക്യമുള്ളവര്‍ പലകുറി പരാതി പറഞ്ഞതിന്റെ ഫലമായി ചെറുപ്പക്കാര്‍ ചേര്‍ന്ന് മലയുടെ ഒരുവശത്ത് ചുറ്റിനും മണ്ണിടിച്ചു നിരത്തി വഴിയുണ്ടാക്കി. മല കയറിയിറങ്ങി ചെല്ലുന്നിടത്ത് ആ വഴി മുട്ടുന്നു. വാഹനങ്ങള്‍ക്കു പോകാന്‍ വീതിയുള്ള ആ വഴിയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എന്റെ മിഡില്‍ സ്‌കൂള്‍ പഠനം കഴിഞ്ഞ കാലത്താണ് ആ വഴിയുടെ നിര്‍മാണം. അതുവരെ ഞങ്ങള്‍ക്കെന്നപോലെ, എന്തെങ്കിലും കാര്യത്തിന് ഞങ്ങളുടെ വീടുകളില്‍ വരുന്ന വികാരിയച്ചനും ആ മലകയറ്റം വലിയൊരു അധ്വാനമായിരുന്നു. വല്ല്യമ്മമാരും വല്ല്യപ്പന്മാരും മിക്ക ദിവസവും പള്ളിയില്‍ പോകുമായിരുന്നു. ഞങ്ങളുടെ ഭാഗത്തുനിന്നു രണ്ടുമൂന്നു മൈല്‍ നടക്കണം പള്ളിയിലേക്ക്. അതിനിടക്ക് ഈ മലകയറ്റവും!

വെള്ളൂര്‍, മേവെള്ളൂര്‍, ഇറുമ്പയം കരകളില്‍ താമസിച്ചിരുന്നവരാണ് ഈ പള്ളി ഇടവകക്കാര്‍. വെള്ളൂരു നിന്നുള്ളവര്‍ക്കും രണ്ടുമൂന്നു മൈല്‍ നടക്കണം. അവിടെ രണ്ടുമൂന്നു വീട്ടുകാരേ ഉണ്ടായിരുന്നുള്ളു. മറ്റു രണ്ടിടത്തെയും ഇടവകക്കാരുടെ എണ്ണം ഏതാണ്ട് തുല്യമായിരുന്നു. ഇടവകക്കാരെല്ലാം കൃഷിപ്പണിക്കാരാണ്. എല്ലാ ദിവസവും എന്തെങ്കിലും പണിയുണ്ടാകുമെന്നതിനാല്‍ ഞായറാഴ്ചയേ പള്ളിയില്‍ പോകൂ. മരണം, വിവാഹം, ജ്ഞാനസ്‌നാനം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് ഇടദിവസങ്ങളിലും പോകും. കുട്ടികള്‍ ക്ലാസ്സില്ലാത്ത ദിവസങ്ങളിലെല്ലാം പള്ളിയില്‍ പോകണമെന്ന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിരുന്നു. ശനിയാഴ്ചയാണെങ്കില്‍ മാതാവിന്റെ (പരിശുദ്ധമറിയം) ദിവസമാണ്. കുട്ടികള്‍ ചേര്‍ന്നുള്ള പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും അന്നുണ്ട്. മിക്ക പള്ളികളിലും യേശുവിനും പരി. അമ്മയ്ക്കുമുള്ള സ്ഥാനം കഴിഞ്ഞാല്‍ ജോസഫ് (യൗസേപ്പിതാവ്), പള്ളി ആരുടെ പേരിലാണോ ആ വിശുദ്ധന്‍/വിശുദ്ധ എന്നിവര്‍ വരുന്നു. അതുകഴിഞ്ഞ് പത്രോസ്, പൗലോസ്, യോഹന്നാന്‍, ഗീവര്‍ഗീസ്, അന്തോണീസ്, സെബസ്ത്യാനോസ്, അമ്മത്രേസ്യ, കൊച്ചുത്രേസ്യ തുടങ്ങിയ വിശുദ്ധര്‍ ആദരിക്കപ്പെടുന്നു.

മേവെള്ളൂരെ വികാരിയായുള്ള നിയമനം മിക്ക വൈദികര്‍ക്കും ഒരു ശിക്ഷയായി അനുഭവപ്പെട്ടിരിക്കാം. എറണാകുളം ഭാഗത്തുനിന്നുള്ളവര്‍ തൃപ്പൂണിത്തുറ, മുളന്തുരുത്തി വഴി മൂവാറ്റുപുഴയാറിന്റെ തീരത്തെത്തി വള്ളം കയറി പുഴ കടന്ന്, നടന്നു മലകയറി വേണം പള്ളിയിലെത്താന്‍. 10 മൈലെങ്കിലും ചുറ്റളവുള്ള ഇടവകയിലൊരിടത്തേക്കും വാഹന സൗകര്യമില്ല. 1950-കളുടെ ആരംഭത്തിലോ മറ്റോ മുന്‍പറഞ്ഞ റോഡു വെട്ടിയശേഷമേ, ഒരു ജീപ്പോ മോട്ടോര്‍ സൈക്കിളോ അവിടം സന്ദര്‍ശിച്ചിട്ടുള്ളു! വീടുകള്‍ വെഞ്ചരിക്കാനും നടക്കാന്‍ വയ്യാത്തവരെ ഇടയ്ക്കു കുമ്പസാരിപ്പിച്ചു കുര്‍ബാന കൊടുക്കാനും മരണാസന്നര്‍ക്കു രോഗീലേപനം നടത്താനും മരിച്ചു കഴിഞ്ഞാലുള്ള ശുശ്രൂഷകള്‍ക്കും വൈദികന്‍ ചെല്ലണം; നടവണ്ടിയായി! മഴക്കാലമാണെങ്കില്‍ ക്ലേശം ദുസ്സഹം. ഇതിനുപുറമേ, ഏതാണ്ടിതേ അസൗകര്യങ്ങളുള്ള മറ്റൊരു ഇടവകയിലും ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യണം. അത് പുഴയുടെ വടക്കുഭാഗത്തുള്ള കോളങ്ങായിലാണ്. പുഴ കടന്ന് കുറേ നടക്കണം. ആഴ്ചയില്‍ ഒന്നുരണ്ടു ദിവസമെങ്കിലും അവിടെ പോകേണ്ടിവരും; അത്യാവശ്യങ്ങള്‍ വന്നാല്‍ കൂടുതല്‍ പ്രാവശ്യവും. പട്ടണപ്രദേശങ്ങളില്‍ നിന്ന് ഇങ്ങോട്ടു മാറ്റപ്പെടുന്നവര്‍ സഹനത്തെ സ്വാഗതം ചെയ്യാത്തപക്ഷം മാനസികമായും ശാരീരികമായും തളര്‍ന്നുപോകും. കോളങ്ങായിക്ക് മറ്റൊരു വിശേഷം കൂടിയുണ്ട്. അതു കൊച്ചിയില്‍പെടും. മേവെള്ളൂര്‍ തിരുവിതാംകൂറിലും. പുഴയ്ക്കപ്പുറത്താണ് അതിര്‍ത്തി. അതിനപ്പുറത്തേക്കും ഇപ്പുറത്തേക്കും കടക്കുമ്പോള്‍ പരിശോധനയും കരംപിരിക്കലുമുണ്ട്. 1949 ജൂണില്‍ തിരു-കൊച്ചി സംസ്ഥാനം രൂപപ്പെടും വരെ അതായിരുന്നു അവസ്ഥ.

കുട്ടികള്‍ക്ക് മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കാനോ വര്‍ധിപ്പിക്കാനോ ഒക്കെയായി അവിടെ ആരംഭിച്ച സൊഡാലിറ്റി (Sodality ഇപ്പോള്‍ അത് ''സിഎല്‍സി'' ആണ്) യുടെ സെക്രട്ടറിയായി ഒന്നു രണ്ടു വര്‍ഷം ഞാന്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് കുട്ടികളുടെ വായനാശീലം വളര്‍ത്താനും മറ്റുമായി പലരില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് ചെറിയൊരു ലൈബ്രറിക്ക് ഞാന്‍ തുടക്കം കുറിച്ചു. കുറേനാള്‍ അതു നടത്തി. ആരംഭശൂരന്മാരാണല്ലോ കേരളീയര്‍. പുസ്തകങ്ങള്‍ കൊണ്ടുപോകുന്നതിലല്ലാതെ, തിരിച്ചെത്തിക്കുന്നതില്‍ പലര്‍ക്കും താത്പര്യമില്ലെന്നും ചോദിച്ചാല്‍ കലഹമാകുമെന്നും കണ്ടതോടെ ഞാന്‍ സാവകാശം അതു നിര്‍ത്തി. വളരെ പ്രയാസപ്പെട്ട് ഞാന്‍ സംഭരിച്ച പുസ്തകങ്ങള്‍ പലരുടെയും വീടുകളില്‍ വിശ്രമിച്ചു! സൊഡാലിറ്റി വാര്‍ഷികം സംഘടിപ്പിക്കേണ്ട ചുമതല സെക്രട്ടറിക്കായിരുന്നു. ഒരു അധ്യക്ഷനെയും പ്രസംഗകനെയും കിട്ടാന്‍ കുറേ ഓടി. കുട്ടികളുടെ കലാപരിപാടികളുടെ കൂടെ, എന്റെ സഹപാഠിയായിരുന്ന ജോര്‍ജിന്റെ ഒരു കഥാപ്രസംഗം വച്ചിരുന്നു. അതിനുശേഷം കുട്ടികള്‍ അഭിനയിക്കുന്ന നാടകത്തിനു കൂടുതല്‍ സമയം വേണ്ടിയിരുന്നതിനാല്‍ കുറച്ചു സമയമേ തരൂ എന്നു പറഞ്ഞിരുന്നു. പക്ഷേ വാദ്യസംഗീതക്കാരെയും മറ്റും സംഘടിപ്പിച്ച് നീണ്ട കഥാപ്രസംഗ പരിപാടിക്കായി ജോര്‍ജ് വന്നു. പരിപാടി ഏതാണ്ടു പാതിയായപ്പോള്‍ സമയം കഴിഞ്ഞു. നിര്‍ത്താന്‍ നിര്‍ബന്ധിക്കേണ്ടി വന്നു. അതില്‍ ജോര്‍ജിനും ബന്ധുക്കള്‍ക്കും എന്നോട് അമര്‍ഷം ഉണ്ടായിരുന്നു. സമയനിഷ്ഠ ഞാന്‍ എക്കാലത്തും പാലിച്ചിരുന്നു. അതിന്റെ പേരില്‍ ഇത്തരം അനിഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജോര്‍ജുമായി അങ്ങനെയൊരകല്‍ച്ച വന്നതില്‍ പിന്നീട് എനിക്കു ദുഃഖം തോന്നി. എന്റെ അഹന്തയോ അധികാര പ്രമത്തതയോ സ്വാര്‍ത്ഥതയോ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചോ എന്ന ഭയവും. ജോര്‍ജ് മരിച്ചിട്ട് അഞ്ചാറു വര്‍ഷമായി. ഇപ്പോഴും മനസ്സില്‍ ഒരു വിങ്ങല്‍ ശേഷിക്കുന്നു!

പള്ളിയോടു ബന്ധപ്പെട്ട് ചില സംഭവങ്ങള്‍കൂടി: ഒരിക്കല്‍ പള്ളിപ്പെരുന്നാളിന്റെ ഭാഗമായ പ്രദക്ഷിണം മലയുടെ അടിവാരം വരെ വന്ന് അല്പം കഴിഞ്ഞു മടങ്ങി. ഉച്ചസമയം. പള്ളിയുടെ അടുത്തുള്ള വീട്ടുകാര്‍ കൂടെപ്പോയി. ഞങ്ങള്‍ വീട്ടിലേക്കു പോകാനൊരുങ്ങി. അമ്മ എന്നോട് തിരികെ പള്ളിയില്‍ പോയി നേര്‍ച്ചയിട്ടിട്ടു പോരാന്‍ പറഞ്ഞു. വീണ്ടും മലകയറി പോയിട്ടുവരാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. കൂട്ടുകാരൊന്നും വരുന്നുമില്ല. അവരിലൊരാള്‍ അമ്മയെ അനുസരിക്കാന്‍ ഉപദേശിച്ചു. ഞാനതു സ്വീകരിച്ചില്ല. ''നീ പോകുന്നില്ലെങ്കില്‍ ഞാന്‍ പോയി നേര്‍ച്ചയിട്ടിട്ടു വരാ''മെന്നു പറഞ്ഞ് അമ്മ മലകയറി പള്ളിയിലേക്കു പോയി. ഞാന്‍ വീട്ടിലേക്കും. പിന്നീട് അമ്മയെ ധിക്കരിച്ചതോര്‍ത്ത് ഞാന്‍ വേദനിക്കാന്‍ തുടങ്ങി. ഇപ്പോഴും എനിക്കാ ദുഃഖം ഉണ്ട്!

സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെയുള്ള മറ്റൊരു സംഭവം: വാര്‍ദ്ധക്യാരിഷ്ടതകള്‍ മൂലം വീട്ടില്‍ കഴിഞ്ഞിരുന്ന എന്റെ വല്ല്യമ്മക്ക് (അമ്മാമ്മ) ഏതാനും മാസം കൂടുമ്പോള്‍ കുമ്പസാരിച്ചു വി. കുര്‍ബാന സ്വീകരിക്കാന്‍ വൈദികനെ കൂട്ടിക്കൊണ്ടുവരേണ്ട ചുമതല എനിക്കായിരുന്നു. ഒരുഘട്ടത്തില്‍ എടുത്തുചാട്ടക്കാരനായ ഒരു വൈദികനായിരുന്നു വികാരി. (കാമാല്‍ ജായതേ ക്രോധഃ എന്നുണ്ടല്ലോ). അദ്ദേഹം അടുത്തൊരു വീട്ടില്‍ കുമ്പസാരിപ്പിക്കാന്‍ വരുന്നു എന്നറിഞ്ഞ് ഇങ്ങോട്ടും ക്ഷണിക്കാന്‍ എന്റെ അപ്പന്‍ നിര്‍ദേശിച്ചു. ഞാന്‍ ചെന്നു പറഞ്ഞപ്പോള്‍ ''വി. കുര്‍ബാന ചെമ്മീനോ ചാളയോ ആണോടാ വാരിയിട്ടു കൊണ്ടുവരാന്‍?'' എന്നും മറ്റും ചോദിച്ച് പലരുടെയും മുമ്പില്‍വച്ച് എന്നെ ആക്ഷേപിച്ചു വേദനിപ്പിച്ചു. കരഞ്ഞുകൊണ്ടാണു ഞാന്‍ പോന്നത്. അച്ചന്‍ വരില്ലെന്നു മാത്രം വീട്ടില്‍ പറഞ്ഞു. പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് അടുത്ത വീട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടി ലും വന്ന് വല്ല്യമ്മയെ കുമ്പസാരിപ്പിച്ചു കുര്‍ബാന നല്‍കിയിട്ട് ആരോടും മിണ്ടാതെ ഇറങ്ങിപ്പോയി. അങ്ങനെ ഞാന്‍ വീട്ടില്‍ പറഞ്ഞത് നിരര്‍ത്ഥകവുമായി.

ഈ സംഭവം എന്നെ ആഴത്തില്‍ മുറിപ്പെടുത്തി. പള്ളിയില്‍നിന്നും വൈദികരില്‍ നിന്നും അകലാന്‍ ഇത് എനിക്കിടയാക്കി. ചില വൈദികരോട് മോശമായി പെരുമാറാനും പ്രസംഗത്തിലോ എഴുത്തിലോ ഒക്കെ വൈദിക വിമര്‍ശനം നടത്താനും ഇത് ഉള്‍പ്രേരണ തന്നതായും ഓര്‍ക്കുന്നു.

ഈ സംഭവത്തിനുശേഷം ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞു വികാരിയായി വന്ന ഒരു വൈദികന്റെ കാലം. പരീക്ഷയെഴുതുന്ന സമയമായിരുന്നു. പഠിക്കാനുള്ള പുസ്തകവുമായാണ് ശനിയാഴ്ച ഞാന്‍ പള്ളിയില്‍ ചെന്നത്. മാതാവിന്റെ പെരുന്നാള്‍ ദിവസമായിരുന്നു അത്. കുര്‍ബാനയ്ക്കുശേഷം പെരുന്നാള്‍ പ്രദക്ഷിണം. അതുകഴിഞ്ഞു വേദപാഠം. ഞാന്‍ പ്രദക്ഷിണത്തിനിടയ്ക്ക് പുസ്തകം വായിച്ചു നടന്നു. വികാരിയച്ചനുള്‍പ്പെ ടെ പലരും അതു ശ്രദ്ധിക്കുകയും അമര്‍ഷം കാട്ടുകയും ചെയ്തു. എനിക്കു കുറ്റബോധം തോന്നിയതിനാല്‍ വേദപാഠത്തിനു നില്‍ക്കാതെ വീട്ടിലേക്കു പോന്നു. ആ വൈദികന്‍ നല്ലൊരാളായിരുന്നു. വേദപാഠത്തിന് ചെന്ന് അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ വിഷമം തോന്നി.

മേല്പറഞ്ഞ സംഭവം ഇക്കാര്യത്തിലും എന്നെ പരോക്ഷമായി സ്വാധീനിച്ചിരിക്കാം. വളരെ കഴിഞ്ഞ് ആര്‍. രാമചന്ദ്രനെപ്പോലുള്ള ഗുരുസ്ഥാനീയരായ എന്റെ ചില സുഹൃത്തുക്കള്‍ വൈദികരെപ്പറ്റി ബഹുമാനത്തോടെ പറയുന്നതു കേട്ടും, പല നല്ല വൈദികരുമായി ഇടപഴകിയും യേശു പൗരോഹിത്യത്തിനു നല്‍കിയിരിക്കുന്ന മഹത്വം ചില വെളിപ്പെടുത്തലുകളില്‍ നിന്നു മനസ്സിലാക്കിയുമാണ് മാനസാന്തരപ്പെട്ടത്. പരി. അമ്മയെ ആദരിക്കുന്ന ആ പ്രദക്ഷിണത്തില്‍ അങ്ങനെ പെരുമാറിയതില്‍ ദുഃഖമുണ്ട്. കെ.പി. അപ്പന്റെ 'മധുരം നിന്റെ ജീവിതം' വായിക്കും മുമ്പേ പരി. അമ്മയുടെ മഹത്വം ഞാന്‍ ഗ്രഹിക്കുകയും അതേപ്പറ്റി എഴുതുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org