
തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ രണ്ടുവര്‍ഷം ജോലിചെയ്യാനിടയായി. ലക്ചറര്‍ മൂത്ത് രണ്ടാം ഗ്രേഡ് പ്രൊഫസറും പിന്നീ ട് ഒന്നാം ഗ്രേഡ് പ്രൊഫസറുമാകുന്ന കാ ലമായിരുന്നു അത്. 1980-കളുടെ ആരംഭത്തില്‍ എനിക്ക് പ്രമോഷനായപ്പോള്‍ തലശ്ശേരിയിലേക്കയച്ചു. അവിടെ എം.എ. ഉള്ളതിനാല്‍ ഒന്നാം ഗ്രേഡ് പ്രൊഫസര്‍ പോസ്റ്റുണ്ടെങ്കിലും ആള്‍ ലീവിലായിരുന്നു. ഫലത്തില്‍ ഞാനായിരുന്നു വകുപ്പുതലവന്‍. എം.എന്‍. വിജയന്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം എന്നേക്കാള്‍ സീനിയറാണെങ്കിലും പ്രൊഫസര്‍ സ്ഥാനം വേണ്ടെന്ന് എഴുതിക്കൊടുത്തിരുന്നു. എല്ലാവരുടെയും നല്ല സഹകരണം എനിക്കുകിട്ടി. ഞാന്‍ കോഴിക്കോട്ടുനിന്നു ട്രെയിനില്‍ ചെല്ലുകയായിരുന്നു. അവിടെ ജോലി ചെയ്യുന്ന വേറെ പലരും കൂട്ടിനുണ്ടാകും. വിജയന്‍ മാസ്റ്റര്‍ക്കു പുറമെ എ. ഗോപാലന്‍ (എ.ജി. എന്ന കവി) മാധവന്‍ മാസ്റ്റര്‍, പ്രിയദര്‍ശന്‍ ലാല്‍ തുടങ്ങി ഏഴെട്ടു പേര്‍ ഉണ്ടായിരുന്നു. ഞാനെത്താന്‍ വൈകിയാലും അവര്‍ വേണ്ടതു ചെയ്യും. നല്ല സ്‌നേഹമുള്ള കുട്ടികളായിരുന്നു അവിടെ. മലയാളം എം.എക്കും ബി.എക്കുമെല്ലാം ധാരാളം കുട്ടികള്‍.
ബ്രണ്ണനിലെ കോളജ് യൂണിയന്‍ കെ.എസ്.യുക്കാരുടെ കൈയിലായിരുന്നു. അക്കാലത്ത് അവരോടൊപ്പമായിരുന്ന അഴീക്കോടുസാറിനെ യൂണിയന്‍ ഉദ്ഘാടനത്തിനു ക്ഷണിച്ചു. അന്നു ക്ലാസില്ലാത്തതിനാല്‍ തലശ്ശേരിക്കു പോകേണ്ടെന്നു കരുതിയാണ് ഞാനിരുന്നത്. അഴീക്കോടുസാറിനെ കൂ ട്ടാന്‍ വന്ന കുട്ടികള്‍ കോഴിക്കോട്ട് അശോകപുര ത്തെ എന്റെ വീടു തേടിപ്പിടിച്ച് രാവിലേ അവിടെയെത്തി; എന്നെയും കൂട്ടി അഴീക്കോടിന്റെയടുത്തുചെന്ന് ഒരുമിച്ചു തലശ്ശേരിക്കു പോകാന്‍! ഞാന്‍ ഷേവിങ്‌പോലും കഴിച്ചിട്ടില്ല. അവരുടെ പ്രേരണ യ്ക്ക് വഴങ്ങി ഉടനേ പുറപ്പെട്ടു. അഴീക്കോടിന്റെ കീഴിലെ എന്റെ ഗവേഷണ തീസിസ് സമര്‍പ്പിച്ചിരിക്കയാണ്. അച്ചടിയുടെ ചരിത്രം തിരുത്തിയ പുസ്ത കം ഉള്‍പ്പെടെ പല കണ്ടെത്തലുകളും നടന്ന ഗവേഷണം! എനിക്കു പിഎച്ച്.ഡി. കിട്ടിയത് തലശ്ശേരിയിലുള്ളപ്പോള്‍ തന്നെയാണ്.
ഞങ്ങള്‍ ചെന്നയുടന്‍ ഉദ്ഘാടകന്‍ ഒരുങ്ങി ഇറങ്ങി. തലശ്ശേരി-കണ്ണൂരൊക്കെ അഴീക്കോടിന്റെ തട്ടകമാണ്. അവിടെനിന്ന് പാര്‍ലമെന്റിലേക്ക് അദ്ദേ ഹം കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. അദ്ദേഹ ത്തെ കൂവിയിരുത്താന്‍ എസ്.എഫ്.ഐക്കാര്‍ ഒരുങ്ങിയിരുന്നു. പിണറായി - കൊടിയേരിമാര്‍ അക്കാലത്തവിടങ്ങളില്‍ ഉണ്ട്. അവര്‍ പഠിച്ചതും ബ്രണ്ണനിലാണ്. സമ്മേളനം തുടങ്ങി ഉദ്ഘാടന പ്രസംഗമായപ്പോള്‍ കൂവലും തുടങ്ങി. കുറേനേരം കൂവി ബഹളം വച്ചിട്ട് എസ്.എഫ്.ഐക്കാര്‍ ഇറങ്ങിപ്പോയി. ആ സീറ്റുകളിലെല്ലാം വേറേ കുട്ടികള്‍ ഇരുന്നു. ഒരു കൂസലും കൂടാതെ കൂവലിനിടക്കും തുടര്‍ന്നും ഒരു മണിക്കൂറോളം അഴീക്കോടു സാര്‍ പ്രസംഗിച്ചു. എം.എന്‍. വിജയന്‍ ഇടതുപക്ഷത്തിന്റെ ആളായിരുന്നെങ്കിലും അതിഥിയെ അവഹേളിച്ചതില്‍ ദുഃഖിതനായിരുന്നു. എ.ജിയും ലാലും കെ.എസ്.യു. പക്ഷക്കാര്‍. അഴീക്കോടിന്റെ കൂടെ ഞാനും മടങ്ങി. തലശ്ശേരി മലയാള വകുപ്പില്‍ വിജയന്‍ മാസ്റ്റര്‍ കാ ത്തുപാലിച്ചിരുന്ന നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നു. ആഫ്രിക്കന്‍-ഇസ്രായേല്‍ കവിതകളുടെയും മറ്റും നല്ല സമാഹാരങ്ങള്‍ അവിടെനിന്നു വായിക്കാന്‍ കിട്ടി. അവയിലെ ചില നല്ല കവിതകള്‍ തര്‍ജ്ജമ ചെയ്ത് എന്റെ മുപ്പതു കവിതകള്‍, കാനായിലെ വീഞ്ഞ് എന്നീ കാവ്യസമാഹാരങ്ങളില്‍ ചേര്‍ത്തു. എം.എ. പരീക്ഷാബോര്‍ഡിലും വൈവ ബോര്‍ഡിലും എന്നെ പെടുത്തിയിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ അക്കാലത്ത് മലയാളം എം.എ. യൂണി. ഡിപ്പാര്‍ട്ടുമെന്റിലും തലശ്ശേ രി ബ്രണ്ണനിലും പട്ടാമ്പിയിലും മാത്രമേ ഉണ്ടായിരുന്നുള്ളു. ഒ.എന്‍.വി.യും പന്മന രാമചന്ദ്രന്‍ നായ രും പുതുശ്ശേരി രാമചന്ദ്രനും, ചെയര്‍മാന്‍ അഴീക്കോടിനു പുറമേ ബോര്‍ഡിലുണ്ടായിരുന്നു.
തലശ്ശേരിയിലായിരിക്കെ മലപ്പുറം ജില്ലയിലെ ഒരു ജൂനിയര്‍ കോളജില്‍ പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എനിക്കുകിട്ടി. അത് എനിക്ക് സ്വീകാര്യമായി തോന്നിയില്ല. അക്കാര്യം കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. രേവമ്മയെ അറിയിച്ചാല്‍ മതിയായിരുന്നു. എനിക്കു പരിചയമുള്ള പി.ജെ. ജോസഫായിരുന്നു വിദ്യാഭ്യാസ മന്ത്രി. ഞാന്‍ തിരുവനന്തപുരത്തുചെന്ന് അദ്ദേഹത്തെ കണ്ട് എന്നെ അതില്‍നിന്ന് ഒഴിവാക്കണമെന്നു പറഞ്ഞു. അദ്ദേഹം വേണ്ടതു ചെയ്തുതരാന്‍ സെക്രട്ടറിയോടു പറഞ്ഞു. കോഴിക്കോടു ജില്ലയിലെ കൊ യിലാണ്ടിയില്‍ വേണമെങ്കില്‍ തരാം, പ്രിന്‍ സിപ്പല്‍ സ്ഥാനം എന്തിനാണു കളയുന്നതെന്ന് സെക്രട്ടറി ചോദിച്ചു. എനിക്കു പഠിപ്പിക്കലാണ് ഇഷ്ടമെന്നു പറഞ്ഞ് അതൊഴിവാക്കി. ഡോ. രേവമ്മയെ കാണാതെ മുകളില്‍ നിന്ന് ഇങ്ങ നെ ചെയ്യിച്ചത് സത്യത്തില്‍ ഒരു അഹങ്കാരമായിപ്പോയി. അവരത് മനസ്സില്‍ വയ്ക്കുകയും കോഴിക്കോട്ട് ഒഴിവുവന്നപ്പോള്‍ എന്റെ അപേക്ഷ ഉണ്ടായിരുന്നിട്ടും തരാതിരിക്കുകയും ചെയ്തു. കാരണം ഇതാണെന്ന് എനിക്കു മനസ്സിലായി. ഞാന്‍ പോയി അവരെ കാണുകയും മുമ്പ് കാണാന്‍ വന്നപ്പോള്‍ ഇല്ലാതിരുന്നതുകൊണ്ടാണ് മുകളില്‍ നിന്നു ചെയ്യിച്ചതെന്നു നുണ പറയുകയും ചെയ്തു! എത്ര ശക്തമായ അസത്യബന്ധനം!
എറണാകുളത്തായിരിക്കെ മറ്റൊരു പ്രിന്‍സിപ്പല്‍ നിയമനം കിട്ടിയതും ഓര്‍ക്കുന്നു. ഞാനതും ഒഴിവാക്കി. തലശേരിയില്‍ ഡോ. ലീലാവതി പ്രിന്‍ സിപ്പലായിരിക്കെ ഏതാനും നാള്‍ പ്രിന്‍സിപ്പലിന്റെ ചാര്‍ജ് വഹിച്ചു. മഹാരാജാസില്‍ പ്രൊഫ. എബ്ര ഹാം അറക്കല്‍ പ്രിന്‍സിപ്പലായിരിക്കെ സീനിയോറിറ്റി നോക്കി പ്രിന്‍സിപ്പല്‍ ചാര്‍ജ് എന്നെ ഏല്പിച്ചത് ഒരിക്കല്‍ മാത്രം സ്വീകരിച്ചു. പിന്നീടുള്ളത് പ്രൊഫ. പി.സി. കര്‍ത്തായ്ക്കു നല്‍കാന്‍ പറഞ്ഞു.
താമസിയാതെ സ്ഥലംമാറ്റം കിട്ടി ഞാന്‍ കോഴിക്കോട്ടെത്തി. ഞാന്‍ അങ്ങോട്ടു ചെല്ലുന്നു എന്നറി ഞ്ഞ് മലയാള വിഭാഗത്തിലെ ഒരു വിദ്വാന്‍ എന്നെ പ്രീതിപ്പെടുത്താനാവാം തലേന്നു വൈകിട്ടു വീട്ടിലെത്തി. ഞാന്‍ തലശ്ശേരിയില്‍ നിന്നെത്തിയപ്പോള്‍ അയാളും ഭാര്യയും കുട്ടിയും വീട്ടിലുണ്ട്. നീണ്ടയാത്ര കഴിഞ്ഞ് അല്പം വിശ്രമിക്കാമെന്നു കരുതി യാണ് ഞാനെത്തിയത്. അയാള്‍ അതുമിതും പറ ഞ്ഞ് കുറേ ബോറടിച്ചിട്ടുപോയി. പിറ്റേന്നു കോളജി ലെത്തിയപ്പോഴാണ് അയാളും മറ്റൊരധ്യാപകനുമായി പോരാട്ടത്തിലാണെന്നറിയുക! ഡിപ്പാര്‍ട്ടുമെ ന്റില്‍ കലഹം കൂടാതെ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നാഗ്രഹിച്ച്, ഞാനവരെ അടു ത്തു വിളിച്ചു രമ്യപ്പെടുത്തി. അതിന്റെ ഫലം പിന്നീട് അവര്‍ രണ്ടും എനിക്കെതിരായി തിരിഞ്ഞു എന്നതാണ്! എന്നെ ഭരിക്കാമെന്ന് അവര്‍ കരുതി. അതു സാധ്യമല്ലെന്നു വന്നതോടെ ഒരാള്‍ എനിക്കെതിരെ അപവാദ പ്രചാരണവുമായി നടന്നു. മറ്റേയാള്‍ എ ന്നെ സ്ഥലംമാറ്റിക്കാനും ശ്രമിച്ചു. വിജയിച്ചില്ലെന്നു മാത്രം. അവരുടെ സ്വഭാവം മനസ്സിലാക്കാതെ യോ ജിപ്പിക്കാന്‍ ശ്രമിച്ചതില്‍ പാളിച്ച പറ്റിയെന്ന് അന്ന് ഡിപ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന എം.എന്‍. കാരശ്ശേരിയും എം.കെ.എന്‍. പോറ്റിയും പിന്നീട് പറഞ്ഞു. കോഴിക്കോട്ടുനിന്ന് 1986-ലാണ് ഒന്നാം ഗ്രേഡ് പ്രൊ ഫസറായി ഞാന്‍ മഹാരാജാസിലേക്ക് പോന്നത്. എന്റെ നാട് കോട്ടയം ജില്ലയിലും ബന്ധുക്കളധികവും അവിടെയും എറണാകുളം ജില്ലയിലുമാകയാല്‍ തലശ്ശേരി യാത്ര ഒഴിവാക്കി എറണാകുളത്തേക്കു കുടിയേറാന്‍ തീരുമാനിക്കുകയായിരുന്നു. മഹാരാജാസിലെ അധ്യാപകര്‍ താമസിക്കുന്ന കെട്ടിടത്തില്‍, പ്രിന്‍സിപ്പല്‍ എം.കെ. പ്രസാദ് എനിക്കായി ഒരു മുറി ഒഴിപ്പിച്ചിട്ടിരുന്നു! മഹാരാജാസ് ഈവനിങ് കോളജില്‍ എം. തോമസ് മാത്യു ഉണ്ടായിരുന്നു. ഞങ്ങള്‍ വൈകിട്ട് ഒത്തുകൂടുമായിരുന്നു. ഞാനവിടെ ചെന്ന വര്‍ഷം സി. അയ്യപ്പന്‍, എന്‍. സുഗതന്‍, ഭാനുമതി, ഓമനക്കുട്ടന്‍, ഇന്ദിര, വിശ്വംഭരന്‍, ഐവി, വിജയകൃഷ്ണന്‍, ശര്‍മ്മിഷ്ഠ, ലക്ഷ്മി, ബോസ്, മാര്‍ഗററ്റ് എന്നീ അധ്യാപകര്‍ മലയാള വിഭാഗത്തിലുണ്ടായിരുന്നു. പിന്നീടു ചില മാറ്റങ്ങള്‍ വന്നു. റെക്‌സും ശങ്കരപ്പിള്ളയും ലതികയും കൃഷ്ണക്കൈമളും എത്തി. അവരില്‍ അയ്യപ്പന്‍ സാറും ലതികടീച്ചറും വിശ്വംഭരനും പോയിക്കഴിഞ്ഞു. RIP. അക്കാലത്ത് യു.ജി.സി.യുടെ ധനസഹായത്തോടെ നല്ലൊരു സാഹിത്യനിരൂപണ സെമിനാര്‍ സംഘടിപ്പിച്ചു. പ്രൊഫ. എസ്. ഗുപ്തന്‍നായര്‍, ഡോ. അഴീക്കോട്, ഡോ. ആര്‍. വിശ്വനാഥന്‍ തുടങ്ങി അനേകം പ്രഗത്ഭര്‍ പങ്കെടുത്തു. ഗസ്റ്റ് ല ക്ചറിനായി പ്രൊഫ. സാനു, ഡോ. അഴീക്കോട്, ഡോ. അയ്യപ്പപ്പണിക്കര്‍, ഡോ. കുര്യാസ് തുടങ്ങിയവരും വന്നു. ആദ്യ വര്‍ഷങ്ങള്‍ നന്നായിപ്പോയി. ആഴ്ചതോറുമുള്ള കോഴിക്കോട് യാത്രയും മലയാള സംരക്ഷണ പ്രവര്‍ത്തനങ്ങളും, യൂണിവേഴ്‌സിറ്റി കമ്മറ്റികള്‍ക്കായും മറ്റുമുള്ള യാത്രകളുമായി പഠിപ്പിക്കുന്ന കാര്യത്തില്‍ കുറവുകള്‍ വന്നു. ആരംഭശൂരത്വവും അക്ഷമയും എന്റെ പ്രശ്‌നങ്ങളായിരുന്നു. അസൂയാലുക്കള്‍ കുത്തിത്തിരിപ്പുകളും ഉണ്ടാക്കി. മഹാരാജാസിലെ എട്ടു വര്‍ഷത്തെ സേവനം അവസാനിക്കാറായ ഘട്ടത്തില്‍ 1993-ല്‍ എനിക്ക് രണ്ട് ആപത്തുകള്‍ നേരിട്ടു. ഞാന്‍ മേനക ഭാഗത്തുകൂടി നടക്കുമ്പോള്‍ പുറകോട്ടെടുത്ത ഒരു കാര്‍ എന്റെ പിന്നില്‍ വന്നിടിച്ച് എന്നെ വീഴ്ത്തി. ആരോ ശബ്ദമുയര്‍ത്തിയതിനാല്‍ കാര്‍ മുമ്പോട്ടെടുക്കുകയും ഞാന്‍ രക്ഷപ്പെടുകയും ചെയ്തു. അല്പം കൂടി കാര്‍ പിന്നോട്ടെടുത്താല്‍ എന്റെ മീതേ കയറുകയും പണിതീരുകയും ചെയ്യുമായിരുന്നു. ഈശ്വരകാരുണ്യത്താല്‍ അതുണ്ടായില്ല.
രണ്ടാമത്തേത് ചില സഹപ്രവര്‍ത്തകരുടെ ദ്രോഹങ്ങളും ജോലിഭാരവും മൂലം മാനസികസമ്മര്‍ദ്ദം വര്‍ധിച്ചുണ്ടായ ഹൃദ്രോഗമാണ്. ഇടപ്പള്ളി ഭാഗത്തുവച്ചാണ് ആദ്യത്തെ അറ്റാക്കുണ്ടായത്. നെഞ്ചുതിരുമ്മിയും പ്രയാസപ്പെട്ടും ഒരു തരത്തില്‍ കോളജിലെത്തി. ഹൃ ദ്രോഗമാണെന്ന് എനിക്കു മനസ്സിലായിരുന്നില്ല. ഈശ്വരാനുഗ്രഹം കൊണ്ട് സുഹൃത്ത് ബെന്നിയോട് പറയാന്‍ തോന്നി. അയാള്‍ വേ ഗം അടുത്തുള്ള ജനറലാശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. നോക്കിയപ്പോള്‍ കടുത്ത ഹൃദ്രോഗബാധ. അടുത്ത അറ്റാക്ക് ശക്തമാകാതെ രക്ഷപ്പെടുത്താന്‍ വേണ്ട കുത്തിവയ്പുകളും മറ്റും തന്നു. രണ്ടാഴ്ചയിലധികം ആശുപത്രിയിലും രണ്ടു മൂന്നു മാസം വീട്ടിലും! 1993-94 വര്‍ഷത്തെ എം.എ. വിദ്യാര്‍ഥികളെ സഹായിക്കാന്‍ കഴിയാഞ്ഞ ദുഃഖം ശേഷിക്കുന്നു. ആ വര്‍ഷം തന്നെ കോഴിക്കോട്ടെ വീടു വില്‍ക്കുകയും ഇടപ്പള്ളിയില്‍ വാങ്ങുകയും ചെയ്തു. സങ്കടത്തോടെയാണ് അങ്ങനെ ചെയ്തത്. കോഴിക്കോട് എനിക്കേറെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു. നല്ല സുഹൃത്തുക്കളും നല്ല അയല്‍ ക്കാരും! എല്ലാം അകന്നുപോയി. നഷ്ടബോധം എന്നെ വേദനിപ്പിച്ചു... (തുടരും)