
മനുഷ്യന്റെ ശ്രേഷ്ഠതയ്ക്ക് പരുക്കുപറ്റുന്ന കാഴ്ചകളാണ് പുറത്ത്. കാണെക്കാണെ ചെറുതായി പോകുന്ന 'ചെറിയ വരും' അവര്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത വേഗത്തില്‍ ഉയരത്തിലേക്ക് വളര്‍ന്നു പോകുന്ന 'വലിയവരും'. ചെറിയവയെ വിഴുങ്ങുന്ന വലിയവര്‍ എന്ന മായാവിസ്മയ സംസ്‌കാരത്തില്‍ നിന്നുകൊണ്ടാണ് സര്‍വശക്ത നായ ദൈവം ചെറിയവനായി വന്നു പിറന്നതിന്റെ ക്രിസ്തുമസ് നാം ആഘോഷിക്കുന്നത്.
ഇവിടെ സ്വര്‍ഗം മണ്ണിലേക്ക് താഴ്ന്നിറങ്ങി, മാലാഖമാര്‍ മനുഷ്യനെ മുത്തമിടുന്നു. നാല്‍ക്കാലികള്‍, ഇടയന്മാര്‍, ജ്ഞാനികള്‍, മാലാഖമാര്‍, നക്ഷത്രങ്ങള്‍ എല്ലാം ചേര്‍ന്ന് ഈ തൊഴുത്തിനെ സ്വര്‍ഗവും ഭൂമിയും സമ്മേളിക്കുന്ന ഇടമാക്കിത്തീര്‍ക്കുന്നു. ദൈവാന്വേഷണത്തിന്റെ യാത്ര നാം ആരംഭിക്കേണ്ടത് ക്രിസ്മസിന്റെ അകത്തളങ്ങളെ ധന്യമാക്കുന്ന പുല്‍തൊഴുത്തിലാണ്. അധികമുള്ളതിന്റെ 'അഹ'മല്ല അല്പമുള്ളതിന്റെ 'ആശ്രയത്വമാണ്' പുല്‍ത്തൊഴുത്തിന്റെ ലാവണ്യ ശാസ്ത്രം. നിറയെ കതിര്‍മണികള്‍ ഉള്ള പാടത്തുനിന്ന് ഒരു കതിര്‍മണി മാത്രം മതിയെന്ന് ആഗ്രഹിക്കുന്ന ആകാശ പറവകളുടെ വാഴ്ത്തിന്റെ സുവി ശേഷമാണ് പുല്‍ത്തൊഴുത്ത്. ഹെന്റി ഡേവിഡ് തോറ, വാള്‍ഡന്‍ നദിക്കരയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുറിച്ചതു പോലെ: 'ബോധപൂര്‍വ്വം ജീവിക്കാനാണ് ഞാന്‍ ആരണ്യത്തിലോട്ട് പിന്‍വാങ്ങിയത്. കാതലായവയെ മാത്രം അഭിമുഖീകരിക്കാനും അതില്‍ നിന്ന് പഠിക്കാനും ഞാന്‍ ആഗഹിക്കുന്നു.' നമുക്ക് ഇണങ്ങുകയോ ഉതകുകയോ ചെയ്യാത്ത വര്‍ത്തമാനകാല കവചങ്ങളെ ഊരിമാറ്റി ജീവിത സ്പര്‍ശിയായതിനെ മാത്രം സ്വന്തമാക്കാനുള്ള പാഠശാലയായി പുല്‍ത്തൊഴുത്ത് മാറുന്നു.
ചെറുതിനെപ്പറ്റിയുള്ള പരിഗണനയാണ് പുല്‍ക്കൂടിന്റെ വിശാല ഭാവം. ചെറിയ കാര്യങ്ങളും ചെറിയവരുടെ ലോകവും ഇന്ന് ആരുടെയും ശ്രദ്ധാവിഷയമല്ലാതെയായി. 'കൊച്ചു കാര്യങ്ങളുടെ തമ്പുരാന്‍' (God of Small Things) എന്ന അരുന്ധതി റോയിയുടെ നോവല്‍ ബുക്കര്‍ പ്രൈസിന്റെ ഔന്നത്യത്തിലേക്കുയര്‍ന്നതിലൊരു നേര്‍ വായനയുണ്ട്. ചെറുതിന്റെ വലിപ്പം മഹത്വത്തിന്റെ കിരീടമാകുന്നു. ചെറുതില്‍ നിന്നാരംഭിച്ച ക്രിസ്തുവിന്റെ പാതയിലെ വഴിയോരക്കാഴ്ചകളെല്ലാം ചെറിയവരുടെ മഹോത്സവങ്ങളായിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ക്രിസ്തു ജനിച്ചത് ഒരു കന്നുകാലിക്കൂട്ടിലാണ്. അത് ഒരു ശൈലിക്കുവേണ്ടിയോ സ്‌റ്റൈലിനുവേണ്ടിയോ പിറന്നതല്ല, മറിച്ച് ദൈവനിശ്ചയത്തിന്റെ പൂര്‍ത്തീകരണമാണത്. 'ദൈവത്തിന്റെ നിസ്വന്‍' എന്ന സംജ്ഞയ്ക്ക് ആള്‍ രൂപം സ്വീകരിച്ചതാണ് പുല്‍ക്കൂട്ടിലെ ഉണ്ണീശോ.
മനുഷ്യന്റെ ലോജിക്കുകള്‍ക്കും ലോകത്തിന്റെ ഗ്രാമറുകള്‍ക്കും അതീതമായ ദൈവികതയുടെ ഭാഷാന്തരമാണ് പുല്‍ക്കൂട്ടില്‍ നാം കാണുന്നത്. സ്വന്തം വ്യക്തിത്വത്തെ പ്രൊജക്ട് ചെയ്തു കാണിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുന്ന ഇന്നത്തെ ആധുനികതന്ത്രങ്ങള്‍ക്കു മുന്‍പില്‍ 'ചെറിയവരാകുക' എന്ന ഗുരുമൊഴി ഒരു വലിയ ചോദ്യ ചിഹ്നമായി മാറുന്നു. പ്രകൃതി നിയമത്തിലെ ചെറുതില്‍ നിന്ന് വലുതിലേക്കുള്ള പ്രയാണം മനുഷ്യബുദ്ധിക്ക് ഗ്രാഹ്യമാണ്. അവിടെ 'പരിണാമം' എന്ന വാക്കിന് ഗ്രാവിറ്റി കൂടുന്നു. എന്നാല്‍, ഭൂമിയിലെ മനുഷ്യന്റെ സ്വയം ചെറുതാകലില്‍ തന്നെ, സ്വര്‍ഗത്തിലെ അവന്റെ വലിപ്പം നേടിക്കഴിഞ്ഞുവെന്ന ദൈവശാസ്ത്ര വീക്ഷണം അഗ്രാഹ്യമായ തലത്തിലേക്ക് ഉയരുന്നു. അവിടെയാണ് 'Kenosis' എന്ന പദത്തിന്റെ അവിര്‍ഭാവം. ഒപ്പം പുല്‍ത്തൊഴുത്തിന്റെ അജയ്യതയും. ഇവിടെ ജൈവശാസ്ത്ര പരമായ പരിണാമം എന്ന പദം ഒരു ദൈവികമാനം കൈവരിക്കുന്നു. സ്വന്തം ഇച്ഛയെ 'സ്വയം ശൂന്യമാക്കുകയും' ദൈവഹിതം പൂര്‍ണ്ണമായും സ്വീകരിക്കുകയും ചെയ്യുന്ന മാറ്റം. ഇതുതന്നെയാണ് പുല്‍ത്തൊഴുത്തിനെ അതിധന്യമാക്കുന്നതും.
സര്‍വവ്യാപിയായ ദൈവം ശരീരം സ്വീകരിച്ച് ഒരു ഇടത്തിലേക്കു ചുരുങ്ങുന്നതല്ല, മറിച്ച് ഏറ്റവും ചുരുങ്ങിയ ഇടങ്ങളില്‍ പോലും അവന്റെ സാന്നിധ്യം കൊണ്ട് വിശാലമാക്കുന്ന സ്‌നേഹത്തിന്റെ പ്രവാഹമാണ് പുല്‍ത്തൊഴുത്തിലെ പ്രകാശം. 'കറു കനാമ്പിന്റെ നെറുകയിലും കരിമ്പനയുടെ മുകളിലും' മുത്തമിടുന്ന സൂര്യനെപ്പോലെയാണ് പുല്‍ത്തൊഴുത്തിലെ ഉണ്ണീശോ. ലോകത്തിന്റെ പാപ്പരത്വവും ലാളിത്യവും പ്രൗഢിയും ആഢംബരവുമെല്ലാം അവന്റെ മുമ്പില്‍ കുമ്പിടുന്നു. പണവും പ്രശസ്തിയും അധികാരവുമാണ് ശ്രേഷ്ഠതയുടെ ചവിട്ടുപടികള്‍ എന്ന മാനുഷികമായ വിചാരങ്ങളെ മറി കടക്കുന്ന ബോധധാരയിലേക്കാണ് കാലിത്തൊഴുത്ത് മിഴി തുറക്കുന്നത്. പച്ചപ്പാതിരയ്ക്ക് ഉദയം ചെയ്ത സൂര്യതേജസ്സിനു മുമ്പില്‍ നമ്മുടെ ഹൃദയവാതിലുകള്‍ തുറന്നുവയ്ക്കാം. ചെറുതാകലിലൂടെ അമരത്വം ലഭിക്കുന്ന ജീവിതാത്ഭുതങ്ങളുടെ നിലാവില്‍ നമുക്ക് ആനന്ദിക്കാം. ആ നിമിഷം 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്ന സ്വര്‍ഗ സംഗീതം നമ്മുടെ മനസ്സുകളിലേക്ക് ഒഴുകിയെത്തും.
ജീവിതമാകട്ടെ, 'ഇത്ര ചെറുതാകാന്‍ എത്ര വളരേണം' എന്നു ശ്രുതിമധുരിമയുടെ മേച്ചില്‍പ്പുറങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയായി മാറും. അപ്പോള്‍ ക്രിസ്തുമസ് രാത്രിയിലെ ചെറുതാകലിന്റെ ധന്യത പുത്തന്‍ ജീവിത സമവാക്യങ്ങളുടെ നിറക്കൂട്ടുകള്‍ തീര്‍ക്കും.