ഞാനൊരു കാലിത്തൊഴുത്തോ?

ഞാനൊരു കാലിത്തൊഴുത്തോ?
ക്രിസ്മസ് ദിനത്തില്‍ നാം തയ്യാറാക്കുന്ന കാലിത്തൊഴുത്തിലേക്കൊന്നു നോക്കൂ - അതിന് വാതിലുകളില്ല. ആരെയും എപ്പോള്‍ വേണമെങ്കിലും സ്വീകരിക്കാനാണ് ആ അടച്ചുറപ്പില്ലാത്ത കൂടാരം.

ബലമേറിയ നാലു കോലുകള്‍ കുത്തനെ നാട്ടി മരപ്പലകയോ ഓടോ, പനമ്പോ കൊണ്ടു മേഞ്ഞ് പണ്ടുകാലത്ത് വീടുകളില്‍ ഒരിടം ഒരുക്കുമായിരന്നു. ഇന്നത്തെ ഹൈടെക് വീടുകളിലൊന്നും ഇടം പിടിക്കാത്ത കാലിത്തൊഴുത്ത്. എന്നാല്‍ ആരും വേണ്ടെന്നു വയ്ക്കുന്ന ഈ കാലിക്കൂട് ഏതു വമ്പന്‍ കെട്ടിടത്തിലും ഏതു കൂരയിലും ഇടം പിടിക്കുന്ന ഒരു ദിനം-ക്രിസ്മസ്.

സര്‍വതും സൃഷ്ടിച്ചവന്‍, സകലത്തിന്റെയും ഉടയവനായവന്‍, ദൈവപുത്രന്‍, വന്നുപിറക്കാന്‍ ഇടം കണ്ടെത്തിയത്. ഇടം ലഭിച്ച് കാലികള്‍ അന്തിയുറങ്ങുന്ന കാലിത്തൊഴുത്തില്‍ പ്രസവവേദനയാല്‍ പുളയുന്ന പരി. മാതാവിനെയും കൂട്ടി യൗസേപ്പിതാവ് ബത്‌ലഹെമിലെ എത്രയോ വാതിലുകള്‍ മുട്ടി. തുറക്കപ്പെടാത്ത വാതിലുകള്‍ക്കു മുന്നില്‍ നിസ്സഹായനായി നിന്ന യൗസേപ്പിതാവിന്റെ ദുഃഖം സ്വര്‍ഗം കണ്ടു. ദൈവപുത്രന്റെ ജനനത്തിനായി തുറന്നിട്ടൊരിടം - കാലിത്തൊഴുത്ത്. ആരും നിനയ്ക്കാത്തിടത്ത് പ്രതീക്ഷിക്കാത്തിടത്ത് കടന്നുവരുന്നവനാണ്; അവിടം സ്വര്‍ഗീയമാക്കുന്നവനാണ് ഈശോ.

തുറന്നിട്ടൊരിടമാണ് കാലിത്തൊഴുത്ത്. ക്രിസ്തുമസ് ദിനത്തില്‍ നാം തയ്യാറാക്കുന്ന കാലിത്തൊഴുത്തിലേക്കൊന്നു നോക്കൂ - അതിന് വാതിലുകളില്ല. ആരെയും എപ്പോള്‍ വേണമെങ്കിലും സ്വീകരിക്കാനാണ് ആ അടച്ചുറപ്പില്ലാത്ത കൂടാരം. നല്ലവനോ, ദുഷ്ടനോ, പാപിയോ സമ്പന്നനോ, ദരിദ്രനോ, ഏത് ഉള്ളവനും ഇല്ലാത്തവനും ഭയപ്പാടു കൂടാതെ കയറിച്ചെല്ലാന്നൊരിടം. കാരണം, ആ പുല്‍ക്കൂട്ടില്‍ കാത്തിരിക്കുന്ന എന്റെ ദൈവമുണ്ട് - സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ മുഖമുള്ള ഹൃദയമുള്ള ഉണ്ണീശോ.

ഈ തുറന്ന ഇടം അവിടുത്തോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. പഠിപ്പിച്ചതും പ്രാര്‍ത്ഥിച്ചതും അന്തിയുറങ്ങിയതും എല്ലാം തുറന്ന ഇടത്തിലല്ലോ, മലമുകളിലും കടലിലും, കരയിലും എല്ലാം അടച്ചുറപ്പുള്ള വാതിലുണ്ടോ? ഗത്‌സമെന്‍ തോട്ടത്തിലും കാല്‍വരിയിലും അവന്‍ വാതായനങ്ങള്‍ അടച്ചില്ല. കാരണം കാലിത്തൊഴുത്തില്‍ ആനന്ദത്തോടെ കണ്ടവര്‍, സ്വാതന്ത്ര്യത്തോടെ വന്നവര്‍ ഇന്നും കൂടെയുണ്ട്. ആര്‍ക്കും വരാനാകണം ദൈവസ്‌നേഹത്തിലേക്ക്. എന്നാല്‍ അവസാനം കാലിത്തൊഴുത്തില്‍ ഇല്ലാതിരുന്ന ആ അടച്ചുറപ്പ് മരണാനന്തരം ഗുഹാമുഖത്ത്, കല്ലറയില്‍ മനുഷ്യന്‍ വച്ചടച്ചു. പക്ഷേ, അതിനെയും തകര്‍ത്ത് അവിടുന്ന് ഉയിര്‍ത്തു. വിജാഗിരിയും താഴുമിട്ടു പൂട്ടി വയ്‌ക്കേണ്ടതല്ല മനുഷ്യമനസ്സെന്നു ഈശോ കാണിച്ചുതന്നു. ആരെയും ഉള്‍ക്കൊള്ളുന്ന ഒരു ഹൃദയം അതാകണം ഈ കാലിത്തൊഴുത്ത് നമുക്കു നല്കുന്ന സന്ദേശം.

മനുഷ്യത്വമെന്ന വാക്ക് അല്പം പോലും തങ്ങി നില്‍ക്കാത്ത ഒരിടമായി മാനവഹൃദയം ഇന്ന് അധഃപതിക്കുകയാണ്. പണ്ട് പാഠപുസ്തകങ്ങളിലൊക്കെ പഠിച്ചു, പഠിപ്പിച്ചു - മനുഷ്യനും മൃഗങ്ങളും തമ്മിലൊരു വ്യത്യാസം - മനുഷ്യന് വിവേകത്തോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമെന്ന്. എന്നാല്‍ ഇന്നോ മനുഷ്യനെക്കാളധികം സ്‌നേഹവും കരുണയും മൃഗങ്ങള്‍ കാണിക്കുന്നു. കൂട്ടത്തിലൊരുത്തന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ പായുന്ന കുരങ്ങിന്‍ കൂട്ടരും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയാഘോഷിക്കുന്ന മനുഷ്യനെന്ന പരിഗണന പോലുമില്ലാതെ അടിച്ചു വീഴ്ത്തുന്ന തലമുറയും - ത്രാസില്‍ ഏതു തട്ടില്‍ നില്‍ക്കും?

വീണുപോയിരിക്കാം, തെറ്റു പറ്റിയിട്ടുണ്ടാകാം-സാരമില്ല. തെറ്റെന്നേറ്റു പറഞ്ഞ് അനുതാപത്തോടെ തിരിച്ചുവരാന്‍ തയ്യാറെങ്കില്‍ ഓര്‍മ്മിക്കുക - നിന്നെയും കാത്ത് തുറന്നിട്ടൊരിടമുണ്ട് കാത്തുനില്‍ക്കന്നൊരാളുണ്ട് - നിന്റെ ഈശോ.

നിലയില്ലാക്കയത്തില്‍ മുങ്ങിപ്പോയവര്‍ക്ക് ഒരു കൈത്താങ്ങാകാന്‍ കഴിഞ്ഞാല്‍ നിന്റെ ഹൃദയം കാലിത്തൊഴുത്താകും - ബെത്‌ലഹെമിലെ കാലിത്തൊഴുത്ത് - ഉണ്ണീശോ പിറന്ന ഇടം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org