അലോസരപ്പെടുത്തുന്നതാണെങ്കിലും കത്തോലിക്കാ പ്രബോധനം സുവിശേഷാധിഷ്ഠിതമാണ്

അലോസരപ്പെടുത്തുന്നതാണെങ്കിലും കത്തോലിക്കാ പ്രബോധനം സുവിശേഷാധിഷ്ഠിതമാണ്

ഒരു ശല്യമായി മാറുന്നുണ്ടെന്നറിഞ്ഞുകൊണ്ടു തന്നെ കുറെ അഭ്യര്‍ത്ഥനകള്‍ ദൈവനാമത്തില്‍ ഞാന്‍ നടത്തുകയാണ്. മരുന്നു കമ്പനികള്‍ കോവിഡ് വാക്‌സിനുകളുടെ ബൗദ്ധികസ്വത്തവകാശം വിട്ടുകൊടുക്കണം. ദരിദ്രരാജ്യങ്ങളുടെ കടബാദ്ധ്യതകള്‍ റദ്ദാക്കണം. വനങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും മലനിരകളുടെയും തകര്‍ച്ചയും നദി-സമുദ്ര മലിനീകരണവും ഒഴിവാക്കാന്‍ ഖനന, എണ്ണ, റിയല്‍ എസ്റ്റേറ്റ്, വന്‍കിട ഭക്ഷ്യോത്പാദക കമ്പനികള്‍ തയ്യാറാകണം. ആയുധ നിര്‍മ്മാതാക്കളും വ്യാപാരികളും അവരുടെ പ്രവര്‍ത്തനം പൂര്‍ണമായി നിറുത്തണം. ടെലികോം ഭീമന്മാര്‍ അവരുടെ സേവനങ്ങള്‍ ദരിദ്രരാജ്യങ്ങളിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഠനാവശ്യങ്ങള്‍ക്കായി സുഗമമായി ലഭ്യമാക്കണം. സത്യാനന്തരയുക്തി മാധ്യമങ്ങള്‍ ഉപേക്ഷിക്കുകയും തെറ്റായ വിവരങ്ങളും അപകീര്‍ത്തിയും വ്യക്തിഹത്യയും പ്രചരിപ്പിക്കുന്നതു നിറുത്തുകയും ചെയ്യണം. തൊഴില്‍ ദിനത്തിന്റെ മണിക്കൂറുകള്‍ കുറച്ചുകൊണ്ടാണെങ്കില്‍ പോലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. തൊഴില്‍ ദിനത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ 12 ഉം 14 ഉം 16 ഉം മണിക്കൂര്‍ ആയിരുന്നു ജോലിസമയം. അത് 8 മണിക്കൂറാക്കുക എന്ന അവകാശം തൊഴിലാളികള്‍ നേടിയെടുത്തപ്പോള്‍, പലരും പ്രവചിച്ചിരുന്നതുപോലെ ഒന്നും ഇടിഞ്ഞു വീണില്ല. അതുകൊണ്ട്, തൊഴില്‍ സമയം ഇനിയും കുറയ്ക്കുകയും അപ്രകാരം കൂടുതല്‍ പേര്‍ക്ക് തൊഴില്‍ വിപണിയിലേയ്ക്കു കടന്നു വരാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്യണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു. മാലിന്യം ശേഖരിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാത്തരം തൊഴിലാളികള്‍ക്കും ജീവിക്കാനുള്ള കൂലി ലഭിക്കുന്നുവെന്നുറപ്പാക്കണം.
ദാരിദ്ര്യം, കുടിയേറ്റം, പരിസ്ഥിതി തുടങ്ങിയ സാമൂഹ്യവിഷയങ്ങളിലെ കത്തോലിക്കാ പ്രബോധനം ഞാന്‍ പ്രചരിപ്പിക്കുന്നത് ആളുകളെ അലോസരപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ ഞാനതു തുടരും. കാരണം സുവിശേഷം അതാവശ്യപ്പെടുന്നു. പാവപ്പെട്ടവരോടുള്ള പക്ഷംചേരല്‍, മാനവൈക്യം, പങ്കാളിത്തം, പൊതുനന്മ തുടങ്ങിയവയെല്ലാം സുവിശേഷസന്ദേശത്തിന്റെ ആവിഷ്‌കാരങ്ങളാണ്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനും തുല്യത സ്ഥാപിക്കുന്നതിനും മനുഷ്യജീവന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ ചെറുത്തുനില്‍പുകള്‍ നേരിടുന്നുണ്ട്. കത്തോലിക്കാ സാമൂഹ്യപ്രബോധനം 'പാപത്തിന്റെ ഘടനകള്‍' എന്നു വിശേഷിപ്പിക്കുന്നവയില്‍ നിന്നാണ് ഈ ചെറുത്തുനില്‍പുകള്‍. ഈ ഘടനകള്‍ മാറണം. ഇതിന് വ്യക്തിപരമായ മാനസാന്തരം ആവശ്യമാണ്. എന്നാല്‍, സാമൂഹ്യ-സാമ്പത്തിക സംവിധാനങ്ങള്‍ മാനുഷീകമുഖമുള്ളവയായി മാറുക എന്നതും ആവശ്യമാണ്. കാരണം പല സംവിധാനങ്ങള്‍ക്കും മാനുഷീകമുഖം നഷ്ടമാകുന്നുണ്ട്.
ഞാനിപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്ന തത്വങ്ങള്‍ മാനവീകവും ക്രൈസ്തവവും കത്തോലിക്കാസഭയുടെ സാമൂഹ്യപ്രബോധനസംഗ്രഹത്തില്‍ ഉള്ളതുമാണ്. ചില സമയങ്ങളില്‍ മാര്‍പാപ്പാമാര്‍ -അതു ഞാനോ ബെനഡിക്ട് പതിനാറാമനോ ജോണ്‍ പോള്‍ രണ്ടാമനോ ആരുമാകട്ടെ- എന്തെങ്കിലും പറയുമ്പോള്‍ ഇവര്‍ക്കിത് എവിടെ നിന്നു കിട്ടുന്നുവെന്ന് ആളുകള്‍ അത്ഭുതപ്പെടാറുണ്ട്. ഇതു സഭയുടെ പരമ്പരാഗത പ്രബോധനം തന്നെയാണ്.
(വിവിധ ജനകീയ സന്നദ്ധ പ്രസ്ഥാനങ്ങളുടെ ആഗോള സമ്മേളനത്തിനയച്ച സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org