മൗനംകൊണ്ടു മാത്രം മനസ്സിലാകുന്ന കാര്യങ്ങള്‍

മൗനംകൊണ്ടു മാത്രം മനസ്സിലാകുന്ന കാര്യങ്ങള്‍

സിനഡല്‍ സമ്മേളനങ്ങളെ മറ്റു സമ്മേളനങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്ന മുഖ്യമായ ഒരു കാര്യം സമ്മേളനക്രമത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള നിശബ്ദ ഇടവേളകളാണ്. വ്യത്യസ്ത ജീവിത പശ്ചാത്തലമുള്ള ആറോ ഏഴോ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന ചെറിയ ഗ്രൂപ്പുകൡലാണ് പ്രാദേശിക തല പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നത്. മൂന്നു റൗണ്ടുകളുള്ള പ്രസ്തുത കൂടിയാലോചനയുടെ ഏറ്റവും കുറഞ്ഞ സമയപരിധി ഒരു മണിക്കൂറാണ്. ഓരോരുത്തരും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒന്നാമത്തെ റൗണ്ടിനു ശേഷവും കേട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ റൗണ്ടിനു ശേഷവും നിശബ്ദ ഇടവേളകള്‍ നിര്‍ബന്ധമാണ്. ഇല്ലാത്ത സമയമുണ്ടാക്കി ഒന്നിച്ചു കൂടിയത് മിണ്ടാതിരിക്കാനാണോ എന്ന് ഉള്ളിലും ഉറക്കെയും കലഹിക്കുന്നവരുണ്ടാകാം. നിഷ്‌ക്രിയത്വത്തിന് ആരോ കല്പിച്ചു നല്കിയ മനോഹരനാമമാണ് മൗനം എന്ന തെറ്റിദ്ധാരണയാണ് ഈ കലഹത്തിന്റെ കാരണം.

മൗനത്തിന് മാന്ത്രികശക്തിയുണ്ടോ? സിനഡല്‍ സംഭാഷണത്തില്‍ എന്തിനാണ് നിശബ്ദ ഇടവേളകള്‍? വാക്കുകള്‍ വരച്ചു വച്ച ലോകത്തേക്ക് ഭാവനയുടെ തേരിലേറി പാഞ്ഞു ചെല്ലാനാണ് സംഭാഷണങ്ങള്‍ക്കിടയിലുള്ള നിശബ്ദ ഇടവേളകളെ പലരും ഉപയോഗിക്കുന്നത്. വാസ്തവത്തിലത് സമയത്തിന്റെ ദുരുപയോഗം മാത്രമാണ്; അവിടെ മൗനമില്ല. വാക്കുകളില്‍ നിന്ന് മുമ്പോട്ടു നീങ്ങാനാണ് തീരുമാനമെങ്കില്‍ അടുത്തപടി പ്രവൃത്തിയാണ്. വചനങ്ങളെല്ലാം മാംസമാകാനുള്ളതാണല്ലൊ. മാംസമാകേണ്ട വാക്കുകളെ വെറും ഭാവനയാക്കി മനസ്സിനെ ഭ്രമിപ്പിച്ചു നിറുത്താനുള്ള ശ്രമത്തെ മൗനമെന്നു വിളിച്ചാല്‍ അത് വാക്കിനോടും മൗനത്തോടും കാണിക്കുന്ന നിന്ദയല്ലാതെ മറ്റെന്താണ്? കേട്ട വാക്കിനോട് അതെയെന്നോ അല്ലയെന്നൊ പ്രത്യുത്തരിക്കുന്നതിനു മുമ്പ് വാക്കിനെ വിവേചിച്ചറിയേണ്ടതുണ്ട്. കേട്ടതനുസരിച്ച് വിധിക്കാതെ കേട്ടതിനേയും വിധിക്കാന്‍ കേള്‍വിക്കുശേഷം മൗനം അനിവാര്യമാണ്.

അധരങ്ങളില്‍ വിരിയുന്ന വാക്കുകളില്‍ നിന്ന് അവ ഉറവയെടുക്കുന്ന ഹൃദയത്തിലേക്കുള്ള യാത്രയാണ് സംഭാഷണങ്ങളിലെ നിശബ്ദ ഇടവേളകളില്‍ സംഭവിക്കേണ്ടത്. അപരന്റെ വാക്കുകളുടെ കാര്യത്തിലെന്നപോലെ, സ്വന്തം ചിന്തയുടേയും വികാരങ്ങളുടേയും ഉറവിടത്തിലേക്കും മൗനത്തിന്റെ ഒരു തുരങ്കപാതയുണ്ട്. വാക്കുകളും വികാരങ്ങളും ചിന്തകളും ആത്മാവില്‍ പതിപ്പിച്ച നന്നേ നേര്‍ത്ത പാദമുദ്രകളിലൂടെ അവയുടെ ഉറവിടത്തിലേക്കുള്ള പിന്‍നടത്തമാണ് മൗനത്തില്‍ സംഭവിക്കുന്നത്. അവനവന്റേയും അപരന്റേയും അദൃശ്യ ഉറവിടങ്ങളിലേക്കുള്ള പിന്‍നടത്തത്തില്‍ ഹൃദയങ്ങളറിയുന്ന ദൈവം മാത്രമാണ് വഴികാട്ടി. അന്തരംഗത്തിന് രൂപം നല്കിയ ദൈവമാണ് മൗനഭൂമികയിലെ ഏകസൂര്യന്‍. അവിടത്തേക്കു മാത്രമേ വിചാരങ്ങളുടേയും വാക്കുകളുടേയും ഉറവിടത്തിലേക്കുള്ള വഴിയറിയൂ. സങ്കീര്‍ത്തകന്‍ ഇക്കാര്യം വ്യക്തമായി ഏറ്റു പറഞ്ഞിട്ടുണ്ട്. ''എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്സിലാക്കുന്നു. എന്റെ മാര്‍ഗ്ഗങ്ങള്‍ അങ്ങേക്ക് നന്നായി അറിയാം. ഒരു വാക്ക് എന്റെ നാവില്‍ എത്തുന്നതിനു മുമ്പേ, കര്‍ത്താവേ, അത് അവിടുന്നറിയുന്നു'' (സങ്കീ. 139:2-3).

യേശുവിന്റെ സ്വത്വത്തേയും ദൗത്യത്തേയും സംബന്ധിച്ചൊരു സംഭാഷണം വിശുദ്ധ മത്തായിയുടെ സുവിശേഷം 16-ാം അദ്ധ്യായത്തിലുണ്ട്. യേശു ആരാണെന്നതിനെക്കുറിച്ചുള്ള ജനങ്ങളുെട അഭിപ്രായങ്ങള്‍ സത്യസന്ധമായി ശിഷ്യര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ''നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്്'' എന്നു പറഞ്ഞ പത്രോസാണ് ആ സംഭാഷണത്തില്‍ പരിശുദ്ധാത്മാവിന്റെ നാവായത്. എന്നാല്‍, പീഡാനുഭവത്തെക്കുറിച്ചുള്ള ഒരു സംഭാഷണം അല്പനേരത്തിനു ശേഷം യേശു ആരംഭിക്കുമ്പോള്‍, അതുവരെ സ്വര്‍ഗ്ഗത്തിന്റെ വക്താവായിരുന്ന പത്രോസ് പെട്ടെന്ന് സാത്താന്റെ വചനങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങുന്നു. ''ദൈവം കനിയട്ടെ. കര്‍ത്താവേ, നിനക്കിതൊരിക്കലും സംഭവിക്കാതിരിക്കട്ടെ.'' എന്ന കരുതലിന്റെ ചാരു വാക്കുകളാണ് പത്രോസ് പറഞ്ഞതെങ്കിലും, ആ വാക്കുകളുടെ ഉറവിടം ദൈവികചിന്തയല്ലെന്ന് ഈശോ തിരിച്ചറിയുന്നുണ്ട്. ഹൃദയങ്ങളെ പരിശോധിച്ച്, വിചാരങ്ങളെ മനസ്സിലാക്കി, വാക്കുകളെ വിവേചിച്ചറിയാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. ആ ദൈവത്തിന് നമ്മുടെ ബോധങ്ങളെ കയ്യേല്പ്പിക്കുന്ന സമയത്തെയാണ് മൗനമെന്ന് അടയാളപ്പെടുത്തേണ്ടത്. മൗനം ശൂന്യതയല്ല, നിറവാണ്; ഏറ്റവും ഉദാത്തമായ പ്രാര്‍ത്ഥനയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org