കുരങ്ങന്റെ കൈപ്പത്തി – 7

കുരങ്ങന്റെ കൈപ്പത്തി – 7

കഥ ഇതുവരെ
മിസ്റ്റര്‍ വൈറ്റ്, പത്‌നി മിസിസ് വൈറ്റ്, മകന്‍ ഹെര്‍ ബര്‍ട്ട് എന്നിവരുടെ വീട്ടിലേക്ക് ഒരു അര്‍ദ്ധരാത്രിയില്‍ അതിഥിയായി, ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തിലെ സെര്‍ജന്റ് ആയി റിട്ടയര്‍ ചെയ്ത മേജര്‍ മോറിസ് എത്തുന്നു. വിശുദ്ധനായ ഒരു ഫക്കീര്‍ മന്ത്രശക്തി നല്‍കിയ ഒരു കുരങ്ങുപാദം തന്റെ കൈവശമുണ്ടെന്നും അതു കൊണ്ട് മനുഷ്യന്റെ മൂന്ന് ആഗ്രഹങ്ങള്‍ സാധിക്കുമെ ന്നും സെര്‍ജന്റ് മോറിസ് അവകാശപ്പെട്ടു.
എന്നാല്‍ അത് ഒരു നല്ല ആഗ്രഹല്ലെന്ന് തന്റെയും സഹപ്രവര്‍ത്തകരുടേയും മോശമായ അനുഭവങ്ങള്‍ സാക്ഷിയാണെന്നും അദ്ദേഹം വിശദമാക്കി. ദരിദ്രനായ തനിക്കും കുടുംബത്തിനും കുരങ്ങുപാദം വഴിയുണ്ടാകു ന്ന മൂന്ന് ആഗ്രഹങ്ങള്‍ വഴി നല്ല കാലം വന്നേക്കാമെന്ന ചര്‍ച്ചയില്‍ കുരങ്ങുപാദം തനിക്കു തരണമെന്ന് മിസ്റ്റര്‍ വൈറ്റ് മേജര്‍ മോറിസിനോട് ആവശ്യപ്പെടുന്നു. എന്നാല്‍ അത് ഒരു നല്ല രീതിയല്ലെന്ന് മേജര്‍ മോറിസ് വീണ്ടും വീണ്ടും മുന്നറിയിപ്പു നല്‍കിയെങ്കിലും അതു കൊണ്ടുണ്ടാകുന്ന എല്ലാ അനര്‍ത്ഥങ്ങള്‍ക്കും താനും കുടുംബവും മാത്രമായിരിക്കും ഉത്തരവാദികള്‍ എന്ന് വൈറ്റ് കുടുംബം മോറിസിന് ഉറപ്പു നല്‍കിയതു പ്രകാ രം, കൈപ്പത്തി കൊണ്ട് എങ്ങനെയാണ് ആഗ്രഹങ്ങള്‍ ആവശ്യപ്പെടേണ്ടത് എന്ന് മോറിസ് വിശദീകരിക്കാ നൊരുങ്ങുന്നു. മേജര്‍ മോറിസ് അത് വിശദമാക്കിയതു പ്രകാരം മിസ്റ്റര്‍ വൈറ്റ് കുരങ്ങുപാദം വലതുകൈയ്യില്‍ പിടിച്ച്, തന്റെ കുടുംബത്തിന് 200 പവന്‍ ആവശ്യമുണ്ട് എന്ന് പറയുന്നു. ആഗ്രഹം പറഞ്ഞു തീര്‍ന്നതും വലിയ ഒരു അലര്‍ച്ചയോടെ മിസ്റ്റര്‍ വൈറ്റ് ഞെട്ടിത്തരിക്കുന്നു. വിവര മെന്തെന്നറിയാതെ മിസ്സിസ്റ്റ് വൈറ്റും ഹെര്‍ബര്‍ട്ടും പിതാവിനരിക്ക് ഓടിയെത്തുന്നു. താന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ തന്റെ കൈയ്യില്‍ കിടന്ന് കുരങ്ങുപാദം അന ങ്ങി ഒരു പാമ്പിനെപ്പോലെ പുളഞ്ഞുവെന്നും തന്നില്‍ അത് വല്ലാത്ത ഭയവും ആധിയുമുണ്ടാക്കിയെന്നും മിസ്റ്റര്‍ വൈറ്റ് ഭാര്യയോടും മകനോടും പറഞ്ഞു. എല്ലാം തോന്നലുകളാണെന്നും കളിപ്പീരാണെന്നും മേജര്‍ തങ്ങ ളെ പരിഹസിച്ചതാണെന്നും അമ്മയും മകനും വൈറ്റി നെ പറഞ്ഞ് സമാധാനിപ്പിക്കുന്നു. വീട്ടില്‍ എവിടെ തിര ഞ്ഞിട്ടും 200 പവന്‍ പോയിട്ട് അതിശയകരമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് വൈറ്റ് കുടുംബം തിരിച്ചറിയുന്നു. കൈ നനയാതെ മീന്‍പിടിക്കുക, നിധി കാക്കുന്ന ഭൂതം തുടങ്ങിയ അതുവരെ പറയാത്ത രീതിയിലുള്ള ചില വര്‍ത്തമാനങ്ങള്‍ മകനില്‍ നിന്നു കേട്ടപ്പോള്‍ വൃദ്ധന്‍ കൂടുതല്‍ അസ്വസ്ഥനാവുകയാണ്. മിസ്സിസ് വൈറ്റും ഹെര്‍ബര്‍ട്ടും കുരങ്ങുപാദത്തിന്റെ കാര്യം മറന്നെങ്കിലും മിസ്റ്റര്‍വൈറ്റില്‍ ആധിയും അസ്വസ്ഥതകളും വരാന്‍ പോകുന്ന അനര്‍ത്ഥങ്ങളുടേയും ദുഷ്ചിന്തകള്‍ നീറി പുകയുകയായിരുന്നു.
വിയര്‍പ്പിന്റെ മണമുള്ള പണമാണ് എന്നും നമുക്ക് സമാധാനം തരുന്നതെന്നും കുരങ്ങു കൈപ്പത്തി കൊ ണ്ടു നേടുമെന്നു പറയുന്ന പണം വെറുതേയാണെന്നും മകന്‍ പറഞ്ഞപ്പോള്‍ വൈറ്റിന് സമാധാനമാകുന്നു. പിറ്റേ ന്ന് കാലത്ത് ഹെര്‍ബര്‍ട്ട് താന്‍ ജോലി ചെയ്യുന്ന കമ്പനി യിലേക്കും മിസ്സിസ് വൈറ്റ് അടുക്കളയിലേക്കും മിസ്റ്റര്‍ വൈറ്റ് തൊടിയിലേക്കുമിറങ്ങിയപ്പോള്‍ അപരിചിതനാ യ ഒരാള്‍ ഗേറ്റു കടന്നു വരുന്നത് മിസ്റ്റര്‍ വൈറ്റ് കണ്ടു.
മിസ്റ്റര്‍ വൈറ്റിന്റെ വീടിലേക്ക് കയറിയ അപരിചി തന്‍, താന്‍ മാവ് ആന്റ് മഗ്ഗിന്‍സ് കമ്പനിയില്‍ നിന്ന് വരുന്ന പ്രതിനിധിയാണെന്നു സ്വയം പരിചയപ്പെടുത്തി. എന്താണ് വന്നതിന്റെ ഉദ്ദേശ്യം എന്ന് മിസ്റ്റര്‍ വൈറ്റും മിസ്സിസ് വൈറ്റും ഒരുമിച്ചു ചോദിച്ചപ്പോള്‍ അയാള്‍ വല്ലാ തെ പരുങ്ങി. തങ്ങളുടെ മകന്റെ കാര്യം പറയാന്‍ വന്ന താണോ എന്ന് ചോദിച്ചപ്പോഴും മുഖത്തേക്ക് നോക്കാ തെ അപരിചിതന്‍ അസ്വസ്ഥനാവുകയായിരുന്നു. തന്നെ കമ്പനി ഒരു കാര്യത്തിനു ചുമതലപ്പെടുത്തിയതാണെ ന്നും താന്‍ തന്റെ ചുമതല ചെയ്യുകയാണെന്നും അയാള്‍ മുഖവുരയായി പറയുന്നു. എന്താണ് കാര്യം എന്ന് വീ ണ്ടും വീണ്ടും മിസ്റ്റര്‍ വൈറ്റും പത്‌നിയും ചോദിക്കുക യാണ്. തന്നോട് ക്ഷമിക്കണമെന്നും നിങ്ങളുടെ മകന് കമ്പനിയില്‍ വെച്ച് ഒരു അപകടം ഉണ്ടായെന്നു അയാള്‍ പറഞ്ഞൊപ്പിക്കുന്നു. ഒരു മിഷ്യനില്‍ ഹെര്‍ബര്‍ട്ട് അക പ്പെടുകയയിരുന്നുവെന്നും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചി ല്ലെന്നും അതൊരിക്കലും കമ്പനിയുടെയോ മറ്റു സഹപ്ര വര്‍ത്തകരുടെയോ കുഴപ്പം കൊണ്ടല്ലെന്നും ഹെര്‍ബര്‍ ട്ടിന്റെ മാത്രം അശ്രദ്ധമാത്രമാണ് കാരണമെന്നും അപരി ചിതന്‍ പറഞ്ഞു ഫലിപ്പിക്കുന്നു. കമ്പനിയുടെ അഗാധ മായ ദുഃഖം അറിയിക്കാന്‍ തന്നെ കമ്പനിയുടെ ആളു കള്‍ ചുമതലപ്പെടുത്തിയതാണെന്നും കമ്പനിക്കൊരു ഉത്തരവാദിത്തവും ഇക്കാര്യത്തില്‍ ഇല്ലെന്നും മറ്റും അയാള്‍ പറഞ്ഞതൊന്നും വൈറ്റും പത്‌നിയും കേട്ടില്ല. നാല്പ്പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ ക്ക് ദൈവം കനിഞ്ഞരുളിയ ഒരേയൊരു സന്തതിയാണ് പൊന്നു മകന്‍ എന്ന് അവര്‍ നെടുവീര്‍പ്പിടുന്നു.
അവന്റെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നും അതിനാല്‍ കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും അയാള്‍ അറിയിച്ചു. എന്താണ് നഷ്ട പരിഹാരമെന്നു മിസ്റ്റര്‍ വൈറ്റ് ആശങ്കയോടെ ചോദിച്ച പ്പോള്‍ ഇരുന്നൂറു പവന്‍ തുകയാണ് അതെന്നു കമ്പനി ശിപായി അറിയിച്ചത് കേട്ട് മിസ്സിസ് വൈറ്റ് കരഞ്ഞു കൊണ്ട് അകത്തേക്കൊടിപ്പോകുന്നു.
അവരുടെ പൊട്ടിക്കരച്ചിലും എങ്ങലടിയും കേള്‍ക്കാന്‍ നില്‍ക്കാതെ കമ്പനിശിപായി സ്ഥലം വിടുന്നു. എന്തെങ്കിലും പറയാനോ ചെയ്യാനോ ആകാതെ മിസ്റ്റര്‍ വൈറ്റ് നിലത്തു തളര്‍ന്നിരുന്നു പോകുന്നു.

ഇനി തുടര്‍ന്നു വായിക്കുക…

ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്‌സിന്റെ 'ദ മങ്കീസ് പോ' എന്ന കൃതിയുടെ പുനരാഖ്യാനം: ഗിഫു മേലാറ്റൂര്‍

മിസ്റ്റര്‍ വൈറ്റിന്റെ ലേക്ക്‌സ്‌നം വില്ല ഇന്ന് ശരിക്കും ഒരു പ്രേതഭവനം പോലെയാണ്. ഏകമകന്റെ അപകടമരണത്തിനു കാര ണം വൃദ്ധനായ വൈറ്റിന്റെ അതിമോഹമാണ് എന്ന് ഇടയ്‌ക്കൊക്കെ ഭാര്യ കുറ്റപ്പെടുത്തുന്നത് വൈറ്റിന്റെ ദുഃഖം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു.
ദിവസങ്ങള്‍ ചെല്ലുംതോറും ആ വീട്ടില്‍ വര്‍ത്തമാനങ്ങള്‍ കുറഞ്ഞുകൊണ്ടിരുന്നു. ചില ദിവസങ്ങളില്‍ ഏതാനും വാക്കുകള്‍ മാത്രം അവര്‍ പരസ്പരം കൈമാറും. അത് അളന്നു മുറിച്ച വാക്കുകളില്‍ മാത്രം!
ഒരു വിഷയവും അവര്‍ ക്കു സംസാരിക്കാനില്ലാത്തതായിരുന്നു കാരണം. ആകെയുണ്ടായിരുന്ന മകനെ സെമിത്തേരിയില്‍ അടക്കം ചെയ്ത് വന്ന ദിവസം വൃദ്ധയായ മിസ്സി സ് വൈറ്റ് ജലപാനം പോലുമില്ലാതെ ഇരുട്ടുമുറിയില്‍ കഴിഞ്ഞുകൂടി. ആശ്വസിപ്പിക്കാന്‍ പോലുമാകാ തെ മിസ്റ്റര്‍ വൈറ്റ് സ്വീകരണമുറിയില്‍ നിലത്തിരുന്നന്നു.
മേജര്‍ മോറിസിനെ വിവരമറിയിക്കാനോ വിളിക്കാനോ അയാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കൈപ്പത്തി അപകടകാരിയാണ് എന്ന് അദ്ദേഹം നേരത്തേ തനിക്ക് മുന്നറിയിപ്പു തന്നതായിരുന്നു. അനുസരിക്കാതിരുന്നത് താനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം തന്നെ കുറ്റപ്പെടുത്തുമെന്നു തീര്‍ച്ചയാണ്. അതു കൂടി കേള്‍ക്കാനോ, താങ്ങാനോ തനിക്കു വയ്യ…
അതിഥികള്‍ തീരെ വരാത്ത ആ കുഗ്രാമത്തി ലെ വീട്ടില്‍ തങ്ങളുടെ വേദനയും നഷ്ടങ്ങളും നികത്താന്‍ ആഹ്ലാദവുമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ എന്ന് ഇരുവരും ആഗ്രഹിച്ചു.
ദിവസങ്ങള്‍ക്ക് ദൈര്‍ ഘ്യം വല്ലാതെ കൂടിപ്പോകുന്നുവെന്ന് ദമ്പതികള്‍ ക്കു തോന്നി. നേരം വെളു ത്താല്‍ രാത്രിയാകാനും രാത്രിയായാല്‍ നേരം പുലരാനും എത്ര നാഴികകളാണ്!
ഹെര്‍ബര്‍ട്ടിന്റെ ശവമടക്കു കഴിഞ്ഞ് ഒരാഴ്ചയായിരിക്കുന്നു. ഒരു രാത്രി മിസ്റ്റര്‍ വൈറ്റ് ദുഃസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. നെരിപ്പോടില്‍ നിന്ന് മുനിഞ്ഞു കത്തുന്ന കനലുകളുടെ വെളിച്ചത്തില്‍ മുറിയില്‍ താന്‍ ഏകനാണെ ന്നു തിരിച്ചറിഞ്ഞപ്പോള്‍ ഒരു തേങ്ങല്‍ എങ്ങുനിന്നോ… ഒപ്പം ആരോ സം സാരിക്കുന്നു.
"പ്രിയേ… എന്തൊരു തണുപ്പാണ് പുറത്ത്. ഇങ്ങോട്ടു കയറി വരൂ… നെരിപ്പോടിന്റെ ചൂടുണ്ടല്ലോ ഇവിടെ…"
"അപ്പോള്‍ ഒരാഴ്ചയായി ആ ശവപ്പറമ്പില്‍ അന്തിയുറങ്ങുന്ന എന്റെ മോന് ഇതിലേറെ തണുപ്പുണ്ടാകില്ലേ…?"
ഭാര്യയുടെ മറുപടി മിസ്റ്റര്‍ വൈറ്റിനെ കൂടുതല്‍ തളര്‍ത്തി.
ഭാര്യയുടെ തേങ്ങിത്തേങ്ങിയുള്ള കരച്ചിലും സ്വയം ശാപവാക്കുകളും കുറ്റെപ്പടുത്തലുകളും ക്ഷീണവും പരവേശവും വൈറ്റിനെ പെട്ടെന്നു തന്നെ ഉറക്കത്തിലേക്കു നയിച്ചു. പൊടുന്നനെ ഒരു നിലവിളികേട്ട് പിന്നെയും ഉറക്കത്തിനു പുറത്തായി.
"കുരങ്ങന്റെ കൈപ്പത്തി…!!"
മിസ്സിസ് വൈറ്റിന്റെ അലര്‍ച്ചയായിരുന്നു അത്.
"കുരങ്ങന്റെ കൈപ്പത്തി…!!"
അവര്‍ പിന്നെയും അലറുകയാണ്.
മിസ്റ്റര്‍ വൈറ്റ് കിടക്കയില്‍ നിന്നും തപ്പിപ്പിടഞ്ഞെണീറ്റു.
ഒട്ടൊരു പേടിയോടെ അയാള്‍ വിക്കി വിക്കി ചോദിച്ചു.
"എവിടെ? എവിടെ കുരങ്ങന്റെ കൈപ്പത്തി. നീ അതുകണ്ട് പേടിച്ചിരിക്കുകയാണോ… പ്രിയേ…?"
അശുദ്ധാത്മാക്കള്‍ സന്നിവേശിച്ചതുപോലെ ഉറഞ്ഞുതുള്ളിക്കൊണ്ട് മിസ്സിസ് വൈറ്റ് ഉച്ചത്തില്‍ തുടര്‍ന്നു.
"എനിക്കതു വേണം… എവിടെ അത്?"
അവര്‍ വൃദ്ധന്റെ അടുത്തുവന്നുനിന്ന് അവതാരശക്തിയോടെ ചോദിച്ചപ്പോള്‍, ആ മുഖം അരണ്ടവെട്ടത്തില്‍ കണ്ട് മിസ്റ്റര്‍ വൈറ്റ് ചകിതനായിേപ്പായി.
"എവിടെ അത്? നിങ്ങള്‍ അത് നശിപ്പിച്ചിട്ടില്ലാ എന്നെനിക്കറിയാം…"
"എന്തിനാ നിനക്കിപ്പോള്‍ ആ നശിച്ച സാധനം?"
"എനിക്കതു വേണം… എവിടെയുണ്ടത്?"
ഭാര്യയുടെ ആവേശവും വിറബാധിച്ച പ്രകടനങ്ങ ളും കണ്ടു നില്‍ക്കാനാവാതെ മിസ്റ്റര്‍ വൈറ്റ് താനറിയാതെ പറഞ്ഞുപോയി:
"താഴത്തെ അലമാരിയില്‍ കാണും… സ്വീകരണ മുറിയിലെ…"
മിസ്സിസ് വൈറ്റ് അതുകേട്ടപ്പോള്‍ ഉച്ചത്തില്‍ കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഭ്രാന്തമായ ആവേശത്തോടെ വൃദ്ധന്റെ കൈപിടിച്ച് ഉയര്‍ത്തി ചുംബിക്കുകയും ചെയ്ത ഭാര്യയെ കണ്ട മിസ്റ്റര്‍ വൈറ്റിന് കരച്ചില്‍ വന്നു. തന്റെ പ്രിയതമയു ടെ സ്ഥിരബുദ്ധി നഷ്ടപ്പെടുകയാണോ, ദൈവമേ….
"ഞാന്‍ ഇപ്പോള്‍ അതേക്കുറിച്ച് ഓര്‍ത്തതേയുള്ളൂ… എന്തുകൊണ്ട് നേര ത്തെ ഞാന്‍ ഓര്‍ത്തില്ല…? എനിക്കറിയില്ല. നിങ്ങളും ഓര്‍ത്തില്ലല്ലോ…?"
"എന്തിനെക്കുറിച്ച് ഓര്‍ത്തുവെന്നാ നീ പറയുന്നത്….?"
"മറ്റു രണ്ടാഗ്രഹങ്ങളെക്കുറിച്ച്… നമ്മുടെ ഒരാഗ്രഹമല്ലേ സാധിച്ചിട്ടുള്ളൂ…. ഇനി രണ്ടെണ്ണം കൂടി ബാ ക്കിയുണ്ടല്ലോ…."
മിസ്സിസ് വൈറ്റ് ഒരു കുഞ്ഞിനെപ്പോലെ തുള്ളിച്ചാടുകയാണ്.
"ആ ഒരു ആഗ്രഹം കൊണ്ടു മതിയായില്ലേ, നിനക്ക്?"
മിസ്റ്റര്‍ വൈറ്റ് കോപത്തോടെ ചോദിച്ചു.
"ഇല്ല… ഇല്ല… എനിക്കു മതിയായിട്ടില്ല… എനിക്കിനിയും അതുകൊണ്ട് ആഗ്രഹങ്ങള്‍ സാധിക്കാനുണ്ട്… താഴെപ്പോയി അത് എടുത്തുകൊണ്ടുവരൂ… വേഗം!"
മിസ്സിസ് വൈറ്റ് ഉറഞ്ഞു തുള്ളുകയാണ്.
"കൊണ്ടുവരാം… എന്താണ് നിന്റെ ആഗ്രഹങ്ങള്‍ എന്നു പറയൂ… ആദ്യം…"
മിസ്റ്റര്‍ വൈറ്റിന്റെ ചോദ്യം കേട്ടപ്പോള്‍ ഭാര്യയുടെ മുഖം പ്രകാശത്താല്‍ തിളങ്ങി.
(തുടരും)

Related Stories

No stories found.