പ്രകാശത്തിന്റെ മക്കള്‍ [26]

പ്രകാശത്തിന്റെ മക്കള്‍ [26]
Published on

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 26]

ഉച്ചയൂണു കഴിഞ്ഞ് സൗമ്യ അവളുടെ ഡ്രസ്സുകളെല്ലാം എയര്‍ബാഗില്‍ എടുത്തുവച്ചു. കൂടെ അമ്മച്ചി വാങ്ങിച്ചു തന്ന ചുരിദാറുകളും.

ലൈബ്രറിയില്‍ നിന്നും അമ്മച്ചി എടുത്തു തന്ന സ്‌പോക്കണ്‍ ഇംഗ്ലീഷിന്റെ ഒരു പുസ്തകവും അവള്‍ ബാഗില്‍ വച്ചു.

ബാത്‌റൂമില്‍പ്പോയി കുളിച്ചു ഫ്രഷായി. അടുക്കളയില്‍ ജാന്‍സിയുടെ അടുത്തേക്കു ചെന്നു സൗമ്യ.

''ചേച്ചി, ഞാനിന്നു മിക്കവാറും പോയേക്കുമെന്നു പറഞ്ഞിരുന്നല്ലോ. അതുപോലെ തന്നെ പോകാന്‍ തുടങ്ങുകയാ.''

''എന്തായാലും അടുക്കളയില്‍ എനിക്കൊരു സഹായമായിരുന്നു. ജോലിയൊക്കെ മേടിച്ചു മിടുക്കിയായി വാ.''

''അടുക്കളയില്‍ സഹായിക്കാന്‍ ഇനിയും പറ്റിയാല്‍ വരാം ചേച്ചി.''സൗമ്യ അര്‍ത്ഥം വച്ചു പറഞ്ഞു ചിരിച്ചു.

അവള്‍ ഔട്ട്ഹൗസില്‍ ച്ചെന്ന് ഡ്രൈവര്‍ പാപ്പച്ചനോടും യാത്ര പറഞ്ഞു.

''ആശാന്റെ അനുഗ്രഹം ഉണ്ടാവണം.'' അവള്‍ അഭ്യര്‍ത്ഥിച്ചു.

''തീര്‍ച്ചയായും. മോള് നല്ല ഡ്രൈവറായി സ്വന്തം കാര്‍ ഓടിക്കും. നല്ല ജോലിക്കാരിയാകും.''

''അനുഗ്രഹത്തിനു നന്ദി ചേട്ടാ.''

''ഞാനും പോരുന്നുണ്ട് സൗമ്യയെ കൊണ്ടാക്കാന്‍ സാറിന് അല്പം ക്ഷീണമുള്ളതുകൊണ്ട് ഡ്രൈവ് ചെയ്യാന്‍ എന്നെ വിളിച്ചു. യാത്രാക്ഷീണം കാണുമല്ലോ.''

''അങ്കിളിനോടു ഞാന്‍ പോരേണ്ട എന്നു പറഞ്ഞതാ കാര്യം എല്ലാവരും വരുന്നത് സന്തോഷമാണെങ്കിലും...''

അവള്‍ പിന്നീട് അമ്മച്ചിയുടെ മുറിയിലേക്കു ചെന്നു.

അമ്മച്ചി ചാരുകസേരയില്‍ കണ്ണടച്ചു കിടന്ന് എന്തോ ആലോചിക്കുകയാണ്. കൈയില്‍ പുസ്തകങ്ങളൊന്നുമില്ല. മുഖത്തു കണ്ണടയും ഇല്ല.

''അമ്മച്ചി ഉറക്കമാണോ?'' അവള്‍ ചോദിച്ചു.

''അല്ല മോളെ. ഞാന്‍ ചില പഴയ കാര്യങ്ങളൊക്കെ ആലോചിച്ച് അങ്ങനെ കിടന്നുപോയി. മോള് പോകാന്‍ റെഡിയായോ?''

''ആയി അമ്മച്ചി. അമ്മച്ചി എന്നെ അനുഗ്രഹിക്കണം.''

അവളുടെ ശബ്ദം ഗദ്ഗദത്തില്‍ മുങ്ങി.

അവള്‍ അമ്മച്ചിയുടെ മുന്നില്‍ മുട്ടിന്മേല്‍ നിന്നു.

''നീ എന്നെ ഒന്ന് എഴുന്നേല്പിക്ക്. നിന്നുകൊണ്ട് അനുഗ്രഹം തരാം. അതാ അതിന്റെ ശരി.''

അമ്മച്ചിയുടെ ആഗ്രഹപ്രകാരം അവള്‍ അമ്മച്ചിയെ എഴുന്നേല്പിച്ചു നിര്‍ത്തി.

അവളുടെ തലയില്‍ കൈവച്ച് അമ്മച്ചി പ്രാര്‍ത്ഥിച്ചു. അവളുടെ കണ്ണുകള്‍ എന്തുകൊണ്ടോ നിറഞ്ഞു തുളുമ്പി. അമ്മച്ചിയുടെ കണ്ണുകളും നിറഞ്ഞു.

''നല്ലതേ വരൂ.''

''കുറച്ചു നാളുകള്‍ കൊണ്ട് അമ്മച്ചി എനിക്ക് ശരിക്കും വല്ല്യമ്മച്ചി തന്നെയായിരുന്നു. ഒരു വല്ല്യമ്മച്ചിയുടെയും അമ്മയുടെയും വാത്സല്യവും സ്‌നേഹവും ഞാന്‍ അനുഭവിച്ചു. എല്ലാറ്റിനും നന്ദി. ഞാന്‍ വല്ല്യമ്മച്ചിക്കുവേണ്ടി എന്നും പ്രാര്‍ത്ഥിക്കും.''

അവളുടെ ശബ്ദം ഇടറിയിരുന്നു.

''നീ എന്നെ എത്ര നന്നായി പരിചരിച്ചു. എന്റെ ചെറിയ കാര്യങ്ങളില്‍പ്പോലും നീ ശ്രദ്ധാലുവായിരുന്നു.''

''പോയിട്ട് ഇനി എന്നാ വരിക'' അമ്മച്ചി അവളോടു ചോദിച്ചു.

''ഇനി ജോലിയൊക്കെ കിട്ടി പോവുന്നതിനു മുമ്പായി തീര്‍ച്ചയായും വരും അമ്മച്ചി.''

''നീ വരണം, നോക്കെത്താ ദൂരത്തു കണ്ണുംനട്ട് ഞാന്‍ കാത്തിരിക്കും.''

അവള്‍ അമ്മച്ചിയെ കെട്ടിപ്പിടിച്ചു ഉമ്മ നല്കി.

അമ്മച്ചി അവള്‍ക്കും.

മനോജും ഡെയ്‌സിയും തയ്യാറായിക്കഴിഞ്ഞിരുന്നു. ഒരു പായ്ക്കറ്റ് ഡെയ്‌സി സൗമ്യക്കു നല്കി.

''ഇതു ഞങ്ങള്‍ നിനക്കുവേണ്ടി വാങ്ങിയതാ വച്ചോ.''

''താങ്ക്‌യൂ ആന്റി.''

''എന്നും നിന്റെ ആന്റിയായിരിക്കാന്‍ എന്നെ ദൈവം അനുഗ്രഹിക്കട്ടെ.'' ഡെയ്‌സി പറഞ്ഞതുകേട്ട് മനോജും സൗമ്യും ചിരിച്ചു.

പാപ്പച്ചന്‍ കാര്‍ പോര്‍ച്ചിലേക്കു കൊണ്ടുവന്നു.

മനോജ് ഫ്രണ്ട്‌സീറ്റില്‍ കയറി. ബാക്കില്‍ സൗമ്യയും ഡെയ്‌സിയും.

''ഒരാളുടെ കുറവ് ഉണ്ടായിരുന്നു. അവനെന്താ ഇതുവരെ വരാതിരുന്നത്.''

മനോജ് ആരോടെന്നില്ലാതെ ചോദിച്ചു.

''ഇന്നെന്തൊ അത്യാവശ്യമുണ്ടെന്നല്ലേ അവന്‍ ഇന്നലെ പറഞ്ഞത്. അതായിരിക്കും വരാത്തത്.''

സൗമ്യ പുഞ്ചിരിയോടെ ഇരുന്നു.

കാര്‍ കോണ്‍വെന്റിലെ ചെമ്പകമരത്തിന്റെ ചോട്ടില്‍ ചെന്നു നിന്നു.

അവര്‍ വരുന്ന സമയം ഏകദേശം അറിയാമായിരുന്നതുകൊണ്ട് സിസ്റ്റര്‍ ബെന്നറ്റ് വരാന്തയിലൂടെ നടക്കുന്നുണ്ടായിരുന്നു.

മനോജും ഡെയ്‌സിയും സൗമ്യയും ചാച്ചിക്കു സ്തുതി ചൊല്ലി.

''മനോജേ, ഡെയ്‌സി, യാത്രയൊക്കെ സുഖമായിരുന്നോ?''

''സുഖമായിരുന്നു ചാച്ചി. മകന്‍ അങ്ങനെപോയി ജോലിയൊക്കെ മേടിച്ചതു കൊണ്ട് ലണ്ടനൊക്കെ കാണാന്‍ പറ്റി. ഇല്ലെങ്കീ ആരു ലണ്ടനു പോകുന്നു.''

എല്ലാവരും ചിരിച്ചു.

''പിന്നെ ഇവളു വന്ന് അമ്മച്ചിയെ നന്നായി നോക്കിയതുകൊണ്ട് ഞങ്ങക്കവിടെ ടെന്‍ഷനൊന്നുമില്ലാതെ എന്‍ജോയ് ചെയ്യാന്‍ പറ്റി. നല്ലയൊരാളെ സെലക്ട് ചെയ്തു വിട്ടതിന് ചാച്ചിക്കു പ്രത്യേകം നന്ദി. അത് എന്റെ വക. ചാച്ചിക്ക് ഇനി എത്ര പേരുടെ നന്ദിയാ പിറകെ വരുന്നത്.'' മനോജ് സൗമ്യയെ നോക്കി ചിരിച്ചു പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.

''ഇരിക്കുന്നോ... കാപ്പി കഴിക്കുന്നോ...'' ബെന്നറ്റ് ചോദിച്ചു.

''രണ്ടും ഇല്ല. നേരത്തെ മടങ്ങണം. ആറുമാസം ഇവിടെ ഇല്ലായിരുന്നല്ലോ. കുറച്ചു ജോലികള്‍ പെന്‍ഡിംങ് ഉണ്ട്.''

''ആയിക്കോട്ടെ. സൗമ്യ എന്നാ മിണ്ടാതെനിക്കണത്.'' സിസ്റ്റര്‍ ബെന്നറ്റ് ചോദിച്ചു.

''ഒന്നുമില്ല അമ്മേ.''

''സൗമ്യ ഇനിയല്ലേ മിണ്ടാന്‍ പോണത്.'' ഡെയ്‌സി പറഞ്ഞു ചിരിച്ചു.

''കൊണ്ടുപോയ ആളെ തിരിച്ചേല്പിച്ചു പോണം. ഇനി കൊണ്ടുപോകുന്നത് കൊട്ടും കുരവയുമായിട്ടല്ലേ അതിനു വേറെ ആളു വരുമല്ലോ.''

എല്ലാവരും ചിരിച്ചു.

''അമ്മച്ചി എന്തു പറഞ്ഞു സൗമ്യേ.'' ബെന്നറ്റ് ചോദിച്ചു.

''അമ്മച്ചി എല്ലാ അനുഗ്രഹവും തന്നാ വിട്ടത്.'' അവള്‍ സന്തോഷത്തോടെ പ്രതിവചിച്ചു.

അവര്‍ ബെന്നറ്റിനോടു യാത്ര പറഞ്ഞു സൗമ്യയുടെ വീട്ടിലേക്കു നടന്നു.

''സൗമ്യെ കൊണ്ടുപോകാന്‍ വന്നപ്പോ ചാച്ചി ചോദിച്ചതാ സൗമ്യയുടെ വീട്ടില്‍ പോകുന്നോ എന്ന്. ഞാന്‍ വെറുതെ പറഞ്ഞു, ഇപ്പോ പോകുന്നില്ല പിന്നെ ഒരിക്കലാകാം എന്ന്. അന്നു ഭംഗി വാക്കു പറഞ്ഞതാണെങ്കിലും ഇപ്പോ സംഗതി അച്ചട്ടായി.'' മനോജ് പറഞ്ഞു ചിരിച്ചു.

മേരിക്കുട്ടിയും പ്രീതിയും അവരുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

''ഇതു മേരിക്കുട്ടിക്ക്. ഇത് പ്രീതിക്ക്.'' രണ്ടുപേര്‍ക്കും ഓരോ പായ്ക്കറ്റുകള്‍ ഡെയ്‌സി നല്കി. രണ്ടു പേരും ഡെയ്‌സിക്കു നന്ദി പറഞ്ഞു.

''ജീവിതത്തില്‍ ചില കാര്യങ്ങള്‍ക്ക് ദൈവിക പദ്ധതി വ്യക്തമായി തെളിഞ്ഞു വരും.''

കാപ്പി കുടിച്ചുകൊണ്ട് മനോജ് പറഞ്ഞു.

''ഞങ്ങള്‍ യു കെയ്ക്കു പോകുന്നു. ചാച്ചിയുടെ മനസ്സിലേക്ക് സൗമ്യ വരുന്നു. സൗമ്യ അവിടെ എത്തുന്നു. അജയ്‌നെ പരിചയപ്പെടുന്നു. ഇതെല്ലാം യാദൃശ്ചികമാണെങ്കിലും ദൈവത്തിന്റെ ഇടപെടല്‍ തെളിഞ്ഞു കാണാം.''

''ഞങ്ങള്‍ നന്നായി പ്രാര്‍ത്ഥിക്കുന്നുണ്ട്. എല്ലാം ഭംഗിയായി നടക്കാന്‍.'' മേരിക്കുട്ടി പറഞ്ഞു.

''എന്റെ ഫോണ്‍ നമ്പര്‍ നിന്റെ കൈയിലില്ലേ എന്തെങ്കിലും ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും വിളിക്കണം കേട്ടോ.'' വീട്ടില്‍ നിന്നും മടങ്ങാന്‍ നേരത്ത് മനോജ് സൗമ്യയോടു പറഞ്ഞു.

''വിളിക്കാം. അങ്കിള്‍.''

* * * * *

പിറ്റേന്നു സായാഹ്നമായപ്പോള്‍ അജയ്‌യും ജോര്‍ജ്കുട്ടിയും മിനിയും തറവാട്ടിലെത്തി. വരുമെന്ന് അറിയിച്ചതുകൊണ്ട് മനോജ് അവരെ കാത്തിരിക്കുകയായിരുന്നു.

''നിനക്കിട്ടു ഞാന്‍ വച്ചിട്ടുണ്ട്.'' അജയ്‌നെ കണ്ടതേ മനോജ് അവന്റെ തോളിലടിച്ചു പറഞ്ഞു ചിരിച്ചു.

''ഞാനെന്തു ചെയ്‌തെന്നാ അങ്കിളു പറയുന്നത്. ഞാന്‍ വെറും പാവം.''

''അവരോരുതന്നെ ഞാന്‍ പാവം, ഞാന്‍ പാവം എന്നു പറഞ്ഞാല്‍ പാവമാകില്ല. നീ പാവമാണെന്നു നീ പറഞ്ഞാല്‍ പിന്നെ പാവങ്ങളെ എന്തു വിളിക്കും.''

എല്ലാവരും ചിരിച്ചു.

അവര്‍ അമ്മച്ചിയെ കണ്ട് സുഖാന്വേഷണം നടത്തി. പിന്നീടവര്‍ ഡ്രോയിംഗ് റൂമില്‍ ഒത്തുകൂടി.

''സൗമ്യ ഇന്നലെ എപ്പോള്‍ പോയി.'' ജോര്‍ജ്കുട്ടി ചോദിച്ചു.

''ഇന്നലെ വൈകുന്നേരം ഞങ്ങള്‍ കൊണ്ടാക്കി. നീ എന്തിയേ വരാഞ്ഞത്.'' മനോജ് അജയ്‌നെ നോക്കി.

''എനിക്കിന്നലെ ഒരു കോണ്‍ക്രീറ്റ് ഉണ്ടായിരുന്നു. ഞാനിപ്പം അപ്പന്റെ അസിസ്റ്റന്റാ. അതു പറയാന്‍ വിട്ടുപോയി.''

''നീ എല്ലാം പറയാന്‍ വിട്ടുപോകുമല്ലോ. വിട്ടുപോയ ഭാഗം പൂരിപ്പിക്കാന്‍ സാറന്മാര് പഠിപ്പിച്ചിട്ടുള്ളതുകൊണ്ട് ഇപ്പ അതു പ്രയോജനപ്പെടുന്നുണ്ട്.'' മനോജ് പറഞ്ഞു ചിരിച്ചു.

''എടാ മനോജേ, പിള്ളേരുടെ കാര്യത്തില്‍ നമുക്കൊരു തീരുമാനം എടുക്കണമല്ലോ.'' ജോര്‍ജ്കുട്ടി മുഖവുരയിട്ടു.

''ഇനിയിപ്പം തീരുമാനിക്കാനെന്താ. കല്യാണം ഉറപ്പിക്കണം. അത്രതന്നെ.''

''പെങ്ങള്‍ ലിസ്സിയോട് ഇതുവരെ ഇക്കാര്യം പറഞ്ഞില്ല.'' ജോര്‍ജ്കുട്ടി മനോജിനെ നോക്കി.

''ലിസ്സി ചേച്ചീം അളിയനും ബന്ധങ്ങളെ പണത്തിന്റെ ഏറ്റ പരിഗണിക്കുന്നവരാ. ചേച്ചീടെ സ്വഭാവത്തിന് ഉറപ്പീരിന്റെ അന്നുതന്നെ നമുക്കു ദഹിക്കാത്ത ഭാഷയില്‍ എന്തെങ്കിലും പറഞ്ഞെന്നു വരും. അതു കൊണ്ട് ഉറപ്പീരു കഴിഞ്ഞു ചേച്ചിയെ അറിയിച്ചാ മതി.''

''ഉറപ്പീരിനു നമ്മള്‍ മാത്രം മതിയെന്നാണോ നീ പറയുന്നത്.'' ജോര്‍ജ്കുട്ടി ചോദിച്ചു.

''അവരുടെ വീട്ടില്‍ നിന്നും കുറച്ച് ആളുകളേ കാണൂ. അപ്പോ നമ്മള്‍ ഹോട്ടലിലൊന്നും വച്ച് ഉറപ്പീരു നടത്താതെ ഇവിടെ വച്ചു നടത്താമെന്നാ എന്റെ അഭിപ്രായം. അതാവുമ്പം അമ്മച്ചിക്കും കൂടാം.''

''അങ്കിളിന്റെ അഭിപ്രായത്തോടു നൂറു ശതമാനം യോജിക്കുന്നു. ഉറപ്പീരു തറവാട്ടില്‍ അമ്മച്ചിയുടെ സാന്നിധ്യത്തില്‍.'' അജയ് പറഞ്ഞു.

''ഇപ്പോ എല്ലാവരും ഹോട്ടലില്‍ ഉറപ്പീരു വയ്ക്കുന്നുണ്ട്. എങ്കിലും നമ്മള്‍ എല്ലാ മക്കളുടെയും ഉറപ്പീര് തറവാട്ടില്‍ വച്ചല്ലേ നടത്തിയത്. ഇനി അതിനു മാറ്റം വരുത്തണ്ട.'' മിനി പറഞ്ഞത് എല്ലാവരും അംഗീകരിച്ചു.

''എന്നാല്‍പ്പിന്നെ മേരിക്കുട്ടിയെ വിളിച്ചു സംസാരിച്ചിട്ട് ഉറപ്പീരിന് ഒരു ഡേറ്റ് നിശ്ചയിക്കാം.'' ജോര്‍ജ് കുട്ടി പറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org