ആഗോളസിനഡ് ഒരു അവിവേകമോ?

ആഗോളസിനഡ് ഒരു അവിവേകമോ?

സിനഡല്‍ സമ്മേളനങ്ങളിലെ മുഖ്യപരിപാടി വിപുലമായ ചര്‍ച്ചയും കൂടിയാലോചനയുമാണല്ലൊ. ശരാശരി മലയാളികള്‍ ക്ക് പരിചയമുള്ള ചര്‍ച്ചകള്‍ ടെലിവിഷന്‍ ചാനലുകളിലേയും രാഷ്ട്രീയ വേദികളിലേയും ചര്‍ച്ചകളാണ്. ഈ ചര്‍ച്ചകളില്‍ പലതും പോരാട്ടങ്ങളാണ്. അവയില്‍ പങ്കാളികളാകുന്നവരുടെ സംസാരഭാഷയും ശരീരഭാഷയും കാര്യമറിയാന്‍ കാത്തിരിക്കുന്ന സത്യാന്വേഷകരോട് സംവദിക്കുന്ന ജ്ഞാനികളുടേ തല്ല, മറിച്ച്, അരങ്ങിനൊത്ത് വിവിധ വേഷങ്ങള്‍ കെട്ടിയാടുന്ന അഭിനേതാക്കളുടേതാണ്. വസ്തുതകളും വ്യാഖ്യാനങ്ങളും പക്ഷപാതത്തിന്റെ ചരടില്‍ കെട്ടി പരസ്പരം വലിക്കുന്നവരുടെ മോക്ക്ഡ്രില്‍ മാത്രമാണ് പല ചാനലുകള്‍ക്കും സമ്മാനിക്കാനുള്ള സായാഹ്നക്കാഴ്ച.

ആകാശത്തിനു കീഴിലുള്ള സകല വ്യവഹാരങ്ങളിലും കക്ഷിചേരുകയും, സ്വന്തം പക്ഷം വിജയിക്കുവോളം, അല്ലെങ്കില്‍ എതിര്‍കക്ഷികള്‍ നിലംപരിശാകുവോളം പ്രഹരശേഷിയേറിയ ''സത്യങ്ങള്‍'' നിര്‍മ്മിക്കുകയും ചെയ്യുന്നവരെയാണ് രാഷ്ട്രീയ ചര്‍ച്ചകളില്‍ പലപ്പോഴും നാം കാണുന്നത്. ഇവര്‍ക്കു പുറമെ സൈബര്‍ തെരുവുകളുടെ കോണുകളില്‍നിന്ന് അവനവന്റെ ചുരുങ്ങിയ അനുഭവപ്രപഞ്ചത്തിലേയും, അതിരില്ലാത്ത ഭാവനാ പ്രപഞ്ചത്തിലേയും അപരനോട് തര്‍ക്കിക്കുന്ന മതവിശ്വാസ സമര്‍ത്ഥകരുമുണ്ട്. ആക്രമണോത്സുകമായ വാദവും പ്രതിവാദവുമാണ് മാധ്യമ വിചാരണ നടത്തുന്നവരുടേയും, കാര്യങ്ങളെ രാഷ്ട്രീയമായി മാത്രം കാണുന്നവരുടേയും, ഇതര മതനിന്ദ വ്രതമാക്കിയവരുടേയും ഉപകരണങ്ങള്‍.

സംവാദത്തിന്റെ സംസ്‌കാരം കൈമോശം വന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്ന സഭയ്ക്ക് സിനഡാത്മക സംഭാഷണങ്ങള്‍ എളുപ്പമാവില്ല എന്നത് സത്യമാണ്. എന്നിരുന്നാലും, സഭ യെ അടിക്കാന്‍ സകലരുടേയും കയ്യില്‍ വടികൊടുക്കാനല്ലാതെ മറ്റെന്തിനാണ് പ്രാദേശിക സിനഡല്‍ സമ്മേളനങ്ങള്‍ ഉപകരിക്കുകയെന്ന ചിലരുടെ ചോദ്യത്തിന് യാതൊരു പ്രവചനമൂല്യ വും കല്പിക്കേണ്ടതില്ല. സംഭാഷണമെന്നാല്‍ തര്‍ക്കമാണെന്നും, തര്‍ക്കങ്ങളെല്ലാം ഹിംസാത്മകമാണെന്നും വിശ്വസിക്കാന്‍ ചരിത്രപരമായ കാരണങ്ങളാല്‍ നിര്‍ബന്ധിതരായവരുടെ ഉള്‍ഭയമാണ് ആഗോളസിനഡ് അവിവേകമാണെന്ന നിരീക്ഷണ ത്തിനു പിന്നില്‍. ജനാധിപത്യത്തിന്റെ അടിപ്പടവാകേണ്ട സംവാ ദത്തിന്റെ സ്ഥാനം ജയിക്കാനും തോല്പിക്കാനും മാത്രം നടത്തുന്ന തര്‍ക്കങ്ങള്‍ കയ്യടക്കിയിരിക്കുന്ന ദുഷിച്ച സാമൂഹ്യസാഹചര്യമാണ് ഇത്തരം ഭയത്തിന്റെ ഉത്ഭവകാരണം.

ദൈവം ഒരു കാര്യം മനുഷ്യനോട് ആവശ്യപ്പെടുമ്പോള്‍ അതു ചെയ്യാനുള്ള കൃപയും അവിടുന്നുതന്നെ നല്കും. ദൈവത്തിന്റെ സഭയിലും കടമയും കൃപയും ഒന്നിച്ചാണ് നല്കപ്പെടുന്നത്. സിനഡാത്മകത വീണ്ടെടുക്കുകയെന്ന കടമ സ്വയമേറ്റെടുക്കുന്ന സഭയ്ക്ക് അതു പൂര്‍ത്തിയാക്കാന്‍ വേണ്ട കൃപ തന്റെ പരിശുദ്ധാത്മാവിലൂടെ സഭയുടെ ഇടയനായ കര്‍ത്താവ് നല്കുന്നുണ്ട്.

അറിവില്‍ അനുതാപവും അനുകമ്പയും കലരുമ്പോഴാണ് തര്‍ക്കങ്ങളുടെ അങ്കത്തട്ടില്‍ നിന്ന് ഇറങ്ങിവന്ന് സംവാദത്തിന്റെ വട്ടമേശയ്ക്കു ചുറ്റുമിരിക്കാന്‍ മനുഷ്യര്‍ തയ്യാറാവുന്നത്. ശാന്തമായി സംവദിച്ചുകൊണ്ട് അപരനോടൊപ്പം നടക്കുന്നവരുടെ അധരങ്ങളേയും കാതുകളേയും ആത്മാവ് കടമെടുക്കുമ്പോള്‍ സംവാദം സിനഡലായി മാറും. തര്‍ക്കം സംവാദമായും, സംവാ ദം സിനഡായും പരിണമിക്കുന്നതിന് മനുഷ്യരുടെ സഹകരണവും ദൈവത്തിന്റെ കൃപയും ആവശ്യമാണ്.

സിനഡ് ഒരു ആത്മീയസാധനയാണ്. തര്‍ക്കങ്ങളുടെ യുദ്ധഭൂമി വിട്ട് സംവാദത്തിന്റെ കൂടാരങ്ങള്‍ തേടുന്നവര്‍ക്ക് ദൈവം തന്നെ വഴി കാണിക്കുന്ന ഒരു അപൂര്‍വ്വ സാധന. സിനഡല്‍ സമ്മേളനങ്ങളുടെ നടപടിക്രമ നിര്‍േദ്ദശങ്ങള്‍ വ്യക്തമാക്കുന്നതുപോലെ, തര്‍ക്കാത്മകമായ ചര്‍ച്ചകള്‍ക്കും ആദരപൂര്‍വ്വകവുമായ സംവാദങ്ങള്‍ക്കും ഉപരിയായ ഒരു തരം സംഭാഷണമാണ് സിനഡ്. സിനഡില്‍ മനുഷ്യര്‍ മാത്രമല്ല സംസാരിക്കുന്നത്; മനുഷ്യരിലൂടെ പരിശുദ്ധാത്മാവും സംസാരിക്കും. ആരിലൂടെയാണ് എപ്പോഴാണ്, എന്താണ് ആത്മാവ് സംസാരിക്കുന്നതെന്നറിയാന്‍ എല്ലാവരും നിശബ്ദമായി കാതോര്‍ക്കുന്ന ഒരു സമയം സിനഡല്‍ സമ്മേളനക്രമത്തിന്റെ ഭാഗമാണ്. താന്‍ പറഞ്ഞ ആശയങ്ങള്‍ക്കും വാക്കുകള്‍ക്കും മൂര്‍ച്ചകൂട്ടാനും, മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് എതിര്‍വാദങ്ങള്‍ മെനയാനുമുള്ള ഇടവേളയല്ല ചര്‍ച്ചയ്ക്കിടയിലെ മൗനം. പറഞ്ഞതിന്റേയും കേട്ടതിന്റേയും ആത്മീയപൊരുളാഴങ്ങള്‍ തേടാനുള്ള നിശബ്ദ പരിശ്രമം സിനഡല്‍ സമ്മേളനങ്ങളെ മറ്റു ചര്‍ച്ചാ സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org