സംസാരിക്കുന്ന സഹനങ്ങള്‍

സംസാരിക്കുന്ന സഹനങ്ങള്‍

പ്രശ്‌നകലുഷിതമായ ചരിത്ര സാഹചര്യങ്ങളില്‍ ദൈവം എങ്ങനെയാണ് ഇടപെടുന്നത്? കണ്ണില്ലാത്ത സംവിധാനങ്ങളുടെ തേരോട്ടത്തില്‍ പുറമ്പോക്കുകളിലേക്ക് ഇടിച്ചു തെറിപ്പിക്കപ്പെടുന്ന പാവങ്ങള്‍ക്കിടയില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ടോ? ജീവിതത്തിന്റെ വീതംവയ്പ്പില്‍ സഹനം മാത്രം ഓഹരിയായി കിട്ടിയവര്‍ക്കിടയില്‍ പ്രതീക്ഷയുടെ അപ്പം മുറിക്കാന്‍ ക്രിസ്തുവിന്റെ സഭയ്ക്കു കഴിയുമോ? തീര്‍ച്ചയായും കഴിയും. സഭയുടെ ഹൃദയത്തില്‍ സദാ തുടിക്കുന്ന ശുദ്ധ സുവിശേഷത്തിന്റെ ഒരു ചെറുമുഴക്കം ആഗോളസിനഡിന്റെ ഒരുക്കരേഖയുടെ ഏഴാം ഖണ്ഡികയിലുണ്ട്. സഹനത്തിന്റെ കൂര്‍ത്ത കലപ്പകള്‍ കീറിയ ഉഴവുചാലുകളില്‍ തന്നെയാണ് വിശ്വാസത്തിന്റെ പുതിയ ഭാഷകള്‍ ജനിക്കുന്നതും പുരോഗമനത്തിന്റെ പാതകള്‍ തെളിയുന്നതും എന്ന് ഒരുക്കരേഖ പറയുന്നു.

അനീതിയുടെ ഉഴവുചാലുകളെ കൃപയുടെ ഉറവുചാലുകളാക്കാന്‍ ദൈവത്തിനു കഴിയും. വേദനകൊണ്ടു പുളയുന്നവരുടെ ശരീരനിലകള്‍ ശ്രദ്ധിച്ചിട്ടുണ്ടൊ? ചങ്കു തകര്‍ന്നവര്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ കേട്ടിട്ടുണ്ടോ? തീവ്രമായ അനുഭവങ്ങള്‍ നൂതനമായ ഭാഷകള്‍ സൃഷ്ടിക്കുന്നുണ്ട്. ഹൃദയത്തില്‍ വേരുള്ള വിശ്വാസങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന സഭകളില്‍ പുതിയ ദൈവശാസ്ത്രങ്ങള്‍ ഉണ്ടാകും. കാരണം, വിശ്വാസത്തിന്റെ ഭാഷയാണ് ദൈവശാസ്ത്രം.

സഹിക്കുന്നവരെ നിശബ്ദരാക്കാതിരുന്നാല്‍ സഹനങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കാനാകും. സംസാരിക്കുന്ന സഹനങ്ങള്‍ക്കു മാത്രമെ സത്യത്തെ പൂര്‍ണ്ണമായും കാലോചിതമായി വെളിപ്പെടുത്താനാകൂ. സഹനങ്ങളുടെ സംസാരം പുറത്തു വരാതിരിക്കാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കപ്പെടുന്നുണ്ട്. കായികവും രാഷ്ട്രീയവുമായ മാര്‍ഗ്ഗങ്ങളിലൂടെ സഹനദാസരെ കല്ലറകളിലടക്കുകയെന്നതാണ് ഒരു രീതി. എന്നാലിതത്ര ഫലപ്രദമല്ലെന്ന് കാലം തെളിയിച്ചിട്ടുണ്ട്. വിധിയുടേയും വിസ്മൃതിയുടേയും കല്ലറകള്‍ ഭേദിക്കാന്‍ മുറിവേറ്റ സത്യങ്ങള്‍ക്ക് ദൈവദത്തമായ കഴിവുണ്ട്. അതുകൊണ്ട്, ക്രിസ്തുവിന്റെ ഉയിര്‍പ്പിനു ശേഷം, ഉയിര്‍ത്തെഴുന്നേല്പുകളെ തടയാന്‍ കപട ദൈവശാസ്ത്രം കലര്‍ത്തിയ പാനപാത്രങ്ങളാണ് സഹനദാസര്‍ക്ക് കുടിക്കാന്‍ നല്കി വരുന്നത്. ക്രിസ്തീയജീവിതത്തിന്റെ മാര്‍ഗ്ഗവും ലക്ഷ്യവും നിശബ്ദ സഹനമാണെന്ന തെറ്റായ ദൈവശാസ്ത്ര കാഴ്ചപ്പാടിന്റെ മയക്കത്തിലാണ് പലരും.

സഹനം അതില്‍തന്നെ മഹത്തരമാണെന്ന കാഴ്ചപ്പാടിനെ ദോളോറിസ്‌മോ എന്നാണ് വിളിക്കുന്നത്. വേദന എന്നര്‍ത്ഥമുള്ള ദോളര്‍ എന്ന ലത്തീന്‍ മൂലത്തില്‍ നിന്നാണ് ദോളോറിസ്‌മോ എന്ന പ്രയോഗമുണ്ടായത്. വേദനിക്കാന്‍ വേണ്ടി മാത്രം വേദനിക്കുന്ന ഒരു മനോഭാവമാണത്. സഹനങ്ങള്‍ക്ക് കേവല മൂല്യം കല്പിക്കുന്ന ഒരു ആത്മീയത ഇത്തരം മനോഭാവത്തില്‍നിന്ന് വളര്‍ന്നുവരും. ആകസ്മികമായൊ അകാരണമായൊ, എന്തിനേറെ, അന്യായമായിപ്പോലും ലഭിക്കുന്ന സഹനങ്ങളെ അനുഗ്രഹങ്ങളായി സ്വീകരിക്കുന്ന വികലമായ ഒരു ആത്മീയതയാണത്. അനീതിപൂര്‍വ്വകമായ അധിനിവേശത്തിനും, ധിക്കാരപൂര്‍വ്വകമായ അഴിമതികള്‍ക്കും വിധേയരാക്കപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ ഇത്തരമൊരു ആത്മീയധാരണ പ്രചരിപ്പിക്കാന്‍ ചൂഷകര്‍ തന്നെ ശ്രമിക്കാറുണ്ട്. ആത്മവിമര്‍ശനം മറന്നുപോയ മതങ്ങള്‍ ഇത്തരം ആത്മീയതകളുടെ ചില്ലറ വ്യാപാരം ഏറ്റെടുക്കുന്നതായും കാണുന്നുണ്ട്.

ജനസംഖ്യയുടെ ഭൂരിഭാഗത്തേയും കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് കീഴ്‌പ്പെട്ടുപോയ ലാറ്റിനമേരിക്കന്‍ സമൂഹത്തില്‍ ഇത്തരം ആത്മീയത നിലനിന്നിരുന്നു. സഹിക്കുന്നവരുടെ ചെറിയ ചെറിയ കൂടിവരവുകളില്‍ സഹനങ്ങള്‍ക്ക് സംസാരശേഷി വീണ്ടുകിട്ടിയതോടെയാണ് അതുവരെ ആചരിച്ചുവന്ന ആത്മീയതയുടെ പൊയ്മുഖങ്ങള്‍ പൊഴിഞ്ഞുവീഴുന്നത് ലാറ്റിനമേരിക്കന്‍ സഭയും സമൂഹവും കാണാന്‍ തുടങ്ങിയത്. ആഗോള സഭയ്ക്ക് മാതൃകയാകുംവിധം ലാറ്റിനമേരിക്കന്‍ സഭ സിനഡ ലായിക്കഴിഞ്ഞു. അവരനുവര്‍ത്തിച്ച രീതികളും അവരെ നയിച്ച ചിന്തകളും മാതൃകകളായി സ്വീകരിക്കണമെന്ന് ആഗോളസിനഡിന്റെ മാര്‍ഗ്ഗരേഖ എടുത്തുപറയുന്നു.

കഷ്ടതകളില്ലാത്ത സഭ ക്രിസ്തുവിന്റെ സഭയല്ല. ഇടര്‍ച്ചയും ഭോഷത്തവുമായ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരെല്ലാം അവന്റെ മരണം ശരീരത്തില്‍ വഹിക്കണം. പൗലോസിനെയെന്നപോലെ, എല്ലായിടത്തും എല്ലാക്കാലങ്ങളിലും സഭയെ കാത്തിരിക്കുന്നത് സഹനങ്ങളാണ്. സംസാരിക്കുന്ന സഹനങ്ങള്‍ ദൈവശക്തിയുടെ സാന്നിദ്ധ്യം വെളിവാക്കും. സഹിക്കുന്നവര്‍ക്ക് ശബ്ദം നല്കാനും, സംസാരിക്കുന്ന സഹനങ്ങളെ ഹൃദയംകൊണ്ട് ശ്രവിക്കാനും ആഗോളസിനഡില്‍ സഭയ്ക്കു കഴിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org