തീരാമഴ – അധ്യായം 21

തീരാമഴ – അധ്യായം 21

വെണ്ണല മോഹന്‍

"ഇപ്പോ എന്തായി? ഞാന്‍ പറഞ്ഞതിനു വല്ല തെറ്റും ഉണ്ടോ?" – പീറ്ററിന്‍റെ വാക്കുകള്‍ക്കു മുന്നില്‍ എല്ലാവരും നിശ്ശബ്ദരായി.

എന്നും ട്രീസയ്ക്കുവേണ്ടി വാദിച്ചിരുന്ന അമ്മച്ചിയും മൗനം പൂണ്ടു.

"എന്നാലും ഇത്രേം പ്രതീക്ഷിച്ചില്ല…" – നീന പറഞ്ഞുപോയി.

"ഇതിലൊക്കെ തെറ്റു പറ്റാന്‍ പാടില്ലെന്നുണ്ടോ?" – പിന്നെയും ശങ്കയോടെ അമ്മച്ചി പറഞ്ഞു.

"ട്രീസയെ വിവാഹം കഴിച്ചയാള്‍ പറയുന്നു; അവള്‍ക്കു ജനിച്ച കുട്ടി തന്‍റേതല്ലെന്ന്. ശാസ്ത്രീയമായ പരീക്ഷണം. അതു കഴിഞ്ഞപ്പോള്‍ കിട്ടിയ ഫലവും കുട്ടി അയാളുടേതല്ലെന്ന്. പിന്നേം സംശയം എന്തിനാ?" – ക്ലീറ്റസിന്‍റെ ചോദ്യത്തിനു മുന്നില്‍ എല്ലാവരും നിശ്ശബ്ദരായി.

ശരിയാണ്.

ഒന്നുകില്‍ പീറ്ററിന് ഇതില്‍ വിശ്വാസമില്ലെന്നു പറഞ്ഞാല്‍ റിസല്‍റ്റിനെക്കുറിച്ചു സംശയിക്കാമായിരുന്നു.

"ഇനി അടുത്ത നടപടി എന്താ വേണ്ടത്?" – അമ്മച്ചി ചോദിച്ചു.

"നമ്മുടെ ഭാഗത്തുനിന്നാ ഇനി അതിനെക്കുറിച്ച് ആലോചിക്കേണ്ടത്. അതു സാവകാശം ആലോചിക്കാം. ഇന്നിപ്പോള്‍ ഫലം കിട്ടിയതല്ലേ ഉള്ളൂ" – ക്ലീറ്റസ് നിര്‍ദ്ദേശിച്ചു.

ആരും പ്രത്യേകിച്ചൊന്നും മിണ്ടിയില്ല. വല്ലാത്ത മൂകതപരന്നു.

പീറ്റര്‍ എന്തു പറഞ്ഞാലും ട്രീസ പ്രസവിച്ച കുട്ടി പീറ്ററിന്‍റേതുതന്നെയായിരിക്കണം എന്നു വല്ലാതെ ആഗ്രഹിച്ചുപോയവരാണ് എല്ലാവരും; പ്രാര്‍ത്ഥിച്ചവരാണു മുഴുവന്‍ പേരും.

ക്രിസ്റ്റഫര്‍ ഇങ്ങനൊരു നിര്‍ദ്ദേശവുമായി വന്നപ്പോള്‍ എല്ലാറ്റിനും പരിഹാരമായല്ലോ എന്നു സന്തോഷിച്ചു. പീറ്ററിന്‍റെ വാക്കാണു തെറ്റിപ്പോയതെങ്കില്‍ കുറ്റം ഏറ്റുപറഞ്ഞ് അവളെ കൊണ്ടുവരാമെന്നും അവര്‍ക്കൊരു നല്ല ദാമ്പത്യം തുടര്‍ച്ചയാക്കാമെന്നും കരുതി.

പക്ഷേ… എല്ലാം തകര്‍ന്നു പോയല്ലോ.

ഇവിടെ ആര്‍ക്ക് എന്തു പറയാനാണു കഴിയുക? എങ്കിലും ട്രീസ മോശം സ്ത്രീയാണെന്നു വിശ്വസിക്കാന്‍ അവര്‍ക്ക് അത്ര പെട്ടെന്നു കഴിയുന്നുമില്ല.

കര്‍ത്താവേ…

എന്തൊരു പരീക്ഷണം!?

അകത്തെ മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ട് പീറ്റര്‍ പൊട്ടിക്കരയുകയായിരുന്നു.

ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇത് എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ എന്നു മനസ്സില്‍ പറയാറുണ്ടായിരുന്നു.

ട്രീസ പിഴച്ചവളാണെന്നു പറയാന്‍ ഒരിക്കലും മനഃസാക്ഷി അനുവദിച്ചിരുന്നില്ല.

പെട്ടെന്നങ്ങനെ പറഞ്ഞുപോയതില്‍ ഒട്ടേറെ പശ്ചാത്തപിച്ചിട്ടുണ്ട്. പക്ഷേ, തിരിച്ചുപറയാന്‍… അഭിമാനം, അതിലേറെ തന്‍റെ അല്പത്തം സമ്മതിച്ചില്ലെന്നു വേണം പറയാന്‍.

അന്ന് അങ്ങനെ ചിന്തിച്ചപ്പോള്‍ തോന്നിയില്ലെങ്കിലും പിന്നീടു ക്രിസ്റ്റഫര്‍ പറഞ്ഞതിനെക്കുറിച്ചു രഹസ്യമായി സന്തോഷിച്ചവനാണു താന്‍.

ഡി.എന്‍.എ. ടെസ്റ്റ് കഴിയും. നവീന്‍ തന്‍റെ മോനാണെന്നു തെളിയും. അതോടെ തനിക്കു കുറച്ചു നാണക്കേടുണ്ടായാലും തെറ്റിദ്ധാരണയായിരുന്നെന്നും പറഞ്ഞ്, മാപ്പു പറഞ്ഞ് അവളെ വിളിച്ചുകൊണ്ടുവരാമായിരുന്നു… അങ്ങനെ മോഹിച്ചിരുന്നു.

പക്ഷേ-

ഇനിയിപ്പോള്‍ എല്ലാ വാതിലും അടഞ്ഞുപോയിരിക്കുന്നു!

ട്രീസ ഈ പടിയിറങ്ങിയപ്പോള്‍ മനസ്സിലെ ഇത്തിരി വെട്ടമാണ് അണഞ്ഞത്. സമാധാനമാണു പടിയിറങ്ങിയത്. സമ്മതിക്കാന്‍ ദുരഭിമാനം അനുവദിച്ചില്ല.

ട്രീസയില്ലാത്ത ജീവിതം…

നവീന്‍ തന്‍റെ കുട്ടിയല്ലെന്ന് അറിയേണ്ടിയിരുന്നില്ല. കുറച്ചു കാലം മാറിനിന്ന ശേഷമെങ്കിലും അവളെ വിളിച്ചുകൊണ്ടു വരാമായിരുന്നു. ആരുടെ കുഞ്ഞായിരുന്നെങ്കിലും തന്‍റെ കുഞ്ഞായി കരുതി വളര്‍ത്താമായിരുന്നു.

ഇനിയിപ്പോള്‍ അതിനും മാര്‍ഗമില്ലാതായല്ലോ കര്‍ത്താവേ…

അലമാര തുറന്ന് വെഡിംഗ് ആല്‍ബം എടുത്തു പീറ്റര്‍. അതില്‍ ട്രീസയും അയാളും വിവാഹവസ്ത്രമണിഞ്ഞു നില്ക്കുന്ന പീഠത്തിലേക്ക് ഉറ്റുനോക്കി.

ആ ചിത്രം മാറോടു ചേര്‍ത്തപ്പോള്‍ സങ്കടത്തോടെ അടക്കിപ്പിടിച്ചു വിളിച്ചു: "ട്രീസാ… എന്‍റെ ട്രീസാ…"

പുറത്ത് അമ്മച്ചിയും നീനയും ക്ലീറ്റസും ഒരു ചാവുവീട്ടിലേതുപോലെ മൗനത്തിലിരിക്കുകയായിരുന്നു അപ്പോഴും.

ക്രിസ്റ്റഫര്‍ ഒത്തിരി വിളിച്ചു. ജോര്‍ജുകുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫാണ് പറയുന്നത്.

എന്തു പറ്റി?

ഒന്നോ രണ്ടോ ബെല്ലിനകം എടുക്കുന്ന ആളാണു ജോര്‍ജുുകട്ടി. ഇപ്പോഴെന്താണാവോ എടുക്കാത്തത്!?

ഇന്ന് റിസല്‍ട്ട് അറിഞ്ഞതോടെ അവന്‍ വല്ലാതായിപ്പോയിരുന്നു. ഒരാങ്ങളയുടെ മനഃപ്രയാസം! ഷോക്ക്!

പക്ഷേ, ടെലഫോണ്‍ എടുക്കാത്തത് എന്ത്?

ക്രിസ്റ്റഫര്‍ ലാന്‍ഡ്ഫോണിലേക്കു വിളിച്ചു. റിംഗ് ടോണുണ്ട്; ആരും എടുക്കുന്നില്ല. ക്രിസ്റ്റഫറില്‍ ആധി തുടികൊട്ടി.

അയാള്‍ ഒരു കാറ് വിളിച്ചു ജോര്‍ജുകുട്ടിയുടെ വീട്ടിലേക്കു പറന്നു. കാറിന്‍റെ ശബ്ദം കേട്ടിട്ടും ആരും വരുന്നില്ല.

പുറത്തുനിന്നും നോക്കിയിട്ട് ആരും ഇല്ലാത്തതുപോലെ. പക്ഷേ, ഗെയ്റ്റ് പൂട്ടിയിട്ടില്ല.

എന്തോ കുഴപ്പം സംഭവിച്ചതുപോലെ. എന്താണു ചെയ്യേണ്ടത് എന്നറിയാതെ ക്രിസ്റ്റഫര്‍ ഒന്നു പകച്ചു. പിന്നെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.

അകത്ത് ബെല്ലടിക്കുന്ന ശബ്ദം കേള്‍ക്കാം. കാല്‍ പെരുമാറ്റമൊന്നും ഇല്ല. വാതിലിനോടു ചെവിവച്ച് അകത്ത് എന്തെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചു അയാള്‍.

ആരോ കരയുന്നതുപോലെ-

സ്ത്രീശബ്ദം. അതോ ഞെരങ്ങുന്നുവോ? വാതിലില്‍ തട്ടിവിളിച്ചു ക്രിസ്റ്റഫര്‍: "എടാ ജോര്‍ജുകുട്ടീ…"

ഒരു മറുപടിയും ഇല്ല.

വാതിലിലെ മുട്ട് ശക്തമായപ്പോള്‍ ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടപോലെ.

അപ്പോള്‍ ആള്‍ അകത്തുണ്ട്. പിന്നെ എന്താണു സംഭവിച്ചിരിക്കുന്നത്.

ക്രിസ്റ്റഫറില്‍ ആശങ്കയും പരിഭ്രമവും തുല്യം തുല്യം വര്‍ദ്ധിച്ചുവന്നു. പിന്നെ സമയം പാഴാക്കാന്‍ ശ്രമിച്ചില്ല.

മുഴുവന്‍ ശക്തിയും സമാഹരിച്ചു വാതിലില്‍ ഒറ്റ ചവിട്ട്! ഭയങ്കരമായ ശ്ബദത്തോടെ വാതില്‍ മലര്‍ക്കെ തുറന്നു!

ആ കാഴ്ച കണ്ട് ക്രിസ്റ്റഫര്‍ അമ്പരന്നുപോയി.

രൂപക്കൂടിനു മുന്നില്‍ ട്രീസയുടെ വലത്തെ ഉള്ളംകയ്യില്‍ കത്തിത്തീര്‍ന്നുകൊണ്ടിരിക്കുന്ന മെഴുകുതിരി. പച്ചമാംസം വേകുന്നു.

മുട്ടില്‍ നില്ക്കുന്ന ട്രീസയുടെ ചുണ്ടില്‍ നിന്നും കര്‍ത്താവേ… മാതാവേ എന്നുള്ള ഞെരങ്ങല്‍ മാത്രം. അകത്തെ മുറിയില്‍ കുഞ്ഞിന്‍റെ കരച്ചില്‍.

ഒരു നിമഷം അന്ധാളിച്ചെങ്കിലും പിന്നെ ഒന്നും നോക്കിയില്ല ക്രിസ്റ്റഫര്‍.

അയാള്‍ ട്രീസയെ കുലുക്കി വിളിച്ചു. അവള്‍ ബോധരഹിതയായി താഴേയ്ക്കു വീണു!!!

അടുക്കളയിലേക്ക് ഓടി ക്രിസ്റ്റഫര്‍. പൈപ്പില്‍ നിന്ന് ഒരു പാത്രം വെള്ളമെടുത്തു ട്രീസയുടെ മുഖത്തു കുടഞ്ഞു.

അപ്പോഴും ഉള്ളംകയ്യിലെ തൊലിയും മാംസവും വെന്തുകൊണ്ടിരിക്കുന്നു. മാംസം കരിയുന്ന വല്ലാത്ത ഗന്ധം.

ഭാഗ്യത്തിന് അടുക്കളയിലെ കബോര്‍ഡില്‍ ഇരിക്കുന്ന നെയ്യ് കണ്ടു. അതെടുത്ത് ഉള്ളം കയ്യില്‍ പുരട്ടി.

ട്രീസ കണ്ണു തുറക്കാന്‍ തുടങ്ങി.

"ട്രീസാ… എന്താ…. എന്താണിത്…?"

ഒന്നും പറയാതെ ട്രീസ എഴുന്നേറ്റിരുന്നു.

"ഈ വെള്ളമെടുത്തു മുഖം കഴുക്… അപ്പച്ചനും ജോര്‍ജുകുട്ടിയുമൊക്കെ എവിടെ?"

അവള്‍ക്കു വെള്ളമെടുത്തു മുഖം കഴുകാനോ വിശേഷങ്ങള്‍ പറയാനോ കഴിഞ്ഞില്ല.

വീണ്ടും വെള്ളമെടുത്തു ട്രീസയുടെ മുഖത്തു തളിച്ചു ക്രിസ്റ്റഫര്‍. പിന്നെ കുഞ്ഞു കിടക്കുന്ന മുറിയിലേക്കു ചെന്നു.

നവീന്‍ കരയുന്നു! ഉരുണ്ടു നിരങ്ങി കട്ടിലിന്‍റെ അരികില്‍ താഴേയ്ക്കു വീഴാറായി കിടക്കുന്നു.

ക്രിസ്റ്റഫര്‍ അവനെ വാരിയെടുത്തു. മറ്റു മുറികളിലേക്കു പാളി നോക്കി. അവിടെ ആരെങ്കിലും ഉണ്ടോ എന്ന്.

ആരെയും കാണുന്നില്ല. എന്താണു സംഭവിച്ചതെന്നറിയാന്‍ കഴിയുന്നില്ലല്ലോ? മറ്റുള്ളവര്‍ എവിടെ!?

"അല്ല; ആരാണ്…?"

പെട്ടെന്ന് ഒരു സ്ത്രീശബ്ദം കേട്ടു ഞെട്ടിത്തിരിഞ്ഞു നോക്കി ക്രിസ്റ്റഫര്‍.

ഒരു സ്ത്രീ! വല്ലാത്ത ഒരു ചിരിയോടെ നില്ക്കുന്നു.

"ഞാന്‍ ഏലിച്ചേടത്തി. കൊച്ചിനെ അപ്പന്‍ എടുത്തോണ്ട് നിക്കുവാന്നാ ഞാന്‍ കരുതീത്…" – അവര്‍ എന്തൊക്കെയോ ഉന്നംവച്ചു പറഞ്ഞു.

"ഇവിടെ ഉള്ളവര്‍ ഒക്കെ എവിടെപ്പോയി?"- ക്രിസ്റ്റഫര്‍ ചോദിച്ചു.

"അതു കൊള്ളാം. ആരും ഇല്ലാത്തപ്പ വീട്ടിക്കേറി… അതും പോരാഞ്ഞു സ്വന്തംപോലെ കൊച്ചിനേം എടുത്തേച്ച് എന്നോടാ ചോദിക്കണത് എവിടെപ്പോയെന്ന്… ങും… ങും… ഞാന്‍ പോണ്… വെറുതെ ഞാനായിട്ട് ഒരു ശല്യത്തിനും ഇല്ലകെട്ടാ…"

ക്രിസ്റ്റഫര്‍ മറുപടി പറയാന്‍ തുനിഞ്ഞു. എന്നാല്‍ അതൊന്നുംകേള്‍ക്കാന്‍ തയ്യാറായില്ല ഏലിച്ചേടത്തി. അവര്‍ എന്തോ അരുതാത്തതു കണ്ടു എന്ന ഭാവത്തില്‍ പുറത്തേയ്ക്ക് ഇറങ്ങി. വെട്ടിത്തിരിഞ്ഞു ധൃതിപിടിച്ചു നടന്നുനീങ്ങി.

ക്രിസ്റ്റഫര്‍ വല്ലാതായി. കുഞ്ഞിനെയും എടുത്ത് അയാള്‍ അതേ നില്പു തുടര്‍ന്നു.

ട്രീസ അപ്പോഴേയ്ക്കും സ്ഥലകാലബോധം വീണ്ടെടുക്കുകയായിരുന്നു.

അവള്‍ പരവശതയോടെ എഴുന്നേറ്റു കസേരയില്‍ ഇരുന്നു.

"കുഞ്ഞിനെ ഇവിടെ കിടത്തിയിട്ടു ക്രിസ്റ്റിചേട്ടന്‍ പോ. ങും… ക്രിസ്റ്റിചേട്ടന്‍ പോ…"- നാവു കുഴഞ്ഞു ട്രീസ പറഞ്ഞു.

"മറ്റുള്ളവരൊക്കെ എവിടെ പോയി?"

മറുപടി പറയാതെ കുറച്ചു വെള്ളം കുടിക്കണം എന്നാംഗ്യം കാട്ടി ട്രീസ.

കുഞ്ഞിനെയും കയ്യിലേന്തി ഫ്രിഡ്ജില്‍ നിന്നും ഒരു പാത്രം വെള്ളമെടുത്തു ക്രിസ്റ്റി ട്രീസയെ ഏല്പിച്ചു. ട്രീസയ്ക്കു വെള്ളപാത്രം പിടിക്കാനാകുന്നില്ല.

ക്രിസ്റ്റിതന്നെ ഒരു കൈകൊണ്ടു പാത്രം പിടിച്ചു ട്രീസയ്ക്കു വെള്ളം വായിലേക്കു പകര്‍ന്നു.

അപ്പോഴാണ് ഒരു മുരടനക്കം കേട്ടത്. നോക്കുമ്പോള്‍ ഒരു മദ്ധ്യവയസ്കന്‍!

"നിങ്ങളാരാ…?" – അയാള്‍ രൂക്ഷമായ നോട്ടത്തോടെ ചോദിച്ചു.

"ഞാന്‍ ക്രിസ്റ്റഫര്‍… ജോര്‍ജുകുട്ടിയുടെ ഫ്രണ്ടാ…"

"ഫ്രണ്ടായാലും ബാക്കായാലും കൊളളാം. അവര്‍ ഇവിടെ ഇല്ലെന്നറിയത്തില്ലേ. ഏലിച്ചേടത്തിയാ പറഞ്ഞത് ഇങ്ങനൊരാള്‍ ഇവിടെ വന്നിട്ടുണ്ടെന്ന്."

"ഞാനിവിടെ അവനുണ്ടെന്നു വിചാരിച്ചാ വന്നത്."

"എന്നിട്ട് ഇല്ലെന്നു കണ്ടപ്പോഴെന്താ തിരിച്ചുപോകാത്തത്?"

ക്രിസ്റ്റഫര്‍ എന്തോ പറയാന്‍ തുനിഞ്ഞു.

"ഒരു ചെറുപ്പക്കാരി പെണ്ണു മാത്രമുള്ളിടത്ത് അകത്തു കയറുക, അവളുടെ കൊച്ചിനെ എടുക്കുക, അവള്‍ക്കു വെള്ളം വായിലൊഴിച്ചു കൊടുക്കുക… എന്താ കാര്യം… എന്താ ബന്ധം?"

കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന ഊഹത്തിലായി ക്രിസ്റ്റഫര്‍.

"അപ്പച്ചനും മറ്റുള്ളവരും എവിടെ പോയി?" – ക്രിസ്റ്റഫര്‍ ചോദിച്ചു.

അതിനു മറുപടി പറയാതെ അപ്പോഴും അയാള്‍ ക്രിസ്റ്റഫറിനെ തറച്ചുനോക്കിക്കൊണ്ടിരുന്നു. കണ്ടെത്തിയ കുറ്റവാളിയെ സസൂക്ഷ്മം വീക്ഷിക്കുന്നതുപോലെ.

ക്രിസ്റ്റഫര്‍ ആകെ വല്ലാതാകുകയായിരുന്നു… ഇനി…!?

********

ഡോക്ടര്‍ വീണ്ടും ജോര്‍ജുകുട്ടിയെ മുറിയിലേക്കു വിളിപ്പിച്ചു.

പഴയ ലാഘവത്വം ആ മുഖത്തിനില്ല.

"മുറിയിലേക്ക് ഇന്നു മാറ്റുമോ ഡോക്ടര്‍…?"- ജോര്‍ജുകുട്ടി ചോദിച്ചു.

മറുപടി പറയാതെ ജോര്‍ജുകുട്ടിയെ ഒന്നു നോക്കി ഡോക്ടര്‍.

ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ… അപകടനില തരണം ചെയ്തുകഴിഞ്ഞു എന്ന്.

"അതെ…"

"മനുഷ്യന്‍റെ കാര്യം ഇങ്ങനെയാണ്. ഒന്നും പ്രെഡിക്ട് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. നാം ഇപ്പോ കാണുന്നതുപോലെയാകണം ഇനി എന്നു കരുതാനും വയ്യ…"

"എന്നുവച്ചാല്‍…?" – ജോര്‍ജുകുട്ടിയുടെ ഹൃദയമിടിപ്പ് അമിതമായി ഉയര്‍ന്നു.

"എന്നുവച്ചാല്‍…"- വീണ്ടും അത്രയും പറഞ്ഞശേഷം ഡോക്ടര്‍ ഒരു നിമിഷം മൗനം ആചരിച്ചു.

"പറയൂ… എന്താണെങ്കിലും അറിയട്ടെ…"

"വേണം… അറിയണം… പറയാനാണല്ലോ വിളിപ്പിച്ചത്."

മേശപ്പുറത്തിരുന്ന പേപ്പര്‍ വെയ്റ്റെടുത്ത് ഒന്ന് ഉള്ളംകയ്യിലിട്ട് ഉരുട്ടി ഡോക്ടര്‍. എന്നിട്ട് അക്ഷോഭ്യത അഭിനയിച്ചുകൊണ്ടു പറഞ്ഞു:

"കുറച്ചു മുമ്പു സ്ഥിതി അല്പം വഷളായിരിക്കുന്നു. പ്രായം, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയൊക്കെ റിസ്ക്ഫാക്ടറുകളാണ്. അതിനേക്കാളേറെ പെട്ടെന്നു മനസ്സിലുണ്ടായ ഷോക്കും."

"എന്നുവച്ചാല്‍…?"

"ശ്രമിക്കുന്നുണ്ട്; നമുക്കു പ്രാര്‍ത്ഥിക്കാം. എങ്കിലും അപ്പോഴപ്പോഴുള്ള സ്ഥിതി ബൈസ്റ്റാന്‍ററെ അറിയിക്കേണ്ടതാണല്ലോ. നോക്കാം… ഒന്നു ചോദിച്ചോട്ടെ, ഇത്രയ്ക്കു മനസ്സിനു ഷോക്ക് തട്ടാന്‍ എന്താണുണ്ടായത്?"

എന്തു പറയണം എന്നറിയാതെ ജോര്‍ജുകുട്ടി വല്ലാതായി. അയാളുടെ വിഷമം മനസ്സിലാക്കിയ ഡോക്ടര്‍ പറഞ്ഞു: "ബൈ ദ ബൈ… ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണമെന്നില്ല. അല്ലെങ്കില്‍ അല്പം റിലാക്സായശേഷം പറഞ്ഞാല്‍ മതി. പിന്നെ ചോദിച്ചത് എന്താണെന്നുവച്ചാല്‍ കാര്യമറിഞ്ഞാല്‍ അതിനൊരു സൈക്യാട്രിക് സൊലൂഷന്‍ കൂടി ഉണ്ടായാല്‍ നന്നെന്നു കരുതിയാണ്."

"പറയാം…" – വിക്കി വിക്കിയാണു ജോര്‍ജുകുട്ടി പറഞ്ഞത്.

"ഇപ്പോള്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കുറച്ചു കഴിഞ്ഞിട്ടായാലും മതി… ഇപ്പോള്‍ നിങ്ങള്‍ അപ്പനുവേണ്ടി പ്രാര്‍ത്ഥിക്ക്."

നിറകണ്ണുകളോടെയാണു ഡോക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങിയതെങ്കിലും ആനിയമ്മ നിറഞ്ഞ കണ്ണു കാണാതിരിക്കാന്‍ ജോര്‍ജുകുട്ടി പരമാവധി ശ്രമിച്ചു.

ആകാംക്ഷ പൂണ്ടിരുന്ന ആനിയമ്മ ചോദിച്ചു: "എന്താ മോനേ ഡോക്ടര്‍ പറഞ്ഞത്…?"

പ്രത്യേകിച്ചൊന്നുമില്ല" – ശബ്ദം ഇടറാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടു ജോര്‍ജുകുട്ടി പറഞ്ഞു.

"ഇതു പണ്ടാരാണ്ടും പറഞ്ഞുപോലെയായല്ലോ… ഡോക്ടര്‍ നിന്നെ നാട്ടുവിശേഷം പറയാനാണോ വിളിച്ചത്?"

അതിനു മറുപടി പറയുംമുമ്പേ ഒരു കാര്‍ ഹോസ്പിറ്റലിന്‍റെ വളപ്പിലേക്കു കയറി.

കാര്‍ കണ്ട് ആഗ്നസ് പറഞ്ഞു.

"ദേ… വീട്ടീന്ന് ആളുകള്‍ വന്നെട്ടാ…"

ആനിയമ്മയുടെ മനസ്സൊന്ന് ആളി.

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org