ഞാന്‍ ബാധ

ഞാന്‍ ബാധ

ഒറ്റയ്ക്കു നടക്കുന്നതില്‍നിന്ന് ഒന്നിച്ചു നടക്കുന്നതിലേക്കുള്ള മാറ്റമാണ് ആഗോളസിനഡ് ലക്ഷ്യം വയ്ക്കുന്ന വിപ്ലവം. കൂട്ടത്തിലുള്ള എല്ലാവരും കൂട്ടായ്മയിലല്ല എന്ന സത്യത്തിന്റെ നിര്‍ബന്ധം മൂലമാണ് സിനഡാത്മകതയെക്കുറിച്ച് പര്യാലോചിക്കാന്‍ വേണ്ടി ഒരു സിനഡ്തന്നെ സമ്മേളിക്കേണ്ടി വന്നത്. ഒരു നിശ്വാസംകൊണ്ട് പരസ്പരം തൊടാവുന്നത്ര അടുത്തിരിക്കുന്നവരുടെ ഇടയില്‍ ഒന്നു രണ്ടു ആഴ്ചകള്‍ കൊണ്ടുപോലും നടന്നെത്താനാവാത്ത ദൂരം വന്നുചേര്‍ന്നിരിക്കുന്നു. ഒന്നിച്ചിരുന്നിട്ടും ഒരുമിച്ചുണ്ടിട്ടും ഒരുമമാത്രം ഉണ്ടാകുന്നില്ല. എന്താണിതിന്റെ കാരണം? അകലങ്ങള്‍ സൃഷ്ടിക്കുന്ന അദൃശ്യ അത്ഭുതത്തിന്റെ പേരെന്താണ്? പരസ്പരമകലുന്നവര്‍ എവിടേക്കാണ് അടുക്കുന്നത്.

സഭയ്ക്കകത്തുള്ളവര്‍ക്കു മാത്രമല്ല സഭയ്ക്കു പുറത്തുള്ളവര്‍ക്കും ഒരുമിച്ചുള്ള നടപ്പിനെക്കുറിച്ച് പറയാനുള്ളത് കേള്‍ക്കണമെന്ന് ആഗോളസിനഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരുപക്ഷെ, നാം കേള്‍ക്കേണ്ട സുപ്രധാനമായ ചിലതൊക്കെ പി.എന്‍. ഗോപീകൃഷ്ണന്റെ ''അഭ്യര്‍ത്ഥന'' എന്ന കവിതയ്ക്ക് പറയാനുണ്ട് (മാതൃഭൂമി ആഴ്ചപതിപ്പ്, ഡിസംബര്‍ 12, 2021, പേജ് 24-25). ഒരുമ പുലരാത്തത് എന്തുകൊണ്ടെന്ന് ആത്മാര്‍ത്ഥമായി ആകുലെപ്പടുന്നവരുണ്ടെങ്കില്‍, ഈ കവിത വായിക്കേണ്ടതുതന്നെയാണ്. എനിക്കപ്പുറമൊന്നും ആവശ്യമില്ലാത്ത ഒരു എന്നെ ഈ കവിത നമുക്ക് കാണിച്ചുതരും. 'എന്നെ ബഹുമാനിതനാക്കാന്‍ എനിക്കുവേണ്ടി കുനിഞ്ഞു നില്‍ക്കുന്ന ഞാന്‍'; 'എന്നെ പ്രിയങ്കരനാക്കാന്‍ എനിക്കുവേണ്ടി പല്ലിളിക്കുന്ന ഞാന്‍'; 'എന്നെ അധിപനാക്കാന്‍ എന്റെതന്നെ ക്വട്ടേഷനെടുക്കുന്ന ഞാന്‍'; ...മറ്റാരും മറ്റൊന്നും ഇല്ലാത്ത എന്റെ മാത്രം ലോകത്തില്‍ ഞാനാടുന്ന വേഷങ്ങള്‍ കണ്ണാടിയിലെന്നപോലെ കാണാം ഈ കവിതയില്‍.

ജീവിതത്തിന്റെ എല്ലാ തലങ്ങളിലും മേഖലകളിലും ഞാന്‍ മാത്രം ഭരിക്കുന്ന ഭീകരാവസ്ഥ സംജാതമായിരിക്കുന്നു; 'ഞാന്‍ എനിക്കുവേണ്ടി ന്യായീകരിച്ചത് സ്വര്‍ഗ്ഗത്തിലായിരുന്നെങ്കില്‍, ഉറപ്പ്, ദൈവം എന്റെ കോളനി പ്രജ ആയേനെ' എന്ന വരികള്‍ ഉള്‍ക്കിടലത്തോടെയല്ലാതെ വായിക്കാന്‍ ഒരു ദൈവശാസ്ത്രജ്ഞനും കഴിയില്ല. അവസരത്തിനൊത്ത് അടവുനയങ്ങള്‍ മെനയുന്നവരുടേയും വ്യാഖ്യാനങ്ങള്‍കൊണ്ട് വസ്തുതകളെ ഒറ്റുകൊടുക്കുന്നവരുടേയും യഥാര്‍ത്ഥ യജമാനന്‍ ദൈവമല്ല, അവനവന്‍ തന്നെയാണ്.

ഞാനൊഴികെ എന്തിനേയും ആരേയും ത്യജിക്കാന്‍ ഞാന്‍ബാധയുള്ള മനുഷ്യര്‍ക്ക് എളുപ്പം കഴിയും; ആചരിച്ചുവന്ന ആത്മീയത എന്നിലെ എന്നെ അതിജീവിക്കാന്‍ കഴിയാതെ സ്വയം മുരടിക്കും. അങ്ങനെയുള്ളവരുടെ നിഷ്ഠകളും തപശ്ചര്യകളും അവര്‍ക്കു നല്കുന്ന ആത്മീയപരിവേഷത്തിനു മുമ്പില്‍ ആദരവോടെ കൈകൂപ്പി നില്‍ക്കുന്നവര്‍ അറിയുന്നില്ല, അകത്ത് അണുവിട അഴിയാത്ത, അയയാത്ത ഒരു 'ഞാന്‍' ഇരുപ്പുണ്ടെന്ന്. 'ഞാനെന്ന ലഹരി നുണഞ്ഞ്, ഞാനെന്ന സംഗീതമാസ്വദിച്ച്, ഞാനെന്നെ അന്‍പോടെ ഊട്ടി' സ്വസ്ഥമായി വാഴുന്ന എന്റെ അകം എന്ന ആത്മരതിയുടെ ഇടം - അതാണ് എന്റെ ലോകം, എന്റെ യഥാര്‍ത്ഥ ലോകം. ബാക്കിയെല്ലാം ഞാന്‍ വേട്ടക്കിറങ്ങുന്ന കാട് മാത്രം. അങ്ങനെയൊരു ലോകത്ത്, കവി ചോദിക്കുന്നു, ''ഞാനെന്ന രാഷ്ട്രീയമുള്ളപ്പോള്‍ എന്തിനു ജനസഭകള്‍? ഞാനെന്ന പച്ചയുള്ളപ്പോള്‍ എന്തിനു മഴക്കാടുകള്‍?'' ഇത്തരം മനസ്ഥിതിയിലെത്തുമ്പോഴാണ് കൂട്ടായ്മയും കൂടിയാലോചനകളും അനാവശ്യമാണെന്ന് ഒരാള്‍ സ്വഭാവേന ചിന്തിച്ചു തുടങ്ങുന്നത്.

വാസ്തവത്തില്‍, അപരനോടുള്ള വിദ്വേഷവും നിസ്സംഗതയുമല്ല, അവനവനോടുള്ള സ്‌നേഹക്കൂടുതലാണ് ഞാന്‍ബാധയുള്ളവരുടെ പ്രശ്‌നം.

പിശാചുബാധയുള്ളവരെ ഈശോയും ശിഷ്യരും സുഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഞാന്‍ബാധയുള്ളവരുടെ മുമ്പില്‍ ദൈവം നിസ്സഹായനായിപ്പോകും! എന്നില്‍നിന്ന് എന്നെ ബഹിഷ്‌ക്കരിക്കാന്‍ ഞാന്‍ തന്നെ മനസ്സാകണം. സ്വയം പരിത്യജിക്കുകയെന്നത് ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്കുള്ള മുന്‍ നിബന്ധനയാണ്. അങ്ങനെ നോക്കുമ്പോള്‍, സഭാത്മകതയുടെയും സിനഡാത്മകതയുടെയും ആദ്യപടി ഞാന്‍ ബാധയൊഴിപ്പിക്കലാണ്. ഇത് അവനവന്‍ ചെയ്യേണ്ട സ്വയം ത്യാഗമാണ്. ടാഗോര്‍ പാടിയതുപോലെ, ''മേലാല്‍ എന്നെ എനിക്കിനി ചുമക്കുവാന്‍ മേലാ'' എന്നു തോന്നി തുടങ്ങാനുള്ള കൃപയ്ക്കുവേണ്ടി എല്ലാവരും പരസ്പരം പ്രാര്‍ത്ഥിക്കണം. ഞാന്‍ബാധയേറ്റ് പരസ്പരം കടിച്ചുകീറുന്ന നമുക്ക് എന്നാണ് പൗലോസിനെപ്പോലെ പറയാന്‍ കഴിയുന്നത്: ''നിങ്ങളുടെ ബലിയുടേയും വിശ്വാസത്തില്‍ നിന്നുള്ള ശുശ്രൂഷയുടേയും മേല്‍ ഒരു നൈവേദ്യമായി എന്റെ ജീവന്‍ ചൊരിയേണ്ടി വന്നാല്‍ തന്നെയും, ഞാനതില്‍ സന്തോഷിക്കുകയും നിങ്ങളെല്ലാവരോടും കൂടെ ആനന്ദിക്കുകയും ചെയ്യും (ഫിലി. 2:17).

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org