പ്രകാശത്തിന്റെ മക്കള്‍ [29]

പ്രകാശത്തിന്റെ മക്കള്‍ [29]
Published on

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 29]

അജയ് സൗമ്യയുടെ വീട്ടില്‍ നിന്നും സന്ധ്യയോടു കൂടി ഇറങ്ങിപ്പോകുന്നത് അയല്‍ക്കാരില്‍ ചിലര്‍ ശ്രദ്ധിച്ചു. മേരിക്കുട്ടിയും മകളും അതുകണ്ട് പരസ്പരം ചിരിച്ച് അകത്തേക്കു കയറി.

''ഇനി മുതല്‍ ഗവേഷണമായിരിക്കും ആരാ അത് എന്ന്?''

പ്രതി ചിരിച്ചുകൊണ്ട് അമ്മയേയും സൗമ്യയേയും നോക്കി.

''ഗവേഷണം നടത്തട്ടെ. നമുക്കെന്താ ചേതം. എന്നോടു ചോദിക്കാതിരിക്കില്ല. അത് ആരാണ്?'' മേരിക്കുട്ടി പറഞ്ഞു.

''അമ്മ എന്തു മറുപടി പറയും.'' സൗമ്യ തിരക്കി.

''എന്നോടു ചോദിച്ചാ ഞാന്‍ പറയും, എന്റെ ചേച്ചിയെ കെട്ടാന്‍ പോണ ചേട്ടനാ അതെന്ന്.'' പ്രീതി പറഞ്ഞു.

''അങ്ങനെ തന്നെ പറഞ്ഞോ ഇനി അങ്ങനെ പറഞ്ഞെന്നോര്‍ത്ത് കുഴപ്പമില്ല. കല്യാണം ഉറപ്പിച്ചതല്ലേ?'' സൗമ്യ അനുജത്തിയെ പിന്താങ്ങി.

''എത്ര നല്ല ചേട്ടനെയാ എനിക്കു കിട്ടാന്‍ പോണത്. ചേട്ടന്‍ വന്നിട്ടു വേണം എനിക്കു ചില പദ്ധതികള്‍ ഉണ്ട്.''

''ങേ, എന്തു പദ്ധതി.'' സൗമ്യ തിരക്കി.

''എനിക്കു ചേട്ടന്റെ കൂടെ സിനിമയ്ക്കു പോകണം, പിക്‌നിക് പോണം, പിന്നെ ഷോപ്പിംഗ് നടത്തണം. നിങ്ങളും വേണോങ്കീ കൂടിക്കോ.''

''എന്റെ പൊന്നുമോളേ ചതിക്കല്ലേ.''

സൗമ്യ ചിരിച്ചുകൊണ്ട് അനിയത്തിയെ തന്റെ ദേഹത്തോടു ചേര്‍ത്തു.

മേരിക്കുട്ടി അതുകണ്ട് മന്ദസ്മിതം തൂകി.

''സ്‌കൂളീന്നും കോളേജീന്നും ടൂര്‍ പോകുമ്പം അമ്മ പറയും കാശില്ല മോളെ പോകാനെന്ന്. ഇനി ചേട്ടന്‍ പൈസ തരും എനിക്ക്.''

''അതൊന്നും വേണ്ട. ഇപ്രാവശ്യം നീ കോളേജ് ടൂറിനു പൊയ്‌ക്കോ. ഞാന്‍ തരാം പൈസ.'' മേരിക്കുട്ടി പറഞ്ഞു.

പ്രീതി നന്നായൊന്നു ചിരിച്ചു.

പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ് അവര്‍ ഉറങ്ങാനൊരുങ്ങി.

''മോളെ ഉറങ്ങുന്നതിനു മുമ്പ് നീ അജയ്‌നെ ഒന്നു വിളിച്ചേക്കണം. കേട്ടോ.''

''എന്തിനാണമ്മേ.''

''ഒന്നിനുമല്ല. വീട്ടില്‍ എപ്പോ എത്തിയെന്നറിയാനാ. സന്ധ്യ ആയില്ലേ ഇവിടെ നിന്നു പോകുമ്പോള്‍.''

''അപ്പോള്‍ വീട്ടിലുള്ളവര്‍ അടുത്തുണ്ടെങ്കിലോ? വീട്ടിലുള്ളവര്‍ ഓര്‍ക്കില്ലേ അജയ് ഇവിടെ വന്നൂന്ന്.''

''എങ്കീ അങ്ങനെയൊന്നും ചോദിക്കാതെ ചുമ്മാ വിളിക്ക് കല്യാണം ഉറപ്പിച്ചതല്ലേ. ഇനി വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല.''

ഉറങ്ങുന്നതിനു മുമ്പായി അവള്‍ അജയ്‌നു ഫോണ്‍ ചെയ്തു.

''എന്തെടുക്കുവാ.''

''ഉറങ്ങുവാ.''

''ഉറങ്ങുന്ന ആളെങ്ങനെയാ ഉറങ്ങുകാന്നു പറയുന്നത്.''

''ഇപ്പോള്‍ ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിനെ ഊണിലും ഉറക്കത്തിലും ഓര്‍ത്തു കൊണ്ടിരിക്കുന്ന സമയമാ. അപ്പോ എന്തെടുക്കുവാ എന്ന ചോദ്യത്തിനു പ്രസക്തിയില്ല.''

''ആയിക്കോട്ടെ ചേട്ടാ, ചേട്ടന്‍ ചേട്ടന്റെ പെണ്ണിനെ സ്വപ്നം കണ്ടിരുന്നോ? ഇതൊരു വല്ലാത്ത സമയമാ ചേട്ടാ. ഇപ്പോള്‍ കാണുന്നതു മുഴുവന്‍ കളറാ. കല്യാണത്തിനുശേഷം മൊത്തം ബ്ലാക് ആന്റ് വൈറ്റ് ആയിരിക്കും.''

അവള്‍ ശബ്ദമുണ്ടാക്കാതെ ചിരിച്ചു.

''എടി നീ മനുഷേനെ പേടിപ്പിക്കല്ലേ. ഞാന്‍ സ്വപ്നം കണ്ടു തിരുന്നതിനു മുന്നേ ഇങ്ങനെ പറയാതെ.''

''ഞാനും ഇപ്പോ മൊത്തം കളറാ ചേട്ടാ കാണുന്നത്. ബ്ലാക് ആന്റ് വൈറ്റ് ഇനി ജീവിതത്തിലേക്കു കടന്നു വരല്ലേ എന്നാ പ്രാര്‍ത്ഥന.''

''ആകട്ടെ. എന്താ ഇപ്പോ വിളിച്ചത്.'' അവന്‍ ചോദിച്ചു.

''അമ്മയ്ക്ക് ഇപ്പം എന്നേക്കഴിഞ്ഞും കാര്യം മകനെയാ. മകന്‍ എപ്പഴാ വീട്ടിലെത്തിയതെന്നറിയാന്‍ എന്നെ ഏല്പിച്ചതാ.''

''ഞാന്‍ നേരത്തെ എത്തിയെന്ന് മമ്മിയോടു പറഞ്ഞേര്. നാളെ ഒന്ന് അക്കാഡമിയില്‍ പോയാലോ ഐ ഇ എല്‍ ടി എസിന്റെ കാര്യം ചോദിക്കാന്‍.''

''ഞാന്‍ വരാം. എപ്പഴാ വരേണ്ടത്. പത്തു മണിക്ക് ടൗണില്‍ ബസ്സിറങ്ങാം. അക്കാഡമിയുടെ മുന്നില്‍ ഞാന്‍ വെയ്റ്റു ചെയ്യാം.'' അവള്‍ പറഞ്ഞു.

''ഓ കെ ഗുഡ്‌നൈറ്റ് നാളെ കാണാം.''

''ഗുഡ്‌നൈറ്റ്. സ്വീറ്റ് ഡ്രീംസ്.''

അവള്‍ ഫോണ്‍ വച്ച് ഉറങ്ങാനായി കടന്നു.

ശരിയാണ് ഇപ്പോള്‍ കാണുന്നതു മുഴുവന്‍ മഴവില്‍ നിറങ്ങളഴകുള്ള സ്വപ്നങ്ങളാണ്.

ജീവിതത്തില്‍ ഇങ്ങനെയും ഒരു കാലം.

സ്വപ്നം കാണാനൊരു കാലം.

ഒത്തിരി സ്വപ്നങ്ങളൊന്നും കണ്ടിട്ടില്ല. സ്‌നേഹിക്കാനും സനേഹിക്കപ്പെടാനും ഒരാള്‍. സ്‌നേഹശൂന്യതയില്‍ ഒരു ജീവിതത്തിനും അസ്തിത്വം ഇല്ല.

ഓരോന്നാലോചിച്ചു കിടന്നവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് പത്തുമണി ആയപ്പോഴേക്കും സൗമ്യ ഇന്റര്‍നാഷണല്‍ അക്കാഡമിയുടെ മുന്നില്‍ ബസ്സിറങ്ങി. അവള്‍ കാത്തുനിന്നു - അജയ്‌ന്റെ വരവു പ്രതീക്ഷിച്ച്.

അമ്മച്ചി തന്ന ചുരിദാറുകളില്‍ ഒന്നാണ് അവള്‍ ധരിച്ചിരിക്കുന്നത്. അതു ധരിക്കുമ്പോള്‍ അവള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും തൃപ്തിയും അനുഭവപ്പെടും.

ബസ് സ്റ്റോപ്പില്‍ ഒരു ബൈക്കു വന്നു നിന്നു. വന്നയാള്‍ ഹെല്‍മറ്റ് ഊരിയപ്പോഴാണ് അവള്‍ ആളെ തിരിച്ചറിഞ്ഞത്. ചിരിച്ചുകൊണ്ട് അജയ് അവളെ നോക്കി.

''എന്റെ കര്‍ത്താവേ, ഞാന്‍ കാര്‍ വരുന്നതു നോക്കി നില്‍ക്കുകയായിരുന്നു.''

അവള്‍ ചിരിച്ചു. അവനും.

''കേറുന്നുണ്ടോ അകത്തു പാര്‍ക്കു ചെയ്യാം.'' അവന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി ചോദിച്ചു.

''ഇല്ല അകത്തേക്കു കേറിക്കോ. ഞാന്‍ നടന്നു വരാം.''

അജയ് വണ്ടി പാര്‍ക്കിംഗ് ഏരിയയില്‍ വച്ചിട്ടു തിരിഞ്ഞപ്പോഴേക്കും അവള്‍ പിന്നിലെത്തി.

അയാളോടൊപ്പം അവള്‍ അക്കാഡമിയുടെ ഓഫീസിലെത്തി. അഡ്മിഷന്‍ കാര്യങ്ങളെല്ലാം അജയ്‌യാണു ചോദിച്ചറിഞ്ഞത്. അവള്‍ വെറുതെ കൂടെ നിന്നതേ ഉള്ളൂ.

''നമുക്കു പ്രീ മാര്യേജ് കോഴ്‌സ് കഴിഞ്ഞു വന്നിട്ടു കോഴ്‌സിനു ചേര്‍ന്നാലോ. രണ്ടുപേരും കൂടി ഒരുമിച്ചു പഠിക്കുന്നതിന്റെ സന്തോഷം ഒന്നു വേറെയാണല്ലോ.'' അവന്‍ ചിരിച്ചു പറഞ്ഞപ്പോള്‍ അവള്‍ സമ്മതം മൂളി.

''വാ നമുക്കൊരു ജ്യൂസ് കഴിക്കാം.''

അവന്‍ അവളെ ജ്യൂസ് പാര്‍ലറിലേക്കു ക്ഷണിച്ചു. രണ്ടുപേരും അകത്തു കയറിയിരുന്ന് ആപ്പിള്‍ ജ്യൂസ് കുടിച്ചു.

''നല്ല ഡ്രസാണല്ലോ. എവിടെ നിന്നു വാങ്ങി.''

''ഇഷ്ടപ്പെട്ടോ. ഇത് അന്ന് അമ്മച്ചി വാങ്ങിച്ചു തന്നതാ. അമ്മച്ചി മൂന്ന് എണ്ണം വാങ്ങിതന്നു. ഒരെണ്ണം ഇടാതെ ഞാന്‍ വച്ചിരുന്നതാ. ഇപ്പഴാ അതിനുള്ള സമയം ഒത്തു വന്നത്.''

''ഓരോന്നിനും ഓരോ സമയമുണ്ട്. ഇല്ലേ.''

അവന്‍ ചിരിച്ചു. കൂടെ അവളും.

കപടത ഒട്ടും ഇല്ലാത്ത ഭര്‍ത്താവിനെ അവള്‍ അജയ്‌യില്‍ കണ്ടു.

''ഞാന്‍ ബൈക്കില്‍ വീട്ടില്‍ കൊണ്ടാക്കട്ടെ.'' അവന്‍ ചോദിച്ചു.

''വേണ്ട. ഞാന്‍ ബസ്സില്‍ പൊക്കോളാം.'' അവള്‍ ചിരിച്ചു.

ബസ് വന്ന് അവള്‍ പോയതിനു ശേഷമാണ് അജയ് പോയത്.

ഞായറാഴ്ച രാവിലത്തെ കുര്‍ബാന കഴിഞ്ഞ് മേരിക്കുട്ടിയും മക്കളും ജെയിംസിന്റെ കുഴിമാടത്തിനരികില്‍ പ്രാര്‍ത്ഥിച്ചു.

അവര്‍ വികാരിയച്ചനെ സന്ദര്‍ശിച്ച് പ്രീ മാര്യേജ് കോഴ്‌സില്‍ പങ്കെടുക്കാന്‍ പോകാനുള്ള ലെറ്റര്‍ വാങ്ങി.

''കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും പൈസ കിട്ടി അച്ചോ. ഒത്തിരി നന്ദി.'' മേരിക്കുട്ടി അച്ചനോടു പറഞ്ഞു.

''മേരിക്കുട്ടിക്ക് പണത്തിന് ഏറ്റവും ആവശ്യമുള്ള സമയത്ത് കര്‍ത്താവ് ഇടപെട്ട് പണം കിട്ടി.'' അച്ചന്‍ ചിരിച്ചു.

ഉച്ചയായപ്പോഴേക്കും അജയ്‌ന്റെ ബൈക്ക് സൗമ്യയുടെ വീടിനു മുന്നിലെത്തി.

''ബൈക്കാകുമ്പം വീടുവരെ വരാമല്ലോ ഇല്ലേ.'' അവള്‍ ചിരിച്ചു.

അയാള്‍ ആഹ്‌ളാദത്തോടെ വീടിനുള്ളിലേക്കു കയറി ''നല്ല ഇറച്ചിക്കറിയുടെ മണം വരുന്നുണ്ടല്ലോ മമ്മീ.''

''ഉണ്ട് മോനെ. ദാ ഞാന്‍ ഊണെടുക്കുവാ.''

സൗമ്യയും പ്രീതിയും മേരിക്കുട്ടിയും കൂടി എല്ലാവര്‍ക്കുമുള്ള ഭക്ഷണം മേശപ്പുറത്ത് എടുത്തുവച്ചു.

''നമുക്ക് ഒരുമിച്ചിരുന്ന് ഊണു കഴിക്കാം.''

അജയ്‌ന്റെ നിര്‍ദേശം എല്ലാവരും സ്വീകരിച്ചു.

അജയ്‌യും സൗമ്യയും തമാശകള്‍ പൊട്ടിച്ചുകൊണ്ടിരുന്നു. കൂടെ പ്രീതിയും. എല്ലാം കേട്ടു ചിരിച്ച് മേരിക്കുട്ടിയും.

എല്ലാവരും സന്തോഷത്തോടെ ഊണു കഴിഞ്ഞ് എഴുന്നേറ്റു.

''ഞാനൊന്നു റെഡിയായി ഇപ്പോ വരാം.''

സൗമ്യ ഡ്രസ് ചെയ്തു വന്നപ്പോഴേക്കും സൗമ്യയുടെ ബാഗ് അജയ്‌യും പ്രീതിയും കൂടി ബൈക്കിന്റെ കാരിയറില്‍ അജയ്‌യിന്റെ ബാഗിനോടൊപ്പം കെട്ടി വച്ചു.

യാത്ര പറഞ്ഞ് അജയ് യും സൗമ്യയും ബൈക്കില്‍ ക്കയറി.

''വൈകിട്ടു വിളിക്കാം മമ്മീ.''

''പതുക്കെ വിടണം. എനിക്കു ബൈക്കു യാത്ര പരിചയമില്ല. ഞാന്‍ ആദ്യമാ ബൈക്കില്‍ കയറുന്നത്.'' അവള്‍ പറഞ്ഞു.

''സന്തോഷം. നിന്നെ ആദ്യമായി ബൈക്കില്‍ കയറ്റിയ ആള്‍ എന്ന ബഹുമതി പട്ടം എനിക്കിരിക്കട്ടെ.

നീ ഒന്നും പേടിക്കണ്ട. എന്നെ കെട്ടിപ്പിടിച്ചോ. പേടി മാറും.''

''എന്നെക്കൊണ്ട് കെട്ടിപ്പിടിപ്പിക്കാനായിരിക്കും ഇന്നു ബൈക്ക് എടുത്തത്.''

''പിന്നല്ലാതെ എത്രയെത്ര കാമുകീ കാമുകന്മാര്‍ ഇങ്ങനെ പോകുന്നതു ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. ഇപ്പോഴല്ലേ എന്റെ ഊഴം വന്നത്.''

ലഹരി മാഫിയാ സംഘം ലഹരി വസ്തുക്കളുമായി വന്ന കാര്‍ അതിവേഗം പാഞ്ഞുവന്ന് അജയ്‌ന്റെ ബൈക്കിലിടിച്ചു.

ഇടിയുടെ ആഘാതത്തില്‍ അജയ് ഓടയിലേക്കും സൗമ്യ കെ എസ് ആര്‍ ടി സി ബസിനടിയിലേക്കും തെറിച്ചു വീണു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org