അധികാരശുശ്രൂഷയും കൂടിയാലോചനയും

അധികാരശുശ്രൂഷയും കൂടിയാലോചനയും

ദൈവത്തിന്റെ കരംപിടിച്ച് ഏദന്‍തോട്ടത്തിലൂടെ നടന്നിരുന്ന സുന്ദരമായ ഒരു ആദ്യകാലം മനുഷ്യനുണ്ടായിരുന്നു. ദൈവത്തിന്റെ കരംവിട്ടു പാപത്തിന്റെ പച്ചപ്പിനു പിന്നാലെ നടന്നു പറുദീസായുടെ പുറത്തെത്തിയ നിസ്സഹായരായ മനുഷ്യരെ ദൈവപിതാവിന്റെ പക്കലേക്കു തിരികെ കൊണ്ടുവരികയെന്നതാണ് ദൈവപുത്രനായ ഈശോയുടേയും ജീവപ്രദനായ പരിശുദ്ധാത്മാവിന്റെയും സംയുക്ത ദൗത്യം. ഇന്നും തുടരുന്ന ഈ ദൈവീകദൗത്യം ലോകത്തിനു ദൃശ്യമായത് മിശിഹായുടെ പെസഹാ സംഭവത്തിലൂടെയാണ്. നിത്യാത്മാവു മുഖേന തന്നെതന്നെ പിതാവിനു സമര്‍ച്ചിച്ചുകൊണ്ടാണ് (ഹെബ്രാ 9:14) ദൈവത്തിലേക്ക് തിരിച്ചു നടക്കാനുള്ള മാതൃകയും കൃപയും ഈശോ മനുഷ്യര്‍ക്കു നല്കിയത്. ക്രിസ്തുവിന്റെ തുടര്‍ച്ചയായ സഭയും പരിശുദ്ധാത്മാവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ദൈവത്തിലേക്കുള്ള തീര്‍ത്ഥാടനം നടത്തേണ്ടത്. ആ തീര്‍ത്ഥാടനത്തിന്റെ പേരാണ് സിനഡ്; ആ തീര്‍ത്ഥാടനം യാഥാര്‍ത്ഥ്യമാകുമ്പോഴാണ് സഭ സിനഡലാകുന്നത്.

ക്രിസ്തുവിന്റെ ശരീരമായ സഭ അതിന്റെ ജീവശക്തിയായ പരിശുദ്ധാത്മാവിന്റെ നിര്‍ദ്ദേശങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത്? സ്വപ്നങ്ങളിലൂടെയും ദര്‍ശനങ്ങളിലൂടെയും നേതാക്കള്‍ക്കും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും മാത്രം നിര്‍ ദ്ദേശങ്ങള്‍ ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ നിയമങ്ങളായും പ്രവചനങ്ങളായും ജനത്തിനു വഴിതെളിച്ചു. അവയിലൂടെ വെളിപ്പെട്ട ദൈവസ്വരം നിയമജ്ഞരുടേയും പ്രവാചകരുടേയും അധരങ്ങളില്‍ നിന്നാണ് ജനവും അവരുടെ നേതാക്കളും കേട്ടത്. എന്നാല്‍, പുത്രന്റെ മനുഷ്യാവതാരത്തോടെ ആരംഭിച്ച കൃപായുഗത്തില്‍ പരിശുദ്ധാ ത്മാവിന്റെ ആഗമനം വഴി ദൈവജനത്തിനു മുഴുവന്‍ ദിവ്യജ്ഞാനം കൈവന്നു. ഏതാനും വ്യക്തികള്‍ക്കു മാത്രം സ്വന്തമായിരുന്ന രാജത്വവും പ്രവചനവും പൗരോഹിത്യവും ദൈവജനം മുഴുവനും സ്വന്തമായത് പരിശുദ്ധാത്മാവ് പൂര്‍ണ്ണമായി വെളിപ്പെട്ടപ്പോഴാണ്.

ദൈവാത്മാവ് സഭയെ നയിക്കുന്ന രക്ഷാകര ചരിത്രത്തിന്റെ ഈ അവസാനഘട്ടത്തില്‍, ദൈവജനം മുഴുവനോടുമുള്ള സമാലോചനയ്ക്ക് പകരംവക്കാവുന്ന ആദേശങ്ങളൊന്നും പ്രത്യേക വെളിപാടിലൂടെ ഒരു വ്യക്തിക്കും നല്കപ്പെടുന്നില്ല. ആത്മാവ് സഭയോട് പറയുന്നത് കേള്‍ക്കാന്‍ ശ്രമകരമായ സമാലോചനയല്ലാതെ വേറെ വഴികളില്ല. സഭയുടെ അടിസ്ഥാന ഘടകമായ ദൈവജനത്തോട് ആലോചിക്കാതെ, ഏതാനും ചിലരുടെ ബൗദ്ധിക കണ്ടെത്തലുകളെ നിയമങ്ങളാക്കാനൊ, മറ്റു ചിലര്‍ ക്കു ലഭിച്ച പ്രത്യേക വെളിപാടുകള്‍ക്കു പ്രവചനമൂല്യം കല്പി ക്കാനൊ ക്രിസ്തീയാധികാര ശുശ്രൂഷ ചെയ്യുന്ന ആരും തുനിയരുത്.

ലോകക്രമത്തില്‍പോലും ഇങ്ങനെ ചെയ്യുന്നത് കൗതുകകരമായ കുറ്റകൃത്യമായാണ് കണക്കാക്കപ്പെടുന്നത്. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്ക് വന്‍തുക പിഴ ചുമത്തിയതും പിരിച്ചുവിടല്‍ എന്ന ശിക്ഷ നല്കിയതും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. എന്താണ് അവര്‍ ചെയ്ത തെറ്റ്? നിയമാനുസൃതമായ കൂടിയാലോചനകള്‍ സാമ്പത്തിക വിദഗ്ദ്ധരായ സഹപ്രവര്‍ത്തകരോട് നടത്തണ്ടതിനു പകരം, ഹിമാലയത്തിലെ ഒരു സന്യാസിയുടെ ഉപദേശങ്ങള്‍ അന്ധമായി സ്വീകരിക്കുകയും അതനുസരിച്ച് ഉന്നത നിയമനങ്ങള്‍ അടക്കമുള്ള അധികാരപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു! ഫലമൊ? വന്‍ നഷ്ടം.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെ ദൈവജനമാണ് സഭയുടെ അടിസ്ഥാന ഘടകം എന്ന സത്യം നവമായും ശക്തമായും സഭ തിരിച്ചറിഞ്ഞു. കൗണ്‍സിലാനന്തര സഭയില്‍, ദൈവജനത്തോടുള്ള കൂടിയാലോചന ജനാധിപത്യപരമായ ഒരു മര്യാദയോ അധികാരികള്‍ നല്കുന്ന ഒരു ഔദാര്യമോ അല്ല. ക്രിസ്തീയ അധികാരത്തിന്റെ ഘടനാപരമായ അനിവാര്യതയാണ് കൂടിയാലോചന. കൂടിയാലോചനയാകുന്ന അടിത്തറയിലാണ് ക്രിസ്തീയ അധികാരത്തിന്റെ ജ്ഞാനസ്തംഭങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നത്.

''നിഗൂഢത ദൈവത്തിന്റെ മഹത്വമാണ്. രാജാക്കന്മാരുെടമഹത്വമൊ, കാര്യങ്ങള്‍ ആരാഞ്ഞറിയുന്നതും'' (സുഭാ. 25:2). അധികാരികള്‍ ദൈവദത്തമായ രാജത്വത്തിന്റെ അടയാളങ്ങള്‍ പേറുന്നവരാണ്. അവരുടെ ശ്രേഷ്ഠത അടങ്ങിയിരിക്കുന്നത് ആലോചന ചോദിക്കുന്ന ശീലത്തിലാണ്. തനിക്കു മാത്രമറിയാവുന്ന നിഗൂഢമായ കാരണങ്ങളുടെ പേരില്‍ തീരുമാനങ്ങളെടുക്കുന്ന ശൈലി ക്രിസ്തീയ അധികാര ശുശ്രൂഷയ്ക്ക് യോജിച്ചതല്ല. അധികാരത്തിന് ആധികാരികത ലഭിക്കുന്നത് സിനഡില്‍ നിന്നാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org