പ്രകാശത്തിന്റെ മക്കള്‍ [24]

പ്രകാശത്തിന്റെ മക്കള്‍ [24]

Published on

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 24]

''മറ്റന്നാള് ഹര്‍ത്താലല്ലേ ഞങ്ങള്‍ സൗമ്യയുടെ വീട്ടിലും കോണ്‍വെന്റിലും ഒന്നു പോയിട്ടു വരാം. നീ എന്തു പറയുന്നു.'' ജോര്‍ജുകുട്ടി അജയ്‌നോടു ചോദിച്ചു.

''അങ്ങനെയാകട്ടെ അപ്പാ. പക്ഷേ, ഹര്‍ത്താലിനു യാത്ര ചെയ്യണോ. ഹര്‍ത്താലുകാര്‍ വണ്ടി തടയുകയോ മറ്റോ ചെയ്താലോ?''

''സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നാ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല. പിന്നെ അധികദൂരം ഇല്ലല്ലോ അവിടേക്ക്.''

''ശരി. അന്നാകുമ്പം അപ്പയ്ക്കു സൈറ്റിലും പോകണ്ടല്ലോ.''

അന്ന് ഉറങ്ങുന്നതിനു മുമ്പായി അജയ് സിസ്റ്റര്‍ ബെന്നറ്റിനെ വിളിച്ചു.

''ചാച്ചി കിടന്നായിരുന്നോ?''

''ഇല്ലെടാ ഞാന്‍ പത്തു കഴിയും കിടക്കുമ്പം. അങ്ങനെ കിടന്നാല്‍ ഒറ്റ ഉറക്കം കിട്ടും. ഉറക്കം വരുവോളം എന്തെങ്കിലും വായിച്ചിരിക്കും. നീ എന്താ വിളിച്ചത് ഈ സമയത്ത്. എന്തെങ്കിലും വിശേഷം?'' അവര്‍ ചോദിച്ചു.

''ചാച്ചീ, കഴിഞ്ഞ ദിവസം അപ്പയും അമ്മയും കൂടി സൗമ്യയെ കാണാന്‍ തറവാട്ടില്‍ പോയിരുന്നു. അവര്‍ക്കിഷ്ടപ്പെട്ടാ പോന്നിരിക്കുന്നത്. മറ്റന്നാള്‍ ഹര്‍ത്താലിന്റെ ദിവസം ഉച്ചകഴിഞ്ഞ് അവിടെ എത്താനാ അവര്‍ തീരുമാനിച്ചിരിക്കുന്നത്. ചാച്ചിയേയും കാണാം സൗമ്യയുടെ വീട്ടിലും പോകാം എന്നാ പറഞ്ഞത്. അവര്‍ വരുന്ന കാര്യം സൗമ്യയുടെ വീട്ടില്‍ ചാച്ചി നാളെയൊന്ന് അറിയിക്കണം.''

''ഞാന്‍ മേരിക്കുട്ടിയോട് പറഞ്ഞോളാം. വേറൊന്നുമില്ലല്ലോ ഞാന്‍ വച്ചേക്കട്ടെ. ഗുഡ്‌നൈറ്റ്.''

''ഗുഡ്‌നൈറ്റ്.''

ഹര്‍ത്താല്‍ ദിവസം ഉച്ചകഴിഞ്ഞ് അജയ്‌ന്റെ മാതാപിതാക്കള്‍ ബെന്നറ്റിന്റെ മഠത്തിലേക്കു യാത്രയായി.

കോണ്‍വെന്റ് മുറ്റത്തെ പടുകൂറ്റന്‍ ചെമ്പകമരത്തിന്റെ ചോട്ടില്‍ കാര്‍ പാര്‍ക്കു ചെയ്ത് ജോര്‍ജ്കുട്ടിയും മിനിയും പുറത്തിറങ്ങി.

ബെന്നറ്റ് പുഞ്ചിരിയോടെ അവരുടെ വരവ് പ്രതീക്ഷിച്ചു കോണ്‍വെന്റ് വരാന്തയില്‍ ഉലാത്തുന്നുണ്ടായിരുന്നു.

''ഞാന്‍ വിചാരിച്ചു ജോര്‍ജ്കുട്ടി വഴി തെറ്റി വേറെ ഏതെങ്കിലും കോണ്‍വെന്റിലേക്കു പോയിരിക്കുമെന്ന്.''

''കളിയാക്കണ്ട ചാച്ചി. എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട്. ഇവിടെ വരാന്‍ ഇപ്പഴാ സമയം ആയത്.''

അയാള്‍ ചിരിച്ചുകൊണ്ട് ചാച്ചിയുടെ അടുത്തുചെന്നു സ്തുതി ചൊല്ലി. മിനിയും ചാച്ചിക്കു സ്തുതി ചൊല്ലി.

അവര്‍ വിസിറ്റിംഗ് റൂമില്‍ ഇരുന്നു.

മിനി കൈയിലിരുന്ന പാക്കറ്റ് ചാച്ചിക്കു നല്കി. അവര്‍ അത് മേശപ്പുറത്തുവച്ചു.

''ചേച്ചിയുടെ മകന്‍ ജോര്‍ജ്കുട്ടിയും ഭാര്യയും. അതായത് അജയ്‌ന്റെ ഫാദറും മദറും.'' ബെന്നറ്റ് മറ്റു സിസ്റ്റേഴ്‌സിന് അവരെ പരിചയപ്പെടുത്തി.

അജയ് സിസ്റ്റേഴ്‌സിന് സുപരിചിതനായിരുന്നു. പള്ളിയിലെയും കോണ്‍വെന്റിലേയും സാമൂഹ്യസേവന രംഗത്ത് അവന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.

സിസ്റ്റേഴ്‌സ് നല്കിയ കോഫി ഇരുവരും കുടിച്ചു.

''ഇനി നിങ്ങള്‍ കുടുംബ കാര്യങ്ങള്‍ സംസാരിക്ക്.''

സിസ്റ്റേഴ്‌സ് കപ്പും സോസറുമെടുത്ത് സ്വീകരണമുറിയില്‍ നിന്നും പുറത്തേക്കു പോയി.

''സൗമ്യയെക്കുറിച്ച് ചാച്ചി എന്തു പറയുന്നു.'' ജോര്‍ജ്കുട്ടി ചോദിച്ചു.

''കുഞ്ഞുനാള്‍ മുതല്‍ അവളെ ഞാന്‍ അറിയുന്നതാ. നല്ല കുട്ടിയാ. നമ്മുടെ കൂട്ടത്തില്‍ കൂട്ടാവുന്ന കുട്ടിയാ. നല്ല സ്വഭാവവും പെരുമാറ്റവും. സാമ്പത്തിക രംഗം മാത്രം മോശമാഎന്നു പറയാതിരിക്കാന്‍ വയ്യ. അവള്‍ക്കു ജോലി കിട്ടിയാലും വീട്ടുകാരെ സഹായിക്കാന്‍ കുറച്ചൊക്കെ കൊടുക്കേണ്ടി വരും.''

''അതിനൊക്കെ അവനും ഞങ്ങളും തയ്യാറാ ചാച്ചി.''

''അവളുടെ അമ്മ അത്രമാത്രം കഷ്ടപ്പെട്ടാ മക്കളെ വളര്‍ത്തുന്നത്. ഇപ്പോഴല്ലേ അടുക്കളയില്‍ ഗ്യാസൊക്കെ ആയത്. എന്തോരം തീയും പുകയും അടിച്ചാ ആ പാവം ഓരോ ചില്ലിയും സമ്പാദിച്ചതെന്ന് ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കും. മേരിക്കുട്ടിയുടെ കാര്യം ഓര്‍ക്കുമ്പം ചിലപ്പോ എനിക്കു സങ്കടം വരും.

ഞാന്‍ ജോര്‍ജ്കുട്ടിയെ പേടിച്ചിരിക്കുകയായിരുന്നു. ഞാന്‍ ആ കൊച്ചിനെ ചാച്ചിയുടെ അടുത്തു കൊണ്ടുപോയി ആക്കുകയും ചെയ്തു. ഇങ്ങനെ ആരറിഞ്ഞു.''

ജോര്‍ജ്കുട്ടിയും മിനിയും ചിരിച്ചു.

''ചാച്ചി പേടിക്കയൊന്നും വേണ്ട. ഇതു പഴയ ജോര്‍ജ്കുട്ടിയല്ല.'' മിനി പറഞ്ഞു ചിരിച്ചു.

''ഇപ്പോ അജയ് അപ്പനും ഞാന്‍ മകനുമാ. അവന്‍ പറയുന്നത് അനുസരിച്ച് നല്ല കുട്ടിയായാ ഇപ്പോഴത്തെ പോക്ക്. അവന്‍ കാരണമാ ഞങ്ങള്‍ക്കിവിടെ വരാനും സന്തോഷത്തോടെ ചാച്ചിയോട് സംസാരിക്കാനും സാധിച്ചത്. അവന്‍ മുന്‍കൈ എടുത്തു കടംവീട്ടി. സ്വന്തമായി വീടില്ലെങ്കിലും വാടകവീട്ടില്‍ കിടന്നു സുഖമായി ഉറങ്ങുന്നുണ്ട്. സ്വന്തം വീട്ടില്‍ കുറെ വര്‍ഷങ്ങളായി ഉറക്കം ശരിയാകുന്നില്ലായിരുന്നു!''

''കര്‍ത്താവ് എല്ലാം കാണുന്നുണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്, എല്ലാം നന്നായി നടക്കട്ടെ.''

അവര്‍ പുറത്തേക്കിറങ്ങി. സൗമ്യയുടെ വീട്ടിലേക്കുള്ള വഴി ചാച്ചി അവര്‍ക്കു പറഞ്ഞു കൊടുത്തു.

തണലുറങ്ങുന്ന വഴിയിലൂടെ അവര്‍ സൗമ്യയുടെ വീട്ടിലേക്കു നടന്നു.

കല്ലും മുള്ളും ഇല്ലാത്ത കരിയിലകള്‍ പരവതാനി വിരിച്ച വീഥിയിലൂടെ അവര്‍ നടന്നു.

''കുണ്ടും കുഴിയും കേറ്റവും ഒന്നും ഇല്ലാത്ത വഴിയായതുകൊണ്ട് എനിക്കു നടക്കാന്‍ ബുദ്ധിമുട്ടില്ല.'' മിനി പറഞ്ഞു.

''നിനക്കു നടക്കാന്‍ ബുദ്ധിമുട്ടില്ലാത്തിടത്ത്, അതുകൊണ്ടല്ലേ അജയ്‌ന്റെ പെണ്ണിന്റെ വീടു വച്ചത്.''

അയാള്‍ പറഞ്ഞു ചിരിച്ചുകൊണ്ട് തലയുയര്‍ത്തിയപ്പോള്‍ കണ്ടതു ചിരിച്ചുകൊണ്ട് മുറ്റത്തു നില്‍ക്കുന്ന മേരിക്കുട്ടിയേയും പ്രീതിയേയുമാണ്.

ഇതു തന്നെയാണോ വീട് എന്ന സന്ദേഹം അവര്‍ക്കനുഭവപ്പെട്ടില്ല.

മേരിക്കുട്ടിയുടെയും പ്രീതിയുടെയും മുഖഭാവത്തില്‍ നിന്നും അവര്‍ക്കുള്ള ക്ഷണം വായിച്ചെടുക്കാമായിരുന്നു.

മേരിക്കുട്ടി കോട്ടണ്‍സാരിയും പ്രീതി സ്‌കേര്‍ട്ടുമാണ് ധരിച്ചിരുന്നത്.

''കേറി വാ.'' മേരിക്കുട്ടി ഹൃദ്യമായി ചിരിച്ച് കൈകൂപ്പി അവരെ സ്വാഗതം ചെയ്തു.

നല്ല വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന ചെറിയ വീട്. അങ്ങിങ്ങായി പൂത്തു നില്‍ക്കുന്ന ചെടികള്‍. ചെറിയ അടുക്കളത്തോട്ടം. ഒരു റംബൂട്ടാനും ഒരു ചാമ്പയും ഒരു പേരയും രണ്ടു കപ്പളവും അടങ്ങിയ ചെറിയ കോമ്പൗണ്ട്.

മേരിക്കുട്ടിയുടെയും മക്കളുടെയും അധ്വാനത്തിന്റെയും ചിട്ടയോടെയുള്ള ജീവിതത്തിന്റെയും നേര്‍സാക്ഷ്യമായിരുന്നു വീടും പരിസരവും.

ജോര്‍ജ്കുട്ടിയും ഭാര്യയും വരാന്തയിലെ കസേരയില്‍ ഇരുന്നു.

''അകത്തേക്കിരിക്കാം നമുക്ക്.''

മേരിക്കുട്ടി അവരെ വീടിനകത്തേക്കു ക്ഷണിച്ചു.

വീടിനകത്തെ ഡൈനിംഗ് ടേബിളിന്റെ കസേരയില്‍ അവര്‍ ഇരുന്നു.

മുറ്റത്തെ ചെറുനാരകത്തില്‍ നിന്നും നാരാങ്ങ പറിച്ച് മേരിക്കുട്ടി നാരാങ്ങാ വെള്ളം വച്ചിരുന്നു. രണ്ടു ഗ്ലാസുകളിലായി പകര്‍ന്ന് അത് അവര്‍ക്കു നല്കി.

''ഞങ്ങള്‍ വരുമെന്ന് ആരെങ്കിലും ഇന്‍ഫര്‍മേഷന്‍ തന്നിരുന്നോ?'' ജോര്‍ജ്കുട്ടി ചിരിച്ചുകൊണ്ടു ചോദിച്ചു.

''നാരങ്ങാവെള്ളം തയ്യാറാക്കി വച്ചിരുന്നതുകൊണ്ട് ചോദിച്ചതായിരിക്കും ഇല്ലേ. ഉവ് പറഞ്ഞിരുന്നു. ബെന്നറ്റ് അമ്മ പറഞ്ഞിരുന്നു വരുന്നുണ്ടെന്ന്.''

''ഞങ്ങള്‍ സൗമ്യയെ കാണാന്‍ പോയിരുന്നു. ഞങ്ങള്‍ക്കിഷ്ടമായി. ഇനി മേരിക്കുട്ടിയും സൗമ്യയുമൊക്കെ ആലോചിച്ച് വിവരം പറയുക. തൃപ്തികരമെങ്കില്‍ നമുക്ക് അവരുടെ വിവാഹം നടത്താം.''

''ഞങ്ങള്‍ക്കു തൃപ്തിക്കുറവൊന്നുമില്ല സാറെ. അവള്‍ക്കൊരു ജോലി കിട്ടിയിട്ടു മതി കല്യാണം എന്ന ചിന്തയിലായിരുന്നു. ജോലി കിട്ടി കുറച്ചു പൈസയൊക്കെ ആയി കുറച്ചു സ്വര്‍ണ്ണമൊക്കെ മേടിച്ചിട്ടു കല്യാണം നടത്താമെന്നായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പണ്ടവും പണവും ഒന്നും കരുതിയിട്ടില്ല.''

''കല്യാണത്തനു പണ്ടവും പണവും വേണമെന്ന് ആരാ പറഞ്ഞത്. കാലത്തിനനുസരിച്ച് നമ്മുടെ മനോഭാവവും മാറണം. ഒരു പണ്ടവും പണവും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.''

തന്റെ ഭര്‍ത്താവല്ല, ഇതു വേറെ ആരോ ആണ് സംസാരിക്കുന്നതെന്നു പെട്ടെന്നു മിനിക്കു തോന്നി.

അവര്‍ ഭര്‍ത്താവിനെ ചെറുപുഞ്ചിരിയോടെ നോക്കി. 'എന്താ ഞാന്‍ പറഞ്ഞതു തെറ്റിപ്പോയോ' എന്ന ഭാവത്തില്‍ അയാള്‍ മിനിയെ നോക്കി.

''മോളുടെ പേരെന്താ?'' മിനി ചോദിച്ചു.

''എന്റെ പേര് പ്രീതി.''

''മോള് അവിടെ നില്‍ക്കുന്നതെന്തിനാ ഞങ്ങടെ അടുത്തു വന്ന് ഇരുന്നോ.'' ജോര്‍ജ്കുട്ടി പറഞ്ഞപ്പോള്‍ അവള്‍ അടുത്തു കണ്ട കസേരയില്‍ ഇരുന്നു.

''മോള്‍ക്ക് എങ്ങനെ പഠനമൊക്കെ നന്നായി പോകുന്നോ?''

''നന്നായി പോകുന്നു.''

''അവന്‍ ഇവിടെ ഒരു ദിവസം വന്ന കാര്യം പറഞ്ഞിരുന്നു. മോള്‍ക്ക് എങ്ങനെ ചേട്ടനെ ഇഷ്ടായോ?''

''ഇഷ്ടമായി അങ്കിള്‍.''

എല്ലാവരും ചിരിച്ചു.

''അനുജനും ഭാര്യയും ഈ മാസം അവസാനം യു കെ യില്‍ നിന്നും വരും. അവര്‍ വന്നിട്ടു നമുക്ക് വിവാഹം ഉറപ്പിക്കുന്നതിനേക്കുറിച്ച് ആലോചിക്കാം. വിവാഹം ജോലി കിട്ടിയിട്ടു മതി എന്നായിരുന്നു അവന്‍ നേരത്തേ പറഞ്ഞിരുന്നത്. രണ്ടുപേരുടെയും ജോലിക്കാര്യം ഒരമിച്ചു നടക്കട്ടെ. ജോലി ലഭിച്ചിട്ടു കല്യാണമെന്നു പറഞ്ഞാല്‍ പെട്ടെന്നു ലീവ് കിട്ടിയെന്നു വരില്ല. ആദ്യം വിവാഹം നടത്താം. എന്നാ എന്റെ അഭിപ്രായം.''

''അങ്ങനെ ആകാം.'' മേരിക്കുട്ടി സമ്മത ഭാവത്തില്‍ തല ചലിപ്പിച്ചു പറഞ്ഞു.

മിനി പ്രീതിയെ ചേര്‍ത്തു നിര്‍ത്തി.

''പോയി വരാം മോളെ.''

''അയ്യോ പോകല്ലേ. കാപ്പി കുടിച്ചിട്ട്.'' മേരിക്കുട്ടി പെട്ടെന്നു പറഞ്ഞു.

മേരിക്കുട്ടിയും പ്രീതിയും കൂടി കാപ്പിയും കൊഴക്കട്ടയും കായ വറുത്തതും എടുത്തുവച്ചു.

കാപ്പിക്കുശേഷം അവര്‍ പോകാനൊരുങ്ങി.

''താമസിയാതെ വീണ്ടും കാണാം.''

അവര്‍ ചിരിച്ചു യാത്ര പറഞ്ഞു.

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org