സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 11

അദ്ധ്യായം-11 | അധ്യാപക ജോലിയിലേക്ക്‌
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 11

കോളജധ്യാപകനായി ജോലി കിട്ടാന്‍ തേവരയില്‍ അപേക്ഷ കൊടുത്തു. മാനേജരായിരുന്ന ഫാ. മലേഷ്യസ് ഞാനവിടെ പഠിക്കുന്ന കാലത്ത് സഹായിച്ചിട്ടുള്ള വൈ ദികനാണ്. അദ്ദേഹം താത്പര്യമെടുത്ത് എന്നെ ലക്ചററായി നിയമിച്ചു. 1963 ജൂണ്‍-ജൂലൈ കാലത്താണത്. പ്രിന്‍സിപ്പല്‍ ഫാ. തിയോബാള്‍ഡ് അച്ചടക്കം പാലിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. വരാന്തയിലൂടെ നടന്ന് അധ്യാപകരുടെ ക്ലാസ്സും വിദ്യാര്‍ഥികളെയും അദ്ദേ ഹം ശ്രദ്ധിച്ചിരുന്നു. ഞാനവിടെ പഠിച്ചിരുന്ന കാല ത്തെ അദ്ദേഹത്തിന്റെ ഒരു ഇടപെടല്‍ ഓര്‍ക്കുന്നു. ക്രിസ്മസ് പരീക്ഷ, യൂണി. പരീക്ഷയെഴുതാന്‍ യോ ഗ്യതയില്ലാത്തവരെ ഒഴിവാക്കുന്നത് (സെലക്ഷന്‍) കൂടി ആയിരുന്നു. അതു ബഹിഷ്‌കരിക്കാന്‍ ചില നേതാക്കന്മാര്‍ ആഹ്വാനം ചെയ്തു. മുദ്രാവാക്യം വിളിയുമായി നിന്നവരുടെ അടുത്തെത്തി പരീക്ഷ വേണ്ടവര്‍ അകത്തു കയറാന്‍ പ്രിന്‍സിപ്പല്‍ ആ ജ്ഞാപിച്ചു. കുട്ടികള്‍ കൂട്ടത്തോടെ അകത്തുകയറി. സമരവും തീര്‍ന്നു.

ചാക്കോസാറായിരുന്നു മലയാളം പ്രൊഫസര്‍. തൊട്ടുതാഴെ ഉലകംതറ; പിന്നീട് പോള്‍ തത്തനാട്, സംസ്‌കൃതത്തിന് ഒരു ബാലകൃഷ്ണന്‍ നായര്‍. മൂന്നാം സ്ഥാനത്ത് ലക്ചററായി എന്നെ നിയമിച്ചു. ചാക്കോസാറും മറ്റെല്ലാവരും സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. ആണ്‍കുട്ടികള്‍ മാത്രം പഠിക്കു ന്ന കോളജായിരുന്നു അക്കാലത്ത് തേവര. അതിനാല്‍ അധ്യാപകരെ കൂക്കി വിളിച്ചും കായിക വിനോദങ്ങളിലേര്‍പ്പെട്ടുമാണ് അവരുടെ അധികമുള്ള ഊര്‍ ജം ചെലവഴിച്ചിരുന്നത്. എനിക്ക് അമ്മാതിരി ശല്യം കുറവായിരുന്നു. നല്ല പോലെ ഒരുങ്ങിയാണ് ക്ലാസെടുക്കാന്‍ ഞാന്‍ പോയിരുന്നത്. അരക്കയ്യന്‍ ഷര്‍ട്ടും മുണ്ടും, ചിലപ്പോള്‍ പാന്റുമായിരുന്നു വേഷം. ഒരു ക്ലാസില്‍ കൈനീളമുള്ള ഷര്‍ട്ടും പാന്റും ധരിച്ചു ഞാന്‍ ചെന്നു. 100 ഓളം കുട്ടികളുള്ള സെക്കന്റ് ലാംഗ്വേജ് ക്ലാസ്സ്. പുറകിലിരുന്ന ഒരു പയ്യന്‍ തലകുമ്പിട്ട് ഒന്നു കൂവി. പെട്ടെന്ന് എനിക്കാളെ മനസ്സിലായി. വര്‍ക്കിയെന്നു പേര്‍. എഴുന്നേല്പിച്ചു പുറത്തുവിട്ടു. പ്രിന്‍സിപ്പലിനു റിപ്പോര്‍ട്ടു ചെയ്തു. പിടിച്ചതു നന്നായി അല്ലെങ്കില്‍ ക്ലാസ് നിയന്ത്രിക്കാന്‍ പറ്റാതെ വരുമെന്ന് അദ്ദേഹം പറഞ്ഞു. കുറേ ദിവസം കഴി ഞ്ഞു കയറ്റി ഇരുത്തി. ഇന്നാണെങ്കില്‍ ഞാനങ്ങനെ ചെയ്യില്ല. ആളെ എഴുന്നേല്പിച്ചു നിര്‍ത്തുമ്പോള്‍ തന്നെ ശിക്ഷയായി. ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ് ഇരുത്താനേ ഉള്ളൂ. ഇംഗ്ലീഷധ്യാപകന്‍ സി.പി. ശിവദാസ് അങ്ങനെ ചെയ്തിരുന്നതായറിഞ്ഞു. എനിക്കാ വലിപ്പം ഉണ്ടായില്ല.

തേവരയില്‍ പ്രീഡിഗ്രി മുതല്‍ എം.എ/എം.എസ് സി വരെ ഒട്ടേറെ ക്ലാസ്സുകളിലായി 2000 ത്തോളം കുട്ടികള്‍ പഠിച്ചിരുന്നു. ഓഡിറ്റോറിയത്തിലെ പ്രത്യേ ക സമ്മേളനങ്ങള്‍ക്കാണ് എല്ലാവരും ഒത്തുകൂടുക. 1963 നവംബര്‍ 22-ന് അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നടി വെടിയേറ്റു മരിച്ചു. പിറ്റേന്ന് രാവിലെ പ്രിന്‍സിപ്പല്‍ അനുശോചന സമ്മേളനം വിളിച്ചു. ഓഡിറ്റോറിയം നിറയെ വിദ്യാര്‍ത്ഥികളും എല്ലാ അധ്യാപകരുമുണ്ടായിരുന്നു. ഇംഗ്ലീഷധ്യാപകന്‍ സി.ആര്‍. ശങ്കരമേനോന്റെയും മറ്റും ഇംഗ്ലീഷ് പ്രസംഗത്തിനുശേഷം ഞാന്‍ കയറി. അതേദിവസം മരിച്ച ഇംഗ്ലീഷ് നോവലിസ്റ്റും തത്വചിന്തകനുമായ ആല്‍ഡ സ് ഹക്സ്ലിയുടെ പേരുകൂടി പറഞ്ഞ് മലയാളത്തില്‍ അഞ്ചാറു മിനിറ്റു പ്രസംഗിച്ചതു ശ്രദ്ധേയമായി. ഇത്ത രം സന്ദര്‍ഭങ്ങളില്‍ ചെറിയ പ്രസംഗങ്ങള്‍ നന്നായി ചെയ്യാന്‍ എനിക്കു സാധിക്കുമായിരുന്നു. നീണ്ട പ്രസംഗം എനിക്കു പറ്റിയതല്ലെന്നും തോന്നിയിരിന്നു. സമ്മേളനം കഴിഞ്ഞു സ്റ്റാഫ്‌റൂമിലെത്തിയപ്പോള്‍ ചാക്കോസാറും മറ്റു ചിലരും എന്നെ അനുമോദിച്ചു.

പഠിക്കുന്ന കാലംമുതല്‍ എന്റെ ലേഖനങ്ങള്‍ ദീപിക, കൗമുദി, സത്യദീപം, മനോരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വന്നിരുന്നു. പ്രസംഗത്തിനും പലയിടങ്ങളിലും പോയിരുന്നു. 1964-65 കാലത്ത് ചങ്ങനാശേരിയില്‍നിന്നു പ്രൊഫ. കെ.വി. രാമചന്ദ്ര പൈയുടെ പത്രാധിപത്യത്തിലാരംഭിച്ച കേരള ഡൈ ജസ്റ്റ് നല്ലൊരു മാസിക ആയിരുന്നു. അതി ലും ഞാനെഴുതി. അതിന്റെ പത്രാധിപസമിതിയില്‍ പിന്നീട് എന്നെ ഉള്‍പ്പെടുത്തുക യും ചെയ്തു.

ആ അധ്യയനവര്‍ഷാവസാനം തിയോബാള്‍ഡച്ചന്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു വിരമിക്കുന്നതിന്റെ യാത്രഅയപ്പു സമ്മേളനത്തിലും ഞാനൊരു ലഘുപ്രസംഗം ചെയ്തു. മുന്‍പറഞ്ഞ വിദ്യാര്‍ഥിസമരം പൊളിച്ച സംഭവം വിവരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അച്ചടക്ക പരിപാലനത്തെപ്പറ്റി പറഞ്ഞതിന് വലിയ കയ്യടി കിട്ടി. ആ മീറ്റിംഗ് കഴിഞ്ഞും ചാക്കോ സാര്‍ എന്നെ അനുമോദിച്ചു. ചാക്കോസാറിന്റെ തേവരയിലെ സേവനം അവസാനിപ്പിക്കുന്നതായി ശ്രുതി പരന്നു. യാത്രയയപ്പു സംഘടിപ്പിക്കാന്‍ ഞങ്ങളാലോചിച്ചപ്പോള്‍ ചാക്കോ സാര്‍ വിലക്കി. ഉലകംതറ സാറി നെ അടുത്തവര്‍ഷം പ്രൊഫസറാക്കാമെന്നു വാക്കുകൊടുത്തിരുന്നത്രേ. ചാക്കോസാറിന് ഒരു വര്‍ഷം കൂടി കിട്ടണമെന്നുണ്ടായിരുന്നു. അതു നടന്നില്ല.

സി.പി. ശിവദാസിന്റെ പ്രേരണയാല്‍ ഇംഗ്ലീഷ് എം.എ.ക്കെഴുതാന്‍ ഞാന്‍ പഠിച്ചിരുന്നു. കോളജ് മാനേജരെയോ പ്രിന്‍സിപ്പലിനെയോ അറിയിക്കേണ്ട കാര്യമാണതെന്ന് എനിക്കറിയില്ലായിരുന്നു. മഹാരാജാസ് ഹോസ്റ്റലില്‍ വൈകുന്നേരങ്ങളില്‍ പോയി സക്കറിയാ മാണിയെന്ന സുഹൃത്തിന്റെ സഹായവും ഇംഗ്ലീഷ് പഠനത്തിനു പ്രയോജനപ്പെടുത്തി. പരീക്ഷ ശരിയാകാഞ്ഞതിനാല്‍ ഇടക്കുനിര്‍ത്തിപ്പോന്നു. വഴി ക്കു കണ്ടപ്പോള്‍ കൃഷ്ണന്‍നായരു മാസ്റ്റര്‍ അതേപ്പറ്റി ചോദിച്ചു. മുഴുവന്‍ എഴുതിയെന്നു നുണ പറയാനാണ് അപ്പോള്‍ തോന്നിയത്. അസത്യത്തിന്റെ ബന്ധനം എന്നെ ശല്യപ്പെടുത്തിയെന്നര്‍ഥം. അതില്‍ ഒട്ടേറെ ദുഃഖിച്ചു.

അടുത്ത അധ്യയനവര്‍ഷം ഇംഗ്ലീഷ് എം.എ. എല്ലാ പേപ്പറും ഒരുമിച്ചെഴുതി മൂന്നാം ക്ലാസ്സ് മാര്‍ ക്കോടെ ജയിച്ചു. ആ വര്‍ഷം (1964-65) പ്രശ്‌നങ്ങളുടേതായിരുന്നു. പി.എസ്.സി. വിജ്ഞാപനം കണ്ട്, മാനേജരുടെ സമ്മതത്തോടെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഞാന്‍ അപേക്ഷ നല്‍കിയിരുന്നു. ഉലകംതറ സാറിന്റെ അധ്യക്ഷതയിലുള്ള മലയാള വിഭാഗത്തില്‍ എന്റെയും അദ്ദേഹത്തിന്റെയും ചേര്‍ച്ചയില്ലായ്മകൊണ്ട് അസ്വാരസ്യങ്ങള്‍ ഉളവായി. ചാക്കോ സാറായിരുന്നപ്പോള്‍ പ്രശ്‌നമൊന്നും ഇല്ലായിരുന്നു. കൃഷ്ണന്‍നായര്‍ മാസ്റ്ററോടും സാനുമാസ്റ്ററോടും എനിക്ക് ഉലകംതറയുമായി ഒത്തുപോകാന്‍ കഴിയുന്നില്ലെന്നു പറഞ്ഞു. എഴുത്തും പ്രസംഗവും മറ്റും വഴി കിട്ടുന്ന സല്‍പേരാവാം ഉലകംതറയുടെ അസഹിഷ്ണതയ്ക്കു കാരണമെന്ന സൂചന കിട്ടി. പ്രിന്‍ സിപ്പല്‍ അഗേവൂസച്ചന്‍ ഉലകംതറയെയും എന്നെ യും ഹിന്ദിവിഭാഗത്തിലെ എന്റെ സുഹൃത്ത് കെ.ജെ. വര്‍ക്കിയെയും വിളിച്ച് ഒരു അനുരഞ്ജനശ്രമം നടത്തിയെങ്കിലും ഉലകംതറയുടെ കുറ്റാരോപണങ്ങളില്‍ അതവസാനിച്ചു. ഞാന്‍ മറുപടി പറഞ്ഞില്ല. തേവര വിടാന്‍ ഞാന്‍ ഒരുങ്ങുകയായിരുന്നു...

അയല്‍നാട്ടുകാരനും തേവര കോളജില്‍ ഇംഗ്ലീ ഷ് അധ്യാപകനുമായിരുന്ന പി.കെ. കുര്യന്‍സാര്‍ വഴി ഞാന്‍ പരിചയപ്പെട്ട ടി.കെ. ദേവസ്യസാറായിരുന്നു തിരുവനന്തപുരത്ത് ഈശോസഭക്കാര്‍ തുടങ്ങിയ ലൊയോള കോളജിലെ മലയാളം പ്രൊഫസര്‍. അദ്ദേഹത്തിന്, അവിടെ ലക്ചററായി ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു ഞാനെഴുതി. അങ്ങോട്ടു ചെന്നു പ്രിന്‍ സിപ്പലിനെ കാണാന്‍ അദ്ദേഹം ഉപദേശിച്ചു. ശ്രീകാര്യത്താണ് സ്ഥാപനം. ഞാനവിടെയെത്തി പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് ഐക്കരയെ കണ്ടു. ഇംഗ്ലീഷ് എം.എ. കൂടി പാസായ കാര്യം പറഞ്ഞപ്പോള്‍ രണ്ടു ഭാഷകളും പഠിപ്പിക്കേണ്ടിവരും, ചെന്നോളാന്‍ പറഞ്ഞു.

തേവരയില്‍ നിന്ന് 1965 മേയ് അവസാനം പിരിച്ചുവിടുമെന്ന നോട്ടീസ് കിട്ടിയിരുന്നു. പ്രിന്‍സിപ്പലി നെ കണ്ടപ്പോള്‍ അവിടെ തുടരണമെങ്കില്‍ പുനര്‍ നിയമനം നല്‍കാം, ഇംക്രിമെന്റ് നഷ്ടപ്പെടുമെന്നു പറഞ്ഞു. ലൊയോളയില്‍ ഇംക്രിമെന്റോടെ നിയമിക്കാമെന്നു സമ്മതിച്ചിരുന്നു. അങ്ങനെ 1965 ജൂണ്‍ ആദ്യം തേവരയെത്തി മേയിലെ ശമ്പളം വാങ്ങി പ്രിന്‍ സിപ്പലിനോട് യാത്ര പറഞ്ഞു. മലേഷ്യസച്ചന്‍ കാ ണാന്‍ വിസമ്മതിച്ചത് ഒരു വേദനയായി ശേഷിച്ചു. ഞാന്‍ പുസ്തകങ്ങളും മറ്റുമായി തിരുവനന്തപുരത്തേക്ക് ട്രെയിന്‍ പിടിച്ചു. മുഖമാകെ നിറഞ്ഞു ചിരിക്കുന്ന കെ.ജെ. വര്‍ക്കി സാര്‍ കൂത്തുപറമ്പു കോളജില്‍ കുടിയേറിയെന്നു പിന്നീടറിഞ്ഞു!

മേയ് മാസത്തില്‍ ഇംഗ്ലീഷ് എം.എ.യുടെ വൈവ മഹാരാജാസില്‍വച്ച് കഴിഞ്ഞിരുന്നു. എനിക്ക് പാസ് മാര്‍ക്ക് തന്നു.

തിരുവനന്തപുരം സെന്‍ട്രലില്‍ ട്രെയിനിറങ്ങി ലൊയോള കോളജുള്ള ശ്രീകാര്യത്തേക്കു ബസ്സില്‍ പോയി. കോളജില്‍ പ്രിന്‍സിപ്പലിന്റെയടുത്തു റിപ്പോര്‍ട്ട് ചെയ്തു. ദേവസ്യ സാറിനെയും കണ്ടു. എം.എസ്.ഡബ്ല്യുവിന്റെയും മറ്റും സീനിയര്‍ ക്ലാസ്സുകളേ തുടങ്ങിയിട്ടുള്ളൂ. ശ്രീകാര്യം ജങ്ഷനടുത്ത്, ചെമ്പഴന്തി എസ്.എന്‍. കോളജധ്യാപകര്‍ താമസിക്കുന്ന കെട്ടിടത്തിലെത്തി താമസസൗകര്യം ഉറപ്പാക്കി. ലൊയോളയിലെ മറ്റൊരധ്യാപകനും അവിടെയുണ്ട്. രണ്ടുമാസം കഴിഞ്ഞ് പ്രീഡിഗ്രി, ഡിഗ്രി ക്ലാസ്സുകളടങ്ങിയ കോളജ് കഴക്കൂട്ടത്തിനും തുമ്പയ്ക്കും അടുത്തുള്ള പള്ളിത്തുറയിലേക്കു മാറ്റുമെന്നും ശ്രീകാര്യത്ത് സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും റെസിഡന്‍ഷ്യല്‍ സ്‌കൂളുമേ ഉണ്ടാകൂ എന്നും അറിഞ്ഞു. എനിക്കു പഠിപ്പിക്കാന്‍ അധികം ക്ലാസ്സുകളില്ല. പ്രീഡിഗ്രി ആദ്യവര്‍ഷക്കാര്‍ക്ക് രണ്ട് ഇംഗ്ലീഷ് ക്ലാസ്സുകള്‍. ഡിഗ്രിക്കും പ്രീഡിഗ്രിക്കുമായി അഞ്ചു മലയാളം ക്ലാസ്സുകള്‍. പിന്നെയുള്ളത് ഇംഗ്ലീഷ് കോംപോസിഷന്‍ ബുക്കു നോട്ടമാണ്. അതിന് ഒരു ട്യൂട്ടര്‍ കൂടിയുണ്ട്. കുട്ടികളെക്കൊണ്ടു മലയാളം എഴുതിച്ചു നോക്കി കൊടുക്കുന്ന ശീലം തുടങ്ങാന്‍ ഈ അനുഭവം പ്രേരകമായി. തേവരപോലെ അതും ആണ്‍ കുട്ടികള്‍ മാത്രമുള്ള കോളജായിരുന്നു.

പള്ളിത്തുറയിലെ കോളജിന്റെ പേര് സെന്റ് സേവ്യേഴ്‌സ് എന്നാക്കി. കാംപസ് ഒരു മണലാരണ്യത്തിനു നടുവിലെ ചില കെട്ടിടങ്ങളായിരുന്നു. കഴക്കൂട്ടത്തു താമസിച്ചുനോക്കി. നടപ്പുകൂടുതല്‍. സിറ്റിയിലേക്കു മാറാന്‍ തീരുമാനിച്ചു. കോളജ് ബസ്സില്‍ വന്നുപോകാം. പുതിയ സ്ഥലത്ത് ഒരു ഫാ. വര്‍ക്കിയാണ് പ്രിന്‍സിപ്പല്‍. ഐക്കരയച്ചന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ശ്രീകാര്യ ത്തു തുടര്‍ന്നു. ക്ലാസ്സില്ലാത്ത ഒരു ദിവസം കോളജില്‍ ചെല്ലാതെ ആ ദിവസത്തെ ഒപ്പ് പിറ്റേന്നിട്ടു. അതു ഫാ. വര്‍ക്കി കണ്ടെത്തി ലീവെടുക്കാന്‍ പറഞ്ഞു. ഞാന്‍ ലീവെഴുതി കൊടുത്തു. അതൊരു തെറ്റും മാനക്കേടുമായി. എനിക്കിങ്ങനെ തെറ്റുകള്‍ പറ്റുന്നല്ലോ എന്നോര്‍ത്തു ദുഃഖിച്ചു; അനുതപിച്ചു. അങ്ങനെയിരിക്കെ ഗവ. സര്‍വീസിലേക്കുള്ള പി.എസ്.സി. ഇന്റര്‍വ്യുവിനു ക്ഷണക്കത്തു കിട്ടി. ട്യൂട്ടര്‍ പോസ്റ്റാണ്. സാരമില്ല മഹാരാജാസിലോ, മറ്റോ എത്താമല്ലോ എന്നു കരുതി. എന്‍. കൃഷ്ണപിള്ള സാറായിരുന്നു ഭാഷാ വിദഗ്ധനായി വന്നത്. എനിക്കിഷ്ടമുള്ള വിഷയം എന്താണെന്നു ചോദിച്ചിട്ട് അതില്‍നിന്നു മാത്രമേ അദ്ദേഹം ചോദിച്ചുള്ളു. എല്ലാറ്റിനും നന്നായി മറുപടി നല്‍കി. എനിക്ക് ഒന്നാം റാങ്ക് തന്നെ കിട്ടി. അതൊരു പാഠമായിരുന്നു. പിന്നീട് ഞാന്‍ നടത്തിയിട്ടുള്ള ഇത്തരം ഇന്റര്‍വ്യുകളിലും വൈവയ്ക്കും ഉദ്യോഗാര്‍ഥിക്ക് അഥവാ വിദ്യാര്‍ ത്ഥിക്ക് ഇഷ്ടമുള്ള വിഷയം ചോദിച്ചിട്ട് അതില്‍ നിന്നേ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നുള്ളു.

ലൊയോള ബസ്സിലെ എന്റെ സഹയാത്രികന്‍ ഇംഗ്ലീഷിലെ മൊറെയ്‌സ് സാറായിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ സ്റ്റോപ്പില്‍ നിന്നു ഞങ്ങള്‍ കയറും. അതിനടുത്തൊരു ലോഡ്ജിലാണ് എനിക്ക് മുറി കിട്ടിയത്. രാത്രി ഭക്ഷണം കഴിഞ്ഞ് മൊറെയ്‌സ് സാര്‍ അവിടെ വരുമായിരുന്നു. നെയ്യാറ്റിന്‍കരക്കാരന്‍. വീട്ടില്‍ സഹോദരിമാത്രം. ഒഴിവു ദിവസം അങ്ങോട്ടു പോകും. എനിക്ക് വടകര, മടപ്പള്ളി കോളജിലേക്ക് ഫെബ്രുവരി മാസത്തില്‍ നിയമനോത്തരവു കിട്ടി. ഉടനെ പോകണോ അതോ ജൂണില്‍ മതിയോ എന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ. ഭാസ്‌കരന്‍ നായരെ കണ്ടു ചോദിച്ചു. ഉടന്‍ പോകാന്‍ പറഞ്ഞതിനാല്‍ സെന്റ് സേവ്യഴ്‌സ്‌നോടു വിടയും വിടുതല്‍ സര്‍ട്ടിഫിക്കറ്റും ശമ്പളവും വാങ്ങി മൊറെയ് സാറിനും മറ്റും ഒരു പാര്‍ട്ടി നല്‍കി, അവരോടൊപ്പം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി മലബാര്‍ എക്‌സ്പ്രസ്സില്‍ കയറി മടപ്പള്ളിയിലേയ്ക്കു യാത്രയായി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org