ജനക്കൂട്ടവും ആള്‍ക്കൂട്ടവും

ജനക്കൂട്ടവും ആള്‍ക്കൂട്ടവും

ഈശോയും അപ്പസ്‌തോലന്മാരും ജനങ്ങളുമടങ്ങുന്ന സംഭാഷണ വലയത്തിനകത്താണ് ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ ഇതള്‍ വിരിയുന്നത്. ദൈവത്തിന്റെ ജനം മുഴുവനോടും, പ്രത്യേകിച്ച്, ദൈവത്തില്‍നിന്ന് അകന്നുപോയ പാപികളോടും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിനീക്കപ്പെട്ട ദരിദ്രരോടും സംവദിക്കാന്‍ ഈശോ എന്നും ശ്രദ്ധിച്ചിരുന്നു. ഈശോ കാണിച്ചുതന്ന ഈ വഴിയിലൂടെ ജനത്തോടൊപ്പം നടക്കാന്‍ അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍ പരിശീലിക്കുന്ന കാലയളവാണ് സിനഡുവര്‍ഷങ്ങള്‍. സഭയെന്ന സംഭാഷണവലയത്തിലെ പകരം വയ്ക്കാനാവാത്ത കണ്ണിയാണ് ജനം. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ മാത്രം അമ്പതിലേറെ പ്രാവശ്യം ജനക്കൂട്ടത്തിന് നിര്‍ണ്ണായക സ്ഥാനവും ശബ്ദവും ലഭിക്കുന്നത് നമുക്ക് കാണാം.

ദൈവത്തിന്റെ ജനമായിത്തീരുകയെന്നത് ഒരു നിസ്സാരകാര്യമല്ല. അലഞ്ഞുനടന്ന ആളുകളെ ഒരു ജനമായി ഒരുമിച്ചു വളര്‍ത്തുന്ന ദൈവത്തെയാണ് രക്ഷാചരിത്രത്തില്‍ നാം കണ്ടുമുട്ടുന്നത്. മഹത്തും ശക്തവുമായ ഒരു ജനമായി വളര്‍ന്ന ഇസ്രായേലിനോട് അവരുടെ തുടക്കത്തെക്കുറിച്ച് ഓര്‍ക്കാനാരംഭിക്കുമ്പോള്‍ ഉറക്കെപ്പറയണമെന്ന് ദൈവം ആവശ്യപ്പെട്ടത് ഇതാണ്: ''അലയുന്ന ഒരു അരമായനായിരുന്നു എന്റെ പിതാവ്'' (നിയ. 26:5). സഭയില്‍ എത്തിനില്‍ക്കുന്ന ഇസ്രായേലിന്റെ പ്രയാണവഴിയില്‍ ഒന്നിച്ചു മുന്നേറുന്നവരോട് വിശുദ്ധ പത്രോസ് പറയുന്നത് ശ്രദ്ധിക്കുക: ''മുമ്പ് നിങ്ങള്‍ ഒരു ജനമായിരുന്നില്ല: ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു (1 പത്രോ. 2:10). അപ്പോള്‍, ജനമായിത്തീരുന്നതിനു മുമ്പുള്ള അവസ്ഥയെന്താണ്? അലയുന്ന ആള്‍ക്കൂട്ടങ്ങള്‍ - അതിലപ്പുറമൊന്നുമാകാന്‍ ദൈവം ഇടയനായില്ലാത്ത ആളുകള്‍ക്കു കഴിയില്ല.

സഭ ദൈവജനമാണ്. ലോകത്തിലെ ആള്‍ക്കൂട്ടങ്ങളില്‍നിന്ന് ദൈവജനത്തെ വേര്‍തിരിച്ച് കാണണം. ജനത്തെ കേള്‍ക്കാനൊരുങ്ങുന്ന സഭ ആദ്യം ആര്‍ജ്ജിക്കേണ്ടത് ജനക്കൂട്ടത്തേയും ആള്‍ക്കൂട്ടത്തേയും വേര്‍തിരിച്ചറിയാനുള്ള കഴിവാണ്.

ഒരു ആവശ്യത്തിന്റെയോ ആശയത്തിന്റേയോ ആവേശത്തില്‍ ആളുകള്‍ ഒരുമിച്ചു ചേരുമ്പോള്‍ ഉണ്ടാകുന്നതാണ് ആള്‍ക്കൂട്ടം. ആള്‍ക്കൂട്ടത്തിലെ എല്ലാവരും പൊതു ആവശ്യത്തെയോ ആശയത്തെയോ സൂക്ഷ്മമായി പരിശോധിച്ചവരോ പൂര്‍ണ്ണമായി അംഗീകരിക്കുന്നവരോ ആകണമെന്നില്ല. പരസ്പരം പകരുന്ന ആവേശമാണ് ആള്‍ക്കൂട്ടത്തിന്റെ ഊര്‍ജ്ജത്തിന്റെ ഉറവിടം. ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുന്ന ഓരോ വ്യക്തിയും ഒരു മാനസിക പരിവര്‍ത്തനത്തിന് വിധേയനാകുന്നുണ്ട്. സ്വന്തം ഇച്ഛയുടെ നിയന്ത്രണം തങ്ങളില്‍നിന്ന് എടുക്കപ്പെടുന്നത് ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുന്നവര്‍ അറിയുന്നില്ല. കൊല്ലാനും ചാകാനും തയ്യാറുള്ള ധീരന്മാരായി സ്വയം മാറുന്നത് ഓരോരുത്തരും അറിയും, അതിലാനന്ദിക്കും, അഭിമാനിക്കും. എന്നാല്‍, എന്തിനുവേണ്ടി എന്ന് അവധാനപൂര്‍വ്വം ആലോചിക്കാന്‍ ആള്‍ക്കൂട്ടത്തിലാരും ശ്രമിക്കാറില്ല.

കൂട്ടത്തില്‍ സ്വരവും സ്വാധീനവുമുള്ള ചിലരുടെ ആശയങ്ങളും നിരീക്ഷണങ്ങളുമാണ് ആള്‍ക്കൂട്ടങ്ങള്‍ ഏറ്റെടുക്കുന്നത്. സംഭവങ്ങളുടേയും ആശയങ്ങളുടേയും ആഴവും സങ്കീര്‍ണ്ണതയും ആള്‍ക്കൂട്ടത്തിനു മനസ്സിലാകണമെന്നുപോലുമില്ല. എല്ലാവര്‍ക്കും വേണ്ടി ചിന്തിക്കാനുള്ള നിയോഗം ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നവര്‍ സ്വയമങ്ങ് ഏറ്റെടുക്കും. അവര്‍ സത്യത്തെ നേര്‍പ്പിച്ച് ലളിതമാക്കി ഒരു മുദ്രാവാക്യത്തിന്റെ വലിപ്പമുള്ള ചിന്താഗുളികകളാക്കി ആള്‍ക്കൂട്ടത്തിനു നല്കും.

ആള്‍ക്കൂട്ടത്തിന്റെ സംഘമനസ്സ് രൂപപ്പെടുന്നതെങ്ങനെയെന്ന് ആഴത്തില്‍ പഠിച്ച ഗുസ്താവ് ലെ ബോണ്‍ പറഞ്ഞതുപോലെ, ''ഏറ്റവും നിഷ്ഠൂരമായ ജനമര്‍ദ്ദനം ജനങ്ങളുടെ മനസ്സുകളുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്ന ഇച്ഛാധിപത്യമാണ്.'' ഇച്ഛാശക്തി അപഹരിക്കപ്പെട്ടവര്‍ ചിന്തയില്ലാത്ത ചട്ടുകങ്ങള്‍ മാത്രമാണ്. ജനങ്ങളെ ആള്‍ക്കൂട്ടങ്ങളാക്കി വ്യത്യസ്തചേരികളില്‍ നിര്‍ത്തുന്നതും, ആള്‍ക്കൂട്ടങ്ങളെ മാധ്യമങ്ങളും ആയുധങ്ങളുമാക്കി ഉപയോഗിക്കുന്നതും വലിയ തെറ്റാണ്. ഇക്കാലത്ത്, തെരുവുകളിലും പൊതുമൈതാനങ്ങളിലും മാത്രമല്ല മാര്‍ക്കറ്റുകളിലും സൈബറിടങ്ങളിലുമുണ്ട്, നോക്കിനില്‍ക്കെ പെരുകുന്ന ആള്‍ക്കൂട്ടങ്ങള്‍. ഉറവിടമറിയാത്ത പോസ്റ്റുകള്‍ പോലും ലൈക്കടിച്ചും കമന്റടിച്ചും ഏറ്റെടുത്ത് അനശ്വരമാക്കുന്ന വ്യര്‍ച്ച്വല്‍ ആള്‍ക്കൂട്ടങ്ങളുടെ പ്രഹരശേഷി അപാരമാണ്.

ജനത്തിന്റെ നിലവിളിയും ആള്‍ക്കൂട്ടങ്ങളുടെ ആരവങ്ങളും വേര്‍തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ക്കു കഴിയണമെന്നില്ല. എന്നാല്‍, ആള്‍ക്കൂട്ടങ്ങളുടെ അലര്‍ച്ചകള്‍ക്കിടയിലും ജനത്തിന്റെ നേര്‍ത്ത നെടുവീര്‍പ്പുകള്‍ പോലും കേള്‍ക്കാന്‍ ദൈവത്തിന്റെ ആത്മാവിനു കഴിയും. ഈശോ അനുകമ്പയോടെ പഠിപ്പിച്ചതും പോറ്റിയതും ജനക്കൂട്ടത്തെയാണ്. ഈശോയെ ക്രൂശിക്കണമെന്ന് ആക്രോശിച്ചത് ആള്‍ക്കൂട്ടമാണ്. ജനസ്വരത്തിന്റെ വിവേചനവും ശ്രവണവുമാണ് പ്രാദേശിക സിനഡുദിനങ്ങളില്‍ നടക്കേണ്ടത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org