കൊന്ന പൂക്കുന്ന കാലം

കൊന്ന പൂക്കുന്ന കാലം

ആഗോളസിനഡിന്റെ ഒരുക്കരേഖയുടെ 26-ാം ഖണ്ഡിക അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ദൈവജനവുമായുള്ള കൂടിയാലോചനയ്ക്ക് വിഷയമാകേണ്ട അടിസ്ഥാനപരമായ ചോദ്യമാണ് ഈ ഖണ്ഡികയിലുള്ളത്. സംഭാഷണം സഭയുടെ സത്താപരമായ ശൈലിയാണെന്ന് അടിവരയിട്ടു ആവര്‍ത്തിച്ചതിനുശേഷം അടിസ്ഥാനപരമായ ആ ചോദ്യം വളച്ചുകെട്ടില്ലാതെ അവതരിപ്പിച്ചിരിക്കുന്നു: ഇന്ന് നിങ്ങളുടെ പ്രാദേശിക സഭയില്‍, അതായത്, രൂപതയില്‍, ഒരുമിച്ചുള്ള സഞ്ചാരം എങ്ങനെയാണ് നടക്കുന്നത്? വൈകാരികവും ചിന്താപരവുമായ അച്ചടക്കത്തോടെ ഈ ചോദ്യത്തോട് പ്രതികരിക്കാന്‍ മൂന്നു നിര്‍ദ്ദേ ശങ്ങള്‍ ഒരുക്കരേഖ നല്‍കുന്നുണ്ട്.

ഒന്നാമതായി, നിങ്ങളുടെ മാതൃരൂപതയിലുണ്ടായ ഏതൊ ക്കെ സംഭവങ്ങളും അനുഭവങ്ങളുമാണ് ഇങ്ങനെയൊരു ചോദ്യം സ്വയം ചോദിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്നത് എന്നു ശ്രദ്ധിക്കുക. രണ്ടാമതായി, ഓര്‍മ്മയുടെ കൂടാരത്തിലിരുന്ന് പ്രസ്തുത അനുഭവങ്ങളെ സഗൗരവം പരിശോധിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ മനസ്സില്‍ നിറയുന്നതെ ന്തെല്ലാമെന്ന് നിരീക്ഷിക്കുക. ആത്മാവില്‍ ആനന്ദത്തിന്റെ പൂനിലാവ് പരക്കുന്നുണ്ടോ? മുമ്പോട്ടുള്ള വഴി ദുര്‍ഘടം നിറഞ്ഞതായി കാണുന്നുണ്ടോ? ഇനിയുമുണങ്ങാത്ത മുറിവുകളുടെ നീറ്റല്‍കൊണ്ട് മനസ്സു പിടയുന്നുണ്ടോ? ജ്ഞാനം പകരുന്ന ഉള്‍ക്കാഴ്ചകളായിരുന്നോ പിന്നിട്ട വഴികളില്‍ ഉണ്ടായിരുന്നത്? മൂന്നാമതായി, രൂപതയുടെ ഭാവി അനുഗ്രഹപ്രദമാക്കാന്‍ വേണ്ട കരുതലുകളെടുക്കുക. അതിനായി, ശ്രദ്ധാവിഷയമായ അനുഭവങ്ങളിലും സംഭവങ്ങളിലും പരിശുദ്ധാത്മാവിന്റെ സ്വരം പ്രതിധ്വനിക്കുന്ന ഇടങ്ങളും നേരങ്ങളും വിവേചിക്കണം. നിലനിറുത്തേണ്ട ഘടകങ്ങളെ മാറ്റം വരുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഘടകങ്ങളില്‍ നിന്ന് വേര്‍തിരിക്കണം. സത്വരം കൈക്കൊള്ളേണ്ട നടപടികള്‍ ഏതൊക്കെയെന്ന് തീരുമാനിക്കണം. പൊ തുസമ്മതം ആവശ്യമുള്ള മേഖലകള്‍ എണ്ണിത്തിരിക്കണം. നന്മയിലേക്ക് നയിക്കുന്ന പാതകളെ കൈചൂണ്ടികള്‍ സ്ഥാപിച്ച് അടയാളപ്പെടുത്തണം.

എലിയെപേടിച്ച് ഇല്ലം ചുടുന്ന നാടന്‍ പഴങ്കഥയിലെ വീട്ടുടമസ്ഥനെപോലെയല്ല, തന്റെ നിക്ഷേപത്തില്‍ നിന്ന് നല്ലതും ചീത്തയും പുറത്തെടുക്കുന്ന ഈശോയുടെ ഉപമയിലെ വീട്ടുകാരനെപ്പോലെയാണ് സഭ സിനഡല്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടേണ്ടത്. അര്‍ബുദ ചികിത്സയ്ക്കായി മസ്തിഷ്‌ക്ക ശസ്ത്രക്രിയ നടത്തുന്ന ഭിഷഗ്വരന്റെ അവധാനതയും ശ്രദ്ധയും അടിസ്ഥാനപരമായ ചോദ്യങ്ങളെപ്പറ്റി സംഭാഷണത്തിലേര്‍പ്പെടുന്നവര്‍ക്ക് അത്യാവശ്യമാണ്. മരിച്ചതും മരണം പരത്തുന്നതുമായ കോശങ്ങളെ ജീവനവശേഷിക്കുന്ന കോശങ്ങളില്‍ നിന്ന് വേര്‍തിരിക്കാന്‍ അപാരമായ ക്ഷമയും സൂക്ഷ്മതയും വേണം.

അടിസ്ഥാനപരമായ ചോദ്യത്തെ മുന്‍നിറുത്തിയുള്ള സംഭാഷണം ഒരേസമയം ബൗദ്ധികവും ആത്മീയവുമായ ഒരു കര്‍മ്മമാണ്. സാഹചര്യങ്ങളേയും സംഭവങ്ങളേയും വസ്തുനിഷ്ഠമായി അപഗ്രഥിക്കാനും, ചിന്തയില്‍ അവയെ അപനിര്‍മ്മിച്ച് മൗലിക ഘടകങ്ങളെ വേര്‍തിരിക്കാനും ബുദ്ധിക്കു കഴിയണം. വികാരങ്ങളുടെ കലര്‍പ്പില്ലാത്ത ബുദ്ധിക്ക് അതിനു സാധിക്കേണ്ടതാണ്. പരസ്പരം കേട്ടും തുറന്നു പറഞ്ഞും കുരുക്കഴിക്കാന്‍ കഴിയാത്ത മുന്‍വിധികളൊന്നും മനുഷ്യമനസ്സിലില്ല. ബുദ്ധിയെ വികാരങ്ങളുടെ കെട്ടുപാടില്‍നിന്ന് വിടുവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രവണത്തിനു മുന്‍തൂക്കമുള്ള സംഭാഷണത്തിനു തയ്യാറായാല്‍ മാത്രം മതി.

സംഭാഷണങ്ങള്‍ക്കിടയിലോ ഒടുവിലോ എന്നു കൃത്യമായി പറയാനാവില്ല; അറിഞ്ഞും അറിയാതെയും പരസ്പരമേല്പിച്ച മുറിവുകള്‍ പരസ്പരം കണ്ടുമുട്ടുന്ന നിമിഷാര്‍ദ്ധങ്ങളൊന്നില്‍ ക്ഷമയുടെയും ഒരുമയുടേയും അനിവാര്യതയിലേയ്ക്ക് എവിടെ നിന്നൊ ഒരു വെളിച്ചം കടന്നുവരുന്നത് എല്ലാവരും കാണും. എന്നാലതിനൊപ്പം, അനിവാര്യമായ ക്ഷമ അസാധ്യമാണെന്ന സത്യസന്ധമായ തിരിച്ചറിവില്‍ ഹൃദയവുമാത്മാവും നിയന്ത്രണാതീതമായി തപിക്കാനുമാരംഭിക്കും. കരിമ്പാറയില്‍ നിന്ന് മധുരജലം കണക്കെ ശമിക്കാത്ത ഉള്‍ത്താപത്തില്‍നിന്ന് ക്ഷമയുടെ പൂക്കള്‍ വിരിയും.

അസമയത്തു വന്നുചേര്‍ന്ന കടുത്തചൂടിനോട് സ്വയം വാടിയും കരിഞ്ഞുണങ്ങിയുമാണ് പല ചെടികളും പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. പാടവരമ്പിലെ കൊന്നയാകട്ടെ എല്ലാ കമ്പിലും പൂചൂടി നില്ക്കുന്നു. പ്രാദേശിക സിനഡു ദിനങ്ങള്‍, രൂപതകള്‍ക്ക് കൊന്നപൂക്കുന്ന കാലമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org