സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 03

പ്രസിദ്ധ സാഹിത്യനിരൂപകനും ഗ്രന്ഥകാരനുമായ ഡോ. ജോര്‍ജ് ഇരുമ്പയത്തിന്റെ ആത്മകഥ
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 03
കത്തോലിക്കാ മര്‍ദ്ദനം!
അദ്ധ്യായം-3 |

ഞങ്ങളുടെ നാട്ടിലെ ചെമ്പോത്തനായില്‍ എന്ന വീട്ടുകാര്‍ വര്‍ഷംതോറും ശ്ലീഹന്മാരുടെ നേര്‍ച്ച നടത്തുമായിരുന്നു. ശ്ലീഹന്മാര്‍ എന്നാല്‍ അപ്പസ്‌തോലന്മാര്‍തന്നെ. യേശു തന്റെ ശിഷ്യഗണത്തില്‍ നിന്നു തെരഞ്ഞെടുത്ത 12 പേരാണ് അപ്പസ്‌തോലന്മാര്‍. അവരില്‍ ഒരാളായ യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുകയും പിന്നീട് ആത്മഹത്യ നടത്തുകയും ചെയ്തു. അയാളുടെ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട മത്തിയാസിനെയാണ് ഇപ്പോള്‍ 12-ാമനായി കണക്കാക്കുന്നത്. ആ 12 പേരെ ഓര്‍ക്കാനും അവരുടെ സഹായം തേടാനും മറ്റുമായി 12 കുട്ടികളെയും പള്ളിയില്‍ നിന്നു വൈദികനെയും കളരി ആശാനെയും ബന്ധുമിത്രാദികളെയും ഒരു ദിവസം ഉച്ചഭക്ഷണത്തിനു ക്ഷണിച്ച് വൈദികന്റെ പ്രാര്‍ത്ഥനയ്ക്കുശേഷം ഊണു നല്‍കി വിടുന്ന ചടങ്ങാണത്. ആ കുടുംബത്തില്‍ നാലു സഹോദരന്മാരുള്ളതില്‍ മൂത്ത രണ്ടുപേര്‍ ഭാര്യമാരോടൊപ്പം അല്പം അകലെ ഒരു വീട്ടിലും ശേഷിച്ച രണ്ടുപേര്‍ തറവാട്ടിലും കഴിയുന്നു. ഇളയ ആള്‍ക്കു മാത്രമേ കുട്ടികളുള്ളൂ. എല്ലാവരും നല്ല യോജിപ്പിലാണ്. അവരെല്ലാം ചേര്‍ന്നാണ് നേര്‍ച്ച നടത്തുന്നത്. നേര്‍ച്ചയ്ക്ക് എന്നെയും ക്ഷണിക്കുമായിരുന്നു.

കളരിയിലെ എന്റെ പഠനം തീരുന്നവര്‍ഷം നേര്‍ച്ചയുടെ തിയതി വൈദികന്റെ അസൗകര്യത്താലോ മറ്റോ മൂന്നു തവണ മാറ്റി. മൂന്നാം തവണയും മാറ്റിയപ്പോള്‍ എന്റെ അപ്പന്‍ പറഞ്ഞു ''ഇനി വിളിച്ചാല്‍ പോകണ്ട.'' പിറ്റേന്നോ അതിന്റെ പിറ്റേന്നോ നേര്‍ച്ചക്കു ചെല്ലാന്‍ വിളിയുണ്ടായി. കളരിയില്‍ നിന്ന് ആശാനും ഒന്നോ രണ്ടോ കുട്ടികളും പോയി. എന്നെ വിളിച്ചെങ്കിലും വരുന്നില്ലെന്നു പറഞ്ഞു. കുറേ കഴിഞ്ഞപ്പോള്‍ ആ വീട്ടില്‍നിന്ന് ഒരാള്‍ വന്ന് ഞാന്‍ നിര്‍ബന്ധമായും ചെല്ലണം, 12 പേരില്ലാതെ നേര്‍ച്ച നടക്കില്ല, അച്ചനും ആശാനും മറ്റും കാത്തിരിക്കയാണെന്നു പറഞ്ഞു. അപ്പന്റെ ആജ്ഞയനുസരിച്ചില്ലെങ്കില്‍ വരുന്ന ഭവിഷ്യത്തോര്‍ത്ത് ഞാനില്ലെന്നു വീണ്ടും പറഞ്ഞു. കാരണവും പറഞ്ഞു. ''അതു പറഞ്ഞു ശരിയാക്കിക്കോളാം, നീ വാ'' എന്നു നിര്‍ബന്ധിച്ച് എന്നെ കൂട്ടിക്കൊണ്ടുപോയി. ഞാന്‍ ചെല്ലുമ്പോള്‍ എല്ലാവരും എന്നെ കാത്തിരിക്കയാണ്! കാണാതായ ആടിനെയോ പശുക്കുട്ടിയെയോ കണ്ടെത്തി കൂട്ടിലേക്ക് ഓടിച്ചുകയറ്റുന്ന അനുഭവം. എല്ലാവരും ഒരു ചിരി പാസാക്കി. ഞാന്‍ ചമ്മലോടെ മറ്റു കുട്ടികളോടു ചേര്‍ന്നു. പ്രാര്‍ത്ഥനയും ഭക്ഷണവും കഴിഞ്ഞ് ആശാന്റെ കൂടെ മടങ്ങി. വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ അപ്പന്‍ ഒന്നും മിണ്ടിയില്ല. ആ വീട്ടുകാര്‍ അപ്പന്റെ സ്‌നേഹിതരാണ്. നേര്‍ച്ച വൈകിച്ചതിന് അവര്‍ കുറ്റപ്പെടുത്തിക്കാണും. പക്ഷേ അദ്ദേഹത്തിന് എന്നെ കുറ്റപ്പെടുത്താന്‍ വയ്യല്ലോ. കുട്ടികളെ സ്‌നേഹത്തില്‍ വളര്‍ത്തിയാല്‍ ഇങ്ങനെ വരില്ലെന്നു തോന്നുന്നു. അപ്പന്‍ ഭയപ്പെടുത്തിയാണ് എന്നെ വളര്‍ത്തിയത്. (ആ ദുഃസ്വഭാവം എന്നിലേക്കും പകര്‍ന്നു). ഭയമില്ലായിരുന്നെങ്കില്‍ ആശാന്റെ കൂടെ പോകുകയും നേര്‍ച്ച വൈകിക്കാതിരിക്കുകയും അപ്പനോടു പിന്നീട് വിശദീകരിക്കുകയും ചെയ്യാമായിരുന്നു.

കളരിയിലെ പഠനം കഴിഞ്ഞ് എന്നെയും അപ്പന്റെ ഒരു സ്‌നേഹിതന്‍ മത്തന്‍കുഞ്ഞിന്റെ മകന്‍ ജോര്‍ജിനെയും കാരിക്കോട് സ്‌കൂളിലാണു ചേര്‍ന്നത്. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള മിക്ക കുട്ടികളെയും പൊതിയിലെ പള്ളിവക സ്‌കൂളിലാണ് ചേര്‍ത്തിരുന്നത്. അത് രണ്ടു കി.മീറ്റര്‍ തെക്കാണ്. കാരിക്കോടു സ്‌കൂള്‍ രണ്ടു കി.മീറ്റര്‍ കിഴക്കും. യാക്കോബായ ക്രിസ്ത്യാനികളാണ് കാരിക്കോട്ടില്‍ അധികവും. അവരിലൊരാളില്‍ നിന്ന് ആ പ്രൈമറി സ്‌കൂള്‍ മുളക്കുളംകാരന്‍ അച്ചുതന്‍പിള്ള സാര്‍ വാങ്ങി സ്വയം മാനേജരും ഹെഡ്മാസ്റ്ററുമായി നടത്തുകയായിരുന്നു. ഞങ്ങളുടെ ഭാഗത്തുനിന്ന് ഒരു ലക്ഷ്മിടീച്ചര്‍ അവിടെ അധ്യാപികയായിരുന്നു. അവരുടെ അച്ഛന്‍ അപ്പന്റെ സ്‌നേഹിതനായിരുന്നു. അവരോടൊക്കെ ആലോചിച്ചും ലക്ഷ്മിടീച്ചറുടെ മേല്‍നോട്ടം പ്രതീക്ഷിച്ചുമാവാം അവിടെ ചേര്‍ത്തത്. അതില്‍ തെറ്റില്ല. ഞങ്ങളുടെ പോക്കും വരവുമൊക്കെ മിക്കപ്പോഴും ടീച്ചറുടെ കൂടെ ആയിരുന്നു. എന്നെയും ജോര്‍ജിനെയും രണ്ടാം ക്ലാസിലാണു ചേര്‍ത്തത്. ഞങ്ങള്‍ക്ക് ആറുവയസായിരുന്നു; എഴുത്തും വായനയും അറിയുകയും ചെയ്യാം, എന്നതായിരുന്നു കാരണം. അഞ്ചു വയസായാല്‍ അന്ന് ഒന്നാം ക്ലാസില്‍ ചേര്‍ക്കാമായിരുന്നു.

ആ സ്‌കൂളില്‍ ഞങ്ങള്‍ രണ്ടുപേരേ കത്തോലിക്കരായി ഉണ്ടായിരുന്നുള്ളു എന്നാണോര്‍മ. ഞങ്ങളുടെ കഴുത്തില്‍ കാശുരൂപം ചരടില്‍ കോര്‍ത്തുകെട്ടിയിരുന്നു. അന്നത്തെ തിരുവിതാംകൂര്‍ നാണയമായ കാശിന്റെയോ ചക്രത്തിന്റെയോ വലിപ്പത്തില്‍ വെള്ളിയിലോ മറ്റോ പണി തീര്‍ത്തതും, ഒരു വശത്ത് യേശുവിന്റെ ക്രൂശിതരൂപവും മറുവശത്ത് മാതാവിന്റെയും ഉണ്ണിയേശുവിന്റെയും രൂപവുമുള്ളതായിരുന്നു അത്. കൂനന്‍ കുരിശു സത്യം (1653 ജനുവരി 15) മുതല്‍ യാക്കോബായക്കാര്‍ക്ക് (പുത്തന്‍കൂറ്റുകാര്‍) കത്തോലിക്കരോടു (പഴയകൂറ്റുകാര്‍) വെറുപ്പായിരുന്നു. അവരുടെ കുട്ടികള്‍ കാശുരൂപം ധരിച്ചിരുന്നില്ല. അവരും മറ്റു കുട്ടികളും ഞങ്ങളുടെ ചുറ്റുംകൂടി പരിഹസിക്കുകയും ചരടില്‍ പിടിച്ചു വലിക്കുകയും കാശുരൂപത്തിലെ ചിത്രങ്ങള്‍ നോക്കി ചിരിക്കുകയും ചെയ്യുമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് എന്റെ അനിയത്തിയെയും ആ സ്‌കൂളില്‍ ചേര്‍ത്തു ഒന്നാം ക്ലാസില്‍. ഞങ്ങള്‍ക്കെല്ലാം ആ പീഡനം ഏല്‍ക്കേണ്ടിവന്നു. എനിക്കാണെങ്കില്‍ ഒരു യാക്കോബായ പയ്യന്റെ ക്രൂരമര്‍ദനം തന്നെ അനുഭവിക്കേണ്ടിവന്നു. അവരെല്ലാം ആലോചിച്ചു നടത്തിയ കത്തോലിക്കാ മര്‍ദനം! എന്റെ അനിയത്തിയുടെ കരച്ചില്‍ കണ്ടാണ് അവരത് നിര്‍ത്തിയത്. ജോര്‍ജിന് ഇത്തരം ദുരനുഭവം കുറവായിരുന്നു. കാരണം അങ്ങനെ വല്ലതുമുണ്ടായാല്‍ അവന്‍ വീട്ടില്‍ അപ്പനോടു പറയുകയും അദ്ദേഹം പിറ്റേന്നുതന്നെ സ്‌കൂളിലെത്തി അച്ചുതന്‍പിള്ള സാറിനെ കണ്ട് പ്രതിയെ ചൂരല്‍കഷായം കുടിപ്പിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് അതറിയാം. എനിക്ക് അപ്പനെ ഭയമായിരുന്നതിനാല്‍ പറയാന്‍ ധൈര്യമില്ലായിരുന്നു. എന്റെ കുറ്റം കൊണ്ടാണെന്നു പറഞ്ഞു മൂപ്പര്‍ മര്‍ദിച്ചാല്‍ അതും അനുഭവിക്കണമല്ലോ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org