പ്രകാശത്തിന്റെ മക്കള്‍ [22]

പ്രകാശത്തിന്റെ മക്കള്‍ [22]
Published on

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 22]

ജോര്‍ജ്കുട്ടിയുടെ വീടും വീടിരിക്കുന്ന സ്ഥലവും അഞ്ചുകോടി രൂപയ്ക്ക് ഒരു റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് വാങ്ങി. ഗള്‍ഫ് കണ്‍സക്ഷന്‍ ഉള്ളവരായതുകൊണ്ട് അവര്‍ക്കു പെട്ടെന്ന് ഇടപാടുകള്‍ നടത്താന്‍ കഴിഞ്ഞു.

അഞ്ചുകോടി റിയല്‍ എസ്റ്റേറ്റു പാര്‍ട്ടി നേരിട്ടു ബാങ്കില്‍ അടച്ചു. ബാങ്കില്‍ അടയ്‌ക്കേണ്ട ബാക്കി ഒന്നേ മുക്കാല്‍ കോടി രൂപ അജയ് അടച്ച് ഡീഡ് തിരിച്ചെടുത്തു.

തന്നെ സഹായിച്ച സഹോദരങ്ങള്‍ക്കും കസിന്‍സിനും അവന്‍ നന്ദി അറിയിച്ച് വീണ്ടും വിളിച്ചു.

രണ്ടാഴ്ചകൊണ്ട് എല്ലാം സുഗമമായി നടന്നതില്‍ ജോര്‍ജുകുട്ടിയും ഭാര്യ മിനിയും അജയ്‌യും ദൈവത്തിനു നന്ദി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

റിയല്‍ എസ്റ്റേറ്റു ഗ്രൂപ്പ് ജോര്‍ജുകുട്ടിയോട് വാങ്ങിയ സ്ഥലത്ത് ആറു വില്ലകള്‍ നിര്‍മ്മിക്കാനുള്ള പ്രൊജക്ട് തയ്യാറാക്കി.

അജയ്‌യും ജോര്‍ജുകുട്ടിയും ആവശ്യപ്പെട്ടപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് മൂന്നു വില്ലകളുടെ നിര്‍മ്മാണ ജോലികള്‍ ജോര്‍ജുകുട്ടിക്കു നല്കി. ഒരു പുതിയവര്‍ക്കും ലഭിക്കാതിരുന്ന ജോര്‍ജുകുട്ടിക്ക് അതൊരു അനുഗ്രഹമായി.

ജോര്‍ജ്കുട്ടി മദ്യപിക്കാതെ വീട്ടിലെത്തുന്നതു കണ്ട് അജയും മിനിയും ആശ്വാസം കൊണ്ടു.

ബാങ്കില്‍ ലോണ്‍ തുകയും ഇന്ററസ്റ്റും അടച്ചു കഴിഞ്ഞപ്പോള്‍ മിച്ചമായി ഒന്നും തന്നെ ഇല്ലെന്നു കണ്ട് അവര്‍ വാടക വീട്ടിലേക്കു മാറാമെന്നു തീരുമാനിച്ചു. പുതിയ വീടു വാങ്ങുന്നതു പിന്നീട് പണം ഉണ്ടാകുമ്പോള്‍ ആകാമെന്നു വച്ചു.

ലോണോടുകൂടി പുതിയ വീടുകള്‍ നല്കാമെന്നു പറഞ്ഞു റിയല്‍ എസ്റ്റേറ്റു പാര്‍ട്ടികള്‍ അജയ്‌ന്റെയും ജോര്‍ജുകുട്ടിയുടെയും ചുറ്റും വട്ടമിട്ടു പറന്നു. ആ ചൂണ്ടില്‍ അവര്‍ കൊത്തിയില്ല. ഇരുവരും ചിരിച്ച് തമാശ പറഞ്ഞു, വന്ന പാര്‍ട്ടികളെ പറഞ്ഞുവിട്ടു.

''ഇനി ഒരു ലോണും വേണ്ട. ഉള്ളതുകൊണ്ട് ഒതുങ്ങി കഴിഞ്ഞാമതി. കൊതി മാറി.''

ജോര്‍ജുകുട്ടിയുടെ സംഭാഷണം കേട്ട് അജയ്‌യും മിനിയും ചിരിച്ചു.

ഷോപ്പിംഗ് കോംപ്ലക്‌സിനടുത്തായി അവര്‍ വീട് വാടകയ്‌ക്കെടുത്തു.

ജോര്‍ജുകുട്ടി വീട്ടില്‍ നേരത്തെ എത്തി സന്ധ്യാ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതു കണ്ട് മൂവരും പരസ്പരം നോക്കി ചിരിച്ചു.

ജോര്‍ജുകുട്ടി ഞായറാഴ്ചയും പറ്റുന്ന ഇടദിവസങ്ങളിലും രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയിത്തുടങ്ങി.

അന്ന് അത്താഴത്തിനിരുന്നപ്പോള്‍ അജയ് അപ്പയോടും മമ്മിയോടും വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായി ആമുഖം ഇട്ടു.

''അപ്പയോടും അമ്മയോടും എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.''

''അതിനു മുഖവുര എന്തിനാ പറഞ്ഞാ പോരെ.'' ജോര്‍ജ്കുട്ടി ചോദിച്ചു.

''അപ്പ കേക്കണതേ ചാടിക്കടിക്കാന്‍ വരും. അതാ.''

''കേക്കണതേ ചാടിക്കടിക്കാന്‍ വരുന്ന കാര്യമാണെങ്കീ നീ പറയണ്ട.''

അവിടെ നിശ്ശബ്ദത തളംകെട്ടി.

''ഏതായാലും നീ പറ. ഞാന്‍ ചാടി കടിക്കുകയൊന്നുമില്ല. അല്ലെങ്കിലും നീയല്ലേ ഇപ്പോ കാരണവര്. പിന്നെെയന്താ?''

ജോര്‍ജുകുട്ടി മകനോടു സംതൃപ്തിയോടെ ആവശ്യപ്പെട്ടു. അജയിന്റെ ഒറ്റ ആളുടെ ബുദ്ധിപൂര്‍വമായ നീക്കങ്ങളാണ് പെട്ടെന്നു കടം വീട്ടാന്‍ സാധിച്ചതെന്ന് ജോര്‍ജുകുട്ടിക്കു നന്നായറിയാം. ആത്മഹത്യയുടെ വക്കില്‍ നിന്നാണ് മകന്‍ തന്നെ രക്ഷപ്പെടുത്തിക്കൊണ്ടു പോന്നത്. ദൈവം മകനിലൂടെ തന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നു എന്ന് ജോര്‍ജുകുട്ടി വിശ്വസിക്കുന്നു.

നാലാളുടെ മുന്നില്‍ തന്റെ വില എന്തായിരുന്നു എന്നും ഇപ്പോള്‍ അതിനു സംഭവിച്ച കോട്ടങ്ങളേക്കുറിച്ചും ജോര്‍ജുകുട്ടി ബോധവാനാണ്.

ഇപ്പോള്‍ തന്റെ മകന്റെ കൂടെ എവിടെ ഇറങ്ങിയാലും വിലയുണ്ട്. അവനെ എല്ലാവരും അറിയും. 'അജയ്‌ന്റെ ഫാദറായാണ് താന്‍ അറിയപ്പെടുന്നത്. അതില്‍ അഭിമാനമേ ഉള്ളൂ.'

''നീ എന്താ മിണ്ടാതിരിക്കുന്നത്. എന്തു കാര്യമാണെങ്കിലും പറയെടാ.'' ജോര്‍ജ്കുട്ടി നിശ്ശബ്ദനായിരിക്കുന്ന മകനോട് ആവശ്യപ്പെട്ടു.

''എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായി. അവളെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്.''

''ഇതിനാണോ ഇത്ര മുഖവുര. അത് സന്തോഷമുള്ള കാര്യമല്ലേ; പിന്നെയെന്താ?''

''പെണ്‍കുട്ടി ഒരു പാവപ്പെട്ട വീട്ടിലെയാ. അവള്‍ക്ക് അപ്പനില്ല. അമ്മയും അനിയത്തിയും മാത്രമേയുള്ളൂ. അവള്‍ നേഴ്‌സിംഗ് കഴിഞ്ഞതാ. വിദേശത്തു പോകാന്‍ താല്‍പ്പര്യമുണ്ട്.''

''അതിലെന്താടാ കുഴപ്പമിരിക്കുന്നത്. നമ്മളിപ്പം പണക്കാരാണോ? അവള്‍ നേഴ്‌സല്ലേ. വിദേശത്തുപോയി ജോലി ചെയ്താല്‍ കൈനിറയെ കാശല്ലേ. പണക്കാരിയെ കെട്ടിയാ ഒന്നിച്ചു കാശുകിട്ടം. നേഴ്‌സിനെ കെട്ടിയാല്‍ ഗഡുക്കളാകുമെന്നേ ഉള്ളൂ. അതിലും കാശുകിട്ടും.'' ജോര്‍ജുകുട്ടി പറഞ്ഞു ചിരിച്ചു.

''എന്റെ പൊന്നേ നിങ്ങക്ക് ഇനിയെങ്കിലും ഈ കാശിന്റെ കണക്കുക്കൂട്ടല്‍ നിര്‍ത്ത്. അവന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയാണെങ്കീ നമുക്കു മറ്റൊന്നും നോക്കണ്ട.''

''ഞാന്‍ ചുമ്മാ തമാശ പറഞ്ഞതല്ലേടി. മുമ്പ് എനിക്ക് എന്റെ മകന്‍ കെട്ടി കോടികള്‍ കൊണ്ടു വരുന്നതിനോടു താത്പര്യമുണ്ടായിരുന്നു എന്നതു നേരാ. ഇപ്പോള്‍ എന്റെ മനോഭാവത്തില്‍ മാറ്റം വന്നു. അവന്‍ ഏതു പെണ്ണിനെ ഇഷ്ടപ്പെട്ടാലും ഞാന്‍ പച്ചക്കൊടി കാണിക്കും.''

മിനിയുടെയും അജയ്‌ന്റെയും മുഖത്ത് പ്രകാശം പരന്നു.

''അവളുടെ അമ്മയേയും അനുജത്തിയേയും സംരക്ഷിക്കേണ്ട ചുമതല അവള്‍ക്കാ. അപ്പോ കിട്ടുന്ന സാലറിയില്‍ നിന്നും കുറച്ചങ്ങോട്ടു കൊടുക്കേണ്ടി വരും.''

''കൊടുക്കണമെടാ. അവരു പാടുകഴിച്ചു പഠിപ്പിച്ചതല്ലേ. നീ അതിനൊന്നും എതിരു നില്‍ക്കില്ലെന്നെനിക്കറിയാം. സ്വന്തം അമ്മയേയും കൂടെപ്പിറപ്പിനേം തള്ളിക്കളഞ്ഞ് നിന്നെ കണ്ടപ്പം നിന്റെ കൂടെ പോരാമെന്നു പറഞ്ഞെങ്കീ അതായിരിക്കും തെറ്റ്.''

ജോര്‍ജ്കുട്ടിയുടെ വാക്കുകള്‍ അജയ്ക്ക് ആശ്വാസവും ഉന്മേഷവും നല്കി.

തന്റെ പഴയ അപ്പനായിരുന്നെങ്കീ ഇങ്ങനെയൊന്നും സംസാരിക്കില്ലായിരുന്നുവെന്ന് അവനറിയാമായിരുന്നു. ആ ഒരു ഉല്‍ക്കണ്ഠയാണ് അവനെ ഇത്രയും നാള്‍ സംഘര്‍ഷത്തിലാക്കിയിരുന്നത്.

പുതിയ അപ്പന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണമെന്ന് അവനു തോന്നി.

''നീ ഇനിയും പെണ്ണെവിടെ എന്നു പറഞ്ഞില്ല. ഇതെന്തൊരു സസ്‌പെന്‍സാ. പെണ്ണിന്റെ പേരും ഊരുമൊക്കെ ആദ്യം പറയാനുള്ളതിന്. ചില സിനിമാക്കാര്‍ കഥപറയുംപോലെ ഉണ്ടല്ലോ.''

അജയ് ചിരിച്ചു.

''പെണ്ണിന്റെ പേര് സൗമ്യ. അവളിപ്പം നമ്മുടെ അമ്മച്ചിയുടെ അടുത്തുണ്ട്. മനോജ് അങ്കിള്‍ യു കെ യ്ക്കു പോകാന്‍ നേരത്ത് ചാച്ചി, അമ്മച്ചിക്കു കൂട്ടായി അവിടെ കൊണ്ടാക്കിയതാ അവളെ.''

''നീ അവിടെ വച്ചാണോ അവളെ ആദ്യം കണ്ടത്. അതോ അതിനു മുമ്പു പരിചയമുണ്ടോ?'' മിനി ചോദിച്ചു.

''എനിക്കു മുന്‍പരിചയമില്ല. അവിടെ വച്ചാ സൗമ്യയെ ആദ്യം കാണുന്നത്. ചാച്ചിക്ക് അവളെ ചെറുപ്പം തൊട്ടേ അറിയാം. നല്ല കുട്ടിയാന്നാ ചാച്ചി പറഞ്ഞത്. ചാച്ചിയോടു ഞാന്‍ പറഞ്ഞതാ അപ്പേടെ അടുത്ത് സൗമ്യയുടെ കാര്യം ഒന്നു പറയാന്‍. അപ്പോ ചാച്ചിക്ക് അപ്പയെ പേടി.''

ജോര്‍ജുകുട്ടി ഒന്നു ചിരിച്ചു.

''അടുത്ത മാസം മനോജ് അങ്കിളും ആന്റിയും യു കെ യില്‍ നിന്നു വരും. അപ്പോ അവള് അവളുടെ വീട്ടിലേക്കു പോകും. പിന്നെ ഐ ഇ എല്‍ ടി എസ് പഠിക്കാന്‍ ചേരും.''

''ഞാന്‍ അമ്മച്ചിയെ കണ്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇടയ്ക്ക് ഒന്നു അമ്മച്ചിയെ പോയി കാണേണ്ടതായിരുന്നു. ഇച്ചാച്ചന്‍ പണി കഴിപ്പിച്ചു തന്ന വീടു വിറ്റപ്പോഴെങ്കിലും. അതല്ലായിരുന്നു, വീടുവില്‍ക്കുന്നതിനു മുന്നേ അമ്മച്ചിയുടെ അനുവാദം ചോദിക്കണമായിരുന്നു. എന്റെ ഭാഗത്തുനിന്നു വന്ന വലിയ തെറ്റാ അത്.''

അയാള്‍ വിഷമത്തോടെ പറഞ്ഞു.

''അപ്പ അതേക്കുറിച്ചോര്‍ത്തു വിഷമിക്കണ്ട. ഞാന്‍ അമ്മച്ചിയെ എല്ലാ കാര്യവും അപ്പപ്പോ അറിയിച്ചു കൊണ്ടാ ഇരിക്കണ്ത്. അപ്പയെ കാണാത്തതുകൊണ്ട് അമ്മച്ചിക്കു വിഷമം ഉണ്ടായിരിക്കും. എന്നോടൊന്നും അങ്ങനെ വിഷമമായിട്ടൊന്നും പറഞ്ഞിട്ടില്ല.''

''അന്ന് മദ്യം ചെന്നു കഴിയുമ്പം അമ്മച്ചിയേക്കുറിച്ചൊന്നും ചിന്തിക്കാറില്ലായിരുന്നു എന്നതാ സത്യം. ഏതായാലും നമുക്കു താമസിയാതെ ഒന്നു പോണം.''

ജോര്‍ജുകുട്ടി മിനിയെ നോക്കി പറഞ്ഞു.

മിനി തലകുലുക്കി.

''നാളെ അമ്മേം അപ്പേം കൂടെ ഒന്നു പോ... അവളേം കാണാം അമ്മച്ചിയേം കാണാമല്ലോ.'' അജയ് പറഞ്ഞു.

''അവളല്ലട. സൗമ്യാന്നു പറ.''

''ശരി. സൗമ്യതന്നെ. നാളെ പോ. ഞാന്‍ സൈറ്റില്‍ പോകാം.'' അജയ് ചിരിച്ചു പറഞ്ഞു.

''അങ്ങനെ ആകാം.''

''അപ്പേം അമ്മേം സമ്മതിച്ചാല്‍ പ്രൊസീഡ് ചെയ്താല്‍ മതിയെന്നാ സൗമ്യ പറഞ്ഞിരിക്കുന്നത്.'' ചിരിച്ചുകൊണ്ട് അജയ് പറഞ്ഞു.

''അവളു കൊള്ളാം. അങ്ങനെ വേണം.'' ജോര്‍ജുകുട്ടി ആഹ്‌ളാദത്തോടെ പ്രതിവചിച്ചു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org