ഭൂമിയുടെ ഉപ്പ് (നോവല്‍-3)

ഭൂമിയുടെ ഉപ്പ് (നോവല്‍-3)

ഏ.കെ. പുതുശ്ശേരി

ചീതന്‍ പുലയനും കാര്‍ത്തുവും കൊണ്ടുവന്ന വെള്ളത്തില്‍ തലയും മുഖവും കഴുകി കിടത്തിയപ്പോള്‍, ചെളിയില്‍ താഴ്ന്നുപോയ ആള്‍ക്ക് ബോധം വീണു. അയാള്‍ തടസ്സമില്ലാതെ ശ്വാസോച്ഛ്വാസം ചെയ്യുന്നതു കണ്ടപ്പോള്‍ ജോസ്‌മോന്‍ പറഞ്ഞു.
"ഇനി പേടിക്കേണ്ടതില്ല."
കാര്‍ത്തു മാടത്തിനകത്തേക്ക് ഓടി, ധൃതിയില്‍ ചൂടുള്ള ചായയുമായി വന്നു. അതിരാവിലെ മറ്റു പുലയികള്‍ പഴങ്കഞ്ഞി കുടിക്കുകയാണ് പതിവെങ്കിലും കാര്‍ത്തുവിന് അതൊന്നും ഇഷ്ടമല്ല. പഴയ ഏര്‍പ്പാടുകളില്‍ പലതിനോടും കാര്‍ത്തു എതിരാണ്. തണുത്ത ആഹാരങ്ങള്‍ ഒന്നും അവള്‍ കഴിക്കുകയില്ല. എപ്പോഴും ചൂടു വേണമെന്ന നിര്‍ബന്ധക്കാരിയുമാണു കാര്‍ത്തു. അതുകൊണ്ട് രാവിലെ ചായയുണ്ടാക്കുന്നു. പക്ഷേ, ചീതന്‍ പുലയന്‍ ഓര്‍മ്മവച്ച കാലം മുതല്‍ പഴങ്കഞ്ഞിയാണു കുടിച്ചു വളര്‍ന്നതും. അയാള്‍ക്ക് ഇന്നും അതാണ് പഥ്യം.
മാടത്തിന്റെ തൂണില്‍ അര്‍ദ്ധനഗ്നനായി ചാരിയിരുന്നു ചുടുചായ കുടിക്കുന്ന ആളെ നോക്കി ജോസ്‌മോന്‍ ചോദിച്ചു.
"ഇതെന്തു പറ്റി വറീതു ചേട്ടാ, എങ്ങനെ താഴെ വീണു?"
വറീത് ചേട്ടന്‍ എല്ലാവരേയും ഒന്നുകൂടെ നോക്കി. അമ്പതോടടുത്ത ആളാണ് വറീതു ചേട്ടന്‍. തെക്കുംതലക്കാരുടെ കാര്യസ്ഥനുമാണ്. തെക്കുംതല ചാക്കോച്ചന്റെ എല്ലാം എല്ലാം വറീതു ചേട്ടനാണ്. വറീതു ചേട്ടന്‍ പറഞ്ഞാല്‍ ചാക്കോച്ചന്‍ ഇടംവലം തിരിയുകയില്ല. വടക്കുംതലക്കാരും തെക്കുതലക്കാരുമായിട്ടുള്ള പൂര്‍വികമായ വൈരാഗ്യത്തിന്റെ അറ്റത്ത് തീകൊളുത്തി പുതിയ തലമുറയ്ക്കു ചൂടു പകര്‍ന്നു കൊടുക്കുവാനും അത് ആളിക്കത്തിക്കുവാനും വറീതു ചേട്ടന്‍ ചെയ്തിട്ടുള്ള ശ്രമങ്ങള്‍ ചില്ലറയൊന്നുമല്ല. അതൊക്കെ വ്യക്തമായി അറിയാവുന്ന ആളാണ് ചീതന്‍ പുലയന്‍. അതുകൊണ്ടുതന്നെ, ചെളിയില്‍ വീണു കിടക്കുന്ന ആള്‍ വറീത് ചേട്ടനാണെന്നു മനസ്സിലായ നിമിഷത്തില്‍, അതുവരെ ചീതനെ ബാധിച്ചിരുന്ന അങ്കലാപ്പ് അകന്നുപോയി. അയാള്‍ തുലഞ്ഞാല്‍ ഒരുപക്ഷേ, ഒരു നാടുതന്നെ നന്നായിപ്പോയേക്കുമെന്നു പോലും ധരിക്കുന്ന ആളാണ് ചീതന്‍ പുലയന്‍. വടക്കുംതലക്കാരുടെ ആശ്രിതന്‍ എന്നതുകൊണ്ട് ചീതനെ പലതവണകളില്‍ ഉപദ്രവിക്കുവാ നും ചീത്ത വിളിക്കുവാനും വറീതു ചേട്ടന്‍ തുനിഞ്ഞി ട്ടുണ്ട്. അപ്പോഴൊക്കെ ചീതന്‍ ആ വിവരങ്ങള്‍ ഔസേപ്പച്ചന്റെ കാതുകളില്‍ പകര്‍ന്നു കൊടുത്തിട്ടുമുണ്ട്. അന്നൊക്കെ ഔസേപ്പച്ചന്‍ പറയും,
"ചീതന്‍ ഒന്നും പറയേണ്ട, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും."
അതുകൊണ്ടു കൂടിയായിരിക്കാം വറീത് കാര്യസ്ഥന്‍ ചെളിവെള്ളം വേണ്ടിടത്തോളം കുടിച്ചത്.
"ങും, എന്താ മിണ്ടാതിരിക്കുന്നത് വിഷമം വല്ലതും തോന്നുന്നുണ്ടോ?" ജോസ്‌മോന്‍ വീണ്ടും ചോദിച്ചു.
ചായപാത്രം താഴെ വച്ചുകൊണ്ട് വറീതു ചേട്ടന്‍ പറഞ്ഞു.
"ഇല്ല. ഒന്നുമില്ല."
എന്നാലും അയാളുടെ മനസ്സില്‍ ഒരു വലിയ സംഘട്ടനം നടക്കുകയായിരുന്നു.
താന്‍ പൂര്‍ണമായും ദ്രോഹിക്കുവാന്‍ പ്ലാനിട്ടു നടക്കുന്ന വടക്കംതല ഔസേപ്പച്ചന്റെ പുത്രന്‍ ജോസാണ് മുമ്പില്‍. താന്‍ അവരുടെ കുടുംബത്തെ ദ്രോഹിച്ചിരിക്കുന്നതിന് കണക്കില്ല. നിസ്സാര കാര്യങ്ങള്‍ക്ക് തര്‍ക്കമുണ്ടാക്കി, ഔസേപ്പച്ചനെ കോടതി കയറ്റിയതും, ഔസേപ്പച്ചനെ കെണിവച്ചു പിടിക്കുവാന്‍ ശ്രമിച്ചതുമൊക്കെ വറീതു ചേട്ടന്‍ അനുസ്മരിച്ചു. അന്നൊന്നും ചാക്കോച്ചന്‍ അതിനു അനുകൂലിയായിരുന്നില്ല. പക്ഷെ, തന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചാക്കോച്ചന്‍ ചില്ലറ തര്‍ക്കങ്ങള്‍ക്ക് ഔസേപ്പച്ചനെ കോടതി കയറ്റിയത്. അന്നു കോടതി വരാന്തയില്‍ വച്ച് ഔസേപ്പച്ചന്‍ പറഞ്ഞ വാക്കുകള്‍ വറീതു ചേട്ടന്‍ ഓര്‍ത്തു.
"എന്റെ അപ്പനേയും അപ്പന്റെ അപ്പനേയും ചാക്കോച്ചന്റെ അപ്പനും അപ്പന്റെ അപ്പനും ദ്രോഹിച്ചിട്ടുണ്ട്. നമ്മള്‍ തമ്മിലും ഇത്തരത്തിലൊരു ദ്രോഹബുദ്ധി വേണോ ചാക്കോച്ചാ?"
ചാക്കോച്ചന്‍ വറീതു ചേട്ടന്റെ മുഖത്തേക്കു നോക്കി. ഉത്തരം പറയാതെ നിന്നു.
എടുത്തടിച്ചതുപോലെ വറീതു ചേട്ടന്‍ പറഞ്ഞു.
"അന്യന്റെ വസ്തുവില്‍ കയ്യേറ്റം ചെയ്യുമ്പോള്‍ ഓര്‍ക്കണം. നിങ്ങളുടെ തന്തയും തന്തേടെ തന്തയും ശീലിച്ചതല്ലേ നീയും പാലിക്കുന്നത്."
ഔസേപ്പച്ചന്‍ പതുക്കെയൊന്നു ചിരിച്ചിട്ടു പറഞ്ഞു,
"വറീതു ചേട്ടന്‍ നിലമറക്കരുത്. അന്യന്റെ യാതൊന്നും പിടിച്ചു പറിക്കാന്‍ ഞങ്ങള്‍ തുനിഞ്ഞിട്ടില്ല. ഇനിയൊട്ടു തുനിയുകയുമില്ല."
"അക്കാര്യം കോടതി തീരുമാനിക്കട്ടെ."
കേസു കോടതിയില്‍ കിടന്നു വക്കീലുമാര്‍ നിയമതാളുകള്‍ മറിച്ചു വാക്യങ്ങളുദ്ധരിച്ചു വാദിച്ചുകൊണ്ടിരുന്നു. തീരുമാനമുണ്ടാകുന്നതുവരെ വടക്കംതലക്കാരുടെ വയലിന്റെ തെക്ക അറ്റവും തെക്കുംതലക്കാരുടെ വടക്കേ അറ്റവുമായ തര്‍ക്കസ്ഥലത്ത് ആരും കൃഷിയിറക്കുവാന്‍ പാടില്ലെന്ന് കോടതി തല്‍ക്കാലം ഉത്തരവിട്ടു. ആ ഉത്തരവം കേട്ടു പുറത്തിറങ്ങിയപ്പോള്‍ ഔസേപ്പച്ചന്‍ വറീതു ചേട്ടനോട് പറഞ്ഞു.
"മേലെയിരിക്കുന്ന ആള്‍ വലുതാണ്. അദ്ദേഹത്തിന്റെ ഉത്തരവ് ലംഘിക്കാനാവാത്തതുമാണ്."
കൃഷിയിറക്കാതെ ചെളി കെട്ടിക്കിടന്ന ഭാഗത്താണ് താന്‍ കാല്‍തെറ്റി വീണത്. കൃഷിക്ക് ഉപയോഗിച്ചിരുന്നുവെങ്കില്‍ അവിടം ഇത്രയേറെ നാശമായി കിടക്കുകയില്ലായിരുന്നു. കാല്‍ തെറ്റി വീണാല്‍പോലും കയറിപോകാമായിരുന്നു. ഇപ്പോള്‍ താന്‍ കുഴിച്ച കുഴിയില്‍താന്‍തന്നെ വീണിരിക്കുന്നു. നിസ്സാരമായ ഒന്നര സെന്റു സ്ഥലത്തിന്റെ തര്‍ക്കത്തിനാണ് താന്‍ ചാക്കോച്ചനെക്കൊ ണ്ട് കേസ് കൊടുപ്പിച്ചത്. കേസ് കോടതിയിലും താന്‍ ചെളിയിലും.
താന്‍ ആരെ ചതിക്കുവാന്‍ കരുക്കള്‍ സൃഷ്ടിച്ചുവോ, അയാളുടെ മകനും, അയാളുടെ ആശ്രിതരും കൂടി തന്നെ രക്ഷിച്ചിരിക്കുന്നു.
വറീതു ചേട്ടന്റെ കണ്ണുകളില്‍നിന്നും നീരൊഴുകുന്നത് ജോസ്‌മോന്‍ ശ്രദ്ധിച്ചു.
"വറീത് ചേട്ടന്‍ കരയുന്നതെന്തിന് ഇപ്പോള്‍ വിഷമമൊന്നുമില്ലല്ലൊ?" ജോസ്‌മോന്‍ ചോദിച്ചു.
ഒന്നുമില്ലയെന്നു പറഞ്ഞുകൊണ്ട് വറീതുചേട്ടന്‍ എഴുന്നേറ്റു.
"വീട്ടിലേക്കാണോ ഞാന്‍ കൂടെ വരാം."
"വേണ്ട. ഞാന്‍ പൊക്കോളാം."
വറീതുചേട്ടന്‍ പതുക്കെ നടന്നു.
ജോസ്‌മോനും ചീതന്‍ പുലയനും കാര്‍ത്തുവും അതു നോക്കിനിന്നു.
"ദുഷ്ടന് അങ്ങനേ വരൂ കൊച്ചമ്പ്രാ."
ചീതന്‍ തന്റെ വക ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു.
"അങ്ങനെ പറയരുത് മൂപ്പരേ. ഒരാളെ ആപത്തില്‍ സഹായി ക്കുകയാണ് മനുഷ്യധര്‍മ്മം. അയാള്‍ എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന കാര്യം ഞാന്‍ മറന്നിട്ടില്ല."
"എന്നാലും എന്റെ ഉള്ളിലൊള്ളതു പോകൂല്ല കൊച്ചമ്പ്രാ."
ജോസ്‌മോന്‍ ഒന്നും പറഞ്ഞില്ല. അയാള്‍ സംസാരിക്കാതെ നില്ക്കുന്ന കാര്‍ത്തുവിന്റെ മുഖത്തേക്ക് നോക്കി.
അവള്‍ വേച്ചു വേച്ചു പോകുന്ന വറീത് ചേട്ടനെ നോക്കി നില്‍ക്കുകയാണ്.
"ഞാന്‍ നടക്കുന്നു."
ജോസ്‌മോന്‍ തിരിച്ചുനടന്നു. അന്നത്തെ യാത്രകൊ ണ്ട് ഒരു മനുഷ്യനെ ആപത്തില്‍ നിന്നും രക്ഷിക്കു വാന്‍ കഴിഞ്ഞല്ലോ എന്ന സംതൃപ്തി ജോസ്‌മോന്റെ മനസ്സില്‍ ആനന്ദത്തിന്റെ കതിരണിയിച്ചു. അതും തന്റെ കുടുംബത്തെ കടു ത്ത പകയോടെ വീക്ഷിക്കുകയും തന്നെയും തന്റെ മാതാപിതാക്കളെയും ദ്രോഹിക്കുകയും സമുദായ മദ്ധ്യത്തില്‍ താറടിച്ചു കാണിക്കുകയും ചെയ്യുവാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്ന മനുഷ്യനെത്തന്നെ സഹായിക്കുവാന്‍ കഴിഞ്ഞതില്‍ ജോസ്‌മോന് ഏറെ സന്തോഷം തോന്നി.
വേണമെങ്കില്‍ ഒരു നിമിഷം താനതു കണ്ടില്ലയെന്നു നടിച്ചാല്‍ മാത്രം മതി. വറീത് ചേട്ടന്‍ ചെളിയില്‍ താഴ്ന്ന് അന്ത്യശ്വാസം വലിക്കുമെന്ന കാര്യത്തിനു തര്‍ക്കമേയില്ല.
അങ്ങനെ ചെയ്താല്‍, താനിത്രയും കാലം വിദ്യാഭ്യാസം ചെയ്തതിന്റേയും, മനുഷ്യരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതിന്റെയും മറ്റും അര്‍ത്ഥമെന്തായിരിക്കും. പരനുപകാരം ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ മനുഷ്യജന്മം കൊണ്ട് എന്തു പ്രയോജനം. പ്രത്യേകിച്ച് ഒരു ക്രൈസ്തവനായ താന്‍. പരനുപകാരം ചെയ്യുവാന്‍ ശ്രമിച്ചില്ലെങ്കില്‍ പിന്നെന്തിന് ജോസ് എന്ന പേരും വഹിച്ചു നടക്കുന്നു. അങ്ങനെ ചിന്തിച്ചപ്പോള്‍ താന്‍ ചെയ്തത് ഒരു വലിയ കാര്യമൊന്നുമല്ലെന്നും ഏതു മനുഷ്യനാണെങ്കിലും ആ അവസരത്തില്‍ ചെയ്യുന്ന ഒരു നിസ്സാര പ്രവൃത്തി മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നുമുള്ള ബോധം ജോസ്‌മോനുണ്ടായി.
ജോസ്‌മോന്റെ പാദങ്ങള്‍ വീടിന്റെ ഗേറ്റിലെത്തിയത് അയാള്‍ അറിഞ്ഞതേയില്ല.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org