ക്ഷമയുടെ നുകം

2023 ആഗോള സിനഡ് - ഒരു അവലോകനം - No. 5
ക്ഷമയുടെ നുകം

രാജാവും പുരോഹിതരും പ്രവാചകരും ജനവും ഒന്നുപോലെ തെറ്റുകാരായിത്തീര്‍ന്ന ഒരു കെട്ട കാലത്താണ് ശക്തമായ പ്രതീകവും വിശുദ്ധനായ പ്രവാചകനുമായി ജറമിയായെ ദൈവം അയക്കുന്നത്. അടിമത്തത്തിന്റെ നുകത്തിന് അല്പകാലത്തേക്ക് കഴുത്തു കുനിച്ചു കൊടുക്കാന്‍ ഉപദേശിക്കുന്ന ദൈവത്തെ ജനത്തിനും അവരുടെ നേതാക്കള്‍ക്കും മനസ്സിലായില്ല. സംഭവിക്കാനിരിക്കുന്നതിന്റെ അടയാളമായി ജറമിയ തന്റെ കഴുത്തില്‍ വഹിച്ച മരം കൊണ്ടുള്ള നുകം വ്യര്‍ഥമായ പ്രതാശ മാത്രം ജനങ്ങള്‍ക്കു നല്കുന്ന വ്യാജ പ്രവാചകര്‍ തകര്‍ത്തു കളഞ്ഞു. മരത്തിന്റെ നുകം നിങ്ങളൊടിച്ചാല്‍ ഇരുമ്പുനുകം ഞാന്‍ നിങ്ങളുടെ കഴുത്തില്‍ വക്കുമെന്നാണ് തിന്മനിറഞ്ഞ കാലത്ത് ശുഭാപ്തി വിശ്വാസം വില്‍ക്കാനെത്തിയ ഹനനിയായെപ്പോലുള്ള കള്ളനാണയങ്ങളോട് ദൈവം പറഞ്ഞത് (ജെറമിയാ 27, 28 അധ്യായങ്ങള്‍).

സമകാലീന സഭയും സമൂഹവും ചുമലില്‍ വഹിക്കേണ്ട ഒരു ഭാരത്തെക്കുറിച്ച് ഒരുക്കരേഖയുടെ ആറാം ഖണ്ഡികയില്‍ പരാമര്‍ശമുണ്ട് അധികാര രൂപങ്ങളെല്ലാം തങ്ങളുടെ അധീനതയിലുള്ള ദുര്‍ബലരെ നിര്‍ലജ്ജം ചൂഷണം ചെയ്യുന്ന ഒരു കറുത്ത സംസ്‌ക്കാരത്തിന്റെ ഭാരമാണത്. വിശ്വാസം പ്രഘോഷിക്കുന്നവരുടെ വിശ്വാസമില്ലായ്മയില്‍നിന്നും, സഭാ സംവിധാനങ്ങളുടെ ആന്തരിക ജീര്‍ണ്ണതയില്‍ നിന്നും ഒളിഞ്ഞിരുന്നല്ല സിനഡു സമ്മേളിക്കേണ്ടത്. ഒന്നിച്ചുള്ള യാത്രയില്‍ കൂട്ടത്തിലുള്ള ശക്തരാല്‍ ചവിട്ടിത്തേക്കപ്പെട്ടവരെ കാണണം, കേള്‍ക്കണം. തങ്ങളെത്തന്നെപ്പോറ്റുന്ന ഇടയന്മാര്‍ക്കും, ഇടയനില്ലാത്തതിനാല്‍ ചിതറിപ്പോയ ആടുകള്‍ക്കും മധ്യേ വിധി നടത്തുന്ന ഒരു ദൈവത്തെക്കുറിച്ച് എസക്കിയേല്‍ പ്രവചിച്ചിട്ടുണ്ട്. ദുര്‍ബലമായവയെ പാര്‍ശ്വം കൊണ്ടും ചുമലുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്ന കൊഴു ത്ത ആടുകള്‍ക്കെതിരേയും ദൈവത്തിന്റെ വിധി വരുന്നുണ്ട് (എസക്കിയേല്‍ 34-ാം അധ്യായം).

വളര്‍ത്താനും തിരുത്താനുമായി നല്കപ്പെടുന്ന അധികാരത്തിന്റെ വരങ്ങള്‍ അധിശത്വം കാണിക്കാനും ചൂഷണം ചെയ്യാനുമായി ഉപയോഗപ്പെടുത്തുന്നവര്‍ അജപാലന സംവിധാനങ്ങളെ സ്വാര്‍ത്ഥമായ ദുരുപയോഗങ്ങള്‍ക്കുള്ള ഇടങ്ങളാക്കുകയാണ് ചെയ്യുന്നത്. ശക്തിയുടേയും സമ്പത്തിന്റേയും ലൈംഗീകതയുടേയും മനസാക്ഷിയുടേയും ദുരുപയോഗങ്ങള്‍ ക്ക് ഇരകളായവര്‍ അനേകരുണ്ട് സഭയിലും സമൂഹത്തിലും. ഈ ഇരകള്‍ ശരീരത്തിലും ആത്മാവിലും വഹിക്കുന്ന ആഴത്തിലുള്ള മുറിവുകള്‍ സുഖപ്പെടാന്‍ ബുദ്ധിമുട്ടാണ്. എത്ര മാപ്പപേക്ഷിച്ചാലും മതിയാകാത്ത തെറ്റുകള്‍ സഭയുടെ ഒരുമിച്ചുള്ള യാത്രയില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കും. വൈദിക മേധാവിത്വത്തിന്റെ വികൃതമായ വകഭേദങ്ങള്‍ സര്‍വ്വത്ര വ്യാപിച്ച ഒരു സംസ്‌കാരത്തിന്റെ ഭാരം താങ്ങാന്‍ സഭാംഗങ്ങള്‍ എല്ലാവരുേടയും ചുമലുകള്‍ ഒന്നിച്ചു താഴ്‌ന്നേ മതിയാകൂ.

കുറ്റം കുറവുകളുടെ ഭാരമേറിയ നുകം കഴുത്തില്‍ കെട്ടിവച്ചുകൊണ്ട് നിരാശയുടേയും നാശത്തിന്റേയും കടലാഴങ്ങളിലേക്ക് പരസ്പരമെറിയാനുള്ള സമയമല്ല സിനഡു ദിനങ്ങള്‍. മറിച്ച്, ദൈവകരുണാസാഗരത്തിന്റെ തീരത്തിരുന്ന് പരസ്പരം കെട്ടുകളഴിക്കാന്‍ പ്രേരിപ്പിക്കുന്ന അനുതാപത്തിന്റേയും ആശ്വാസത്തിന്റെയും അനുഭവങ്ങളിലേക്കാണ് സിനഡ് സഭ യെ നയിക്കേണ്ടത്. ദക്ഷിണാഫ്രിക്കയിലെ ബബേംമ്പ ഗോത്രത്തില്‍ തികച്ചും സിനഡല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരു കര്‍മ്മമുണ്ട്. ഗോത്രത്തിലെ ആര്‍ക്കെങ്കിലും തെറ്റു പറ്റുകയും ചെയ്ത തെറ്റിനെക്കുറിച്ചുള്ള അനുതാപം കൊണ്ട് അയാള്‍ തളര്‍ന്നുപോവുകയും ചെയ്യുമ്പോള്‍ അയാളുടെ സഹായത്തി ന് ഗോത്രവാസികളെല്ലാവരുമെത്തും. മറ്റെല്ലാ ജോലികളും മാറ്റിവച്ച് സ്‌നേഹസംഭാഷണത്തിന്റെ ഒരു വലയം സൃഷ്ടിക്കാന്‍ അവര്‍ വിജനമായൊരിടത്തേക്കു വരും. കുറ്റഭാരംകൊണ്ട് കൂനിപ്പോയവനെ നടുവില്‍ നിറുത്തിയിട്ട് അവന്‍ ജീവിതത്തില്‍ എന്നെങ്കിലും എപ്പോഴെങ്കിലും അറിഞ്ഞൊ അറിയാതെയോ ചെയ്തിട്ടുള്ള നന്മകള്‍ ഓരോന്നായി എണ്ണിപ്പറയും. വാടിക്കരിഞ്ഞു തുടങ്ങിയ ഒരു ചെടിയെ വെള്ളവും തണലും നല്കി പരിചരിക്കുന്നതുപോലെ, സമൂഹമൊന്നിച്ച് അവനെ ജീവിതത്തിലേക്ക് വീണ്ടെടുക്കും. സഭയെന്ന സ്‌നേഹസംഭാഷണ വലയത്തിനകത്ത് നിറുത്തിയാല്‍ തെറ്റുകാര്‍ക്കും തെറ്റിനിരയായവര്‍ക്കും നന്മനിറഞ്ഞ ജീവിതത്തിലേക്ക് പുനര്‍ജനിക്കാനാകും.

ബൈബിളിലെ അവസാനത്തെ പ്രവചനവും അടയാളവും ജറമിയായുടേതല്ല, ഈശോയുടേതാണ്. തന്നെ അനുഗമിക്കുന്നവര്‍ വഹിക്കേണ്ട ഒരു നുകത്തെക്കുറിച്ച് ഈശോയും പറയുന്നുണ്ട് (മത്താ. 11:29-30). ഇരുമ്പു നുകമല്ല, വഹിക്കാനെളുപ്പമുള്ളതും നന്നേ ലഘുവുമായ ഒരു നുകം. എണ്ണിപ്പറയാന്‍ തിന്മകള്‍ ഏറെയുണ്ടായിരിക്കെത്തന്നെ, പഴയതും വരാനിരിക്കുന്നതുമായ നന്മകളെ സ്മരിക്കുന്ന ക്ഷമയല്ലാതെ മറ്റെന്താണ് ആ നുകം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org