നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി
ചിത്രീകരണം: എന്‍ എസ് ബൈജു
[നോവല്‍ 23]
ഇനി ഒരു മാസം കൂടിയേ ഉള്ളൂ. മനോജും ഭാര്യയും മടങ്ങിയെത്താന്‍ അവര്‍ അവിടെ നിന്നും പോരാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
''അമ്മച്ചീ, ഇനി ഒരു മാസം പെട്ടെന്നു കടന്നുപോകും. അമ്മച്ചിയുടെ മോനും മോളും എത്തിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ സ്റ്റാന്റ് വിടും.'' ഉള്ളില്‍ വിഷമം ഉണ്ടെങ്കിലും സൗമ്യ ചിരിച്ചുകൊണ്ടു പറഞ്ഞു.
''നിനക്കു പോകുന്ന കാര്യം ഓര്‍ക്കുമ്പം അത്ര സന്തോഷമാണെങ്കീ ഇപ്പോ പൊയ്‌ക്കോ. എന്റെ അടുത്തു നിന്നു സമയം പാഴാക്കണ്ട.'' അമ്മച്ചിയും കൃത്രിമ ഗൗരവം പ്രകടിപ്പിച്ചു.
''എന്റെ പൊന്നമ്മച്ചി എനിക്കു പോകുന്ന കാര്യം ഓര്‍ക്കുമ്പം വിഷമം ഇല്ലെന്ന് ആരു പറഞ്ഞു. ഞാന്‍ ചുമ്മാ പുളു പറഞ്ഞതല്ലേ.''
''എനിക്കും വിഷമം ഉണ്ട്. നീ പോകുന്ന കാര്യം ഓര്‍ക്കുമ്പം. അത്രമാത്രം നീ എനിക്കു പ്രിയപ്പെട്ടവളായി തീര്‍ന്നു. നീ വന്നട്ട് അഞ്ചു മാസമല്ല അഞ്ചു വര്‍ഷമായതുപോലെ തോന്നുകയാ.''
''അത്രയ്ക്കിഷ്ടമായെങ്കി എന്നെ വിടണ്ട.'' അവള്‍ അര്‍ത്ഥം വച്ചു പറഞ്ഞു.
''ഞാന്‍ അജയ്‌നോടു പറഞ്ഞിട്ടുണ്ട്. നിന്നെ വിടണ്ട ഇവിടെത്തന്നെ പിടിച്ചുകെട്ടാന്‍.''
''എന്റെ അമ്മച്ചി ചതിക്കല്ലേ. എന്നെ കെട്ടഴിച്ചു വിടാന്‍ പറയണേ. ഞാന്‍ ഏതെങ്കിലും രാജ്യത്തുപോയി പത്തു കാശുണ്ടാക്കി കുടുംബത്തെ താങ്ങി നിര്‍ത്തട്ടെ.'' അവള്‍ ചിരിച്ചു.
''അതൊക്കെ നടക്കുമെടി. കെട്ടുകഴിഞ്ഞാലും അവന്‍ നിന്നെ ജോലിക്കു വിടും. കുടുംബത്തെ താങ്ങി നിര്‍ത്താനും വിടും.'' അമ്മച്ചിയുടെ വാക്കുകള്‍ കേട്ട് അവള്‍ സംതൃപ്തയായി.
പുറത്തൊരു കാറിന്റെ ശബ്ദം കേട്ട് സൗമ്യ മുന്‍വശത്തേക്കു ചെന്നു. പാപ്പച്ചന്‍ ചേട്ടന്‍ തോട്ടത്തിലേക്കു പോയിരിക്കുകയാണ്.
'ആരായിരിക്കും?'
അവള്‍ കതകു തുറന്നപ്പോള്‍ സിനിമാ നടന്‍ ലാലിന്റെ മാതിരി ഒരാളും കൂടെ ചിരിക്കുന്ന ഒരു സ്ത്രീയും കാറില്‍ നിന്നിറങ്ങുന്നു.
'അമ്മച്ചിയുടെ സ്വന്തത്തില്‍പ്പെട്ടവര്‍ ആരെങ്കിലുമായിരിക്കും. താന്‍ വന്നതില്‍പ്പിന്നെ ഇവര്‍ ഇവിടെ വന്നിട്ടില്ല.'
സിറ്റൗട്ടിലേക്കു കയറിയ അവരോട് അവള്‍ പുഞ്ചിരിയോടെ തിരക്കി.
''ആരായിരുന്നു?''
''നിന്റെ അപ്പന്‍.'' അയാള്‍ ഗൗരവത്തോടെ പറഞ്ഞു.
സൗമ്യയുടെ മുഖത്തെ പ്രകാശം അണഞ്ഞു. കൂടെയുള്ള സ്ത്രീ ഭര്‍ത്താവിനെ ശാസനാരൂപത്തില്‍ നോക്കി.
''കൊച്ചിനെ പേടിപ്പിക്കല്ലേ... നല്ല അപ്പന്‍.''
അവര്‍ വന്നു സൗമ്യയുടെ കൈ കവര്‍ന്നു.
''ഞങ്ങള്‍ അജയ്‌ന്റെ അപ്പനും അമ്മയുമാ മോളെ.'' സൗമ്യ ഒന്നു ചൂളി.
അമ്മ ഒരു നല്ല സ്ത്രീയും അപ്പനൊരു മൊശടനുമാണെന്ന് അവള്‍ക്കു തോന്നി.
അമ്മച്ചി കിടക്കുന്നിടത്തേക്ക് അവളുടെ കൂടെ അവര്‍ ചെന്നു.
ജോര്‍ജുകുട്ടിയേയും ഭാര്യയേയും കണ്ട് അമ്മച്ചി ചെറുതായി ചിരിച്ചു.
''എന്റെ മോന്‍ ഇങ്ങോട്ടൊള്ള വഴി മറന്നു എന്നു ഞാന്‍ കരുതി.''
''ഞാന്‍ വന്നില്ലെങ്കിലെന്താ എന്റെ മരുമോള് അമ്മച്ചിയുടെ കൂടെ സ്ഥിരമുണ്ടല്ലോ.'' അയാള്‍ ചിരിച്ചുകൊണ്ട് അമ്മച്ചിയേയും സൗമ്യയേയും നോക്കി.
സൗമ്യ നാണിച്ചു തലതാഴ്ത്തി.
'ഒരു ബ്രേക്കില്ലാത്ത അപ്പനാണെന്നു തോന്നുന്നു.'
''അപ്പോ എല്ലാം തീരുമാനിച്ചോ?'' അമ്മച്ചി ചിരിച്ചുകൊണ്ട് ജോര്‍ജുകുട്ടിയോടു ചോദിച്ചു.
''തീരുമാനിക്കാറായോ എന്നറിയാനാ ഇങ്ങോട്ടു വന്നത്. അമ്മച്ചിയുടെ അഭിപ്രായം അറിയണം. സൗമ്യയുടെ വീട്ടുകാരുടെ തീരുമാനം അറിയണം.''
''ഇന്നു മെയിനായിട്ടു വന്നത് അമ്മച്ചിയെ കാണാനാ. കൂടെ സൗമ്യയെയും കാണാമല്ലോ എന്നേ കരുതിയുള്ളൂ.''
സൗമ്യ അടുക്കളയിലേക്കുപോയി.
''പെണ്‍കുട്ടി എങ്ങനെയുണ്ടമ്മേ?'' മിനി അമ്മച്ചിയോടു ചോദിച്ചു.
''നല്ല കുട്ടിയാ മോളെ. സൗമ്യമായ സംഭാഷണവും പെരുമാറ്റവും. അവനു ചേരും.''
''അതു മതിയമ്മച്ചി.'' അവള്‍ പറഞ്ഞു.
''അവന്‍ എന്നാ നിങ്ങളോടു വിവരം പറഞ്ഞത്.'' അമ്മച്ചി ചോദിച്ചു.
''അവന്‍ ഇന്നലെ പറഞ്ഞതേ എനിക്കു സൗമ്യയെ കാണാന്‍ ആഗ്രഹമുണ്ടായി. പിന്നെ അമ്മച്ചിയെ കണ്ടിട്ടും ഒത്തിരി ആയല്ലോ.'' മിനി പറഞ്ഞു.
''എന്തയാലും ഞാനിന്ന് അമ്മച്ചിയെ കാണാന്‍ വരണമെന്ന് ഉറപ്പിച്ചിരുന്നതാ. കഴിഞ്ഞ പ്രാവശ്യം ഞാന്‍ വന്നപ്പോ അമ്മച്ചി പറഞ്ഞു കുടിച്ചേച്ചു നീ ഇങ്ങോട്ടു പോരരുതെന്ന്.''
''എനിക്കീ കുടിയന്മാരോടു സംസാരിക്കുന്നത് ഇഷ്ടമല്ല. അവരുടെ ഞഞ്ഞാ പിഞ്ഞ വര്‍ത്തമാനം. അതു സ്വന്തം മക്കളാണെങ്കിലും എനിക്കിഷ്ടമല്ല.''
''അതുകൊണ്ട് ഞാനിപ്പം ഡീസന്റാ അമ്മച്ചി. ഞാന്‍ കുടി നിര്‍ത്തി. ഇനി ധൈര്യമായിട്ട് എനിക്ക് അമ്മച്ചിയുടെ അടുത്തു വരാം.''
''എല്ലാ കുടിയന്മാരും ന്യൂഇയറിനു കുടി നിര്‍ത്തുംപോലെ ആണോ?'' അമ്മച്ചി മകനോടു ചോദിച്ചു.
''അല്ലമ്മച്ചി. ഇനി തൊടില്ല. ഒറപ്പ്.''
''ഇച്ചാച്ചന്‍ സൈറ്റില്‍ നിന്ന് എന്റെ ആഗ്രഹപ്രകാരം പണിയിപ്പിച്ചു തന്ന വീടാ ഞാന്‍ വിറ്റത്. മനസ്സുണ്ടായിട്ടല്ല. നിവൃത്തികേടു കൊണ്ടാ. അമ്മച്ചി ക്ഷമിക്കണം. അമ്മച്ചി മൂന്നു ലക്ഷം രൂപ തന്ന കാര്യം അവന്‍ പറഞ്ഞു.''
''നീ പതം പറയുകയൊന്നും വേണ്ട. കഴിഞ്ഞതു കഴിഞ്ഞു. ഇനി മുന്നോട്ടുള്ള യാത്രയേ ക്കുറിച്ചു ചിന്തിച്ചാല്‍ മതി.''
''അടുത്ത മാസം മനോജ് വരുമല്ലോ. അവനോടുംകൂടി ആലോചിച്ചിട്ടു തീരുമാനം എടുത്താല്‍പ്പോരെ. കല്യാണക്കാര്യത്തില്‍.'' ജോര്‍ജുകുട്ടി അമ്മച്ചിയോടു ചോദിച്ചു.
''അവനിതു കേക്കുമ്പം സന്തോഷമേ ഉണ്ടാവൂ. അവന്‍ വരാനൊന്നും കാക്കണ്ടെന്നാ എന്റെ അഭിപ്രായം.''
''അങ്ങനെയെങ്കീ താമസിയാതെ സൗമ്യയുടെ വീട്ടില്‍ ഞാനും മിനിയും ഒന്നു പോകാം.''
''അതാ അതിന്റെ ശരി. പോകുമ്പം ബെന്നറ്റിന്റെ അടുത്തു ചെന്നാല്‍ ബെന്നറ്റ് സൗമ്യയുടെ വീടു കാണിച്ചു തരും. നിങ്ങള്‍ ബെന്നറ്റിനെ കണ്ടിട്ടും ഒത്തിരി ആയല്ലോ അത് ചാച്ചിക്കും സന്തോഷമാകും. ബെന്നറ്റിന്റെ മഠത്തില്‍ നിന്നും പണിയിച്ചുകൊടുത്തവീട്ടിലാ മേരിക്കുട്ടിയും കുട്ടികളും കഴിയണത്. ബെന്നറ്റും അവര്‍ക്ക് ഒത്തിരി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനുള്ള നന്ദി സൂചകമായാ സൗമ്യ ഇവിടെ എത്തിപ്പെട്ടത്.''
അമ്മച്ചി ജോര്‍ജുകുട്ടിയെയും മിനിയേയും നോക്കി.
''ഞങ്ങള്‍ താമസിയാതെ പോകാം അമ്മച്ചി.''
''നല്ല കാര്യം.''
''ഊണു കഴിക്കാന്‍ സമയമായെന്നു തോന്നുന്നു.'' അമ്മച്ചി വിസില്‍ ഊതി.
''ഇതെന്താ വിസിലൊക്കെ.'' ജോര്‍ജുകുട്ടി ചിരിയോടെ തിരക്കി.
''അതു ഞാന്‍ സൗമ്യയെ വിളിച്ചതാ.'' സൗമ്യ ചിരിയോടെ മുറിയിലേക്കു വന്നു.
''ഊണു റെഡിയായോ എന്നറിയാന്‍ വിളിച്ചതാ.''
''റെഡിയായമ്മച്ചി. അമ്മച്ചി സംസാരിച്ചു കൊണ്ടിരിക്കുകയാണല്ലോ എന്നു കരുതിയാ വന്നു പറയാതിരുന്നത്.''
''ശരി എന്നാല്‍ നമുക്കിനി ഊണുമുറിയിലേക്കു പോകാം.''
എല്ലാവരും ഊണു കഴിക്കാനിരുന്നു.
സൗമ്യ അവര്‍ക്കു മൂന്നുപേര്‍ക്കും വിളമ്പിക്കൊടുത്തു.
''മോള് ഇരുന്നോ. ഒരുമിച്ചു കഴിക്കാമല്ലോ.''
മിനി അവളെ ഊണു കഴിക്കാനായി ക്ഷണിച്ചു.
''സാരമില്ല. ഞാന്‍ പിന്നെ കഴിച്ചോളാം.''
''ഇത് വിഭവസമൃദ്ധമാണല്ലോ. ഇറച്ചിയും മീനും ഒക്കെ ഉണ്ടല്ലോ എല്ലാറ്റിനും നല്ല ടേസ്റ്റുമുണ്ട്. ജാന്‍സി കറിവയ്ക്കാനൊക്കെ പഠിച്ചു ഇല്ലേ.''
ജോര്‍ജുകുട്ടി പറഞ്ഞു.
''ജാന്‍സിക്ക് എന്തെല്ലാം പണികളുണ്ട്. അപ്പോ പാചകം ശരിക്ക് ഒത്തെന്നു വരികേല. ഇത് ഈ കുക്കിന്റെ സംഭാവനയാ.''
അമ്മച്ചി സൗമ്യയെ നോക്കി പറഞ്ഞു.
''നന്നായിട്ടുണ്ടു മോളെ.''
ജോര്‍ജ്കുട്ടി സൗമ്യയെ നോക്കി പറഞ്ഞു. അവളൊന്നു പുഞ്ചിരിച്ചു.
''അമ്മച്ചിക്കൊരു തമാശ കേക്കണോ. ഞങ്ങളിങ്ങു കേറി വരുമ്പം സൗമ്യ ചോദിച്ചു ആരാ എന്ന്. ഞാന്‍ പറഞ്ഞു. 'നിന്റെ അപ്പനാന്ന്.' ശരിയല്ലേ അമ്മച്ചി ഞാന്‍ പറഞ്ഞത്. ഞാന്‍ ഇവളുടെ അപ്പനാകാന്‍ പോവുന്ന ആളല്ലേ.''
''നീ പറഞ്ഞതു ശരി തന്നെയാ. പക്ഷേ, നീ പറയുന്ന സ്റ്റൈല്‍ ഉണ്ടല്ലോ അതാ പ്രശ്‌നം. ഒന്നാമതു പയ്യെ പറയാന്‍ അറിയാന്‍ പാടില്ല. പിന്നെ പാറപ്പുറത്ത് ചിരട്ടയിട്ടു ഒരയ്ക്കണശബ്ദവും. അതൊക്കെ കേട്ടാല്‍ ആരാ പേടിക്കാത്തത്.''
കൂട്ടച്ചിരി മുഴങ്ങി.
''എനിക്കു തന്നെ നിന്നെ പേടിയാ. പിന്നെ സൗമ്യയായ ഇവളുടെ കാര്യം പറയണോ?''
വീണ്ടും ചിരി മുഴങ്ങി.
''ഏയ്, ഈ അമ്മച്ചി ഊണു കഴിക്കാനും സമ്മതിക്കില്ലല്ലോ.''
ജോര്‍ജുകുട്ടി പറഞ്ഞപ്പോള്‍ വീണ്ടും എല്ലാവരും ചിരിച്ചു.
(തുടരും)