ഉല്ലാസ യാത്ര – അദ്ധ്യായം 26

ഉല്ലാസ യാത്ര – അദ്ധ്യായം 26

ഡെന്നീസ് എന്നത് വ്യാജപേരാണ്. കമ്മീഷണറുടെ കണ്ടെത്തലനുസരിച്ച് മുരുകനും കൂട്ടരും മോഷണവും പിടിച്ചുപറിയും തൊഴിലാക്കിയ ഗുണ്ടാസംഘമാണ്. കമ്മീഷണറുടെ ശിപാര്‍ശ പ്രകാരം ചിന്നയ്യന് സര്‍ക്കാര്‍ ജോലി ഉടനെ ലഭിക്കും, വനപാലകവൃത്തിയുമായി ബന്ധപ്പെട്ട്. "ഹലോ ബ്ലാക്കി" ആശുപത്രി മുറിയിലേയ്ക്ക് കടന്നുവന്ന് ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക്ക് അഭിവാദനം ചെയ്തു. ബ്ലാക്കി വാലാട്ടി ബഹുമാനം അറിയിച്ചു. "ടോം, ആല്‍ഫി" ക്യാപ്റ്റന്‍ ഇരുവരെയും വിളിച്ചു. കുട്ടികള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. "ക്ഷീണമൊക്കെ മാറിയല്ലേ, വേണമെങ്കില്‍ നാളെ വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍ എന്നോടു പറഞ്ഞു. ഞാന്‍ വന്നത് നിങ്ങളെ മറ്റൊരു സന്തോഷവാര്‍ത്ത അറിയിക്കാനാണ്. നിങ്ങളെ രാഷ്ട്രം ആദരിക്കുന്നു. രാഷ്ട്രപതി നിങ്ങള്‍ക്ക് ഒരു പ്രത്യേക അവാര്‍ഡ് തരുന്നുണ്ട്. നിങ്ങളുടെ അതിധീരതയ്ക്ക്!! തീയതി നിങ്ങളെ ക്ഷണിക്കുമ്പോള്‍ അറിയിക്കും." അലക്സാണ്ടറും മേഴ്സിയും നിറഞ്ഞ ഹൃദയത്തോടെ ക്യാപ്റ്റനെ നോക്കിക്കിടന്നു. ദൈവത്തിന്‍റെ അവതാരമായി മാറിയ മനുഷ്യന്‍. കുട്ടികള്‍ക്ക് വളരെ ആഹ്ളാദമായി. "രാഷ്ട്രപതിയൊക്കെ അറിഞ്ഞോ?" ടോം അതിശയത്തോടെ ചോദിച്ചു. ഇനിയറിയാന്‍ ബാക്കിയാരുമില്ല മോനെ. സാക്ഷാല്‍ മാര്‍പാപ്പ നിങ്ങളെപ്പറ്റി വത്തിക്കാന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ സന്ദേശം കുറിച്ചിട്ടുണ്ട്. ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി നിങ്ങളെ സന്ദര്‍ശിക്കും വൈകാതെ. കുട്ടികള്‍ ചിരിച്ചു. അവര്‍ സജന്‍ ഡൊമിനിക്കിനെ കെട്ടിപ്പിടിച്ചു. "ഞങ്ങളെ രക്ഷിച്ചത് ക്യാപ്റ്റനങ്കിളല്ലേ നന്ദിയുണ്ട്." കുട്ടികള്‍ കരഞ്ഞു. ക്യാപ്റ്റന്‍റെയും കണ്ണുനിറഞ്ഞു. ഇതുകണ്ടുകൊണ്ടു അടുത്ത ബെഡ്ഡില്‍ കിടന്ന അലക്സാണ്ടറിന്‍റെയും മേഴ്സിയുടെയും മിഴികള്‍ സജലങ്ങളായി. "മറ്റു സാറുമാരൊക്കെയെന്തിയേ?" കുട്ടികള്‍ അന്വേഷിച്ചു. "എല്ലാവരും വരും. അവര്‍ നിങ്ങളെ കാണാനാഗ്രഹിച്ചാണ് ഇരിക്കുന്നത്." അപ്പോള്‍ ക്യാപ്റ്റന്‍റെ ഫോണ്‍ ശ ബ്ദിച്ചു. "ഹലോ" "……………." "ഞാനിവിടെ ആശുപത്രിയിലാടോ." "……………………." "എന്നാ താന്‍ വേഗം വാ" "……………….." "സക്കറിയായാണ് അവന്‍ ഇപ്പോ വരും." അലക്സാണ്ടറിനെ നോക്കി ക്യാപ്റ്റന്‍ പറഞ്ഞു. അലക്സാണ്ടറിന്‍റെ താടിയില്‍ കമ്പുകൊണ്ട മുറിവ് ഭേദമായി തുടങ്ങി. മേഴ്സി ഏറെക്കുറെ സാധാരണ നിലയിലെത്തി. അവര്‍ രണ്ടുപേരും ക്യാപ്റ്റനെ ആദരവോടെ നോക്കി. ക്യാപ്റ്റന്‍റെ ഒരു തീരുമാനമാണ് തങ്ങളെ രക്ഷിച്ചത്. ആ നന്ദി മറക്കാനാവുമോ? ക്യാപ്റ്റന്‍ വലിയ മനുഷ്യനാണ്. കമ്മീഷണര്‍ മുറിയിലേക്ക് കടന്നുവന്നു. "എങ്ങനെയുണ്ട് കുട്ടികളേ സുഖമായോ? കുട്ടാ.. ചേച്ചിപ്പെണ്ണേ…" സക്കറിയാ അരുമയോടെ വിളിച്ചു. കു ട്ടികള്‍ സക്കറിയായുടെ കൈയില്‍ പിടിച്ചു. "എവിടെ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ബ്ലാക്കി." കമ്മീഷണര്‍ ചിരിയോടെ നോക്കി. "ഇതല്ലേ…" ക്യാപ്റ്റന്‍ തന്‍റെ കൈകള്‍ കാണിച്ചു. ക്യാപ്റ്റന്‍റെ കൈകളില്‍ സുഖമായി ഇരിക്കുകയാണ് ബ്ലാക്കി!! അയാള്‍ ബ്ലാക്കിയുടെ ഒടിഞ്ഞ കൈ മെല്ലെ തഴുകുന്നുണ്ട്. "ബ്ലാക്കിയെ ഞങ്ങള്‍ക്ക് തന്നേക്കാമോ?" കമ്മീഷണര്‍ അലക്സാണ്ടറോടു ചോദിച്ചു. അവരുടെ മുഖം വാടി. "സാര്‍… കാര്യമായി പറഞ്ഞതാണോ?" അലക്സി ദീനമായി ചോദിച്ചു. "അതേ ഞങ്ങളുടെ ടീമിന് മുതല്‍ക്കൂട്ടാകും ബ്ലാക്കി. എത്ര പണം വേണമെങ്കിലും ഞാന്‍ വാ ങ്ങിത്തരാം." അയ്യോ… സാര്‍…. മറ്റൊന്നും വിചാരിക്കരുത്. ഞങ്ങള്‍ക്കുവേണ്ടി സ്വയം മരിക്കാന്‍ തയ്യാറായതല്ലേ ഞങ്ങളുടെ ഓമന ബ്ലാക്കി. അതിനെ ഞങ്ങള്‍ ആര്‍ക്കും കൊടുക്കില്ല. സാര്‍ ക്ഷമിക്കണം."

കമ്മീഷണര്‍ ചിരിച്ചു. "ഞാന്‍ പ്രതീക്ഷിച്ച മറുപടി തന്നെ." കമ്മീഷണര്‍ പോക്കറ്റില്‍ നിന്നും ഒരു ബെല്‍റ്റെടുത്തു. കാക്കിനിറമുള്ള ബെല്‍റ്റ്. അത് ബ്ലാക്കിയുടെ കഴുത്തില്‍ ഇട്ടുകൊടുത്തു കൊണ്ട് പറഞ്ഞു: "പോലീസ് നായകള്‍ക്ക് ആദരവനുസരിച്ച് കൊടുക്കുന്ന ബെല്‍റ്റാ, നിനക്കിരിക്കട്ടെ." ബ്ലാക്കി ക്യാപ്റ്റന്‍റെ കൈയില്‍ ഗമയോടെയിരുന്നു. കമ്മീഷണര്‍ അലക്സാണ്ടറുടെ നേരേ തിരിഞ്ഞു. "ഞാന്‍ വന്നത് ഒരു പ്രത്യേക കാ ര്യം പറയാനാണ്. ഞങ്ങള്‍ കഴി ഞ്ഞ ദിവസം ഒരു ഉഗ്രന്‍ വേട്ട നടത്തി. വനത്തിനുള്ളില്‍ ഏക്കറു കണക്കിനു കഞ്ചാവുതോട്ടം, വന്‍ വാറ്റുകേന്ദ്രം കഞ്ചാവ് ഡിസ്റ്റിലറി എന്നിവ കണ്ടെത്തി ഞങ്ങള്‍ നശിപ്പിച്ചു തീയിട്ടു. കോടികളുടെ കഞ്ചാവും ഹാഷിഷും പിടിച്ചു. ലിറ്ററു കണക്കിന് വ്യാജമദ്യം നശിപ്പിച്ചു. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്ന അനിയപ്പന്‍റെ എ.പി. ഗ്രൂ പ്പ് എന്ന സാമൂഹ്യ വിരുദ്ധ സംഘത്തേയും അറസ്റ്റു ചെയ്തു. അനിയപ്പനും മറ്റു ചിലരും ഒളിവിലാണ്. അവരെ ഉടനെ കൈയില്‍ കിട്ടും." ഇത് ഞങ്ങളോട് പറയുന്നത് എന്തിന് എന്ന രീതിയില്‍ അലക്സാണ്ടര്‍ കമ്മീഷണറെ നോക്കി. "ഇതിനെല്ലാം കാരണം നമ്മുടെയീ ഹീറോകളാണ്. ടോമും ആല്‍ഫിയും. അവരുടെ വീഡിയോയില്‍ കണ്ട കഞ്ചാവുതോട്ടമാണ് ഇങ്ങനെയൊരു തോട്ടത്തെക്കുറിച്ചും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലോകത്തിന് കാട്ടിത്തന്നത്. ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് പ്രത്യേക ഇനാം ഡിപ്പാര്‍ട്ടുമെന്‍റു വക പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മീഷണറും ക്യാപ്റ്റനും എത്തിയിട്ടുണ്ടെന്നറിഞ്ഞ് അലക്സിയുടെയും മേഴ്സിയുടെയും ബന്ധുക്കളുടെ ഒരു സംഘം ആശുപത്രിയില്‍ വന്നുചേര്‍ന്നു. എല്ലാ മുഖങ്ങളിലും നന്ദിയുടെയും കൃതജ്ഞതയുടെയും മായാത്ത പുഞ്ചിരി നിറഞ്ഞു നിന്നു. "സാര്‍… ഞാന്‍ സേവ്യര്‍. ഞങ്ങളൊരുക്കുന്ന ഒരു സ്വീകരണത്തില്‍ സാമി സാറിനെയും ചിന്നയ്യനെയും കൂട്ടി സാറുമാരു വരണം. ഞങ്ങളുടെ സന്തോഷത്തിനാ." "ഓ.കെ." ഇരുവരും സമ്മതിച്ചു. എല്ലാവരും പിരിഞ്ഞു. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹം. മരണം കാത്തുകിടന്ന തങ്ങളെത്തേടി എന്തെല്ലാം സമ്മാനങ്ങളാണ് ബഹുമതികളാണ് വരുന്നത്. അലക്സാണ്ടര്‍ ഭാര്യയെയും മക്കളെയും ചേര്‍ത്തുപിടിച്ചു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. അവിശ്വസനീയമായ രക്ഷപ്പെടലിന്‍റെ, ഒത്തുചേരലിന്‍റെ, തിരികെ കിട്ടിയ ജീവിതത്തിന്‍റെ, നിറമുള്ള, രുചിയുള്ള, മണമുള്ള കണ്ണീരായിരുന്നു അത്. ആ സ്നേഹക്കൂട്ടായ്മയിലേക്ക് മിടുക്കിയും, യജമാനസ്നേഹിയുമായ ആ നായക്കുട്ടിയും മുടന്തിക്കയറി വന്നു. അവള്‍ ആല്‍ഫിയുടെയും കുട്ടന്‍റെയും ഇടയിലേക്ക് നൂണ്ട് കയറി. അവളുടെ മിഴിയും നിറഞ്ഞുവോ സാധ്യതയുണ്ട്. ഏറെ സഹിച്ച്, മരിച്ച് ജീവിച്ച ഒരു പിതാവിന്‍റെയും മാതാവിന്‍റെയും കുഞ്ഞുങ്ങളുടെയും ആനന്ദക്കണ്ണീര്‍. മരണം പതിയിരുന്ന വഴിത്താരയില്‍ നിന്നും ദൈവം കരംപിടിച്ച് കരയെത്തിച്ച ഒരു കുടുംബത്തിന്‍റെ ആനന്ദക്കണ്ണീരാണത്. അത് തടയണ്ട ഒഴുകട്ടെ…. നിര്‍ബാധം.

* * ശുഭം * *

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org