യാക്കോബ് സൂക്ഷിച്ചുവച്ചിരുന്ന രക്തംപുരണ്ട കൈനീളമുള്ള കുപ്പായം എടുത്ത് പൊട്ടിപ്പൊട്ടി കരഞ്ഞു. ഇന്ന് ജോസഫിന് 20 വയസ്സ് തികയുന്ന ദിവസം. മൂന്നു വര്‍ഷമായി യാക്കോബ് മകനെ ഓര്‍ത്ത് കരയുന്നു. ജോസഫിന്റെ അമ്മ റാഹേല്‍ മരിച്ചുപോയി; രണ്ടാമത്തെ പ്രസവത്തോടെ. അന്നും യാക്കോബ് കരഞ്ഞു; കരളുരുകി കരഞ്ഞു. റാഹേലിന്റെ മുഖവും സൗന്ദര്യമുള്ള ജോസഫിന്റെ സാമീപ്യം അയാള്‍ക്ക് ശാന്തത നേടിക്കൊടുത്തു. മൂന്നുവര്‍ഷം മുമ്പേ ആ കുഞ്ഞിനെ ദുഷ്ടമൃഗങ്ങള്‍ കൊന്നുകളഞ്ഞു. മൃഗങ്ങള്‍ കടിച്ചു കുടയുമ്പോള്‍ എത്ര വേദന അനുഭവിച്ചു കാണും. അതോര്‍ക്കുമ്പോള്‍ യാക്കോബിന് കരള്‍മുറിയുന്ന വേദന അനുഭവപ്പെടുന്നു. റൂബനല്ലാതെ മറ്റൊരു മക്കളും തന്നെ ആശ്വസിപ്പിക്കുവാന്‍ തിരിഞ്ഞു നോക്കുന്നില്ല. ബെഞ്ചമിന്‍ കുട്ടിയായതുകൊണ്ട് ആ കുഞ്ഞിനെ കെട്ടിപ്പിടിച്ചാണ് യാക്കോബ് സമാധാനിക്കുന്നത്.
പക്ഷേ പലപ്പോഴും യാക്കോബ് താന്‍ അനുഭവിച്ച വേദനയെക്കുറിച്ച് ഓര്‍ത്തു പോകുന്നു. അമ്മാവനായ ലാബാന്റെ ആടുകളെ മേയ്ക്കാനും കഠിനമായ ജോലി ചെയ്തതും റാഹേലിനു വേണ്ടിയായിരുന്നു. ഒത്തിരി നാളത്തേക്ക് അവള്‍ ഗര്‍ഭം ധരിച്ചില്ല. പ്രാര്‍ത്ഥനയും ഉപവാസവും തപസ്സും ഒക്കെയായി യഹോവ കനിഞ്ഞ് ജോസഫിനെ തന്നു. ജോസഫ് ജനിച്ചതിനു ശേഷം യാക്കോബിന്റെ വസ്തുവകകള്‍ ഇരട്ടിയായി അത്രയും ഭാഗ്യമുള്ള മകനെയാണ് ഘോരജന്തുക്കള്‍ കടിച്ചുകീറി കൊന്നത്. യാക്കോബ് ചിന്തിച്ച് ചിന്തിച്ച് പൊട്ടി പൊട്ടി കരഞ്ഞു. ബെഞ്ചമിന്‍ അപ്പന്റെ കണ്ണുകള്‍ തുടച്ചു കൊണ്ട് ചോദിച്ചു:
''എന്താണ് അപ്പാ സംഭവിച്ചത്. ഒത്തിരി നേരമായല്ലോ അപ്പന്‍ നിലവിളിക്കുന്നത്.''
''മോനെ.'' അവനെ തഴുകിക്കൊണ്ട് യാക്കോബ് വീണ്ടും കരഞ്ഞു. ''ഇന്ന് നിന്റെ സഹോദരന്‍ ജോസഫിന്റെ ഇരുപതാം ജന്മദിനമാണ്. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.'' ബെഞ്ചമിനും കരഞ്ഞു. അങ്ങനെ വലിയ ശബ്ദത്തില്‍ ഇരുവരും ഏങ്ങി ഏങ്ങി കരഞ്ഞു.
യൂദാ പറഞ്ഞു, ''കരയട്ടെ. കരഞ്ഞു കരഞ്ഞു തളര്‍ന്നു വീഴട്ടെ; അപ്പോള്‍ നിലവിളി നിര്‍ത്തും.''
റൂബനു പിതാവിന്റെ നിലവിളി സഹിച്ചില്ല. അയാള്‍ മറ്റ് ഒമ്പതു പേരെയും വിളിച്ച് ഒരു അത്തിമരത്തിന്‍ ചോട്ടില്‍ പോയിനിന്നു. അയാള്‍ പറഞ്ഞു, ''പിതാവ് കരയുന്നതു കണ്ട് എന്റെ ചങ്ക് തകരുന്നു. ജോസഫിനെ മിദിയാന്‍ വ്യാപാരികള്‍ കൊണ്ടുപോയി എന്ന് പറയാമോ?''
യൂദാ അലറിക്കൊണ്ട് പറഞ്ഞു, ''താന്‍ ഞങ്ങളെ ഒറ്റു കൊടുക്കുമോ, കുറച്ചുനേരം കരഞ്ഞു പിതാവ് നിറുത്തിക്കോളും. നമ്മള്‍ ജോസഫിനെ വിറ്റു എന്നറിഞ്ഞാല്‍ പിതാവ് നമ്മെ ശപിക്കും. ആ ശാപം നമ്മുടെ സന്താനങ്ങളെയും ബാധിക്കും. മൂടിവെച്ചതൊന്നും തുറക്കേണ്ട; മൂടിത്തന്നെ ഇരിക്കട്ടെ.''
മറ്റ് എട്ടുപേരും യൂദായോട് യോജിച്ചു. റൂബന് മനസ്സിലായി തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. താന്‍ പറഞ്ഞാല്‍ പിതാവ് വിശ്വസിക്കില്ല. അതിന് ഒരു കാരണവും ഉണ്ടല്ലോ.
സില്‍ഫാ എന്ന യാക്കോബിന്റെ ഉപനാരിയോടൊപ്പം അവളുടെ കൂടാരത്തില്‍ അന്തിയുറങ്ങി. റാഹേല്‍ തന്റെ ഭര്‍ത്താവായ യാക്കോബിന് റാഹേലിന്റെ തോഴിയായ സില്‍ഫായെ ഉപനാരിയായി കൊടുത്തു. സില്‍ഫായില്‍ യാക്കോബിന് ഗാദ്, ആഷേര്‍ എന്ന രണ്ട് പുത്രന്മാരും ജനിച്ചു. റാഹേല്‍ മരിച്ച ശേഷം സില്‍ഫായുടെ കൂടാരത്തിലേക്ക് യാക്കോബ് കടന്നു ചെന്നിട്ടില്ല. സില്‍ഫായുടെ നിറഞ്ഞ മാറും ഒതുങ്ങിയ അരയും വലിയ നിതംബവും നോക്കി റൂബന്‍ പലപ്പോഴും നിന്നിട്ടുണ്ട്. റൂബനെ നീണ്ടിടംപെട്ട കണ്‍കോണ്‍ കൊണ്ട് സില്‍ഫ കടാക്ഷിക്കുകയും പതിവായിരുന്നു.
ഉഡു രാജമുഖി
മൃഗരാജ കടി
ഗജരാജ വിരാജിത
മന്ദഗതി
എന്ന് വര്‍ണ്ണിക്കാവുന്ന സില്‍ഫായുടെ മരാളഗമനം നോക്കി റൂബന്‍ പലപ്പോഴും നിശ്‌ഛേഷ്ടനായി നിന്നിട്ടുമുണ്ട്. കണ്ണുകൊണ്ടും മന്ദസ്മിതം കൊണ്ടും റൂബനോട് അവള്‍ക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഗാദും ആഷറും മറ്റുള്ളവരും ആടുകളെ മേയ്ക്കാന്‍ ഗിരിശൃംഗങ്ങളിലേക്ക് പോയി. റൂബന്‍ അവരില്‍നിന്ന് അകന്നുമാറി സില്‍ഫായുടെ കൂടാരത്തിലേക്ക് കയറി അവളോടൊപ്പം സംതൃപ്തിയോടെ ശയിച്ചു. ഇത് യാക്കോബ് അറിഞ്ഞു. അന്നു മുതല്‍ റൂബനെ യാക്കോബ് വെറുത്തു. റൂബന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെയായി. അക്കാര്യം കൊണ്ട് ജോസഫിനെ മിദിയാന്‍ വ്യാപാരികള്‍ക്ക് വിറ്റ കാര്യം റൂബന്‍ പിതാവിനോട് പറഞ്ഞില്ല.
യാക്കോബ് അത്തിവൃക്ഷത്തില്‍ ചാരില്‍നിന്നു പഴയ കാര്യങ്ങള്‍ ഓര്‍ത്തു. താന്‍ റാഹേലിനു വേണ്ടിയാണ് ലാബാന്റെ പാടശേഖരങ്ങളിലും കാലിക്കൂട്ടങ്ങളിലും രാപകലെന്ന്യേ കഷ്ടപ്പെട്ടത്. അവള്‍ ഇന്നില്ല. ജോസഫിനെ താന്‍ ഏറെ സ്‌നേഹിച്ചിരുന്നു. മലഞ്ചെരുവിലേക്ക് സഹോദരന്മാരെ അന്വേഷിക്കുവാന്‍ താന്‍ തന്നെയാണ് ജോസഫിനെ പറഞ്ഞയച്ചത്. അവനെയാണ് ദുഷ്ടജന്തുക്കള്‍ കടിച്ചുകീറി കൊന്നത്. തന്റെ ഓമനപുത്രന്‍ എത്രയോ വേദന സഹിച്ചു കാണും. സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോഴും താനവനെ ശകാരിച്ചു. ഒരു ഞാങ്ങണ കൊണ്ടുപോലും അവനെ അടിച്ചില്ല. അത്രയും സ്‌നേഹിച്ചിരുന്ന പുത്രന്‍ മരിച്ചിട്ട് മൂന്നുവര്‍ഷം തികയുന്നു. എഫ്രാത്ത ശവക്കല്ലറയിലെ റാഹേലിന്റെ ആത്മാവ് തന്നോട് പൊറുക്കുക പോലുമില്ല. യാക്കോബ് കൈപ്പത്തിയില്‍ മുഖംചേര്‍ത്ത് കരഞ്ഞു. ബെഞ്ചമിന്‍ അപ്പനോട് ചേര്‍ന്നുനിന്ന് കരഞ്ഞു.
അപ്പനും മകനും കരയുന്ന ശബ്ദംകേട്ട് യൂദാ തരിച്ചുനിന്നു. അന്നത്തെ കാര്യം യൂദാ ഓര്‍ത്തു. തങ്ങള്‍ ഒമ്പതു പേരും അവനെ കല്ലിനടിച്ചു കൊല്ലുവാനാണ് നിശ്ചയിച്ചത്. റൂബന്‍ തടസ്സം നിന്നതു കൊണ്ടാണ് പൊട്ടക്കിണറ്റില്‍ തള്ളിയത്. കിണറ്റില്‍ തള്ളുന്നതിന് മുന്‍പേ അവന്റെ നീളം കുപ്പായം ഊരിയെടുത്തു.
ജോസഫ് കരഞ്ഞു. ആരും അത് കേട്ട ഭാവം നടിച്ചില്ല. അത്ര വൈരാഗ്യം സഹോദരന്മാര്‍ക്കുണ്ടായിരുന്നു. കിണറ്റില്‍നിന്നും പൊക്കിയെടുത്തപ്പോഴും അവന്‍ കരഞ്ഞു. 'തന്നെ അടിമയായി വില്‍ക്കരുതേ' എന്ന് അപേക്ഷിച്ചു. ആരും കേട്ടില്ല. അവന്റെ രോദനം വനരോദനമായി മാറി. അമ്പതു വെള്ളിപ്പണമാണ് അവന്റെ വിലയായി ചോദിച്ചത്. ആളൊന്നുക്ക് അഞ്ചു പണം വീതം. വ്യാപാരികള്‍ ഇരുപതില്‍ അധികം കൊടുക്കുവാന്‍ തയ്യാറായില്ല. ഒടുവില്‍ യൂദാ സമ്മതിച്ചു. വ്യാപാരികള്‍ ഒട്ടകവണ്ടിയുടെ പിന്നില്‍ ജോസഫിനെ കെട്ടിവലിച്ചു കൊണ്ടുപോയി.
മിദിയാന്‍ വ്യാപാരികള്‍ ജോസഫിനെ മറ്റ് അടിമകളോടൊപ്പം അടിമചന്തയില്‍ ലേലം വിളിച്ചു. ജോസഫ് തലകുമ്പിട്ട് നില്‍ക്കുകയാണ്. ഒരു കരം തോളില്‍ സ്പര്‍ശിച്ചു, കനമുള്ള കരം, ജോസഫ് കുനിഞ്ഞു നില്‍ക്കുകയാണ്. ലേലം വിളിക്കുന്നവന്‍ ചാട്ടയുയര്‍ത്തി അടിക്കുവാന്‍ ശ്രമിച്ചു.
''അടിക്കരുത്. ഈ അടിമയ്ക്ക് എന്തു വില വേണം?'' ശബ്ദംകേട്ട് അങ്ങാടി നിശ്ശബ്ദമായി.
''ഇരുന്നൂറ് വെള്ളിക്കാശ്.''
ജോസഫ് ഞെട്ടി. ഇരുപതു വെള്ളിക്കാശിന് വിലപേശിയാണ് സഹോദരന്മാരില്‍നിന്നും തന്നെ വാങ്ങിയത്. ഒരു നിമിഷം നിശ്ശബ്ദനായി നിന്ന പോത്തിഫറിനോട് ലേലക്കാരന്‍ പറഞ്ഞു:
''ദോത്താനില്‍ നിന്നും നൂറ്റി എണ്‍പത് വെള്ളിക്കാശിനാണ് ഈ അടിമയെ വാങ്ങിയത്. ഇരുന്നൂറു കിട്ടിയേ മതിയാകൂ. സുമുഖനും ചുറുചുറുക്കുമുള്ള അടിമ. യജമാനന്‍ ഇവന്റെ നെഞ്ചില്‍ ഒന്ന് തട്ടി നോക്കൂ.''
ജോസഫ് ലേലക്കാരന്റെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖം ഭീകരമായിരുന്നു. കള്ളം പറയാന്‍ മാത്രമല്ല; കൊലപാതകം നടത്തുവാനും അവന്‍ യോഗ്യനാണെന്ന് ജോസഫിനു തോന്നി. അവന്‍ നിശ്ശബ്ദനായി യഹോവയെ വിളിച്ചു പ്രാര്‍ത്ഥിച്ചു. ജോസഫ് നിശ്ശബ്ദത പാലിച്ചു. ഇരുന്നൂറ് വെള്ളിക്കാശു കൊടുത്ത് പോത്തിഫര്‍ ജോസഫിനെ വാങ്ങി. കുതിരയുടെ പിന്നിലോ ഒട്ടകത്തിന്റെ പുറകിലോ ജോസഫിനെ കെട്ടിയില്ല. ഒരു സേവകന്റെ കുതിരപ്പുറത്ത് ജോസഫിനെ ഇരുത്തി, അയാളുടെ വാസസ്ഥലത്തേക്ക് കൊണ്ടുപോയി.
(തുടരും)