നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി
ചിത്രീകരണം: എന്‍ എസ് ബൈജു
[നോവല്‍ 25]
ആറു മാസത്തെ യു കെ വാസം കഴിഞ്ഞ് മനോജും ഭാര്യ ഡെയ്‌സിയും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി.
വെളുപ്പിനു മൂന്നു മണിക്ക് ലാന്‍ഡ് ചെയ്യേണ്ട ഫ്‌ളൈറ്റ് അരമണിക്കൂര്‍ വൈകി ലാന്‍ഡ് ചെയ്തു.
മൂന്നു മണി ആയപ്പോഴേക്കും കാറുമായി അജയ് എയര്‍പോര്‍ട്ടില്‍ കാത്തുനിന്നു.
നാലു മണി കഴിഞ്ഞാണ് അവര്‍ ബാഗേജുമായി വെളിയില്‍ വന്നത്.
നല്ല തണുപ്പുള്ള അന്തരീക്ഷം ഉറക്കച്ചടവിനിടയിലും അങ്കിളിനെയും ആന്റിയെയും അജയ് ഹസ്തദാനത്തോടെ സ്വീകരിച്ചു.
''ഞാന്‍ നിന്നോടു പറഞ്ഞതല്ലേ പാപ്പച്ചന്‍ വന്നോളുമെന്ന് അല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍ പിടിച്ചു പോന്നോളാമെന്ന്. നീയെന്തിനാ ഈ വെളുപ്പാം കാലത്ത് ഉറക്കംകളഞ്ഞു വന്നത്.''
അയാള്‍ അവനെ സ്‌നേഹപൂര്‍വം ശാസിച്ചു.
''ഓ. ഇതൊക്കെ ഒരു സന്തോഷമല്ലേ അങ്കിള്‍. ഈ പ്രായത്തിലല്ലേ ഇതൊക്കെ സാധിക്കൂ. എനിക്ക് അങ്കിളിന്റെ പ്രായമായിരുന്നെങ്കീ ഞാന്‍ ചുരുണ്ടു കൂടി പുതപ്പും പുതച്ച് ഉറങ്ങുകയേ ഉണ്ടായിരുന്നുള്ളൂ.''
''നിന്നെ കല്യാണം കഴിപ്പിക്കാത്തതിന്റെ കുഴപ്പമാ. കല്യാണം കഴിച്ചാല്‍ ഇങ്ങനെയൊന്നും വരാന്‍ പറ്റില്ല മോനെ.''
മൂവരും ചിരിച്ചു.
അന്തരീക്ഷത്തില്‍ മഞ്ഞു പെയ്യുന്നുണ്ട്.
''ആന്റിക്ക് കടുംകാപ്പി വേണോ. വേണോങ്കി വണ്ടി നിര്‍ത്തി മേടിച്ചു തരാം.''
''വേണ്ടടാ... ഇനി വീട്ടില്‍ ചെന്നു കുടിക്കാം.''
''അവിടെ ഡേവിഡ് ഫാമിലി സുഖമായിരിക്കുന്നല്ലോ. അല്ലേ.''
''സുഖമായിരിക്കുന്നെടാ... ഞങ്ങള്‍ മുത്തശ്ശനും മുത്തശ്ശിയും ആയിട്ടും നിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ പറ്റിയില്ലല്ലോടാ....''
''അതൊക്കെ സമയമാകുമ്പം നടക്കും അങ്കിള്‍.''
രാത്രിയുടെ അന്ത്യയാമം ആയതുകൊണ്ട് നിരത്തില്‍ വാഹനങ്ങള്‍ കുറവായിരുന്നു.
പുലരുന്നതിനു മുമ്പേ അവര്‍ വീടിന്റെ ഗെയ്റ്റിനു മുന്നില്‍ വന്നു. ഹോണ്‍ അടിച്ചപ്പോള്‍ പാപ്പച്ചന്‍ വന്നു ഗെയ്റ്റു തുറന്നു.
വണ്ടി പോര്‍ച്ചില്‍ നിന്നതേ സൗമ്യ വന്ന് വാതില്‍ തുറന്നു.
അവളുടെ കണ്ണുകള്‍ ആദ്യം ചെന്നത് ഡ്രൈവിംഗ് സീറ്റിലേക്കാണ്. നാലു കണ്ണുകള്‍ സ്‌നേഹം പങ്കിട്ടു.
''ഹായ് സൗമ്യാ.'' ഡെയ്‌സി വന്ന് സൗമ്യയുടെ കൈപിടിച്ചു.
''നീ കേറി വരുന്നില്ലേ.'' മനോജ് തിരിഞ്ഞ് അജയ്‌നോടു ചോദിച്ചു.
''എനിക്കു വീട്ടില്‍ച്ചെന്ന് ഒന്ന് ഉറങ്ങാന്‍ നേരമുണ്ട്. ഞാന്‍ പോവുകയാ.''
''ഇവിടെ കിടന്നിട്ട് ബ്രേക്ഫാസ്റ്റ് കഴിഞ്ഞു പോകാമെടാ.''
''അങ്കിള്‍ പോയി ഒന്നു കിടക്ക്. യാത്രാ ക്ഷീണം ഉള്ളതല്ലേ. ഞാന്‍ രണ്ടു ദിവസം കഴിഞ്ഞു വരാം.''
അവന്‍ വണ്ടി തിരിച്ച് ഗെയ്റ്റു കടന്നുപോയി.
''അമ്മച്ചി നല്ല ഉറക്കമായിരിക്കും ഇല്ലേ?'' മനോജ് സൗമ്യയോടു തിരക്കി.
''രണ്ടു മണിക്കൂര്‍ മുമ്പ് എഴുന്നേറ്റപ്പം അവര്‍ എത്തിയോ എന്നു ചോദിച്ചിരുന്നു.''
''ഇനിയിപ്പം വിളിച്ചുണര്‍ത്തേണ്ട. രാവിലെ കാണാം. സൗമ്യയും പോയി കിടന്നോ ഞങ്ങളും കുറച്ചു നേരം കിടക്കട്ടെ.''
മനോജും ഭാര്യയും അവരുടെ ബെഡ്‌റൂമിലേക്കു പോയി. സൗമ്യ ഡോര്‍ ലോക് ചെയ്ത് ഉറങ്ങാന്‍ പോയി.
മനോജും ഡെയ്‌സിയും വൈകിയാണ് ഉണര്‍ന്നത്. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം അവര്‍ അമ്മച്ചിയുടെ അടുത്തെത്തി സ്‌നേഹം പങ്കുവച്ചു.
അമ്മച്ചി പേരക്കുട്ടികളുടെയും അവരുടെ ശിശുവിന്റെയും വിശേഷങ്ങള്‍ അറിഞ്ഞു.
''അമ്മച്ചിക്കു ക്ഷീണമൊന്നുമില്ല. നല്ല മിടുക്കിയായി നില്‍ക്കുന്നു.'' മനോജ് പറഞ്ഞു.
''സൗമ്യ എന്റെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കി. നേഴ്‌സായതുകൊണ്ടല്ല. സ്‌നേഹവും അര്‍പ്പണ മനോഭാവവും കൂടുതലായുണ്ട്.''
''എല്ലാം ഭാഗ്യം. അതുകൊണ്ട് ഞങ്ങള്‍ക്കായാലും അവിടെ ടെന്‍ഷനൊന്നും കൂടാതെ ആറുമാസം ചിലവഴിക്കാന്‍ പറ്റി. അതിനു ഞങ്ങള്‍ സൗമ്യയെ പ്രത്യേകം കാണുന്നുണ്ട്. ഇല്ലേ ഡെയ്‌സി.''
അയാള്‍ ചിരിയോടെ ഭാര്യയോട് ആരാഞ്ഞു.
''തീര്‍ച്ചയായും'' ഡെയ്‌സി പുഞ്ചിരിച്ചു.
പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ താന്‍ വീട്ടിലേക്ക് തിരിച്ചു പൊയ്‌ക്കോട്ടെ എന്ന് മനോജിനോടും ഡെയ്‌സിയോടും സൗമ്യ ചോദിച്ചു.
''അതിനെന്താ ഇന്നു തന്നെ തിരിച്ചു പോകണമെന്നാ ആഗ്രഹമെങ്കില്‍ അങ്ങനെയാകാം. പാപ്പച്ചനോട് കൊണ്ടാക്കാന്‍ പറയാം. സൗമ്യക്ക് കുറച്ചു രൂപ ഞങ്ങള്‍ തരാം. കുറച്ചു ഡ്രസും കൊണ്ടുവന്നിട്ടുണ്ട്.''
''പൈസയൊന്നും വേണ്ട അങ്കിള്‍.''
''ഏയ് അതു പറഞ്ഞാല്‍ പറ്റില്ല. ഇനി ഐ ഇ എല്‍ ടി എസിനൊക്കെ ചേരാനുള്ളതല്ലേ. പൈസ ആവശ്യം വരും.''
'ഇവര്‍ താനും അജയ്‌യും തമ്മിലുള്ള റിലേഷന്‍ഷിപ്പിനേക്കുറിച്ച് ഒന്നും ചോദിക്കുന്നില്ലല്ലോ. ഇവര്‍ അറിഞ്ഞിട്ടില്ലായിരിക്കുമോ? ഇവരോട് ആരും പറഞ്ഞിട്ടില്ലായിരിക്കുമോ?'
''സൗമ്യ ഇവിടെ നിന്നു പോകുന്നതില്‍ നിങ്ങള്‍ക്ക് വിഷമമൊന്നുമില്ലേ?'' അമ്മച്ചി അവരോടു ചോദിച്ചു.
''അതിപ്പം അമ്മച്ചി, അവക്കു പഠിക്കാനും ജോലിക്കുമൊക്കെ പോകേണ്ടതല്ലേ. ചാച്ചി പ്രത്യേക താല്പര്യമെടുത്തതു കൊണ്ടല്ലേ സൗമ്യ ഇത്രയും ദിവസം ഇവിടെ നിന്നതുതന്നെ. ഇനിയും നില്‍ക്കുകാന്നു പറഞ്ഞാല്‍...''
''എനിക്കിവളെ ഇവിടെ നിന്നു വിടാന്‍ തോന്നണില്ല.''
അമ്മച്ചി അങ്ങനെ പറഞ്ഞപ്പോള്‍ മനോജിന്റെയും ഡെയ്‌സിയുടെയും മുഖം മങ്ങി.
''അമ്മച്ചി എന്താ ഇങ്ങനെയൊക്കെ പറയുന്നത്. ഇത്രയും നാള്‍ നിന്നതിന് അവളോട് സ്‌നേഹം പ്രകടിപ്പിച്ച് യാത്രയാക്കാനുള്ളതിന്...''
''കൊണ്ടാക്കുവാണെങ്കീ നീയും ഡെയ്‌സിയും കൂടി കൊണ്ടാക്കിയാല്‍ മതി. അതാ അതിന്റെ ശരി.''
അമ്മച്ചിയുടെ കര്‍ക്കശ ശബ്ദം ഡെയ്‌സിയിലും മനോജിലും അമ്പരപ്പുണ്ടാക്കി.
''കല്യാണം ആലോചിച്ചിരിക്കുന്ന പെണ്ണാ. ഒന്നുകില്‍ നിങ്ങള്‍ കൊണ്ടാക്ക്. ഇല്ലെങ്കീ ഞാനാ ചെറുക്കനെ വിളിച്ചു വരുത്തി കൂട്ടി വിടും.''
''ങേ., കല്യാണാലോചനയുണ്ടോ. അതാ മുഖത്തിനിത്ര തുടിപ്പ്.'' ഡെയ്‌സി ചിരി തൂകി.
''ചെറുക്കന് എന്താ ജോലി. അവന്റെ വീടെവിടെയാ.'' മനോജ് സന്തോഷത്തോടെ തിരക്കി.
സൗമ്യ നാണം കലര്‍ന്ന മുഖത്തോടെ തലകുനിച്ചു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
''ഇവളുടെ കല്യാണക്കാര്യത്തേക്കുറിച്ച് നിങ്ങളോട് ആരും ഒന്നും പറഞ്ഞില്ലേ?'' അമ്മച്ചി ഡെയ്‌സിയോടും മനോജിനോടുമായി ചോദിച്ചു.
''ഇല്ല. ഞങ്ങളോട് ആരും ഒന്നും പറഞ്ഞില്ല.''
''എങ്കില്‍ നിങ്ങളിവിടെ വരുമ്പം സര്‍പ്രൈസ് തരാന്‍ വച്ചിരിക്കുകയായിരിക്കും. നിന്നോടു കൂടി അഭിപ്രായം ചോദിച്ചിട്ടേ കല്യാണം ഉറപ്പിക്കൂ എന്നാ ചെറുക്കന്റെ അപ്പന്‍ പറഞ്ഞിരിക്കുന്നത്.''
''ചെറുക്കന്റെ അപ്പന്‍ ആരാ?'' മനോജ് ചോദിച്ചു.
''നിന്റെ ചേട്ടനാ. ചെറുക്കന്റെ അപ്പന്‍.''
അവിശ്വസനീയതയോടെ മനോജും ഡെയ്‌സിയും പരസ്പരം നോക്കി.
''അജയ്‌യും സൗമ്യയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ജോര്‍ജുകുട്ടി നിന്റെ അഭിപ്രായം തേടും. അവര്‍ക്കിഷ്ടമാ.''
''കൊള്ളാം, നല്ല ചേര്‍ച്ച. എനിക്കിഷ്ടമായി.'' ഡെയ്‌സി പറഞ്ഞു.
''അതാ അമ്മച്ചി കൊണ്ടാക്കാന്‍ പറഞ്ഞത് ഇല്ലേ. ഇനിയിപ്പം കൊണ്ടാക്കുന്നത് എന്തിനാ അവള്‍ സ്ഥിരം ഇവിടെ നിന്നോട്ടെ.''
മനോജ് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
''എടാ ഭയങ്കരാ... തന്നെ എന്നും ഫോണ്‍ വിളിച്ചിട്ടും അജയ് ഒന്നും പറഞ്ഞില്ലല്ലോ.''
''ഇന്നു വെളുപ്പിനും കൂടി നമ്മള്‍ അവന്റെ കല്യാണക്കാര്യത്തേക്കുറിച്ചു പറഞ്ഞതാ. എന്നിട്ടും അവന്‍ എന്തെങ്കിലും പറഞ്ഞോ. കുറുക്കന്‍. അവനിങ്ങോട്ടു വരട്ടെ. അവനു ഞാന്‍ വച്ചിട്ടുണ്ട്.''
മനോജ് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
''അപ്പോ ഞങ്ങള് യു കെ യ്ക്കു പോയപ്പം അങ്ങനെയൊരു നല്ല കാര്യവും കൂടി ഇവിടെ നടന്നു.''
പൊട്ടിച്ചിരി മുഴങ്ങി.
''അതാ അമ്മച്ചി അവളെ വിടണ്ട എന്നൊക്കെ പറഞ്ഞത്. വിടണ്ട അമ്മച്ചി. അവള്‍ എത്രനാളും ഇവിടെ നിന്നോട്ടെ.
അജയ് ഇങ്ങു വരട്ടെ. അവന്റെ പെടലിക്ക് ഒന്നു കൊടുക്കണം. മനുഷ്യനെ കുരങ്ങു കളിപ്പിക്കണേന്. അതായിരിക്കും ആശാന്‍ വല്ല്യ ആളായിട്ടു വിട്ടുപോയത്.''
കൂട്ടച്ചിരി മുഴങ്ങി.
''അമ്മച്ചി ഇപ്പോഴെങ്കിലും വിവരം പറഞ്ഞതു നന്നായി. ഇല്ലെങ്കീ പാപ്പച്ചനേം കൂട്ടി സൗമ്യയെ വിട്ടേനെ. രൂപ ഇവളു മേടിച്ചില്ലെങ്കിലും പാപ്പച്ചന്റെ കൈയില്‍ കൊടുത്തുവിട്ട് മേരിക്കുട്ടിയെ ഏല്പിക്കാമെന്നാ കരുതിയത്. എങ്കീ നാണക്കേട് ആയേനെ.''
''അങ്കിളും ആന്റിയും യാത്ര ചെയ്തു വിഷമിച്ചു വന്നതല്ലേ. റെസ്റ്റെടുത്തോ. പാപ്പച്ചന്‍ ചേട്ടന്‍ എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച ആളല്ലേ. ആ ചേട്ടനോടൊപ്പം ഞാന്‍ പോകാം.''
''അതിന് അതിന്റെതായ ശരിയുണ്ട്. അതാ അമ്മച്ചിക്കും ഞങ്ങള്‍ക്കും ഇഷ്ടം.'' മനോജ് പറഞ്ഞു.
''അതോ കൊണ്ടാക്കാന്‍ അജയ്‌നെ വിളിച്ചു വരത്തണോടി.'' ഡെയ്‌സി സ്‌നേഹപൂര്‍വം തിരക്കി.
''എന്റെ പൊന്നോ വേണ്ട.''
സൗമ്യ ചിരിച്ചു പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
(തുടരും)