ഗ്ലോറിയ : ആഗമനകാലചിന്തകള്‍-3

ഗ്ലോറിയ : ആഗമനകാലചിന്തകള്‍-3
Published on

തിരുപ്പിറവിയുടെ തിരിച്ചറിവുകളിലേയ്ക്ക് ഒരു നോവുവിചാരം…

ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സി.എം.എഫ്.

കിഴക്ക്
ദൈവത്തിന്റെ ദിക്കാണ് കിഴക്ക്. രക്ഷകജനനത്തിന്റെ സൂചനയായി കിഴക്കിന്റെ കോണിലാണ് താരോദയമുണ്ടായത്. പൂജരാജാക്കന്മാരും ആട്ടിടയരുമെല്ലാം ആ ദിശയിലേക്കാണ് നീങ്ങിയത്. ദൃശ്യവിസ്മയങ്ങളുടെ ദിക്കാണ് കിഴക്ക്. വെളിച്ചം വന്നത് അവിടെ നിന്നാണ്. ആയതിനാല്‍, പ്രപഞ്ചത്തിന്റെ പ്രകാശമായ ദൈവത്തിന്റെ ആഗമസ്ഥാനമാണത്. പൂര്‍വ്വ ദിക്കിലേക്കുള്ള പ്രയാണം ദൈവത്തിങ്കലേക്കാണ്. നാമും യാത്രികരാണ്. ദൈവത്തില്‍ വിലയം പ്രാപിക്കാന്‍ മോഹിച്ചു മുന്നേറേണ്ടവര്‍. ശരിയായ ദിശാബോധം നമുക്കുണ്ടോ? കിഴക്കോട്ട് ദര്‍ശനമായാണോ നമ്മുടെ ജീവിതഭവനം നാം നിര്‍മ്മിച്ചിരിക്കുന്നത്? കിഴക്ക് കേവലം ചതുര്‍ദിശകളില്‍ ഒന്നല്ല. മറിച്ച്, നമ്മുടെ ജീവിതവ്യവഹാരങ്ങളുടെ അടിസ്ഥാനപരമായ ആഭിമുഖ്യമാണ്. വെണ്മയുടെയും ഉണ്മയുടെയും ഉത്ഭവകേന്ദ്രമായ കിഴക്കിന്റെ കോണിലേക്ക് മിഴികള്‍ നട്ട് മാത്രമായിരിക്കട്ടെ വിശ്വാസികളായ നമ്മുടെ അനുദിനസഞ്ചാരം. ദൃഷ്ടികള്‍ സദാ ദൈവത്തില്‍ പതിയട്ടെ. നമ്മെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ അവിടുന്ന് നമുക്ക് തെളിവായി കാണിച്ചുതരും.

താരകം
പ്രത്യാശയുടെ പ്രകാശമാണ് താരകം. ഒരു നക്ഷത്രത്തിന്റെ നുറുങ്ങുവെട്ടവും ചെറുചലനങ്ങളുമാണ് ദീര്‍ഘദര്‍ശികള്‍ക്ക് ദിശാബോധം നല്കിയത്. അതിന്റെ നീക്കത്തെ കണ്ണിമയ്ക്കാതെ പിന്തുടര്‍ന്നതുകൊണ്ടാണ് ദൈവപുത്രന്റെ സന്നിധിയില്‍ എത്തിച്ചേരാന്‍ അവര്‍ക്ക് എളുപ്പത്തില്‍ സാധിച്ചത്. സൃഷ്ടപ്രപഞ്ചത്തിന്റെ നാലു കെട്ടിനുള്ളില്‍ നമുക്കു നേര്‍ദിശ കാട്ടാനുള്ള പലതരം ചൂണ്ടുപലകകള്‍ നമ്മെ സ്‌നേഹിക്കുന്ന ദൈവം നാട്ടിനിര്‍ത്തിയിട്ടുണ്ട്. നമ്മുടെ പാദങ്ങള്‍ക്കു കരുത്തു പകരാന്‍ അവിടുത്തെ വിശുദ്ധവചനങ്ങള്‍ അവയില്‍ കൊത്തിവച്ചിട്ടുമുണ്ട്. അവയോരോന്നും വായിച്ചു മനസ്സിലാക്കാനും ധ്യാനവിഷയമാക്കാനുമുള്ള സന്നദ്ധതയും സാവകാശവും കാണിക്കുക. നമ്മുടെ നടപ്പാതകള്‍ ദീപ്തമാക്കാന്‍ നമ്മെ കരുതുന്നവന്‍ ശരറാന്തലുകള്‍ കൊളുത്തിവച്ചിട്ടുണ്ട്. അവ പലരുമാകാം, പലതുമാകാം. അവയൊക്കെ സമയാസമയങ്ങളില്‍ നല്കുന്ന അടയാളങ്ങളെ അവഗണിച്ചാല്‍ ആപത്ത് സുനിശ്ചിതമാണ്. മിന്നിത്തിളങ്ങുന്ന എണ്ണമറ്റ പ്രകാശഗോളങ്ങളില്‍ നമുക്കായി തെളിഞ്ഞുനില്ക്കുന്ന താരകത്തെ തിരിച്ചറിയുക.

കാണിക്ക
സമ്പൂര്‍ണ്ണമായ സമര്‍പ്പണമാണ് കാണിക്ക. തൊഴുത്തില്‍ പിറന്ന വിണ്ണിന്റെ രാജകുമാരനു വേണ്ടി മണ്ണിലെ രാജാക്കന്മാര്‍ കാഴ്ച്ചകള്‍ കൊണ്ടുപോയി. ദൈവാത്മജനെ കാണാനുള്ള തിടുക്കത്തിനിടയിലും അവിടുത്തേക്കുള്ള സമ്മാനപ്പൊതികള്‍ കൂടെയെടുക്കാന്‍ അവര്‍ മറന്നില്ല. ദൈവസിധിയിലേക്ക് പോകുമ്പോള്‍ നാമും കാഴ്ചകള്‍ കരുതണം. 'എനിക്കു തരാന്‍ നിന്റെ പക്കല്‍ എന്തുണ്ട്?' എന്ന് അവിടുന്ന് നമ്മോടു ചോദിക്കുന്നുണ്ട്. ഭൗതികസമ്പാദ്യങ്ങളുടെ ഭാണ്ഡവും ചുമലിലേറ്റി പുല്ക്കൂട്ടിലേക്ക് പോകേണ്ട. പകരം, ഉള്‍ത്താരില്‍നിന്നും അടര്‍ത്തിക്കൊടുക്കാന്‍ പരിശുദ്ധിയുടെ പരിമളമുള്ള എന്തെങ്കിലുമുണ്ടാകണം. വിയര്‍പ്പിന്റെയല്ല, വിശുദ്ധിയുടെ ഗന്ധമുള്ള എന്തെങ്കിലും. ജീവിതത്തില്‍ ഒരുപിടി സുകൃതങ്ങള്‍ സ്വരുക്കൂട്ടുക. അവയോടൊപ്പം നമ്മുടെ ദുഃഖങ്ങളും ദീനങ്ങളും നഷ്ടങ്ങളുമെല്ലാം അവിടുത്തെ കാല്ക്കല്‍ വയ്ക്കാം. അവയെ ഒന്നിനെയും അവിടുന്ന് തിരസ്‌ക്കരിക്കുകയില്ല. കാണിക്കകളുടെ ചെറുമയെക്കുറിച്ചോ, നിസ്സാരതയെക്കുറിച്ചോ ഒന്നുമോര്‍ത്ത് വിഷമിക്കേണ്ടതില്ല. വിധവയുടെ ഓട്ടക്കാശിനെ വരെ വാനോളം വാഴ്ത്തിയവനല്ലേ നമ്മുടെ നാഥന്‍?

പിള്ളക്കച്ച
കരുതലിന്റെ കൈത്തൂവാലയാണ് പിള്ളക്കച്ച. പിറന്നു വീണ പൊന്നോമനയെ പരിശുദ്ധ അമ്മ പൊതിഞ്ഞു കിടത്തിയ കച്ച. മഞ്ഞു പെയ്തിരുന്ന ആ ധനുമാസത്തില്‍ ഒരു മുറിക്കച്ച മടക്കി കൈയില്‍ കരുതേണ്ടതിന്റെ ആവശ്യം മാതാവ് മുന്‍കൂട്ടി കണ്ടില്ല. മാതൃ വാത്സല്യത്തിന്റെ ഇളംചൂടും, പിതൃലാളനയുടെ മൃദുലതയുമുള്ള ആ വെണ്‍കച്ചയ്ക്കുള്ളില്‍ ആ കുഞ്ഞ് കുളിരറിയാതെ കിടന്നുറങ്ങി. ദൈവം സ്വന്തം വിരല്‍തുമ്പുകളാല്‍ ചില പിള്ളക്കച്ചകള്‍ നമ്മുടെയും നന്മയ്ക്കായി നെയ്തുവച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ നടുക്കയത്തില്‍ നിന്ന് കരേറുവാന്‍ നമുക്കു നേരേ എറിഞ്ഞുതന്ന നേട്ടത്തിന്റെ ഒരു കയര്‍ത്തുമ്പ്; മാറാവ്യാധികള്‍ പിടിപെട്ട് മരണത്തോടു മല്ലടിച്ചു കഴിയുന്ന നാളുകളില്‍ നല്കുന്ന സൗഖ്യത്തിന്റെ സ്പര്‍ശം; മനസ്സു മരവിച്ച് നിരാശയില്‍ നീറുന്ന നേരങ്ങളില്‍ പ്രത്യാശയേകുന്ന ആശ്വാസവാക്കുകള്‍ എന്നിങ്ങനെ നമുക്കറിയാവുന്നതും അല്ലാത്തതുമായ ആരെയോ, എന്തിനെയോ ഒക്കെ നമുക്കുള്ള കുട്ടിക്കച്ചയായി ദൈവം മാറ്റിവച്ചിട്ടുണ്ട്. ആവശ്യമുള്ളപ്പോള്‍ അവിടുന്ന് അത് നമുക്കായി വിരിച്ചിടും. നാം അവിടുത്തെ മക്കളാണെന്ന ബോധ്യത്തില്‍ ജീവിച്ചാല്‍ മാത്രം മതി.

പുല്‍ത്തൊട്ടി
ഇല്ലായ്മകളുടെ ഇല്ലമാണ് പുല്‍ത്തൊട്ടി. ഇത്തിരിപ്പോന്ന ഒരു പുല്‍ശയ്യയിലാണ് ദൈവകുമാരനെ അമ്മ കിടത്തിയത്. പട്ടുമെത്തയില്‍ പള്ളികൊള്ളേണ്ടവന്‍ പരാതിയും പരിഭവവുമില്ലാതെ അതിന്മേല്‍ മന്ദഹസിച്ചു മയങ്ങി. വിണ്ണിന്റെ സര്‍വ്വസുഖങ്ങളും വിട്ട് മണ്ണിന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിയവന്‍ കാലിക്കൂടോ കച്ചിക്കിടക്കയോ ഒന്നും കാര്യമാക്കിയില്ല. കുറവുകളെയും അസൗകര്യങ്ങളെയുമൊക്കെ ഇഷ്ടപ്പെടാന്‍ നാമും ശീലിക്കണം. എല്ലാം എപ്പോഴും നാം ഇച്ഛിക്കുന്നതുപോലെ ശുഭകരവും സന്തോഷദായകവും ആകണമെന്നില്ല. കയ്പുള്ള അനുഭവങ്ങള്‍ ജീവിതത്തിലുണ്ടാകും. വൈക്കോല്‍ പോലെ പതുപതുത്ത യാ ഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാം. സ്വന്തം ശുദ്ധീകരണത്തിനുള്ള ഉപാധികളായി സഹനങ്ങളെ സ്വീകരിക്കുക. കുറവുകള്‍ക്ക് എണ്ണമിട്ട് സമയം പാഴാക്കാതെ കൃപകളെ കൃതജ്ഞതയോടെ ഓര്‍ക്കുക. നിറവേറ്റാന്‍ നമുക്കും ഒരു ജീവിതദൗത്യമുണ്ട്. അതിനെ അവഗണിക്കാനും മനഃപൂര്‍വ്വം മറന്നുകളയാനും നമ്മെ പ്രേരിപ്പിക്കാന്‍ പോരായ്മകളെയൊന്നും നാം അനുവദിക്കരുത്. കുറവുകളെ കിടക്കയാക്കാന്‍ നമുക്കു കഴിയണം.

സത്രം
ഇടമില്ലാത്ത ഇടമാണ് സത്രം. മാനവമോചകനു തലചായ്ക്കാനായി മാന്യമായ സ്ഥലം മിച്ചം വയ്ക്കാന്‍ മന്നിടം മറന്നു. സത്ര ത്തിലും അവനു സ്ഥലം ലഭിച്ചില്ല. ഒരു കുഞ്ഞിനു പിറന്നു വീഴാന്‍ പോലും ഇടമില്ലാത്ത വിധത്തില്‍ വഴിയമ്പലങ്ങള്‍ അന്ന് ജനസാഗരങ്ങളായി മാറിയിരുന്നു. സത്രപ്പടിക്കല്‍ നിന്നുവരെ തഴയപ്പെട്ടവന്‍ സൃഷ്ടപ്രപഞ്ചമാകുന്ന ഈ സത്രത്തില്‍ നമുക്കൊരു വീടും വിലാസവുമൊക്കെ തന്നില്ലേ? വാടക മുറിപോലും കിട്ടാഞ്ഞവന് നമ്മുടെ നേര്‍ക്കുള്ള സഹാനുഭൂതിയും കരുതലുമൊക്കെ അത്ര വലുതാണ്. നമ്മുടെ ജീവിതമാകുന്ന സത്രശാലയ്ക്കുള്ളിലെ വ്യാപാരങ്ങള്‍ എങ്ങനെയുള്ളവയാണ്? ദൈവത്തിനും ദൈവികകാര്യങ്ങള്‍ക്കും സമയവും സൗകര്യവും ഇല്ലാത്തവണ്ണം നമ്മുടെ ജീവിതത്തിരക്കുകളും പ്രാരാബ്ധങ്ങളും ഏറിയിട്ടുേണ്ടാ? വ്യഗ്രതകള്‍ക്കും കണക്കു കൂട്ടലുകള്‍ക്കുമിടയില്‍ സത്രവാതില്ക്കല്‍ നില്ക്കുന്ന ദൈവത്തെ കാണാനും തിരിച്ചറിയാനും ഗൗനിക്കാനും കഴിയാതെ പോകുന്നുണ്ടോ? ഉണ്ടെങ്കില്‍, ഒരു സത്രശുദ്ധീകരണത്തിനു ധൈര്യപ്പെടുക. ജീവിതം എത്രമാത്രം തിരക്കേറിയതാണെങ്കിലും അതില്‍ ദൈവത്തിനു വേണ്ടി ഇടവും നേരവും കണ്ടെത്തുക.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org