കുരങ്ങന്റെ കൈപ്പത്തി-3

കുരങ്ങന്റെ കൈപ്പത്തി-3

ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്‌സിന്റെ 'ദ മങ്കീസ് പോ' എന്ന കൃതിയുടെ പുനരാഖ്യാനം

ഗിഫു മേലാറ്റൂര്‍

(അദ്ധ്യായം 3)

അതിഥിക്കായി കരുതിയിരുന്ന വിസ്‌കിക്കുപ്പിയിലെ അവസാന തുള്ളിയും വായിലേക്കൊഴിച്ച് പിരിയടച്ച് മേജര്‍ മോറിസ് മേശപ്പുറത്തെ കുരങ്ങുകൈപ്പത്തിയെടുത്ത് തഴുകിക്കൊണ്ട് മൂന്നു പേരെയും മാറി മാറി നോക്കി.
തന്റെ വായില്‍ നിന്നു വീഴുന്ന രഹസ്യവാക്കുകള്‍ക്കു കാതുകൂര്‍പ്പിച്ചിരിക്കുകയാണ് വൈറ്റ് കുടുംബമെന്ന് മനസ്സിലാക്കിയ മോറിസിന് ഉത്സാഹം വര്‍ദ്ധിച്ചു.
"പറയൂ, മോറിസ് മേജര്‍…."
മിസ്റ്റര്‍ വൈറ്റിന് അക്ഷമ.
"ഹാ…ഹാ…ഹാ… പറയാം. മൂന്നു പേരുടെ മൂന്ന് ആഗ്രഹങ്ങള്‍ ഈ കൈപ്പത്തി സാധിച്ചുകൊടുക്കും. അതുതന്നെയാണ് ഇന്ത്യന്‍ ഫക്കീര്‍ ഇതിനു നല്കിയിട്ടുള്ള ശക്തി!"
മോറിസിന്റെ വാക്കുകള്‍ കേട്ട വൈറ്റ് കുടുംബത്തിന് പൊട്ടിച്ചിരിക്കാന്‍ തോന്നിയെങ്കിലും മേജറുടെ പ്രതികരണമോര്‍ത്ത് അവര്‍ ചിരികടിച്ചമര്‍ത്തി.
"കൈപ്പത്തി സൂത്രം കൊള്ളാമല്ലോ… ആട്ടേ… അങ്ങേയ്ക്ക് മൂന്ന് ആഗ്രഹങ്ങളും ഇതുകൊണ്ടു സാധിച്ചുകിട്ടുകയുണ്ടായോ…"
കൗതുകവും പരിഹാസവും നിറഞ്ഞതായിരുന്നു ഹെര്‍ബര്‍ട്ട് വൈറ്റിന്റെ ചോദ്യം.
"തീര്‍ച്ചയായും!"
ചോദ്യകര്‍ത്താവിനെ ഒന്നിരുത്തി നോക്കിയശഷം മേജര്‍ മോറിസ് തുടര്‍ന്നു:
"എന്റെ മൂന്നാഗ്രഹങ്ങളും നിറവേറ്റുക തന്നെ ചെയ്തു, മകനേ…!"
"എന്ത്?"
മിസ്സിസ് വൈറ്റ് ഉച്ചത്തിലാണത് ചോദിച്ചത്. തന്റെ ശബ്ദം പൊങ്ങിപ്പോയതറിഞ്ഞ് അവര്‍ക്ക് അല്പം ജാള്യതവന്നു.
"ഒന്നു വിശദീകരിക്കൂ അങ്കിള്‍… മറ്റാര്‍ക്കെങ്കിലും ഇങ്ങനെ മൂന്ന് ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടിയിട്ടുണ്ടോ?"
ഹെര്‍ബര്‍ട്ട് വൈറ്റ് മോറിസിനരികിലേക്കു ചാരിനിന്നു.
"പിന്നെന്താ… ആദ്യത്തേയാള്‍ക്ക് അത് സാധ്യമായി. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ടാഗ്രഹങ്ങള്‍ എന്തായിരുന്നുവെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞില്ല."
"അപ്പോള്‍ മൂന്നാമത്തേത്…?"
മിസ്റ്റര്‍ വൈറ്റിന് ആകാംക്ഷ അടക്കാനായില്ല.
"മരണം! മരണമായിരുന്നു. അദ്ദേഹത്തിന്റെ മൂന്നാമത്തെ ആഗ്രഹം!"
മേജര്‍ മോറിസ് അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ മുറിയില്‍ കനത്ത നിശബ്ദത അല്പനേരത്തേക്ക് തങ്ങിനിന്നു. നെരിപ്പോടിലെ വിറകു കത്തിയെരിയുന്ന ശബ്ദം കേള്‍ക്കാനുണ്ടായിരുന്നില്ല എന്നര്‍ത്ഥം.
"അങ്ങനെയാണ് ഇത് എന്റെ കൈവശം എത്തിയത്…"
കൈപ്പത്തിയിലെ ഉണങ്ങി വരണ്ട ഈര്‍ക്കില്‍ വിരലുകള്‍ ഓരോന്നായി പിടിച്ചുകൊണ്ട് മേജര്‍ മോറീസ് പഴയ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയായിരുന്നു അപ്പോള്‍.
നിശബ്ദത ഭഞ്ജിച്ചത് മിസ്റ്റര്‍ വൈറ്റ് ആയിരുന്നു.
"മിസ്റ്റര്‍ മോറിസ്… താങ്കളുടെ മൂന്നു ആഗ്രഹങ്ങളും സാധിച്ചുകഴിഞ്ഞുവെങ്കില്‍ പിന്നെന്തിനാണ് ഇത് സൂക്ഷിച്ചുകൊണ്ടു നടക്കുന്നത്."
"അതോ, വെറും കൗതുകം മാത്രം, സുഹൃത്തേ…"
വിളര്‍ത്ത ഒരു ചിരി വരുത്തിക്കൊണ്ട് മേജര്‍ മോറിസ് തുടര്‍ന്നു.
"ഇത് നല്ല വിലയ്ക്കു വില്‍ക്കാന്‍ ഞാന്‍ പല തവണ ശ്രമിച്ചതായിരുന്നു. പക്ഷേ, നടന്നില്ല. ഇതിനെപ്പറ്റി പരിചയപ്പെടുത്തിയവര്‍ക്കൊന്നും സത്യം ബോധ്യമായില്ല. ചിലര്‍ ഇത് വെറും തട്ടിപ്പാണ് എന്നും യക്ഷിക്കഥയാണ് എന്നും പറഞ്ഞ് എന്നെ പരിഹസിച്ചു. ചിലര്‍ പണം തരാന്‍ തയ്യാറാണ് എന്നാല്‍ ആഗ്രഹം മൂന്നും നടന്നു കഴിഞ്ഞുമാത്രം എന്ന അഭിപ്രായക്കാരായിരുന്നു."
മോറീസിന്റെ സംസാരം കേള്‍ക്കുമ്പോഴും മിസ്സിസ് വൈറ്റിന്റെയും മകന്റെയും കണ്ണുകള്‍ കൈപ്പത്തിയില്‍ തന്നയായരുന്നു.
"മിസ്റ്റര്‍ മോറീസ് ഇതിന് ഒരാള്‍ക്കു കൂടി മൂന്ന് ആഗ്രഹങ്ങള്‍ സാധിക്കാമല്ലോ. അപ്പോള്‍ താങ്കള്‍ തന്നെ കൈവശം വെച്ചിരിക്കേണ്ടതുണ്ടോ?"
മിസ്റ്റര്‍ വൈറ്റ് ഭയാശങ്കകളോടെയാണ് അങ്ങനെ ചോദിച്ചത്.
"അത്… എനിക്കതിന് ഉത്തരമില്ല സുഹൃത്തേ!"
പെട്ടെന്നാണത് സംഭവിച്ചത്. മേജര്‍ മോറീസ് മേശപ്പുറത്തുനിന്ന് കൈപ്പത്തിയെടുത്ത്, ചൂണ്ടുവിരലും തള്ളവിരലുമുപയോഗിച്ച് നെരിപ്പോടിലെ തീക്കനല്‍ ലക്ഷ്യമാക്കി ഒരൊറ്റയേറ്!
പക്ഷേ, അപ്പോള്‍ മറ്റൊന്നു കൂടി സംഭവിച്ചു. ഒരു കായികാഭ്യാസിയുടെ മെയ്‌വഴക്കത്തോടെ മിസ്റ്റര്‍ വൈറ്റ് കൈപ്പത്തി വായുവില്‍ നിന്ന് ഒരൊറ്റപ്പിടുത്തം!
കൈപ്പത്തി തീക്കനലില്‍ വീഴാതെ ഭദ്രമായി തന്റെ കൈയ്യില്‍…!
"ഹേയ്, മിസ്റ്റര്‍ വൈറ്റ്… അതേ തീയിലെറിയൂ… നശിച്ചുപോകട്ടെ… നാശമാണത്…"
"മിസ്റ്റര്‍ മേജര്‍, താങ്കള്‍ക്കിത് വേണ്ടായെന്നാണെങ്കില്‍ ഞാന്‍ എടുക്കുന്നു… വിരോധമുണ്ടോ?"
"വിരോധമുണ്ട് ചങ്ങാതീ… ഞാന്‍ ആര്‍ക്കും കൊടുക്കില്ല, നാശംപിടിച്ച ആ വസ്തു… അത് നശിപ്പിക്കൂ…"
മേജര്‍ മോറിസ് വിറച്ചുകൊണ്ട് പറഞ്ഞത് മിസ്സിസ് വൈറ്റും മകന്‍ ഹെര്‍ബര്‍ട്ട് വൈറ്റും ഭീതിയോടെയാണ് കേട്ടത്.
"ശരി… താങ്കള്‍ ഇത് സംരക്ഷിക്കുകയാണെങ്കില്‍ അത് സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം. എന്തെങ്കിലും അനര്‍ത്ഥങ്ങള്‍ ഉണ്ടെങ്കില്‍ അതിന് എന്നെ പഴിച്ചേക്കരുത്. കുറ്റപ്പെടുത്തിയേക്കരുത്…!"
രൂക്ഷമായിട്ടാണ് മോറിസ് അത്രയും പറഞ്ഞത്.
"ഇല്ല മേജര്‍. ഇത് വഴി വരുന്ന അനര്‍ത്ഥങ്ങള്‍ ഞാനും എന്റെ കുടുംബവും മാത്രമായിരിക്കും ഉത്തരവാദി. താങ്കള്‍ പേടിക്കേണ്ടതില്ല…"
മിസ്റ്റര്‍ വൈറ്റ് കൈപ്പത്തിയെ വാത്സല്യപൂര്‍വ്വം തഴുകിക്കൊണ്ടിരുന്നു.
"ഇതുകൊണ്ട് എങ്ങനെയാണ് നമുക്കുവേണ്ട മൂന്നു ആഗ്രഹങ്ങള്‍ ആവശ്യപ്പെടുക എന്നതു കൂടി വിശദമാക്കിയാലും, മേജര്‍…."
കുരങ്ങന്റെ കൈപ്പത്തിയിലേക്കും മേജര്‍ മോറിസിന്റെ മുഖത്തേക്കും നോക്കിക്കൊണ്ട് മിസ്റ്റര്‍ വൈറ്റ് ചോദിച്ചു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org