സംസാരത്തില്‍ അവസാനിക്കാത്ത സിനഡ്

സംസാരത്തില്‍ അവസാനിക്കാത്ത സിനഡ്

സിനഡ് എന്ന പദവും സിനഡ് എന്ന അനുഭവവും തമ്മിലുള്ള ദൂരം വര്‍ദ്ധിപ്പിക്കാനാണൊ കുറയ്ക്കാനാണൊ സിനഡല്‍ പ്രക്രിയകള്‍ സഹായിക്കുക എന്ന് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. സിനഡ് എന്ന പദത്തിന് ഒന്നിച്ച് ഒരേ ദിശയിലുള്ള സഞ്ചാരം എന്നാണ് അര്‍ത്ഥം. അര്‍ത്ഥംകൊണ്ട് അത് സഭയുടെ പര്യായപദമാണ്. പരസ്പരം വെളിപ്പെടുത്തുന്ന സിനഡ്, സഭ എന്നീ പദങ്ങളുടെ ചേര്‍ത്തുവായന നമ്മുടെ ചിന്തയെ നന്നായി സന്തോഷിപ്പിക്കുമ്പോഴും സിനഡാത്മക അനുഭവം സ്വന്തമാക്കാനും നിലനിറുത്താനും നാമുമാകുന്ന സഭയ്ക്ക് കഴിഞ്ഞില്ലെങ്കിലോ? ''അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും'' എന്ന മട്ടിലാവുമൊ സിനഡല്‍ പ്രക്രിയകള്‍ സംഘടിപ്പിക്കുകയും അവയില്‍ പങ്കുചേരുകയും ചെയ്യുന്നവരുടെ വരുംകാല സഭാബോധം?

സിനഡ് ഒരു ജലരേഖയായി മാഞ്ഞുപോകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സഭയെടുത്തിട്ടുണ്ടെന്നതാണ് വാസ്തവം. പ്രാദേശികതല കൂടിയാലോചനകള്‍ 2023-ലെ മെത്രാന്‍ സിനഡിനുള്ള അടുത്ത ഒരുക്കമാണ്. ദൈവജനത്തിന്റെ വിവിധ തലങ്ങളിലുള്ള കൂടിവരവുകളില്‍ വെളിപ്പെട്ടു കിട്ടുന്ന കാര്യങ്ങളാണ് മെത്രാന്‍ സിനഡിന്റെ പ്രവര്‍ ത്തനരേഖയ്ക്ക് ആധാരമാകാന്‍ പോകുന്നത്. ദൈവജനത്തിന്റെ അധരങ്ങളിലൂടെ ദൈവാത്മാവ് പറയുന്ന കാര്യങ്ങളെക്കുറിച്ച് ദൈവത്തിന്റെ കൂട്ടുവേലക്കാരായ സഭാപിതാക്കന്മാര്‍ റോമിലെ സിനഡു ദിനങ്ങളില്‍ കൂടിയാലോചന നടത്തും. ഇതാണ്, സിനഡിന്റെ രണ്ടാം ഘട്ടം. തീഷ്ണമായ ആത്മീയവിവേചനത്തിന്റെ ആ വിശുദ്ധദിനങ്ങളില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ സഭാ ഘടകങ്ങളില്‍ നടപ്പിലാക്കുന്ന മൂന്നാം ഘട്ടം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നടപ്പിലാക്കലിന്റെ ഈ ഘട്ടത്തിലും, മുന്നൊരുക്കത്തിന്റെ സമയത്ത് സഹകാരികളായ ദൈവജനം മുഴുവ നും പ്രവര്‍ത്തനസജ്ജമാകേണ്ടതുണ്ട്.

തീരുമാനങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന ഒരു ഘട്ടം സിനഡിന്റെ ഭാഗമാണെന്ന അറിവ് നമ്മെ പ്രത്യാശകൊണ്ട് നിറയ്ക്കുന്നു. ''ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി, എങ്കി ലും നിങ്ങള്‍ നൃത്തം ചെയ്തില്ല'' (മത്താ. 11/17) എന്ന് വിളി ച്ചു പറയുന്ന ചന്തസ്ഥലത്തെ കുട്ടികളെപ്പോലെ ബാലിശമായ പരിഭവങ്ങള്‍ പറയേണ്ടി വരില്ല സിനഡിലൂടെ കടന്നുപോകുന്ന ഒരാള്‍ക്കും. ആശയങ്ങളുടെ ആകാശവിസ്മയം കാണാനല്ലല്ലൊ സഭ സിനഡായി സമ്മേളിക്കുന്നത്. ദൈവത്തിലേക്കും ദൈവത്തിന്റെ നിസ്വരിലേക്കും ദൈവജനമായ സഭ ഒരുമിച്ച് നടത്തേണ്ട യാത്രയുടെ ഗതാഗത ഭൂപടം കൃത്യതയോടെ വരച്ചടയാളപ്പെടുത്താനാണ് ആഗോളസിനഡ് ശ്രമിക്കുന്നത്.

പ്രാദേശികതല സിനഡല്‍ ചര്‍ച്ചകളില്‍ ആവേശത്തോടെ പങ്കെടുക്കുന്നവര്‍ക്ക് സമഗ്രമായ മാറ്റത്തിനു ഒരുക്കമുള്ള ഒരു മനസ്സുണ്ടാകണം. ''വാക്കിലും സംസാരത്തിലുമല്ല, പ്രവൃത്തിയിലും സത്യത്തിലുമാണ് നാം സ്‌നേഹിക്കേണ്ടത്'' (1 യോഹ. 3:18) എന്ന ഉപദേശത്തിലുള്ളത് ഞാനുമാകുന്ന സഭയുടെ സിനഡാത്മക പരിവര്‍ത്തനം ലക്ഷ്യം വയ്ക്കുമ്പോള്‍ മനസ്സിലുണ്ടാകേണ്ട ഒരു അടിസ്ഥാന തത്ത്വമാണ്. ലോകത്തില്‍ സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളില്‍ തന്നെ സംഭവിക്കണമെന്ന ഗാന്ധിജിയുടെ നിര്‍ദ്ദേശം പരിവര്‍ത്തനോന്മുഖമായ ചിന്തയുടേയും പരിശ്രമത്തിന്റേയും ആദ്യപാഠമാണ്.

തിരകള്‍ തുടച്ചു വൃത്തിയാക്കിയ കടല്‍ത്തീരത്തെ മണല്‍പ്പരപ്പില്‍ എന്തൊക്കെയോ എഴുതുകയും വരയ്ക്കു കയും ചെയ്യുന്ന കുട്ടികളെ കണ്ടിട്ടില്ലേ? അവരുടെ സര്‍ഗ്ഗസൃഷ്ടികളുടെ ആയുസ്സ് അടുത്ത തിരയോളം മാത്രമാണ്. ദൈവംതന്നെ കല്പലകകളില്‍ എഴുതി നില്കിയ കല്പനകള്‍ മോശയുടെ കയ്യില്‍ അല്പായുസ്സായിരുന്നു. പുതിയ തിരക്കുകളുടെ തിരകള്‍ മായ്ക്കാത്ത, മനഃക്ഷോഭത്തില്‍ വീണുടഞ്ഞുപോകാത്ത എഴുത്തുകളാണ് ആവശ്യം. മണലിലും കല്ലിലുമല്ല, ജീവന്‍ തുടിക്കുന്ന ഹൃദയത്തിന്റെ ഉള്‍ഭിത്തികളിലാണ് മാറ്റത്തിന്റെ റൂട്ട് മാപ്പ് വരച്ചിടേണ്ടത്. അതു വരക്കാനായി ദൈവത്തിന്റെ വിരല്‍ മനുഷ്യഹൃദയത്തിന്റെ നേര്‍ക്കു വരുന്ന നേരമാണ് സിനഡുദിനങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org