നിലാവിന്റെ വീട് - 31

novel - nilviante veedu - chapter 31
Published on: 
മരണത്തോടൊപ്പമാണ് ചിന്തകൾ മരിക്കുന്നതെന്ന് വെറുതേ പറയുന്നതാണ്. ചിന്ത വളരെ അത്യാവശ്യമായി വരുന്ന എത്രയോ അവസരങ്ങളിൽ തലച്ചോറ് നിർദ്ദയം പണിമുടക്കുന്നു.
  • ടോം കെ. ജോസ്

  • അധ്യായം : മുപ്പത്തിയൊന്ന്

“എന്തേലും ഒടനേ ചെയ്യണം. നമുക്ക് എമ്മെല്ലെയെ ഒന്നു വിളിച്ചുനോക്കിയാലോ.”

അയാളുടെ നിസ്സഹായാവസ്ഥ കണ്ട് വിൽസൺ നിർദ്ദേശിച്ചു.

അയാളുടെ മനസ്സ് പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്ന് ഇനിയും വിമുക്തമായിരുന്നില്ല.

“അച്ചൻ വന്നേ. ഇങ്ങനെ നിന്നാ ശരിയാവോ. സ്റ്റേഷനീ ആരേലും പരിചയമുണ്ടോ.” മറ്റുള്ളവർ അവരെ ശ്രദ്ധിക്കുന്നതു കണ്ടപ്പോൾ വിത്സൺ അയാളെ പള്ളിമുറിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.

അയാൾ എന്ത് ആലോചിക്കണമെന്നു പോലുമറിയാതെ ഒരു നിമിഷം നിന്നു. പിന്നെ കാലടികൾ അയാൾ പോലുമറിയാതെ വിത്സനെ അനുഗമിച്ചു.

മരണത്തോടൊപ്പമാണ് ചിന്തകൾ മരിക്കുന്നതെന്ന് വെറുതേ പറയുന്നതാണ്. ചിന്ത വളരെ അത്യാവശ്യമായി വരുന്ന എത്രയോ അവസരങ്ങളിൽ തലച്ചോറ് നിർദ്ദയം പണിമുടക്കുന്നു.

“അച്ചാ ഇന്നാള് മാത്തനെ തപ്പി ആരാണ്ട് വന്നില്ലേ. അവരെ ഒന്ന് വിളിച്ചുനോക്കിയാലോ.”

അയാൾ ഒരുനിമിഷം അളവറ്റ നന്ദിയോടെ വിത്സനെ നോക്കി. എല്ലാ ഗെത്സെമനികളിലും ദൈവം ആശ്വസിപ്പിക്കാൻ ചിറകില്ലാത്ത തന്റെ ദൂതരെ പറഞ്ഞയയ്ക്കുന്നു.

അയാൾ ഫോണിൽ പേരുകൾ തിരഞ്ഞു. ആദ്യം കണ്ണുടക്കിയത് ആനന്ദ് എന്ന പേരിലാണ്. അയാൾ തിടുക്കത്തിൽ നമ്പർ ഡയൽ ചെയ്തു.

“ഹലോ ഫാദർ. ഞാൻ ഫാദറിന്റെ വിളി പ്രതീക്ഷിച്ചിരിക്കുക യായിരുന്നു. മാത്യുവിന്റെ വിവരം വല്ലതും?”

കാട്ടി മത്തന്റെ ദയനീയമുഖം അയാളുടെ മനസ്സിലൂടെ കൊള്ളിയാൻ പോലെ പാഞ്ഞു.

“ഞാൻ വിളിച്ചത് മറ്റൊരു കാര്യത്തിനാണ് എനിക്കൊരു സഹായം വേണം.” അയാൾ വിക്കി.

“പറയൂ ഫാദർ ഞാനെന്താണ് ചെയ്യേണ്ടത്.” ആനന്ദിന്റെ സ്വരം ഉദ്വേഗപൂർണ്ണമായി.

അയാൾ ചാക്കോച്ചിയുടെ കാര്യങ്ങൾ ചുരുക്കി വിവരിച്ചു. തിരുനാളിന്റെ പ്രത്യേക സാഹചര്യവും വിവരിച്ചു.

“ഞങ്ങളെയൊന്നും ക്ഷണിച്ചില്ല.” ആനന്ദ് അതിനിടയിലും പരിഭവം പറഞ്ഞു.

“ഇപ്പോൾ എന്നെയലട്ടുന്നത് തിരുനാളിന്റെ ക്രമീകരണങ്ങളേക്കാൾ അവന്റെ ജീവിതമാണ്. നേർവഴിക്ക് നടക്കാൻ തുടങ്ങിയ ആളാണ്. ഇതുമതി എല്ലാം പഴയപടിയാക്കാൻ.”

അയാളുടെ ശബ്‌ദം വിറച്ചു.

“ഫാദർ ധൈര്യമായിരിക്ക്. ഞാൻ ഒന്നന്വേഷിച്ചിട്ട് എത്രയും വേഗം തിരിച്ചുവിളിക്കാം.” ഫോൺ കട്ടായി.

“ഞാൻ നേരെ സ്റ്റേഷനിലേക്ക് വിട്ടോളാം. ലക്ഷണം കണ്ടിട്ട് കാര്യം നടക്കൂന്നു തോന്നുന്നു.” വിത്സൻ പ്രത്യാശയോടെ പുറത്തേക്കിറങ്ങി. അയാൾ തളർന്ന് കസേരയിലിരുന്നു. പെട്ടെന്ന് അയാളെ ഞെട്ടിച്ചുകൊണ്ട് ഫോൺ ശബ്ദിച്ചു.

ആനന്ദാണ്. “എന്തെങ്കിലും വിവരം.” അയാൾ ദയനീയമായി ചോദിച്ചു.

“ഫാദർ പേടിക്കാനൊന്നുമില്ല. ലോക്കൽ പൊലീസ് ഒരു സപ്ലെ ലൈൻ കട്ട് ചെയ്തിട്ടുണ്ട്. അതിലുൾപ്പെട്ട കുറച്ചുപേരെ ഐഡന്റിഫൈ ചെയ്യാനുണ്ട്. അതിനാണ് ചാക്കോച്ചിയെ വിളിപ്പിച്ചത്. ഇപ്പോൾത്തന്നെ ആളെ റിലീസ് ചെയ്യും. എപ്പോൾ വിളിപ്പിച്ചാലും ചെല്ലേണ്ടതായി വരും. ദാ റ്റ്സ് ഓൾ.”

“എനിക്ക് നന്ദി പറയാൻ വാക്കുകളില്ല.” അയാൾ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു.

“നന്ദിക്ക് പകരം ഫാദറിന് ചിലത് ചെയ്യാൻ കഴിയും. ഡൂ ഇറ്റ് പ്ലീസ്.” ഫോൺ കട്ടായി. അയാൾ തിടുക്കത്തിൽ പള്ളിയിലേക്ക് നടന്നു.

മൂന്നുമണിയോടെ വിത്സന്റെ ജീപ്പ് പൊടി പറത്തിവന്നു. മുൻവാതിൽ വഴി നിസ്സംഗഭാവത്തിൽ ചാക്കോച്ചി ഇറങ്ങിവന്നു.

അയാൾ ഓടിച്ചെന്ന് ചാക്കോച്ചിയുടെ കൈപ്പടങ്ങൾ കൂട്ടിപ്പിടിച്ചു..ശരീരമാസകലം സൂക്ഷിച്ചു നോക്കി.

“എനിക്കിതൊക്കെ പതിവാ അച്ചോ. ഒന്നു സ്റ്റേഷനീകേറിയാപ്പിന്നെ നോക്കണ്ട. എടയ്ക്കെടയ്ക്ക് അവൻമാര് വന്നു പൊക്കും. ഇത്തവണ എന്നെ കൊറേ വെരട്ടി. ഭാഗ്യത്തിന് മേത്ത് കൈവയ്ക്കുന്നേനുമുമ്പ് അച്ചന്റെ ഫോൺ വന്നോണ്ട് രക്ഷപ്പെട്ടു.” ചാക്കോച്ചി പുഞ്ചിരിയോടെ പറഞ്ഞു.

“അതേ കതേം പറഞ്ഞോണ്ടുനിന്നാ മതിയോ. സൗണ്ട് സെറ്റ് ചെയ്യണ്ടേ.” വിത്സൻ ഇടപെട്ടു.

“അച്ചനാ ടെസ്റ്ററിങ്ങു തന്നേ... പണിതീർക്കുന്ന കാര്യം ഞങ്ങളേറ്റു.” ചാക്കോച്ചി ഉത്സാഹിയായി. പോരും വഴി ഒരു അസിസ്റ്റന്റിനെയും കൊണ്ടാണ് ചാക്കോച്ചി വന്നിരിക്കുന്നത്. അഭിമാനത്തോടെ ശിഷ്യനെ അയാൾക്ക് പരിചയപ്പെടുത്തി. അയാൾ അതിശയത്തോടെ ചാക്കോച്ചിയുടെ പ്രവൃത്തികൾ നോക്കി നിന്നു. എത്ര അനായാസമാണ് ചാക്കോച്ചി ഓരോ കാര്യവും ചെയ്യുന്നത്. കൂടെ വന്ന പയ്യനോട് വലിയ കരുതലോടെ പെരുമാറുന്നു. സംശയങ്ങൾ ലളിതമായി തീർത്തു കൊടുക്കുന്നു. ഇത്ര കഴിവും നന്മയും ഉള്ളവനാണ് തെറ്റായ വഴികളിൽ കുടുങ്ങി സ്വയം നശിക്കുന്നത്. അയാൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ ചാക്കോച്ചിക്ക് നാണമായി. ഇടയ്ക്കിടയ്ക്ക് അയാൾ അവിടെത്തന്നെ ഉണ്ടെന്ന് നോക്കി ഉറപ്പുവരുത്താൻ തുടങ്ങി. ഒരു വേള അടുത്തു വന്നു.

“അച്ചനൊന്നുകൊണ്ടും പേടിക്കണ്ട. പണി ഞാൻ പുല്ലുപോലെ തീർക്കും. അച്ചൻ സമാധാനമായി ബാക്കിയെല്ലാം നോക്കിക്കോ.”

“എനിക്ക് നിന്നെ പണ്ടേ വിശ്വാസമാ ചാക്കോച്ചീ.” തന്റെ ഉള്ളിലുള്ളത് വെളിപ്പെടുത്താതെ അയാൾ പുഞ്ചിരിയോടെ എഴുന്നേറ്റു.

ശനിയാഴ്ചത്തെ തിരുനാൾ കുർബാന ഭക്തിസാന്ദ്രമായി പൂർത്തിയായി. കുർബാന യുടെ സമാപനാശീർവാദ ത്തിന് പിന്നാലെ, എല്ലാവരും കാത്തിരുന്ന ആ നിമിഷം വന്നെത്തി - തിരുനാൾ പ്രദക്ഷിണം. മൈക്ക് സിസ്റ്റത്തിൽ നിന്ന് ഉയർന്ന പ്രാർത്ഥനകളും തിരുനാൾ ഗീതങ്ങളും പള്ളിവളപ്പിൽ വ്യക്തതയോടെയും മധുരത്തോടെയും മുഴങ്ങിക്കേട്ടു. ചാക്കോച്ചി ക്രമീകരിച്ച ശബ്ദസംവിധാനം പ്രദക്ഷിണത്തിന്റെ താളത്തിനൊപ്പം ഒത്തുചേർന്നു. ഇടവകയുടെ അതിർത്തി വരെ നീളുന്ന ആ പ്രദക്ഷിണം അതിന്റെ പൂർണ്ണ പ്രൗഢിയിൽ ത്തന്നെ ആരംഭിച്ചു. കുടിയേറ്റ മക്കളുടെ വിശ്വാസവും പ്രാർത്ഥനയും പോലെ വൈദ്യുത വെളിച്ചത്തിൽ കുരിശുകൾ തിളങ്ങി.ആളുകൾ ചിട്ടയോടെ പ്രദക്ഷിണത്തിൽ അണിനിരന്നു. ആൾകൂട്ടത്തിലെവിടെയോ സ്റ്റെഫി മറഞ്ഞതുപോലെ തോന്നി. വെറും തോന്നലായിരുന്നെങ്കിൽ എന്ന് അയാളാഗ്രഹിച്ചു.

“ഇവിടുന്ന് മുങ്ങുവാന്ന് കേട്ടല്ലോ.”

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു വന്ന ഫൊറോനാ വികാരി അയാളുടെ ചെവിയിൽ പറഞ്ഞു.

“പുറത്തായിട്ടില്ല. വി.ജി. സൂചിപ്പിച്ചതാ.” അയാളുടെ ഞെട്ടൽ കണ്ട് അച്ചൻ ആശ്വസിപ്പിക്കാനെ ന്നോണം പറഞ്ഞു.

“ചെറുതായൊരു മാറ്റം ചോദിച്ചിരുന്നു.” അയാൾ ക്ഷമാപണസ്വരത്തിൽ പറഞ്ഞു.

എല്ലാവരും പിരിഞ്ഞുപോയപ്പോൾ സമയം ഒരു മണി കഴിഞ്ഞു. നാളെ ഉച്ചയ്ക്ക് കൊടുക്കാനുള്ള ചിക്കൻ ബിരിയാണിക്കുള്ള തയ്യാറെടുപ്പിലാണ് യുവജനങ്ങൾ. അവരെ കണ്ടെന്നുവരുത്തി അയാൾ ബെഡ്റൂമിലെത്തി. ഒന്നുറങ്ങണം എല്ലാം മറന്ന്. അയാൾ മയക്കത്തിലേക്ക് വഴുതി വീണത് പെട്ടെന്നായിരുന്നു.

ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് ഞെട്ടിയുണർന്നത്. സ്ക്രീനിൽ തെളിയുന്നത് അപരിചിതമായ നമ്പറാണ്. എടുക്കണോ. ഒരു നിമിഷം അയാൾ മടിച്ചു നിന്നു.

എന്തുമാകട്ടെ. അയാൾ പിറുപിറുത്തുകൊണ്ട് ഫോണെടുത്തു.

“ഹലോ ജോൺ.” അങ്ങേത്തലയ്കൽ ഒരു സ്ത്രീ സ്വരം കേട്ടു.

ശബ്ദത്തിനുടമയെ തീരെ പിടി കിട്ടുന്നില്ല. എന്നാൽ സ്വരം ഏറെ പരിചിതവുമാണ്.

“ജോൺ ഇത് ഞാനാണ് രജനി.”

രജനി... ലോക്കപ്പു മുറിയുടെ ഇരുമ്പഴികളുടെ തണുപ്പ് ശരീരത്തിലൂടെ പാഞ്ഞു.

  • (തുടരും)