![സ്വപ്നക്കാരന്‍ [No: 2]](https://gumlet.assettype.com/sathyadeepam%2F2023-09%2F7f611868-069c-4350-8576-7b29aabe7186%2Fswapnakaran02.jpg?auto=format%2Ccompress&fit=max)
ഇരവിനോടടുത്തു സമയം... വയലില്‍ പന്ത്രണ്ട് മക്കളും കൊയ്‌തെടുത്ത കറ്റകള്‍ കെട്ടിക്കൊണ്ടിരി ക്കുന്നു. ജോസഫിന്റെ കറ്റ എഴുന്നേറ്റുനിന്നു. മറ്റു പതിനൊന്നു കറ്റകളും ജോസഫിന്റെ കറ്റയെ വണങ്ങി കുമ്പിട്ടു.
ജോസഫ് മറുനാള്‍ സഹോദരന്മാരോട് തന്റെ സ്വപ്നം പറഞ്ഞു.
ബില്‍ഹായുടെ മകന്‍ നഫ്ത്താലി ചാടിയെണീറ്റ് ജോസഫിനോട് ക്രോധ ത്തോടെ ചോദിച്ചു, ''നീ ഞങ്ങളെ ഭരിക്കുമെന്നും നിന്നെ ഞങ്ങള്‍ വണങ്ങണമെന്നുമാണോ?''
ജോസഫ് മൗനം പാലിച്ചു. സില്‍ഫായുടെ മകന്‍ ആഷര്‍ ഓടിയെത്തി ജോസഫിനെ തല്ലാന്‍ കൈ ഓങ്ങി.
റൂബന്‍ ചാടിയെണീറ്റ് ആഷറിനെ പിടിച്ചു മാറ്റി.
''ജോസഫ് ഒരു സ്വപ്നം കണ്ടത് നമ്മോട് പറഞ്ഞു. അതിന് ഇവനെ തല്ലിയാല്‍ സ്വപ്നം മറന്നുപോകുമോ?'' റൂബന്‍ ചോദിച്ചു.
''നമ്മള്‍ കരുതിയി രിക്കുക. അങ്ങനെ സംഭവിക്കുമെങ്കില്‍ അപ്പോള്‍ മതിയല്ലോ ബഹളവും ലഹളയും.''
എല്ലാവരും പുറത്തേക്ക് പോയി. റൂബന്‍ ജോസഫിനോട് ചോദിച്ചു: ''കുട്ടി സ്വപ്നം കണ്ടു. ശരി. അത് എല്ലാവരോടും വിളിച്ചു കൂവണോ?''
ജോസഫ് അപ്പോഴും മൗനം പാലിച്ചു. കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെയും രോമം കത്രിക്കാന്‍ നിറുത്തിയിരിക്കുന്ന ചെമ്മരിയാടിനെ പോലെയും അവന്‍ നിന്നു. അവന്റെ മനസ്സില്‍ യോര്‍ദാന്‍ നദിയിലെ ആഴമേറിയ തിരമാല ആഞ്ഞടിക്കുന്നത് അവന്‍ അറിഞ്ഞു. അന്നുരാത്രി ജോസഫ് മറ്റൊരു സ്വപ്നം കണ്ടു.
സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നെ വണങ്ങുന്നു. ഇതുകേട്ട് യാക്കോബ് കോപിച്ചു ചോദിച്ചു: ''ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്നെ വണങ്ങുന്നു എന്നാണോ?''
സഹോദരന്മാരുടെ കോപം ഇരട്ടിച്ചു. യാക്കോബ് ആ സ്വപ്നം ഹൃദയത്തില്‍ സൂക്ഷിച്ചു. യാക്കോബിന് തന്റെ പന്ത്രണ്ട് മക്കളില്‍ ഏറ്റവും ഇഷ്ടം ജോസഫിനോടായിരുന്നു. പതിനാലു വര്‍ഷം ലാബാന് അടിമവേല ചെയ്തിട്ടാണ് റാഹേലിനെ യാക്കോബിന് ഭാര്യയായി കൊടുത്തത്. റാഹേല്‍ ആ നാട്ടിലെ യുവതികളില്‍ ഏറ്റവും സുന്ദരിയായി രുന്നു. ഒത്തിരി കാലം പ്രസവിക്കാതിരുന്നു. പ്രാര്‍ത്ഥനയും പരിത്യാഗവും വഴി ദൈവത്തെ പ്രസാദിപ്പിച്ചാണ് റാഹേല്‍ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും. റാഹേലിന്റെ കടിഞ്ഞൂല്‍ പുത്രന് ജോസഫ് എന്നു പേരിട്ടു. ജോസഫ് വളര്‍ന്നു. സൂര്യനെപോലെ തേജസ്വിയായിരുന്നു അവന്‍. റാഹേല്‍ വീണ്ടും പ്രസവിച്ചു. 'ബിനോനി'... അവള്‍ മരിക്കുന്നതിനുമുമ്പ് പുത്രനെ വിളിച്ചു. അവള്‍ മരിച്ചു. യാക്കോബ് ആ മകനെ ബെഞ്ചമിന്‍ എന്ന് വിളിച്ചു.
ജോസഫിന്റെ പത്തു സഹോദരന്മാര്‍ ഷെക്കേമില്‍ ആടുകളെ മേയ്ക്കാന്‍ പോയി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം യാക്കോബ് ജോസഫിനെ വിളിച്ചു പറഞ്ഞു: ''നീ ഷെക്കേമില്‍ ചെന്നു സഹോദരന്മാരെ അന്വേഷിച്ചു വരിക.''
ജോസഫ് പിതാവിന്റെ വാക്കനുസരിച്ച്, പിതാവ് കൊടുത്ത കൈനീളമുള്ള കുപ്പായം ഇട്ടുകൊണ്ട് സഹോദരന്മാരെ അന്വേഷിച്ചുപോയി. ഷെക്കേമില്‍ ചെന്നപ്പോള്‍ അവരെ കണ്ടില്ല. അവന്‍ വയലില്‍ അലഞ്ഞു തിരിയുന്നതു കണ്ട് ഒരാള്‍ ചോദിച്ചു,
''ആരെയാണ് അന്വേഷിക്കുന്നത്?''
''എന്റെ സഹോദരന്മാര്‍ ആടുകളെ മേയ്ക്കാന്‍ എത്തിയിരുന്നു. അവരെ കണ്ടോ?''
അയാള്‍ പറഞ്ഞു, ''അവര്‍ ഇവിടെ നിന്നും പോയി. പോകുമ്പോള്‍ നമുക്ക് ദോത്താമിലേക്ക് പോകാം എന്ന് പറയുന്നതു കേട്ടു.''
ജോസഫ് ദോത്താമിലേക്ക് പോയി. ദൂരെ വച്ചു തന്നെ സഹോദരന്മാര്‍ അവനെ കണ്ടു. അവര്‍ പരസ്പരം പറഞ്ഞു, ''സ്വപ്നക്കാരന്‍ വരുന്നുണ്ട്. അവനെ നമുക്ക് കൊന്നുകളയാം. പിന്നെ താണു വീണു വണങ്ങേണ്ടതായി വരില്ലല്ലോ.''
റൂബന്‍ പറഞ്ഞു: ''അവന്‍ നമ്മുടെ രക്തമാണ്; കൊല്ലേണ്ട. ഏതെങ്കിലും പൊട്ടക്കിണറ്റില്‍ തള്ളിയിടാം. ദേഹോപദ്രവം ഏല്‍പ്പിക്കരുത്.''
അപ്രകാരം അവര്‍ വട്ടമിട്ട് ജോസഫിനെ ബലമായി പിടിച്ച് വസ്ത്രം ഊരിയെടുത്തു പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. ജോസഫ് പൊട്ടക്കിണറ്റില്‍ കിടന്നു കരഞ്ഞു. അവര്‍ കേള്‍ക്കാത്ത മട്ടില്‍ അകലെ മാറി ഭക്ഷണം കഴിക്കാനിരുന്നു. അവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഗലയാദില്‍നിന്നു വരുന്ന ഇസ്മായേല്യരുടെ ഒരു യാത്രാസംഘത്തെ കണ്ടു. അവര്‍ പരിമള ദ്രവ്യങ്ങളും കുന്തിരിക്കവും ഒട്ടകപ്പുറത്ത് കയറ്റി ഈജിപ്തിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ യൂദാ മറ്റുള്ളവരോടു പറഞ്ഞു, ''വരുവിന്‍ നമുക്ക് അവനെ ഇസ്മായേല്യര്‍ക്ക് വില്‍ക്കാം.''
അവര്‍ യാത്രാസംഘത്തെ തടഞ്ഞുനിര്‍ത്തി പറഞ്ഞു, ''അടിമയെ വില്‍ക്കാനുണ്ട്.''
''കാണട്ടെ.'' സംഘത്തലവന്‍ പറഞ്ഞു.
അവര്‍ കിണറ്റില്‍ നിന്നും ജോസഫിനെ പൊക്കിയെടുത്ത് ഇസ്മായേല്യരെ കാണിച്ചു.
''എത്ര പണം വേണം.''
''അമ്പത് വെള്ളിപ്പണം.'' യൂദാ പറഞ്ഞു.
സംഘത്തലവന് അടിമയെ ഇഷ്ടമായി. അയാള്‍ പറഞ്ഞു, ''20 വെള്ളിപ്പണം തരാം.''
യൂദാ സമ്മതിച്ചു. ഈരണ്ടു വെള്ളിപ്പണം വീതം പത്തുപേര്‍ക്ക്. അവര്‍ ജോസഫിനെ ഇസ്മായേല്യര്‍ക്ക് വിറ്റു. അവര്‍ ജോസഫിനെ ഈജിപ്തിലേക്ക് കൊണ്ടുപോയി.
റൂബന്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. സഹോദരന്മാര്‍ ഒരു ആടിനെ കൊന്ന് അതിന്റെ രക്തത്തില്‍ ഉടുപ്പു മുക്കി പിതാവിനെ കാണിച്ചു. വന്യമൃഗങ്ങള്‍ അവനെ കടിച്ചുകൊന്നുവെന്ന് ധരിപ്പിച്ചു.
യാക്കോബ് തന്റെ വസ്ത്രം വലിച്ചുകീറി ചാക്കുടുത്തു. ഒത്തിരിനാള്‍ മകനെക്കുറിച്ച് വിലപിച്ചു.
ജോസഫിനെ ഈജിപ്തിലേക്ക് കൊണ്ടുപോയ യാത്രാസംഘം ഫറോവയുടെ കാവല്‍പടയുടെ നായകനായ പോത്തിഫറിന് ജോസഫിനെ വിറ്റു.
റൂബന്‍ പൊട്ടക്കിണറ്റില്‍ ചെന്നു. ജോസഫിനെ കാണാത്തതുകൊണ്ട് സഹോദരന്മാരുടെ അടുത്തു ചെന്ന് ചോദിച്ചു. അവര്‍ നടന്ന കാര്യം പറഞ്ഞു. സഹോദരന്മാര്‍ അറിയാതെ ജോസഫിനെ പൊട്ടക്കിണറ്റില്‍ നിന്നെടുത്ത് പിതാവിനെ ഏല്‍പ്പിക്കാനായിരുന്നു റൂബിന്റെ ചിന്ത. അത് നിറവേറിയില്ല. മറ്റ് ഒമ്പതു സഹോദരന്മാരും ജോസഫിന്റെ ശല്യം ഒഴിവായതില്‍ സന്തോഷിച്ച് ആടാനും പാടാനും തുടങ്ങി. റൂബന് വലിയ ദുഃഖമുണ്ടായിരുന്നു. അയാള്‍ ജോസഫിനെ അത്രയേറെ സ്‌നേഹിച്ചിരുന്നുവെന്ന് ജോസഫിന്റെ അഭാവത്തില്‍ തിരിച്ചറിഞ്ഞു.
ജോസഫിന്റെ സ്വപ്നത്തെക്കുറിച്ചും റൂബന്‍ ചിന്തിച്ചു, 'എല്ലാ സഹോദരന്മാരുടെയും കറ്റ എന്റെ കറ്റയെ വണങ്ങുന്നു'വെന്നു ജോസഫ് പറഞ്ഞപ്പോഴും റൂബന്‍ അത് കാര്യമാക്കിയില്ല. അതാണ് യഹോവ നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ അപ്രകാരം നടക്കട്ടെ എന്ന് റൂബന്‍ ചിന്തിച്ചു.
യൂദായും ലേവിയുമൊക്കെ ജോസഫിനോട് കയര്‍ത്തപ്പോഴും റൂബന്‍ മിതത്വം പാലിച്ചു.
''എന്താ ചേട്ടന്‍ ഒന്നും പ്രതികരിക്കാത്തത്'' എന്നു ഗാദ് ചോദിച്ചപ്പോഴും റൂബന്‍ നിസ്സാരമട്ടില്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു, ''ഭാവിയില്‍ എന്തെല്ലാം സംഭവിക്കും എന്ന് പ്രവചിക്കാനാവില്ലല്ലോ. നമുക്കാര്‍ക്കും പ്രവചന വരം ലഭിച്ചിട്ടുമില്ലല്ലോ.''
മറ്റു സഹോദരന്മാര്‍ റൂബനെതിരെ പിറുപിറുത്തു. സില്‍ഫായുടെ മകന്‍ ആഷര്‍ പറഞ്ഞു, ''പിതാവിന് ജോസഫിനോടുള്ള സ്‌നേഹം തന്നെ റൂബന്‍ ചേട്ടനുമുണ്ടല്ലോ.''
''നിങ്ങളെല്ലാം എനിക്ക് ഒരുപോലെയാണ്. അവനെ ഇസ്മായേല്യര്‍ക്ക് വിറ്റു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ദുഃഖിച്ചു. ആ കുഞ്ഞ് എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വരും എന്നോര്‍ക്കുമ്പോള്‍ എന്റെ നെഞ്ചു തകരുന്നു.''
''അവന്‍ അനുഭവിക്കട്ടെ. അഹങ്കാരം അത്രമേല്‍ അവനുണ്ടായിരുന്നു.'' നഫ്ത്താലി പറഞ്ഞു. ''നമ്മള്‍ എല്ലാവരിലും വച്ച് സുന്ദരന്‍ താനാണെന്ന ചിന്തയും അവനുണ്ടായിരുന്നു.''
''അവനെ യഹോവ സുന്ദരനാക്കിയത് നമ്മോട് ചോദിച്ചിട്ടല്ലല്ലോ അതൊരു അനുഗ്രഹമല്ലേ.'' സെബലൂണിന്റെ വാക്കുകള്‍ കേട്ടപ്പോള്‍, ''നീ എന്താ റൂബന്‍ ചേട്ടനോടു ചേര്‍ന്ന് ഞങ്ങളുടെ ചെയ്തികളെ കുറ്റം പറയുകയാണോ?'' സെബലൂണ്‍ മൗനംപാലിച്ചു.
റൂബന്‍ പറഞ്ഞു, ''കൈവിട്ടുപോയ സഹോദരന് നല്ലതു വരുത്തണമേ എന്ന് യഹോവയോട് പ്രാര്‍ത്ഥിക്കുകയാണ് നാം ചെയ്യേണ്ടത്.''
റൂബന്‍ സഹോദരന്മാരെ വിട്ട് ഓറഞ്ച്, മാവ്, മുന്തിരി, ഒലിവ് മുതലായവ വളര്‍ന്നു കായ്ച്ചു കിടക്കുന്ന തോട്ടത്തിലേക്ക് പോയി. അവിടെ യോര്‍ദാന്റെ കൈവഴിയായ ഒരരുവി ഉണ്ടായിരുന്നു. അതിനരികത്തു ചെന്ന് രണ്ടു കൈകളും ആകാശത്തേക്ക് വിരിച്ചു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.
മറ്റു സഹോദരന്മാര്‍ റൂബനെ പുച്ഛിച്ചു സംസാരിച്ചുകൊണ്ടിരുന്നു.
(തുടരും)