ചോദ്യരൂപമെടുത്ത സത്യങ്ങള്‍

ചോദ്യരൂപമെടുത്ത സത്യങ്ങള്‍

എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, പായുമ്പോള്‍ നൂറ് എന്ന കണക്കില്‍ ധര്‍മ്മയുദ്ധക്കളത്തില്‍ അര്‍ജുനന്‍ നടത്തിയ അസ്ത്രമെയ്ത്തിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ആഗോളസിനഡിന്റെ അടിസ്ഥാന ചോദ്യം പലതായി പെരുകുന്നത്. സഭ ഒന്നിച്ചാണോ നടക്കുന്നത് എന്ന അടിസ്ഥാനപരമായ ഏകചോദ്യം ഒരുക്കരേഖയുടെ 26-ാം ഖണ്ഡികയില്‍ തന്നെ ഏഴായി പിരിയുന്നുണ്ട്. 30-ാം ഖണ്ഡികയിലെത്തുമ്പോള്‍, സിനഡാത്മകതയുടെ പ്രമേയപരമായ പത്തു തലങ്ങളിലേക്കു നീളുന്ന 48 ചോദ്യങ്ങളായി ഈ അടിസ്ഥാന ചോദ്യം വീണ്ടും പെരുകുന്നു. ലോകമെമ്പാടുമുള്ള രൂപതകളില്‍ ആരംഭിച്ചിരിക്കുന്ന പ്രാദേശിക കൂടിയാലോചനകള്‍ ചോദ്യങ്ങളുടെ ശരശയ്യയായിരിക്കുമോ മെത്രാന്‍ സമിതിക്കായി ഒരുക്കുന്നത്?

അനുദിനജീവിതത്തിന്റെ അവിഭാജ്യഭാഗമാണ് ചോദ്യങ്ങള്‍. ബോധപൂര്‍വവും അല്ലാതെയും നാം ചോദിച്ചുകൊണ്ടേയിരിക്കുന്നു. നിലനില്പിനും പുരോഗമനത്തിനും ആവശ്യമായ വിവരശേഖരണമാണ് ഭൂരിഭാഗം ചോദ്യങ്ങളുടേയും ഉദ്ദേശ്യം. പോയവര്‍ഷം, ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ചോദിച്ച ചോദ്യം എന്തായിരുന്നെന്നോ? ''എങ്ങനെയാണ് ഓക്‌സിജന്‍ വീട്ടില്‍തന്നെ ഉണ്ടാക്കാന്‍ കഴിയുന്നത്?'' ചോദ്യങ്ങളൊന്നും ആലിപ്പഴം കണക്കെ ആകാശത്തുനിന്നു വീഴുന്നതല്ല; ജീവിതത്തിന്റെ കണ്ണീരും വിയര്‍പ്പും വീണുകുതിര്‍ന്ന മണ്ണില്‍ നിന്നു മുളച്ചു പൊങ്ങുന്നവയാണ്.

പുതിയ ചോദ്യങ്ങള്‍ ഉദിക്കുമ്പോള്‍ പഴയതു പലതും നാം മറന്നു കളയും. ചോദ്യം ചെയ്യപ്പെടാത്ത ജീവിതം ജീവിതവ്യമല്ല എന്ന സോക്രട്ടീസിന്റെ നിരീക്ഷണം ശരിവയ്ക്കുമ്പോഴും, താനൊഴികെ മറ്റെല്ലാറ്റിന്റേയും നേരെ ചോദ്യങ്ങളെറിഞ്ഞും തന്റെ നേരെ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളെ സമര്‍ത്ഥമായി ചെറുത്തും വഴിതിരിച്ചുമാണ് ഓരോരുത്തരും മുന്നേറുന്നത്. മാരകമായ ചോദ്യശരങ്ങള്‍ക്കിടയിലൂടെ അപഹാസ്യമായ മൗനത്തിന്റെ മാര്‍ചട്ട ധരിച്ച് മുന്നേറുന്ന ചിലരുടെ മെയ്‌വഴക്കം നമ്മെ അത്ഭുതപ്പെടുത്താറുണ്ട്.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അതിനാല്‍ത്തന്നെ അസാധുവാകുന്നില്ല. ഉത്തരങ്ങളെ ആശ്രയിച്ചല്ല ചോദ്യങ്ങള്‍ നിലനില്‍ക്കുന്നത്. ചോദ്യങ്ങള്‍ക്കു തന്നെ ജീവശക്തിയുണ്ട്. അവയ്ക്കു സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയും. അതുകൊണ്ട്, ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളേയും നിലനില്ക്കാന്‍ അനുവദിക്കണം. ലഭിച്ചതൊ പ്രതീക്ഷിക്കുന്നതൊ ആയ ഉത്തരങ്ങളല്ല, ചോദ്യങ്ങള്‍ തന്നെയാണ് ധ്യാനവിഷയമാക്കേണ്ടത്. ജീവിതത്തിന്റെ ദശാസന്ധികളിലെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന്‍ മാത്രം ധ്വനനശേഷിയുള്ള എത്രയോ ചോദ്യങ്ങളാണ് ദൈവം തന്നെ മനുഷ്യരോട് ചോദിച്ചിട്ടുള്ളത്. നിന്റെ സഹോദരനെവിടെ? ആരെയാണ് ഞാന്‍ അയയ്ക്കുക? ആത്മാവ് നഷ്ടമായാല്‍ നീ എന്തു ചെയ്യും? നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്? നീ എന്തിനാണെന്നെ അടിച്ചത്? ചുംബിച്ചുകൊണ്ടാണൊ ഒറ്റുകൊടുക്കുന്നത്? നീ എന്തിനാണ് കരയുന്നത്? നീ എന്നെ സ്‌നേഹിക്കുന്നുവോ? - ഉത്തരം പറഞ്ഞു തീരാത്ത ഒരുപാടു ചോദ്യങ്ങളുണ്ട് ബൈബിളില്‍.

ഈ ലോകത്തിലെ മിടുക്കര്‍ ഉത്തരങ്ങള്‍ പറയുന്നവരാണ്. അവര്‍ക്കാണ് മാര്‍ക്ക് ലഭിക്കുന്നത്. വാസ്തവത്തില്‍ എല്ലാവരുടേയും പക്കല്‍ ഉത്തരങ്ങളുണ്ട്. കുറഞ്ഞപക്ഷം, അവരവര്‍ തന്നെ നൂറുമാര്‍ക്ക് നല്കുന്ന ഉത്തരങ്ങള്‍. എന്നാല്‍, ഉത്തരം പറഞ്ഞും വിശദീകരണം നല്കിയുമവസാനിപ്പിക്കുന്ന ചോദ്യങ്ങളൊന്നും ചോദ്യങ്ങളേയല്ല. ഉത്തരംകൊണ്ട് വെട്ടിനിരത്തിയാലും വീണ്ടും മുളപൊട്ടുന്ന ചോദ്യങ്ങളാണ് യഥാര്‍ത്ഥ ചോദ്യങ്ങള്‍ - സത്യങ്ങള്‍ പേറുന്ന ചോദ്യങ്ങള്‍.

ഒരുക്കരേഖ മുമ്പോട്ടു വച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രവും സുദീര്‍ഘവുമായ ഉത്തരങ്ങള്‍ ആരും പ്രതീക്ഷിക്കുന്നില്ല. തുടര്‍ ചര്‍ച്ചയ്ക്കു വഴിമരുന്നിടുന്ന ചോദ്യങ്ങള്‍ മെനയാന്‍ സഹായിക്കുന്ന പത്തു പേജ് റിപ്പോര്‍ട്ടു മാത്രമാണ് ഓരോ രൂപതയില്‍ നിന്നും ആവശ്യെപ്പട്ടിട്ടുള്ളത്. അതിനര്‍ത്ഥം, ഉത്തരമല്ല, ചോദ്യങ്ങളാണ് പ്രധാനപ്പെട്ടതെന്നല്ലെ? അതുകൊണ്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ജിക്കുക, ചോദ്യം ചെയ്യപ്പെടുമ്പോഴുള്ള അസ്വസ്ഥത ഉപേക്ഷിക്കുക. എന്റെ സഭയെക്കുറിച്ച്, ഞാനുമാകുന്ന സഭയെക്കുറിച്ച് എനിക്കുള്ള ചോദ്യമെന്താണ്? ഏകാന്തതയിലും ഹൃദയത്തിന്റെ നിശബ്ദതയിലും നിങ്ങള്‍ ആവര്‍ത്തിക്കുന്ന ആ ചോദ്യം ധ്യാനവിഷയമാക്കുക. ചോദ്യരൂപമെടുത്ത സത്യമാണത്. അതിനു നിങ്ങളെ വിമലീകരിക്കാനുള്ള കഴിവുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org