ആത്മാവുകൊണ്ടെടുക്കുന്ന തീരുമാനങ്ങള്‍

ആഗോളസിനഡ് 2021-2023
ആത്മാവുകൊണ്ടെടുക്കുന്ന തീരുമാനങ്ങള്‍

ഒരുമിച്ചുള്ള യാത്രയ്ക്ക് ജീവനും ചൈതന്യവും പകരുന്നത് പരിശുദ്ധാത്മാവാണ്. മുഖ്യമായും രണ്ടു കാര്യങ്ങളിലാണ് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും സ്വാധീനവും നിര്‍ണ്ണായകമായി വെളിപ്പെടുന്നത്. വചനത്തിന്റെ പൊരുളാഴങ്ങളിലേക്ക് വ്യക്തിയുടെ ബോധതലങ്ങളെ ആകര്‍ഷിച്ച് നയിച്ചുകൊണ്ടുപോകലാണ് ഒന്നാമത്തെ കാര്യം. ദൈവത്തിലേക്കും ദൈവത്തിന്റെ പാവങ്ങളിലേക്കും സഭ നടത്തുന്ന തീര്‍ത്ഥാടനം ഇടയ്ക്കുവച്ച് നിറുത്താതേയും വഴിതെറ്റാതേയും തുടരാന്‍ വേണ്ട തീരുമാനങ്ങള്‍ക്കുള്ള പ്രേരണ നല്കലാണ് രണ്ടാമത്തേത്. നിത്യവചനത്തിന്റെ ഉച്ചവെളിച്ചത്തില്‍ നടക്കുമ്പോഴും അടുത്തചുവട് ഏതു ദിശയിലേക്ക് എന്നു സംശയിച്ചു നിന്നുപോകുന്ന നിമിഷങ്ങളുണ്ടാകാം. പാതയില്‍ വചനവെളിച്ചം കുറഞ്ഞുപോകുന്നതു കൊണ്ടല്ല അങ്ങനെ സംഭവിക്കുന്നത്. ഇതുവരെ നടന്നുവന്ന പരിചിത വഴി പൊടുന്നനെ പല വഴികളായി ഇഴപിരിയുന്നത് കാണുമ്പോള്‍ പാദങ്ങള്‍ സ്വാഭാവികമായി പതറിപ്പോകുന്നതാണ്. അര്‍ത്ഥശങ്കയും മൂല്യസംഘര്‍ഷങ്ങളും ഹൃദയങ്ങളെ തളര്‍ത്തും, കണ്ണുകളില്‍ ഇരുള്‍പടര്‍ത്തും, കാലുകളുടെ കരുത്ത് ചോര്‍ത്തിക്കളയും.

പരിചിതമായ യഹൂദതീരങ്ങള്‍ ചേര്‍ന്നുമാത്രം നീങ്ങിക്കൊണ്ടിരുന്ന സഭാനൗക വിജാതീയതീരങ്ങളിലേക്ക് തിരിയുന്നതു കണ്ടപ്പോള്‍ ആദിമസഭയ്ക്കുണ്ടായ അര്‍ത്ഥശങ്കയും മൂല്യസംഘര്‍ഷവും നിസ്സാരമായിരുന്നില്ല. ഉന്നതത്തില്‍ നിന്നൊരു സഹായമില്ലാതെ ഏവര്‍ക്കും സ്വീകാര്യമായ ഒരു തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. അപ്പസ്‌തോല പ്രവര്‍ ത്തനം പത്താമധ്യായത്തിലുള്ളത് വിജാതീയനായ കൊര്‍ണേലിയൂസിന്റെ മാത്രമല്ല ശിഷ്യപ്രമുഖനായ പത്രോസിന്റേയും മാനസാന്തരത്തിന്റെ കഥയാണ്. കേസറിയായിലുള്ള ശതാധിപനായ കൊര്‍ണേലിയൂസിനും യോപ്പായിലായിരുന്ന പത്രോസിനും അവരിരുവരും നേര്‍ക്കുനേര്‍ ഇരുന്ന് സംസാരിച്ചാല്‍ മാത്രം മനസ്സിലാകുന്ന ദര്‍ശനങ്ങള്‍ ദൈവം നല്കി. ജീവിതവഴിയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആത്മീയദര്‍ശനത്തിലും ആത്മീയ കാഴ്ചയുടെ അര്‍ത്ഥം ജീവിതാനുഭവങ്ങളിലും വെളിപ്പെടുത്തു ന്ന ദൈവത്തെ നാമിവിടെ കാണുന്നു. ഐതിഹാസികമായ തീരുമാനങ്ങള്‍ക്കു പിന്നില്‍ ആത്മീയദര്‍ശനത്തിന്റെ അപ്രതിരോധ്യമായ പ്രേരണയുണ്ടാകും.

നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും ദയാമസൃണമായ പെ രുമാറ്റത്തിലൂടെയും ദൈവത്തോടുള്ള ഭക്തി നിരന്തരം പ്രദര്‍ശി പ്പിച്ചിരുന്ന കൊര്‍ണേലിയൂസ് - യാത്രാക്ഷീണവും വിശപ്പുമുണ്ടായിട്ടും യാമപ്രാര്‍ത്ഥനയ്ക്കായി സ്വയമൊഴിഞ്ഞു മാറിയ പത്രോസ് (അപ്പ. 10:2, 9). ദാനശീലനായ കൊര്‍ണേലിയൂസിന്റെ പ്രാര്‍ത്ഥനയ്ക്കും പ്രേഷിതപ്രവര്‍ത്തകനായ പത്രോസിന്റെ പ്രാര്‍ത്ഥനയ്ക്കും ദിവ്യാനുഭൂതികള്‍ നല്കിക്കൊണ്ടാണ് സ്വര്‍ ഗ്ഗം ഉത്തരം നല്കിയത്. ഫലമൊ? വിജാതീയര്‍ക്കും ജ്ഞാനസ്‌നാനമെന്ന വിപ്ലവകരമായ തീരുമാനത്തിലേക്ക് സഭയെ നയിക്കാന്‍ ഇടയശ്രേഷ്ഠനായ പത്രോസിനു കഴിഞ്ഞു.

തീരുമാനമെടുക്കാന്‍ ഉറിം തുമ്മിം ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ദൈവജനത്തിന്. ജനത്തിലാരുമല്ല ഇസ്രായേല്‍ രാജാവിന്റെ മകനായ ജോനാഥന്‍ തന്നെയാണ് വ്രതം ലംഘിച്ചതെന്ന് കണ്ടെത്തിയത് ഉറിം തുമ്മിം ഉപയോഗിച്ചാണ ല്ലൊ (1 സാമു. 16:41). മനുഷ്യരുടെ നിഷ്പക്ഷമായ നിരീക്ഷണ ത്തില്‍ തുല്യമെന്നു തോന്നുന്നവര്‍ക്കിടയില്‍ ദൈവത്തിന്റെ തിര ഞ്ഞെടുപ്പറിയാന്‍ നറുക്കെടുക്കുന്ന രീതിയും പിന്നീടുണ്ടായി. യൂദാസ് ഉപേക്ഷിച്ച അപ്പസ്‌തോലസ്ഥാനത്തേക്ക് മത്തയാസിനെ തെരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെയാണ് (അപ്പ. 1:28). എന്നാല്‍, പന്തക്കുസ്തയ്ക്കുശേഷം ശ്ലീഹന്മാര്‍ നറുക്ക് ഉപയോഗിച്ചിട്ടില്ല. മത്തയാസിനെ നറുക്കിലൂടെ തെരഞ്ഞെടുത്ത ശ്ലീഹന്മാര്‍ വിജാതീയരെ സംബന്ധിച്ച തീരുമാനത്തിലെത്തിയത് പ്രാര്‍ത്ഥനാപൂര്‍വ്വകമായ സമാലോചനയിലൂടെയാണ്.

ആത്മീയതയും കൂടിയാലോചനയും തമ്മില്‍ ജൈവിക ബന്ധമുണ്ട്. ''തന്റെ ദര്‍ശനത്തിന്റെ അര്‍ത്ഥം ജനങ്ങളുമായി കണ്ടുമുട്ടുന്നതിന്റേയും, അവരോടൊപ്പം സഞ്ചരിക്കുന്നതിന്റേയും, അവരുടെ ഭവനങ്ങളില്‍ പ്രവേശിക്കുന്നതിന്റേയും ഒക്കെയാണെന്ന്'' പത്രോസ് മനസ്സിലാക്കിയെന്ന് ഒരുക്കരേഖ നിരീക്ഷിക്കുന്നു (ഖണ്ഡിക, 23). ജനത്തിന്റെ അനുഭവം കൊണ്ടും അവരോടൊത്തുള്ള സംഭാഷണം കൊണ്ടും സ്ഥിരീകരിക്കപ്പെടാത്ത ആത്മീയദര്‍ശനങ്ങളും വീക്ഷണങ്ങളും രക്ഷാകരമല്ലാ ത്ത മതക്രമങ്ങളായിരിക്കും സൃഷ്ടിക്കുക. ശുദ്ധമായ ആത്മീയ ദര്‍ശനങ്ങളോട് ചേര്‍ന്നുപോകാത്ത ജനഹിതം മൂല്യാധിഷ്ഠിതമല്ലാത്ത ഭൂരിപക്ഷഭരണത്തിലേക്ക് ലോകത്തെ നയിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org