![സ്വപ്നക്കാരന്‍ [No: 5]](https://gumlet.assettype.com/sathyadeepam%2F2023-10%2F10aaec9f-2044-4ba1-8e5b-7767ebbdd519%2Fswapnakaran05.jpg?auto=format%2Ccompress&fit=max)
അസീനത്തും ജോസഫുമായി ഏറെ അടുക്കുന്നുവെന്ന് മനസ്സി ലാക്കിയ പോത്തിഫറിന്റെ ഭാര്യ ജോസഫിനെ അവളുടെ മുറിയിലേക്ക് വരുത്തി. പോത്തിഫര്‍ സ്ഥലത്തില്ലായിരുന്നു. അസീനത്ത് അവളുടെ ചര്‍ച്ചക്കാരികളുടെ വീട്ടില്‍ പോയിരുന്നു.
യജമാനത്തിയുടെ മുമ്പില്‍ ജോസഫ് വിനയ പൂര്‍വം നിന്നു. അവര്‍ അവനെ ആദ്യം കാണുന്ന തുപോലെ പെരുവിരല്‍ മുതല്‍ ഉച്ചംതലവരെ ഉഴിഞ്ഞു. ജോസഫിന്റെ ഓരോ അവയവങ്ങളിലും അവളുടെ മിഴികള്‍ ഇഴഞ്ഞു.
ജോസഫിന് വെറുപ്പു തോന്നി.
''നീയും അസീനത്തു മായി പ്രേമത്തിലാണെന്ന് ഞാന്‍ അറിയുന്നു. അടിമ, ഉടമയുടെ പുത്രിയെ ആഗ്രഹിക്കാന്‍ പാടില്ല. ആഗ്രഹിച്ചാല്‍ കഴുത്തിനു മേലെ തലയുണ്ടാവില്ല.''
ജോസഫ് നിശ്ശബ്ദ നായി നിന്നു. തന്റെ മിഴികള്‍ നീരണിയുന്നത് അവന്‍ അറിഞ്ഞു.
''നിന്റെ വിഷമം ഞാന്‍ അറിയുന്നു. നിനക്കവളെ സ്വന്തമാക്കാനുള്ള വഴി ഞാന്‍ ഒരുക്കി തരാം. എന്നാല്‍ അതിനു മുമ്പ് നീ എന്റെ ആഗ്രഹം പൂര്‍ത്തി യാക്കണം.''
''അങ്ങ് എന്തു ജോലി പറഞ്ഞാലും ഞാനത് ചെയ്തു തരാം.''
''ഉറപ്പല്ലേ?''
''അതെ.''
''എങ്കില്‍ പോകൂ. സന്ധ്യകഴിഞ്ഞ് നീ ഇവിടെ വരണം.''
ജോസഫ് വണങ്ങി തിരിച്ചുപോന്നു.
ജോസഫിന് ദിനചര്യകളില്‍ ഉത്സാഹം തോന്നിയി ല്ല. അസീനത്തിനെ അത്ര യേറെ അഗാധമായി അവന്‍ സ്‌നേഹിച്ചിരുന്നു. അവളെ സ്വന്തമാക്കാന്‍ ഏതു ദുര്‍ഘടം പിടിച്ച ജോലിയും ചെയ്യുവാന്‍ അവന്‍ സന്നദ്ധ നായി. റാഹേലിനെ സ്വന്ത മാക്കാന്‍ 14 വത്സരം ലാബാ ന്റെ കീഴില്‍ അടിമവേല ചെയ്ത പിതാവിനെ അവന്‍ ഓര്‍ത്തു. എത്രയേറെ പിതാവ് കഷ്ടപ്പെട്ടിരിക്കും.
അസീനത്തിന്റെ അസാ ന്നിധ്യം അവനെ ദുഃഖിത നാക്കി. കൂടെയുള്ളപ്പോള്‍ അനുഭവപ്പെടാത്ത ഹൃദയ വേദന അവന്‍ അനുഭവിച്ചു. വിശപ്പും ദാഹവും അവന്‍ മറന്നു. പരിചാരകന്‍ ഉച്ചഭക്ഷണം എടുക്കട്ടെ എന്ന് ചോദിച്ചു. വിശപ്പില്ല എന്നു പറഞ്ഞ് അയാളെ ഒഴിവാക്കി.
വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ കുറഞ്ഞു. ഒന്നും ചെയ്യു വാന്‍ ഉത്സാഹം തോന്നി യില്ല. പരിചാരകന്മാര്‍ ഓരോന്നു ചോദിച്ചു എല്ലാ ത്തിനും ശരി, ശരി എന്ന് ഉത്തരം പറഞ്ഞു.
സന്ധ്യമയങ്ങി, പോത്തി ഫറിന്റെ ഭാര്യ ജോസഫി നെ കാത്തിരിക്കുകയായി രുന്നു. ജോസഫ് എത്താന്‍ വൈകുന്തോറും അവര്‍ക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. വാതായാനങ്ങ ളിലും ജാലകങ്ങളിലും അവള്‍ നോക്കി നിന്നു. നഗ്‌നത പുറത്തുകാണുന്ന വിധത്തില്‍ നേര്‍മയുള്ള പട്ടുവസ്ത്രമാണ് അവര്‍ ധരിച്ചത്. വിലയേറിയ സുഗന്ധതൈലം പൂശിയിരുന്നു. കണ്ണില്‍ കത്തുന്ന കാമവു മായി ജോസഫിനെ അവള്‍ സ്വീകരിച്ചു. അവളുടെ സ്വകാര്യമുറിയിലേക്ക് ജോസഫിനെ അവള്‍ വലിച്ചു കൊണ്ടുപോയി.
''ഞാന്‍ എന്തു ജോലി യാണ് അങ്ങേക്കു വേണ്ടി ചെയ്യേണ്ടത്?'' ജോസഫ് ചോദിച്ചു.
അവള്‍ വശ്യമായി ചിരിച്ചു. എന്നിട്ട് അവനെ വലിച്ചു കിടക്കയിലിരുത്തി.
''ഈ രാത്രി മുഴുവനും നീ എന്നോടൊപ്പം കഴിയ ണം. ഞാന്‍ നിന്നെ അത്ര യേറെ മോഹിച്ചു പോയി.'' അവള്‍ അവനെ കടന്നു പിടിച്ചു.
ജോസഫ് അവളെ തള്ളിമാറ്റി.
''നീയെന്റെ വസ്ത്രം കണ്ടോ, എന്റെ ശരീരം കണ്ടിട്ടും നിനക്ക് ആവേശം വരുന്നില്ലേ.''
''യഹോവ ഉടുപ്പല്ല; നടപ്പാണ് നോക്കുന്നത്.'' ജോസഫ് പറഞ്ഞു
അവളവനെ ഇരുകൈ കള്‍ കൊണ്ടും ശരീര ത്തോടു ചേര്‍ത്തു വരിഞ്ഞു മുറുക്കി.
ജോസഫ് അവളെ തള്ളിയിട്ടു. എന്നിട്ടലറി ''നീചയായ സ്ത്രീ, ദൈവ ത്തിന് നിരക്കാത്ത പാപം ചെയ്യുവാനും എന്റെ യജമാനനെയും അസീനത്തിനെയും വഞ്ചിക്കുവാനും ഞാനില്ല ദുഷ്‌ടേ. ഇതായിരുന്നോ നിന്റെ ദുര്‍മോഹം.''
കലികൊണ്ട ചീറ്റപ്പുലിയെപോലെ അവള്‍ ചീറ്റി. എന്നിട്ടു പറഞ്ഞു, ''അസീനത്തിനെ വേണമെങ്കില്‍ എന്റെ ആഗ്രഹം നീ നിറവേറ്റണം അല്ലെങ്കില്‍ അസീനത്തിനെ നിനക്ക് കിട്ടില്ല.''
''മരണം വരിക്കേണ്ടി വന്നാലും പാപം ഞാന്‍ ചെയ്യുകയില്ല. ദൈവത്തിന്റെ മുമ്പില്‍ കുറ്റമറ്റവനായിരിക്കണം.'' അവളെ തള്ളി മാറ്റി അവന്‍ പാഞ്ഞുപോയി.
അവന്റെ പുറംകുപ്പായം അവളുടെ കയ്യില്‍പ്പെട്ടു. അവന്‍ ഓടി. അവള്‍ വിളിച്ചു കൂവി. സേവകന്മാര്‍ ഓടിയെത്തി. അവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു, ''വീടിന്റെ അധികാരിയായി ഒരു ഹെബ്രായനെ യജമാനന്‍ ഏല്‍പ്പിച്ചിട്ടു ണ്ടല്ലോ. അവന്‍ ബലാ ത്സംഗം ചെയ്യാന്‍ എന്നെ കേറിപിടിച്ചു. ഞാന്‍ ഒച്ചവച്ചപ്പോള്‍ അവന്‍ ഓടിപ്പോയി. അവന്റെ പുറംകുപ്പായം എനിക്ക് കിട്ടി.''
സേവകന്മാര്‍ പരസ്പരം പറഞ്ഞു, ''നീചനായവന്‍ യജമാനത്തിയെ ആക്രമിച്ചി രിക്കുന്നു.''
പോത്തിഫര്‍ വന്നപ്പോള്‍ ഭാര്യ കരഞ്ഞ് അയാളോട് കാര്യങ്ങള്‍ പറഞ്ഞു, പോത്തിഫര്‍ ജോസഫിനെ ജയിലിലടച്ചു.
ജോസഫ് മനസ്സിലോര്‍ ത്തു. 'ഞാന്‍ സന്തോഷ വാനാണ്. പാപം ചെയ്തില്ലല്ലോ. കര്‍ത്താവ് എന്നെ രക്ഷിക്കും. ഉള്ളം കാണുന്ന കര്‍ത്താവില്‍ നിന്നും ഒന്നും മറയ്ക്കാ നാവില്ല. നമ്മുടെ ചിന്തകളും വിചാരങ്ങളും എല്ലാം കര്‍ത്താവ് അറിയു ന്നു. ജോസഫ് കാരാഗ്രഹ ത്തിന്റെ അഴികളില്‍ പിടിച്ചു നിന്നു. പോത്തിഫറിന്റെ ഭാര്യയെ കടന്നുപിടിച്ചു എന്ന ആരോപണത്തോടെ യാണ് കാരാഗ്രഹത്തില്‍ അടച്ചിട്ടിരിക്കുന്നത്. യഹോവ അയാള്‍ക്ക് വെളിവ് കൊടുക്കട്ടെ.' ജോസഫ് പ്രാര്‍ത്ഥിച്ചു.
ഏതാനും നാളുകള്‍ കഴിഞ്ഞ് അസീനത്ത് കാരാഗ്രഹത്തില്‍ വന്നു. അവള്‍ കോപിച്ചുകൊണ്ട് പറഞ്ഞു, ''മാസങ്ങളോളം നാമൊരുമിച്ചുണ്ടായിരുന്നു. എന്നെ ഒന്നു തൊടാന്‍ പോലും നീ തയ്യാറായില്ല. വിവാഹത്തിനുശേഷം മാത്രം സ്ത്രീയെ സ്പര്‍ശി ക്കൂ എന്ന് നീ പറഞ്ഞു. എന്നിട്ടും ഞാന്‍ സ്ഥലത്തി ല്ലാത്തപ്പോള്‍ കാമപൂര്‍ത്തി ക്കായി എന്റെ അമ്മയെ ബലാത്സംഗം ചെയ്യുവാന്‍ നീ ശ്രമിച്ചു. നീ നീചനാണ്, നീ നികൃഷ്ടനാണ്. നിന്നെ ഞാന്‍ വെറുക്കുന്നു.''
അവള്‍ പെട്ടെന്ന് പോയി. തന്റെ മറുപടി കേള്‍ക്കാന്‍ അവള്‍ നിന്നില്ല. സത്യം തെളിയി ക്കണമെന്നും അസീന ത്തിന്റെ തെറ്റിധാരണ മാറ്റണമെന്നും ജോസഫ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ജോസഫ് അത്രയേറെ അസീനത്തിനെ സ്‌നേഹി ച്ചിരുന്നു.
ഹൃദയത്തില്‍നിന്നും നൊമ്പരത്തിന്റെ അഗ്‌നി പര്‍വതം പൊട്ടിയൊഴുകു ന്നതു പോലെ അവനു തോന്നി. പൊട്ടക്കിണറ്റില്‍ കിടന്ന് കരഞ്ഞപ്പോഴും, മിദിയാന്‍ വ്യാപാരികളുടെ അടിമപാളത്തില്‍ നടുങ്ങിയ പ്പോഴും, പിതാവിനെയും ബെഞ്ചമിനെയും പിരിഞ്ഞ അവസരത്തിലും ഹൃദയം അനുഭവിക്കാത്ത നൊമ്പരം അവനറിഞ്ഞു. പേരിട്ടു വിളിക്കാനാവാത്ത നൊമ്പരം. തന്നെ കാണുവാന്‍ എന്നെങ്കിലും അസീനത്ത് വരുമെന്ന് അവന്‍ ആശിച്ചു. എന്നാല്‍ ചെയ്യാത്ത തെറ്റിന് പഴിക്കു വാന്‍ മാത്രം അവള്‍ വന്നു.
''അസീറിയന്‍ കന്യകേ മടങ്ങിവരൂ... മടങ്ങിവരൂ... ഞാന്‍ ഒന്നുകൂടെ നിന്നെ കാണട്ടെ.'' അവന്‍ എങ്ങി എങ്ങി കരഞ്ഞു.
ജയിലധികാരി അവന്റെ തോളില്‍ തൊട്ടപ്പോള്‍ അവന്‍ ഞെട്ടിവിറച്ചു.
''എന്തേ ജോസഫ്, നിറഞ്ഞ മിഴികളോടെ ഒരിക്കലും നിന്നെ കണ്ടിട്ടില്ലല്ലോ. നീയിപ്പോള്‍ വലിയ വ്യഥയിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്താണെങ്കിലും എന്നോട് പറയുക. പരിഹരിക്കാമോ എന്ന് ഞാന്‍ നോക്കട്ടെ.''
''എന്റെ ഉള്ളറിയുന്ന യഹോവയ്ക്കല്ലാതെ മറ്റാര്‍ക്കും എന്നെ സമാധാനിപ്പിക്കാനാവില്ല.''
''ഈശ്വര ഹിതമെന്തെ ന്നു നമുക്ക് ഊഹിക്കാനാ വില്ലല്ലോ. കാര്യങ്ങള്‍ എന്നോട് പറയുക.'' ജയിലധികാരി പറഞ്ഞു.
''അങ്ങ് ഈയുള്ളവ നോട് കാണിക്കുന്ന പരി ഗണനയ്ക്ക് നന്ദി പറയാന്‍ ഞാന്‍ അശക്തനാണ്. സത്യവാനായ ദൈവം അങ്ങേക്ക് നന്മ വരുത്തട്ടെ.''
''നീ ശുദ്ധനെന്ന് ബോ ധ്യപ്പെട്ടതുകൊണ്ടാണ് പല ചുമതലകളും നിന്നെ ഏല്‍പ്പിച്ചത്. ഈ നിമിഷം വരെ നീ അത് നന്നായി ചെയ്തിട്ടുമുണ്ട്. നിന്റെ കൂടെ സര്‍വശക്തനായ ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനതില്‍ സന്തുഷ്ടനുമാണ്.''
ജോസഫ് അധികാരി യുടെ മുഖത്തേക്ക് നോക്കി. ''ഇനി ഞാന്‍ എന്തു ചെയ്യ ണമെന്ന് അങ്ങ് പറയുക. ഞാന്‍ അതു ചെയ്യാം.''
''ജോസഫ്, ഇവിടുത്തെ ചില തടവുകാരുടെ സ്വപ്നം നീ വിശദീകരിച്ചുവെന്നും അതെ ല്ലാം പറഞ്ഞതുപോലെ സംഭവി ച്ചുവെന്നും ഞാനറിയുന്നു.''
''ഈയുള്ളവന്റെ മനസ്സില്‍ തോന്നിയത് ഞാന്‍ പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് അതൊക്കെ ശരിയായി.''
''അതുകൊണ്ടുതന്നെയാണ് സര്‍വശക്തനായവന്‍ നിന്നോടു കൂടെയുണ്ടെന്നു ഞാന്‍ പറഞ്ഞത്.''
''ജോസഫ്, ഈജിപ്തുകാര്‍ ആയിരത്താണ്ടുകള്‍ക്ക് അപ്പുറം മുതല്‍ ഗൂഢശാസ്ത്രത്തില്‍ നിപു ണരാണ്. അവരിലെ പണ്ഡിതന്മാര്‍ ഭൂതവും ഭാവിയുമൊക്കെ ഗണിച്ചു പറയും. ചിലപ്പോള്‍ തെറ്റുകയും ചെയ്യും. ഇസ്രായേല്‍ക്കാരനായ നീ പറയുന്നതൊന്നും ഇതുവരെ തെറ്റിയിട്ടില്ല. അതുകൊണ്ടു തന്നെ യാണ് ഈശ്വരന്‍ നിന്റെ കൂടെയു ണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നത്.''
''യജമാനനെ എല്ലാം അറിയു ന്ന വല്ലഭനായ യഹോവയുടെ എളിയ ദാസനാണ് ഞാന്‍. പണ്ഡിതന്മാരെ ലജ്ജിപ്പിക്കാന്‍ പാമരന്മാരെ ശക്തരാക്കുന്ന അവിടുത്തെ കാരുണ്യം അടിയ നില്‍ വിജ്ഞാനം നിറയ്ക്കുന്നു. ഞാനൊന്നുമല്ല; എല്ലാം ദൈവ ത്തിന്റെ ദാനമാണ്. ദൈവം തന്നതല്ലാതൊന്നും എന്റെ ജീവിതത്തില്‍ ഇല്ല.''
''ജോസഫ് ഞാനൊരു സ്വപ്നം കണ്ടു. അതെന്നെ പരവശനാക്കുന്നു.''
''അഹിതമാവുകയില്ലെങ്കില്‍ അതെന്നോടു പറയുക.'' ജോസ ഫ് വിനയപൂര്‍വം പറഞ്ഞു.
അധികാരി വിശദീകരിച്ചു. ''ഞാന്‍ നല്ല ഉറക്കത്തില്ലായി രുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച ചെമ്മരിയാടിന് പ്രസവവേദന. ചെന്നായ്ക്കള്‍ അതിന് ചുറ്റും നില്‍ക്കുന്നു. അവള്‍ രണ്ട് ആട്ടിന്‍കുട്ടികളെ പ്രസവിച്ചു. ചെന്നായ്ക്കള്‍ ആ കുഞ്ഞുങ്ങളെ കടിച്ചെടുത്തു കൊണ്ട് പാഞ്ഞുപോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചെന്നായ കുട്ടിയെ ചെമ്മരിയാടിനു സമീപം കൊണ്ടുവന്നിട്ട് ചെന്നായ പാഞ്ഞു.'' ഞാന്‍ ഞെട്ടിയുണര്‍ന്നു.
''ജോസഫ് എനിക്ക് ഭയമാകുന്നു.''
ജോസഫ് നിശ്ശബ്ദനായി ആകാശത്തേക്ക് മിഴികളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. അവന്റെ മുഖത്ത് ദുഃഖമില്ല, മിഴികളില്‍ കണ്ണീരില്ല, ദിവ്യമായ ചൈതന്യംകൊണ്ട് നിറഞ്ഞ മുഖം. അതുനോക്കി അധികാരി നിന്നു. അയാളുടെ മുഖം പരിഭ്രമം കൊണ്ട് പരവശമായിരുന്നു.
(തുടരും)