മാറ്റമാണ് വഴി, വാക്കാണ് വാതില്‍

ആഗോളസിനഡ് 2021-2023
മാറ്റമാണ് വഴി, വാക്കാണ് വാതില്‍

ഓരോ മനുഷ്യന്റേയും തൊട്ടരുകില്‍, ഒന്നു തിരിഞ്ഞാല്‍ കാണാവുന്നത്ര അടുത്ത്, ദൈവരാജ്യത്തിലേക്ക് തുറക്കുന്ന ഒരു വാതില്‍ പണിതുവച്ചിട്ടുണ്ട് തച്ചന്റെ മകനായി വന്ന ദൈവപുത്രന്‍. കണ്‍വെര്‍ഷന്‍ - മനഃപരിവര്‍ത്തനം, അതാണ് ആ ഇടുങ്ങിയ വാതില്‍. ആയിരിക്കുന്നതില്‍ നിന്ന് ആയിത്തീരേണ്ടതിലേക്ക് എത്തിച്ചേരാന്‍ മാറ്റത്തിന്റെ വഴിയെടുക്കണം. മാറ്റത്തിലൂടെ മുമ്പോട്ടുപോകാന്‍ മടിക്കുന്നവര്‍ നിന്നിടത്തുനിന്നു വട്ടം തിരിയും. ആഗോള സിനഡിന്റെ ലക്ഷ്യം വിശദമാക്കുന്ന ഒരുക്കരേഖയുടെ രണ്ടാം ഖണ്ഡികയില്‍ ഏറെ ഘനമുള്ള ആ പ്രയോഗത്തില്‍ നാമെത്തുന്നു - സിനഡല്‍ കണ്‍വെര്‍ഷന്‍. സഭ സിനഡലായി മാറുന്ന ആന്തരിക പരിവര്‍ത്തനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

സഭയ്ക്ക് സിനഡലായിത്തീരാന്‍ എത്ര നാള്‍ വേണം? സഭകളോട് സംസാരിക്കുന്ന പരിശുദ്ധാത്മാവിനോടും, സഭയ്ക്കകത്തും പുറത്തുമുള്ള സകലരോടും, സംവദിച്ചുകൊണ്ടുള്ള നല്ല നടത്തം പരിശീലിക്കാന്‍ മൂന്നു വര്‍ഷങ്ങളാണ് കത്തോലിക്കാ സഭ നീക്കിവച്ചിരിക്കുന്നത്. യേശുവിനോടും യേശുവിനെ അനുഗമിച്ച ജനക്കൂട്ടങ്ങളോടുമൊപ്പം നടന്നു തുടങ്ങിയതു മുതല്‍ പന്തക്കുസ്താ നാളില്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് യേശുസാക്ഷികളായി മാറിയതുവരെയുള്ള ശിഷ്യരുടെ ജീവിതകാലയളവ് മൂന്നു വര്‍ഷമായിരുന്നു. ചുങ്കം പിരിച്ചിരുന്നവര്‍ക്കും മീന്‍പിടിച്ചിരുന്നവര്‍ക്കും മനുഷ്യരെ പിടിക്കാന്‍ യേശുകര്‍ത്താവുതന്നെ പരിശീലനം നല്കിയ മൂന്നു വര്‍ഷങ്ങള്‍.

നിനവേയില്‍ എല്ലാവരും സംസാരിച്ചു, എല്ലാവരും ശ്രവിച്ചു, എല്ലാവര്‍ക്കും മാറ്റമുണ്ടായി. ജനത്തിനും പ്രവാചകനും ദൈവത്തിനും പരിവര്‍ത്തനമുണ്ടായ നിനവേ ദിനങ്ങളാണ് സിനഡു വര്‍ഷങ്ങളില്‍ സംഭവിക്കേണ്ടത്.

ദൈവത്തോടൊപ്പം ഒറ്റയ്ക്കു നടക്കാനുള്ള പ്രലോഭനമാണ് സിനഡല്‍ കണ്‍വെര്‍ഷനെ ഉള്ളില്‍ നിന്നും തടയുന്ന ഒരു അജ്ഞാതശക്തി. ബ്രദറണ്‍ ഓഫ് ദ സ്പിരിറ്റ് എന്നൊരു ആത്മീയ മുന്നേറ്റം മധ്യകാല യൂറോപ്പിലുണ്ടായിരുന്നു. ആത്മാവിനാല്‍ സ്വതന്ത്രരാക്കപ്പെട്ടവര്‍ എന്നവകാശപ്പെട്ടുകൊണ്ട് സഭ അത്യാവശ്യമല്ലെന്ന് ചിന്തിച്ചവരായിരുന്നു ഈ മുന്നേറ്റത്തിലുണ്ടായിരുന്നത്. ദൈവവുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുമെന്ന് വാദിച്ച ഇവര്‍ക്ക് ബോധപൂര്‍വ്വം ഒഴിവാക്കേണ്ട ഒരു അനാവശ്യ ഇടനിലക്കാരി മാത്രമായിരുന്നു സഭ. ക്ലെമന്റ് അഞ്ചാമന്‍ പാപ്പ ഈ മുന്നേറ്റവും അതിന്റെ പ്രബോധനങ്ങളും തെറ്റെന്ന് പഠിപ്പിച്ചു. അതുപോലെ തന്നെ, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി നല്കിയ സന്യാസ ജീവിതനിയമങ്ങള്‍, പ്രത്യേകിച്ച് ദാരിദ്ര്യത്തെ സംബന്ധിച്ചവ, കടുത്ത കണിശതയോടെ വ്യാഖ്യാനിച്ച ഫ്രാത്തിച്ചേലി എന്ന വിഭാഗവും സമ്പത്തുപയോഗിക്കുന്നുവെന്ന പേരില്‍ സഭയേയും ലോകത്തേയും തള്ളിപ്പറഞ്ഞവരാണ്. ബോനിഫസ് എട്ടാമന്‍ പാപ്പ ഈ നിലപാടിനേയും പാഷണ്ഡതയായി പ്രഖ്യാപിച്ചു. ദൈവത്തിന്റെ പേരില്‍ പോലും ദൈവത്തിന്റെ ജനത്തെ അവഗണിക്കാന്‍ പാടില്ല. 'നിന്റെ സഹോദരനെവിടെ' എന്ന ചോദ്യത്തിലെ ദൈവമനസ്സിന്റെ വേവും ചൂടും 'നീ നിന്റെ സഹോദരരിലേക്ക് തിരിയുക' എന്ന പത്രോസിനോടുള്ള യേശുവിന്റെ നിര്‍ദ്ദേശത്തിലും ആറാതെ നില്പുണ്ട്.

മൂന്നു വര്‍ഷങ്ങള്‍ മൂന്നു ദിനങ്ങള്‍ കണക്കെ കടന്നുപോകും. ഒരു മൂന്നുനോമ്പിലേക്കെന്നപോലെ സഭ സിനഡിലേക്ക് പ്രവേശിക്കണം. തന്നിഷ്ടപ്രകാരം ഓടിപ്പോയിടത്തു നിന്നും ദൈവേഷ്ടത്തിന്റെ തീരത്തേക്ക് അത്ഭുതകരമായി എത്തിച്ചേരാന്‍ യോന പ്രവാചകനെടുത്തത് മൂന്നു ദിവസമാണ്. അവനില്‍ നിന്നും ദൈവസ്വരം കേട്ട് രക്ഷപ്രാപിക്കാന്‍ കാത്തിരുന്ന ഒരു ജനവും, അവനിനിയും പഠിക്കാത്ത കരുണയുടെ പാഠങ്ങള്‍ അവനെ പഠിപ്പിക്കാന്‍ ദൈവമൊരുക്കിയ ഇടവും, ആ തീരത്തിനടുത്തായിരുന്നു. നിനവേയില്‍ എല്ലാവരും സംസാരിച്ചു, എല്ലാവരും ശ്രവിച്ചു, എല്ലാവര്‍ക്കും മാറ്റമുണ്ടായി. ജനത്തിനും പ്രവാചകനും ദൈവത്തിനും പരിവര്‍ത്തനമുണ്ടായ നിനവേ ദിനങ്ങളാണ് സിനഡു വര്‍ഷങ്ങളില്‍ സംഭവിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org