കുരങ്ങന്റെ കൈപ്പത്തി – 8

കുരങ്ങന്റെ കൈപ്പത്തി – 8
Published on

കഥ ഇതുവരെ
മിസ്റ്റര്‍ വൈറ്റ്, പത്‌നി മിസ്സിസ് വൈറ്റ് മകന്‍ ഹെര്‍ബര്‍ട്ട് എന്നിവരുടെ വീട്ടിലേക്ക് ഒരു അര്‍ദ്ധരാത്രിയില്‍ അതിഥിയായി, ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തിലെ സെര്‍ജന്റ് ആയി റിട്ടയര്‍ ചെയ്ത മേജര്‍ മോറിസ് എത്തുന്നു. ഒരു കുരങ്ങുപാദം തന്റെ കൈവശമുണ്ടെന്നും അതുകൊണ്ട് മനുഷ്യന്റെ മൂന്ന് ആഗ്രഹങ്ങള്‍ സാധിക്കുമെന്നും സെര്‍ജന്റ് മോറിസ് അവകാശപ്പെട്ടു.
ദരിദ്രനായ തനിക്കും കുടുംബത്തിനും കുരങ്ങു പാദം വഴിയുണ്ടാകുന്ന മൂന്ന് ആഗ്രഹങ്ങള്‍ വഴി നല്ല കാലം വന്നേക്കാമെന്ന ചര്‍ച്ചയില്‍ കുരങ്ങുപാദം തനിക്കു തരണമെന്ന് മിസ്റ്റര്‍ വൈറ്റ് മേജര്‍ മോറിസിനോട് ആവശ്യപ്പെടുന്നു. എന്നാല്‍ അത് ഒരു നല്ല രീതിയല്ലെന്ന് മേജര്‍ മോറിസ് വീണ്ടും വീണ്ടും മുന്നറിയിപ്പു നല്‍കിയെങ്കിലും അതുകൊണ്ടുണ്ടാകുന്ന എല്ലാ അനര്‍ത്ഥങ്ങള്‍ക്കും താനും കുടുംബവും മാത്രമായിരിക്കും ഉത്തരവാദികള്‍ എന്ന് വൈറ്റ് കുടുംബം മോറിസിന് ഉറപ്പു നല്‍കിയതു പ്രകാരം, കൈപ്പത്തി കൊണ്ട് മിസ്റ്റര്‍ വൈറ്റ് കുരങ്ങു പാദം വലതുകൈയ്യില്‍ പിടിച്ച്, തന്റെ കുടുംബത്തിന് 200 പവന്‍ ആവശ്യമുണ്ട് എന്ന് പറയുന്നു. ആഗ്രഹം പറഞ്ഞു തീര്‍ന്നതും വലിയ ഒരു അലര്‍ച്ചയോടെ മിസ്റ്റര്‍ വൈറ്റ് ഞെട്ടിത്തരിക്കുന്നു. തന്റെ കൈയ്യില്‍ കിടന്ന് കുരങ്ങുപാദം ഒരു പാമ്പിനെപ്പോലെ പുളഞ്ഞുവെന്നും തന്നില്‍ അത് വല്ലാത്ത ഭയവും ആധിയുമുണ്ടാക്കിയെന്നും മിസ്റ്റര്‍ വൈറ്റ് ഭാര്യയോടും മകനോടും പറഞ്ഞു. പിറ്റേന്ന് മകന്‍ മാവ് ആന്റ് മഗ്ഗിന്‍സ് കമ്പനിയില്‍ പതിവു പോലെ ജോലിക്കു പോയി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വൈറ്റിന്റെ വീട്ടിലേക്ക് കമ്പനിയില്‍ നിന്ന് വരുന്ന പ്രതിനിധി, കമ്പനിയിലെ ഒരു മിഷ്യനില്‍ കുടുങ്ങി ഹെര്‍ബര്‍ട്ട് കൊല്ലപ്പെട്ടുവെന്നും അതൊരിക്ക ലും കമ്പനിയുടെ കുഴപ്പം കൊണ്ടല്ലന്നും മകന്റെ അശ്രദ്ധ മാത്രമാണ് കാരണമെന്നും കമ്പനിയുടെ അഗാധമായ ദുഃഖം അറിയിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതാണെന്നും കമ്പനി നഷ്ടപരിഹാരം നല്കാന്‍ തയ്യാറാണെന്നും അറിയിച്ചു. ഇരുന്നൂറു പവന്‍ തുകയാണ് നഷ്ടപരിഹാരമെന്ന് കമ്പനി ശിപായി അറിയിച്ചത് കേട്ട് വൈറ്റ് ദമ്പതികള്‍ ഞെട്ടിപ്പോയി.
ഏക മകന്റെ ശവസംസ്‌കാരത്തിന് ശേഷം വൈറ്റ് ദമ്പതിമാരുടെ വീട് ഒരു പ്രേതഭവനം പോലെ നിശ്ശബ്ദമാകുന്നു. പരസ്പരം മിണ്ടാതെ സ്വയം പഴിച്ചും കുറ്റപ്പെടുത്തിയും മിസ്റ്റര്‍ വൈറ്റും ഭാര്യയും കഴിയുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മിസ്സിസ് വൈറ്റ് കുരങ്ങുപാദം കൊണ്ട് തനിക്ക് ഇനിയും ആഗ്രഹങ്ങള്‍ സാധിക്കുന്നുണ്ടെന്നും അത് എടുത്തു കൊണ്ട് വരണമെന്നും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഒരു ആഗ്രഹം കൊണ്ടുതന്നെ മതിയായില്ലേ ഇനിയും ആ ദുശകുനം പിടിച്ച കുരങ്ങുപാദം വേണമോ എന്ന് ചോദിച്ചപ്പോള്‍ മിസ്സിസ് വൈറ്റ് ഭര്‍ത്താവിനോട് കയര്‍ക്കുന്നു. എന്താണ് ഇനിയുള്ള ആഗ്രഹം എന്ന് മിസ്റ്റര്‍ വൈറ്റ് ചോദിച്ചപ്പോള്‍ ഭാര്യ അത് പറയാനൊരുങ്ങുന്നു.

ഇനി തുടര്‍ന്നു വായിക്കുക…

ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്‌സിന്റെ 'ദ മങ്കീസ് പോ' എന്ന കൃതിയുടെ പുനരാഖ്യാനം: ഗിഫു മേലാറ്റൂര്‍

മിസ്സിസ് വൈറ്റിന്റെ ആഗ്രഹമറിയാന്‍ കാതു കൂര്‍പ്പിച്ചു നില്‍ക്കുകയായിരുന്നു മിസ്റ്റര്‍ വൈറ്റ്.
"താഴെപ്പോയി അത് എടുത്തുകൊണ്ട് വരൂ… എന്നിട്ട് എന്റെ മകന്‍ ജീവനോടെ തിരിച്ചുവരണമെന്ന് ആഗ്രഹിക്കൂ…!"
ഭാര്യയുടെ വര്‍ത്തമാനം കേട്ട മിസ്റ്റര്‍ വൈറ്റ് പ്രജ്ഞയറ്റവനെപ്പോലെ ഏതാനും നിമിഷങ്ങള്‍ നിന്നുപോയി.
"എടീ… നിനക്കു ഭ്രാന്താണ്…! ഭ്രാന്താണ് നിനക്ക്…!!"
"അതെ…. എനിക്കു ഭ്രാന്തുതന്നെ…. എനിക്കെന്റെ മോനെ വേണം… അവനില്ലെങ്കില്‍ എനിക്കു മുഴുഭ്രാന്തുപിടിക്കും… പിന്നെ ഞാന്‍ എന്നൊക്കെയാണ് ചെയ്യുകയെന്ന് എനിക്കു നിശ്ചയമുണ്ടാകാം… പറഞ്ഞതനുസരിക്കാന്‍….!!"
ഭാര്യയുടെ അപ്പോഴത്തെ അവസ്ഥ കണ്ട് മിസ്റ്റര്‍ വൈറ്റ് നടുങ്ങിപ്പോയി. കണ്ണുകള്‍ അഗ്നിപോലെ ജ്വലിക്കുന്നു… കൈകള്‍ തലമാന്തി പിളര്‍ക്കുകയും നരച്ച മുടിയിഴകള്‍ പിച്ചിപ്പറിക്കുകയും ചെയ്യുന്നു… ആജ്ഞയുടെ മിഴിമുനകള്‍ പിന്നെയും തനിക്കുനേരെ നീളുകയാണ്… അത് അനുസരിച്ചില്ലെങ്കില്‍….
മിസ്റ്റര്‍ വൈറ്റ് ദേഹത്തുനിന്ന് പുതപ്പ് വലിച്ചുമാറ്റി.
"കൊണ്ടുവരൂ…. എന്നിട്ട് എന്റെ മോനെ തിരികെത്തരാന്‍ ആഗ്രഹിക്കൂ…!"
മിസ്റ്റര്‍ വൈറ്റ് വിറയാര്‍ന്ന കൈകളോടെ ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ച് മെഴുകുതിരി കൊളുത്തി. മുറിയില്‍ പരന്നവെട്ടം. മിസ്സിസ് വൈറ്റിനെ കൂടുതല്‍ ഭീകരയായി തോന്നിച്ചു.
മിസ്റ്റര്‍ വൈറ്റ് ഭാര്യയോട് കേണപേക്ഷിച്ചു. അനര്‍ത്ഥങ്ങള്‍ മാത്രമേ, അരുതാത്തത് ആഗ്രഹിച്ചാല്‍ ലഭിക്കൂവെന്ന് ആദ്യത്തെ അനുഭവം നമ്മെ പഠിപ്പിച്ചതാണ്… ഇനിയും പരീക്ഷ വേണോയെന്നെല്ലാം അയാള്‍ പറഞ്ഞുനോക്കിയെങ്കിലും മിസ്സിസ് വൈറ്റ് തന്റെ ഉറച്ചനിലപാടില്‍ തന്നെയായിരുന്നു.
കരിരുട്ടാണ് എങ്ങും.
മെഴുകുതിരിയുമായി വൃദ്ധന്‍ കോണിപ്പടികളിറങ്ങി സ്വീകരണ മുറിയിലെത്തി. നെരിപ്പോടിലെ കനലുകള്‍ കെട്ടുപോയിരുന്നതിനാല്‍ തണുപ്പ് മുറിയില്‍ തങ്ങിനില്പുണ്ട്.
സ്വീകരണമുറിയിലെ ചില്ലലമാരി തുറന്ന വൃദ്ധന്‍, കൈപ്പത്തി വെച്ചിടത്തുതന്നെയുള്ളത് കണ്ടു. തന്റെ മകനെത്തന്നെ കൊലപ്പെടുത്തിയ ഭീകരസത്വമായാണ് അതുകണ്ടപ്പോള്‍ മിസ്റ്റര്‍ വൈറ്റിനു തോന്നിയത്.
ഇരുന്നൂറു പവന്‍ ലഭിക്കാന്‍ പൊന്നോമനമകനെ ബലികൊടുക്കാന്‍ കാരണമായ കൈപ്പത്തി അന്നുതന്നെ നശിപ്പിക്കാത്തതില്‍ അയാള്‍ക്കു വല്ലാത്ത നിരാശ തോന്നി.
കൈപ്പത്തികൊണ്ട് ഭാര്യ ആഗ്രഹിക്കുന്നത് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മകന്‍ മടങ്ങിവരാനാണ്. അതും ചീഞ്ഞളിഞ്ഞ, പുഴുക്കുത്തേറ്റ ശരീരവുമായിട്ടാണ് മകന്‍ വരുന്നതെങ്കിലോ…? മരിച്ച് ഒരാഴ്ചയായ ശവശരീരത്തിന്റെ സ്ഥിതിയെക്കുറിച്ച് എന്താണ് ഭാര്യ ഓര്‍ക്കാത്തത്? മിസ്റ്റര്‍ വൈറ്റ് എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം കൈപ്പത്തിയെ നോക്കി നിന്നുപോയി.
"കിട്ടിയില്ലേ…. ഇതുവരെ…?"
മുകളില്‍നിന്ന് അലര്‍ച്ച അടുത്തുവരുന്നു…
പെട്ടെന്നാണ് മറ്റൊരു ആശയം മിസ്റ്റര്‍ വൈറ്റിന് തോന്നിയത്.
കൈപ്പത്തി വെച്ചിടത്ത് ഇല്ല എന്ന് പറഞ്ഞാലോ…?
പക്ഷേ, ഈ കാലത്തിനിടയ്ക്ക് തന്റെ പ്രിയതമയോട് ഇതുവരെ കള്ളം പറഞ്ഞിട്ടില്ല താന്‍. ഇനി എങ്ങനെ ഈയൊരു കാര്യത്തിനുവേണ്ടി കളവു പറയും..?
ഓടി എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടാലോ….?
എന്നാല്‍ ഈ ധര്‍മ്മസങ്കടത്തില്‍നിന്ന് ഒരടി പിന്നോട്ടു പോകാന്‍ തനിക്കു കഴിയുന്നില്ലല്ലോയെന്ന് ഭീതിയോടെ മിസ്റ്റര്‍ വൈറ്റിനു തോന്നി.
എന്താണിങ്ങനെയൊക്കെ ദൈവമേ…!
ഈ നശിച്ച സാധനം മേജര്‍ മോറിസ് നല്കിയതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഇനി അതൊന്നും ഓര്‍ത്തിട്ടു കാര്യമില്ല.
തണുപ്പുനിറഞ്ഞ അന്തരീക്ഷത്തിലും മിസ്റ്റര്‍ വൈറ്റിന്റെ നെറ്റിയില്‍ വിയര്‍പ്പുതുള്ളികള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
ഒടുവില്‍ രണ്ടു കല്പിച്ച് കൈപ്പത്തിയുമായി അയാള്‍ തപ്പിത്തടഞ്ഞ് ഭാര്യയുടെ അടുത്തുവന്നെത്തി.
തന്റെ കൈക്കുള്ളില്‍ക്കിടന്ന് പുളഞ്ഞ ആ വികൃതമായ കൈപ്പത്തി ഒരു അശുദ്ധ പൈശാചികവസ്തുവായിട്ടാണ് അപ്പോള്‍ അയാള്‍ നോക്കിക്കണ്ടത്. തന്റെ സമാധാനവും ആഹ്ലാദപൂര്‍ണ്ണവുമായ ജീവിതം തകര്‍ത്തെറിഞ്ഞ ശപിക്കപ്പെട്ട കൈപ്പത്തി!
വിളറിവെളുത്ത, ഒരു പിശാചിന്റെ മുഖംപോലെ മിസ്സിസ് വൈറ്റ് അക്ഷമയോടെ കാത്തിരിപ്പുണ്ടായിരുന്നു. അവിടെ. അമാനുഷികവും ബീഭത്സവുമായ ഒരു മുഖഭാവമാണ് അപ്പോള്‍ തന്റെ ഭാര്യയ്ക്കുള്ളതെന്ന് അയാള്‍ ഉത്കണ്ഠയോടെ മനസ്സിലാക്കി.
"എവിടെ കൈപ്പത്തി…?"
കിതച്ചുകൊണ്ട് ഭാര്യ ചോദിച്ചപ്പോള്‍ അറിയാതെ അയാള്‍ കൈപ്പത്തി ഉയര്‍ത്തിക്കാണിച്ചു.
ആര്‍ത്തിപിടിച്ച ഒരു നായയുടെ മുഖമായിരുന്നു അപ്പോള്‍ മിസ്സിസ് വൈറ്റിന്.
"അത് വലതുകൈയില്‍ പിടിച്ച് ആഗ്രഹം പറയൂ…!"
ഒരു ആജ്ഞയായിരുന്നു അത്.
മിസ്റ്റര്‍ വൈറ്റ് ശ്വാസം കിട്ടാത്തതുപോലെ ഭാര്യയെ പകച്ചുനോക്കുകയാണ്.
"പ്രിയേ, ഇത്…. ബുദ്ധിശൂന്യമാണ്. ദൈവത്തിനു നിരക്കാത്തതാണ്…!"
മിസ്റ്റര്‍ വൈറ്റിന്റെ യാചന പക്ഷേ, ഭാര്യ കേട്ട ഭാവമേ നടിച്ചില്ല.
"ആഗ്രഹിക്കാനാണു പറഞ്ഞത്!"
പൈശാചികമായ ഒരു അട്ടഹാസമായിരുന്നു അത്.
മാനസികമായി തളര്‍ന്നവശനായിരുന്നുവെങ്കിലും മിസ്റ്റര്‍ വൈറ്റ് ആ ആസുരമായ ആജ്ഞയ്ക്കു മുമ്പില്‍ അനുസരണയുള്ള ഒരു നായയായി മാറി.
ഇനി പോംവഴിയേതുമില്ല.
വരുന്നത് അനുഭവിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്.
മേജര്‍ മോറിസ് പറഞ്ഞത് പുച്ഛിച്ചു തള്ളിയ തനിക്ക് കിട്ടുന്ന ദൈവശിക്ഷ… ഓര്‍ത്തപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞുപോയി….
കുരങ്ങന്റെ കൈപ്പത്തി വലതുകൈക്കുള്ളില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് നിറകണ്ണുകളോടെ മിസ്റ്റര്‍ വൈറ്റ് മൃദുവായി പറഞ്ഞു.
"എന്റെ മകന് ജീവന്‍ തിരിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്നു…!"
പറഞ്ഞുതീര്‍ന്നില്ല, കൈപ്പത്തി വൈറ്റിന്റെ കൈയില്‍നിന്ന് താഴെവീണു.
ഉഗ്രമായൊരു ഞെട്ടലോടെ വൃദ്ധന്‍ കൈപ്പത്തിയെ ഒന്നു നോക്കി, അവശനായി കസേരയിലേക്കു വീണു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org