കുരങ്ങന്റെ കൈപ്പത്തി

കുരങ്ങന്റെ കൈപ്പത്തി

'വില്യം വൈമാര്‍ക്ക് ജേക്കബ്‌സ് എന്നാണ് ആംഗലേയ സാഹിത്യകാരനായ ഡബ്ല്യു. ഡബ്ല്യു. ജേക്കബ്‌സിന്റെ പൂര്‍ണ്ണനാമധേയം. പോസ്റ്റോഫീസില്‍ ഗുമസ്ഥനായി വളരെക്കാലം ജോലി നോക്കിയ ജേക്കബ്‌സിന്റെ പിതാവ് നാവിക ഡെവന്‍വാര്‍ഫിലെ മാനേജരായിരുന്നതിനാല്‍ അത്തരക്കാരെക്കുറിച്ച് കൂടുതലറിയാനും, കഥാപാത്രങ്ങളും നാവികജീവനക്കാരും അവരുമായി ബന്ധപ്പെട്ടവരുമാകാന്‍ ജേക്കബ്‌സിനെ സഹായിച്ചു.
വായനക്കാരില്‍ ഭീതിയും ജിജ്ഞാസയും കഥാന്ത്യം വരെ നിലനിര്‍ത്താന്‍ ജേക്കബ്‌സിന്റെ കഥകള്‍ക്കു സാധിച്ചിരുന്നു. മെനികാര്‍ഗോസ് ശ്ര1896), ദി സ്‌കിഷേഴ്‌സ് വ്രൂയിംഗ് (1897), ജീപ് വാട്ടേഴ്‌സ് (1919), ദി ലേഡി ഓഫ് ദി ബാര്‍ജ് (1902) തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികളില്‍ ആകാംക്ഷ തുടിക്കുന്ന സംഭവ ബഹുലമായ ഇതിവൃത്തമാണ് സ്വീകരിച്ചിട്ടുള്ളത്.
'ദി മങ്കീസ് പോ' (The Mondkey's Paw) എന്ന രചനയാണ് ജേക്കബ്‌സിന് ഏറെ പ്രശസ്തി നേടികൊടുത്തത്. ഇതിന്റെ നാടകരൂപം 1903-ല്‍ ലണ്ടനില്‍ അവതരിപ്പിച്ചത് വന്‍വിജയമായിരുന്നു. ഇംഗ്ലീഷിലെ ഏറ്റവും മികച്ച ഏകാങ്കനാടകങ്ങളില്‍ ഒന്നായി ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്.
അദ്ധ്വാനിക്കാതെ ആഗ്രഹിക്കുന്നതും അങ്ങനെ നേടുന്നതും ജീവിതത്തില്‍ വലിയ വില നല്‌കേണ്ടി വരുമെന്ന പരമാര്‍ത്ഥമാണ് 'കുരങ്ങന്റെ കൈപ്പത്തി' എന്ന വിശ്വോത്തര കഥയിലൂടെ ജേക്കബ്‌സ് ലോകത്തെ ഉണര്‍ത്തുന്നത്. പ്രസിദ്ധമായ ആ കഥയുടെ നോവല്‍രൂപം ജിജ്ഞാസയും ആകാംക്ഷയും അല്പം പേടിയും തെല്ലും ചോര്‍ന്നുപോകാതെ ഒരു നോവല്‍ രൂപത്തില്‍ സ്വതന്ത്ര പുനരാഖ്യാനം ചെയ്തിരിക്കുകയാണ് ഇവിടെ.

ഗിഫു മേലാറ്റൂര്‍

അദ്ധ്യായം 1

"എന്റെ ചക്രവര്‍ത്തി ക്കു മുന്നേറാന്‍ പറ്റുന്നില്ലല്ലോ…"
ഹെര്‍ബര്‍ട്ട് ചതുരംഗ പ്പലകയിലെ തന്റെ കരുക്കള്‍ എങ്ങനെ നീക്കണമെന്ന് ആഴത്തില്‍ ചിന്തിക്കവേ പിറുപിറുക്കുകയാണ്. വാശിയേറിയ ചതുരംഗക്കളിയിലെ എതിരാളി മറ്റാരുമല്ല സ്വന്തം പിതാവ് തന്നെ!
"ഇന്ന് അപ്പച്ചനെ ഞാന്‍ വെട്ടിലാക്കും… രണ്ടും കല്പിച്ചാ എന്റെ നീക്കങ്ങള്‍…."
"തോല്ക്കുന്നതുവരെ വാശി നല്ലതിനാടാ മോനേ… ഹല്ല പിന്നെ!"
മിസ്റ്റര്‍ വൈറ്റ് മകനെ ഒന്നു കളിയാക്കി.
"ഈ ഉടുപ്പു തുന്നിത്തീര്‍ക്കുന്നതുവരെയുണ്ടാകും അപ്പന്റേയും മകന്റേയും കളി. ഞാനങ്ങു പോയേക്കുമേ…"
വെള്ളത്തലമുടിയുള്ള മിസ്സിസ് വൈറ്റ് ചതുരംഗത്തില്‍ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.
തണുപ്പുകാലം ശക്തമായ ദിവസങ്ങളായിരുന്നു അത്. നെരിപ്പോടില്‍ വിറകു കഷണങ്ങളിട്ട് തണുപ്പകറ്റി വിശിഷ്ടനായ ഒരു അഥിതിയെ കാത്തിരി ക്കുകയാണ് വൈറ്റ് കുടുംബം.
നെരിപ്പോടുള്ള ആ കൊച്ചു സ്വീകരണമുറിയിലെ ജനാലയും കര്‍ട്ടനുകളും വരെ ഉയര്‍ത്തിവെച്ചിരിക്കുന്നത് അതിഥി വരുന്നത് കാണാന്‍ തന്നെയാണ്.
"നേരം പാതിരാത്രിയായി… ഇന്നിനി അദ്ദേഹം വരുമെന്നു തോന്നുന്നില്ല. പോരാത്തതിന് മഞ്ഞും തണുപ്പും കൂടി വരികയുമാണ്…." മിസ്സിസ് വൈറ്റ് ജനാലയിലൂടെ പുറത്തേക്കു നോക്കി.
"ഒരിക്കലുമില്ല പ്രിയേ… വരാമെന്നു പറഞ്ഞാല്‍ എന്തു തടസ്സമുണ്ടെങ്കിലും വരുന്ന ഒരു പട്ടാളക്കാരനാണ് അദ്ദേഹം…. സെര്‍ജിയന്റ് മേജര്‍ മോറിസ്!"
മിസ്റ്റര്‍ വൈറ്റിന് തീര്‍ച്ചയായിരുന്നു. മേജര്‍ മോറിസിന്റെ വരവ്. 21 വര്‍ഷം ഇന്ത്യയിലെ ബ്രിട്ടീഷ് ആര്‍മിയില്‍ സേവനമനുഷ്ഠിച്ച് മെഡലുകളോടെ വിരമിച്ചയാളാണ് മോറിസ്. മിസ്റ്റര്‍ വൈറ്റിന്റെ ശ്രദ്ധ പലപ്പോഴും ചതുരംഗപ്പലകയില്‍ നിന്നും മാറി ജനലിലൂടെ പുറത്തേക്കു നീളുന്നുണ്ടായിരുന്നു.
"പറഞ്ഞിട്ടു കാര്യമില്ലപ്പച്ചാ…"
ഹെര്‍ബര്‍ട്ട് തുടര്‍ന്നു,
"ഈ കുഗ്രാമത്തിലേക്ക് എന്തിനാണ് താമസം മാറ്റിയത്? ദുര്‍ഘടം നിറഞ്ഞ വഴികളാണ് എങ്ങുമുള്ളത്. ഒരാളും വരാന്‍ താല്പര്യപ്പെടാത്ത വഴി. എന്നുവച്ചാല്‍ ആളുകള്‍ക്ക് താമസിക്കാന്‍ പറ്റുന്നയിടങ്ങളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടത്."
"അതെയതെ. മോന്‍ പറഞ്ഞുതെന്നയാണ് ശരി."
മിസ്സിസ് വൈറ്റ് മകനെ പിന്താങ്ങി.
"ഇങ്ങോട്ടുള്ള വഴിയാണെങ്കില്‍ ചെളി നിറഞ്ഞതും നിരത്തുകള്‍ കുത്തിയൊലിച്ചുപോയവയുമാണ്. അത് നന്നാക്കിയെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് ഒരു പക്ഷെ, ഈ ഗ്രാമത്തെക്കുറിച്ച് ഒരു അറിവുമുണ്ടായിരുന്നിരിക്കില്ല…"
പത്‌നിയും മകനും കുറ്റപ്പെടുത്തുന്നതു കേട്ടപ്പോള്‍ മിസ്റ്റര്‍ വൈറ്റിന് അല്പം വേദനയുണ്ടായി. വരുമാനം കുറവായ തനിക്ക് കുറഞ്ഞ വാടകയ്ക്ക് മറ്റെവിടെ വീട് കിട്ടാനാണ്!
"ഈ പ്രദേശത്ത് ഇതടക്കം ആകെ രണ്ടു വീടുകളേ വാടകയ്ക്കു കൊടുത്തിട്ടുള്ളൂ…."
"അതും ശരിയാണ്. പട്ടണത്തിലുള്ളവര്‍ എന്തായിരിക്കും ഈ പ്രദേശത്തെക്കുറിച്ച് കരുതിയിട്ടുണ്ടാവുക, അപ്പച്ചാ….?"
മകന്റെ അവജ്ഞയോടെയുള്ള ചോദ്യം മിസ്റ്റര്‍ വൈറ്റിനെ കൂടുതല്‍ നിരാശനാക്കി. ചതുരുംഗത്തില്‍ അയാള്‍ക്കു പിന്നെ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.
"മോനേ, അപ്പച്ചനെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേടാ…"
ചതുരംഗപ്പലകയില്‍ നിന്ന് മുഖമുയര്‍ത്തി ഹെര്‍ബര്‍ട്ട് പിതാവിനെ നോക്കി. മങ്ങിയ മുഖം കണ്ടപ്പോള്‍ ഹെര്‍ബര്‍ട്ടിന് വല്ലായ്മ തോന്നി. താന്‍ അദ്ദേഹത്തെ വേദനിപ്പിച്ചോ…
"അവന്‍ പറഞ്ഞതൊന്നും കാര്യമാക്കല്ലേ…"
മിസ്സിസ് വൈറ്റ് ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു.
"അദ്ദേഹമിങ്ങുവരട്ടെ… ഐശ്വര്യമുണ്ടാക്കുന്ന ഒരു മഹത്തായ സമ്മാനം നമുക്ക് ലഭിക്കാന്‍ അല്പസമയം മാത്രം!…"
"അതാ… അദ്ദേഹം!"
പതുക്കെ നടന്നുവരുന്ന ഇരുണ്ട കുപ്പായക്കാരനെ ജനലിലൂടെ നോക്കി ഹെര്‍ബര്‍ട്ട് വൈറ്റ് ഉത്സാഹത്തോടെ പറഞ്ഞു.
വൈറ്റ് ദമ്പതികള്‍ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് പുറത്തേക്കു നോക്കി.
ഓക്കു മരം കൊണ്ടുണ്ടാക്കിയ, ദ്രവിച്ചു തുടങ്ങിയ ഗേറ്റ് മലര്‍ക്കെ തുറന്നു കൊണ്ട് ആജാനുബാഹുവായ ഒരു രൂപം ഉറച്ച കാല്‍വെയ്പുകളോടെ നടന്നു വരുന്നു…
മിസ്റ്റര്‍ വൈറ്റ് വീടിന്റെ മുന്‍വാതില്‍ തുറന്നു.
"ഹൃദയംഗമമായ സ്വാഗതം മേജര്‍… വന്നാട്ടേ…"
വൈകിയതിനു ക്ഷമാപണം നടത്തി അതിഥി അകത്തേക്കു കയറി.
മിസ്റ്റര്‍ വൈറ്റിനും മകനും മിസ്സിസ് വൈറ്റിനും പ്രത്യേകം പ്രത്യേകം ഹസ്തദാനം നല്കിയ ആഗതന്‍ നെരിപ്പോടിനു സമീപത്തായുണ്ടായിരുന്ന കസേരയില്‍ ഇരുന്നു.
മൂര്‍ച്ചയേറിയ കണ്ണുകളോടെ ആഗതന്‍ മൂന്നു പേരെയും ഇരുത്തി നോക്കി. ആജ്ഞാശക്തിയുള്ള മുഖഭാവം. ഒരു ചെറിയ മന്ദഹാസം പതുക്കെ ആ മുഖത്തു തെളിഞ്ഞപ്പോള്‍ ഹെര്‍ബര്‍ട്ടിനും മിസ്സിസ് വൈറ്റിനും ആശ്വാസമായി.
"ഇതാണ് ഞാന്‍ കാത്തിരുന്ന സെര്‍ജിയന്റ് മേജര്‍ മോറിസ്….!"
മിസ്റ്റര്‍ വൈറ്റ് അതിഥിയെ പത്‌നിക്കും മകനും പരിചയപ്പെടുത്തി.
നെരിപ്പോടിനടുത്തായിരുന്നിട്ടു കൂടി തണുപ്പ് ആഗതനെ ആക്രമിക്കുന്നത് മാറിയിട്ടില്ലെന്നറിഞ്ഞ മിസ്റ്റര്‍ വൈറ്റ് നേരിപ്പോടിലെ കനലുകള്‍ ഒന്നുകൂടി ഇളക്കി തീയിന് ശക്തികൂട്ടി.
വൈകാതെ ഒരു മേശയില്‍, കരുതി വെച്ചിരുന്ന വിസ്‌കിയും ടംബ്ലറുകളും മിസ്റ്റര്‍ വൈറ്റ് മോറിസിന്റെ മുന്നിലേക്ക് നീക്കിവെച്ചു.
അതു കണ്ടപ്പോള്‍ അയാളുടെ മുഖത്ത് ക്രൂരമായൊരു ആഹ്ലാദമുണ്ടായി.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org