പ്രകാശത്തിന്റെ മക്കള്‍ [21]

പ്രകാശത്തിന്റെ മക്കള്‍ [21]
Published on

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 21]

അജയിന്റെ വരവും കാത്തിരിക്കുകയായിരുന്നു അമ്മച്ചി. അതുപോലെയു ള്ള കാത്തിരിപ്പല്ലെങ്കിലും സൗമ്യയുടെ കാതുകള്‍ വാഗണറിന്റെ ശബ്ദത്തിനായി കാതോര്‍ത്തിരുന്നു.

ആരംഭശൂരത്വം കാണിച്ചിട്ടു പോയതായിരിക്കും. വല്ല്യ ഇഷ്ടമാണെന്നൊ ക്കെ പറഞ്ഞിട്ട്. എത്ര ദിവസമായി കണ്ടിട്ട്.

അവന്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങുന്നത് അവള്‍ ശ്രദ്ധിച്ചു. മുഖത്തൊരു ചിരിയുണ്ട്. മുമ്പ് കണ്ടതിലും സുന്ദരനായ പോലെ.

പൂന്തോട്ടത്തില്‍ ചെടികള്‍ നനയ്ക്കുകയായിരുന്നു അവള്‍.

അജയ് നിറഞ്ഞ ചിരിയോടെ അമ്മച്ചിയോടു ചേര്‍ന്നിരുന്നു തോളില്‍ കൈയിട്ടു.

''ഇന്നു നല്ല സന്തോഷത്തിലാണല്ലോ. എന്താ കാര്യം?'' അമ്മച്ചി അവനോടു ചോദിച്ചു.

''പ്രശ്‌നങ്ങളുടെ മാളത്തില്‍ നിന്നും ഓരോന്ന് ഒഴിഞ്ഞു പോവുമ്പോഴുള്ള സന്തോഷമാ അമ്മച്ചി.''

''ഏതു പ്രശ്‌നമാ ഒഴിഞ്ഞുപോയത്.''

''അപ്പയുടെ ലോണിന്റെ കാര്യം. വീടു വിറ്റു ലോണ്‍ അടച്ചുതീര്‍ക്കാന്‍ തീരുമാനിച്ചു.''

അമ്മച്ചിയുടെ മുഖത്തെ തെളിച്ചം അണഞ്ഞു.

''വീടു വില്‍ക്കാനോ? ജോര്‍ജ്കുട്ടിക്കായി അവന്റെ ആഗ്രഹം പോലെ ഇച്ചാച്ചന്‍ പണിയിച്ച് കൊ ടുത്ത വീടാ അത്. അതു വില്‍ക്കുകയാണെന്നറിഞ്ഞപ്പോള്‍ ഒരു പ്രയാസം.''

''പൊള്ളുന്ന മനസ്സോ ടെ വലിയ വീട്ടില്‍ കഴിയുന്നതിലും സ്വസ്ഥതയോടെ ചെറിയ വീട്ടില്‍ കഴിയുന്നതല്ലേ അമ്മച്ചി നല്ലത്.''

''നീ പറയണത് ശരിയാ. ഇങ്ങനെയൊക്കെ വരുമെന്ന് ആരറിഞ്ഞു. ഉയര്‍ ന്നുയര്‍ന്നു പോകുമെന്നു കരുതിയല്ലേ ഓരോന്നു ചെയ്യുന്നത്. അപ്രതീക്ഷിത തടസ്സങ്ങളുണ്ടായി പറഞ്ഞിരുന്നിട്ടു കാര്യമില്ല.''

''അപ്പ അത്രമാത്രം ആ വീടിനെ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നതു ശരിയാ. പക്ഷേ, അതല്ലാതെ നമുക്കു വേറെ പോം വഴിയില്ലല്ലോ. ഞാന്‍ തൃശ്ശൂര്‍ സെബാസ്റ്റ്യന്‍ അങ്കിളിന്റെ അടുത്തു പോയിരുന്നു. അങ്കിള്‍ പറ്റുന്ന സഹായം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട് അമ്മച്ചി.''

''അവനൊരു നല്ല കൊച്ചനാ. വല്യ ഉദ്യോഗസ്ഥനാണെന്ന ഭാവമൊന്നുമില്ല. ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. ആട്ടെ വീട് കച്ചവടം ആയോ?''

''പെയിന്റിംഗ് നടന്നു കൊണ്ടിരിക്കയാ. പെയിന്റടി കഴിഞ്ഞ് അഡ്‌വെര്‍ട്ടൈസ്‌മെന്റ് കൊടുക്കണം.''

''എവിടെയെങ്കിലും വീടു കണ്ടു വച്ചിട്ടുണ്ടോ വേറെ വാങ്ങിക്കാന്‍.''

''അതു പൈസ മിച്ചം എന്തുമാത്രം ഉണ്ടാവും എന്നറിഞ്ഞു ചെയ്യും.''

''അതുമതി. ഇനിയിപ്പം കുറച്ചുനാള്‍ വാടക വീട്ടില്‍ താമസിച്ചാലും കുറച്ചിലൊന്നും ഓര്‍ക്കണ്ട. കടക്കാര് വന്നു ശല്യം ചെയ്യുമ്പോ വലിയ വീട്ടില്‍ കിടക്കുന്നതെന്തിനാ.''

''അതെ. അങ്ങനെയൊരു ചിന്തയിലേക്ക് നിര്‍മ്മലും സ്മിതയുമൊക്കെ വന്നിട്ടുണ്ട്. അവര്‍ വീടു വിറ്റോളാനാ പറയണത്.''

''ഞാന്‍ എന്നെ വിളിക്കുന്നവരോടും എന്റെ മകള്‍ ലിസ്സിയോടും ജോര്‍ജ്കുട്ടിയുടെ ലോ ണിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. സഹായിക്കാന്‍ മനസ്സുള്ളവരു സഹായിച്ചോട്ടെ എന്നു കരുതി. എന്നേക്കൊണ്ട് അത്രയല്ലേ പറ്റൂ.''

''അമ്മച്ചി പ്രാര്‍ത്ഥിച്ചാ മതി. ആരോടും ഒന്നും പറയാന്‍ പോവണ്ട.''

അവന്‍ അമ്മച്ചിയെ ഒ ന്നുകൂടി ചേര്‍ത്തു പിടിച്ചു.

''നീ ജോലിക്കു പോവുന്ന കാര്യം എന്തായി. ഏതു രാജ്യത്തേക്കാന്നു തീരുമാനിച്ചോ?'' അമ്മച്ചി ചോദിച്ചു.

''മിക്കവാറും കാനഡയിലേക്കായിരിക്കും. അളിയന്‍ അവിടെയുണ്ടല്ലോ. ഏതായാലും പോകാന്‍ കുറച്ചു താമസമെടുക്കും. ഇവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് ഒതുക്കിയിട്ടേ പോകൂ.''

അമ്മച്ചി കരുതി വച്ചിരുന്ന ഒരു കവര്‍ അവനു നേരെ നീട്ടി.

''ഇതെന്താണമ്മച്ചി.''

''തുറന്നു നോക്ക്.''

അജയ് കവര്‍ തുറന്നു നോക്കിയപ്പോള്‍ അതിനകത്തൊരു ചെക്ക്‌ലീഫ്. മൂന്നു ലക്ഷം രൂപയുടെ. അമ്മച്ചിയുടെ ചെക്കാണ്. എഴുതിയിരിക്കുന്നത് നല്ല വടിവൊത്ത അക്ഷരത്തില്‍. ഒപ്പിട്ടിരിക്കുന്നത് അമ്മച്ചിയും.''

''ഇതെന്തിനാ അമ്മച്ചി എനിക്കു ചെക്കു തരുന്നത്.''

''അത് ജോര്‍ജ്കുട്ടിയുടെ ലോണിന്റെ തിരിച്ചടവിലേക്ക് എന്റെ വക.'' ഇന്നലെ മനോജ് വിളിച്ചപ്പം ഞാന്‍ അവനോടു പറഞ്ഞു, എനിക്ക് എന്തെങ്കിലും ജോര്‍ജ്കുട്ടിക്കു കൊടുക്കണമെന്ന്. അവന്‍ സന്തോഷത്തോടെ പറഞ്ഞു, അമ്മച്ചിക്ക് ഇഷ്ടമുള്ളതു കൊടുത്തോളാന്‍. എന്റെ മക്കളെന്നെ പൊ ന്നുപോലെ നോക്കണ്ണ്ട്. പിന്നെ ഞാനെന്തിനാ പൈസ പൊതിഞ്ഞു വച്ചോണ്ടിരിക്കണത്. മോളിലോട്ടു കൊണ്ടു പോകാമെന്നു വച്ചാലും അവിടെ രൂപയല്ല നാണയമെന്നാ കേക്കണത്.''

അമ്മച്ചിയും ചിരിച്ചു അവനും ചിരിച്ചു.

''നമ്മുടെ കുടുംബത്തിലെ എല്ലാവരും തന്നെ സഹായം നല്കും അമ്മച്ചി. ഞാന്‍ ഇങ്ങനെയൊരു സഹകരണം പ്രതീക്ഷിച്ചില്ല.''

അവന്‍ നിറകണ്ണുകളോടെ പറഞ്ഞു. ''നിന്റെ കൂടെ കര്‍ത്താവുണ്ടെടാ. അതാ എല്ലാവരും സഹായം എത്തിക്കണത്.''

''ഇതാരാ ഇത്ര നല്ല കൈയക്ഷരത്തില്‍ എഴുതിയിരിക്കുന്നത്.'' അവന്‍ ചെക്കിലേക്കു നോക്കി ചോദിച്ചു.

''അതെന്റെ പി എ എഴുതിയതാ. നന്നായിട്ടുണ്ട് ഇല്ലേ.''

''ഫൈന്‍.'' അവന്‍ ചിരിച്ചുകൊണ്ടു പ്രതികരിച്ചു.

''അവള്‍ ഫൈന്‍ ആണെടാ. ഇനിയും താമസിക്കുന്നതെന്തിനാ. വീട്ടില്‍ അവതരിപ്പിക്കാന്‍ പാടില്ലായിരുന്നോ?''

''ജോലി കിട്ടിയിട്ടു പോ രേ എന്നാ ചന്തിക്കുന്നത്.''

''ജോലി കിട്ടുവോളം വൈകണ്ട എന്നാ എന്റെ അഭിപ്രായം. കല്യാണം കഴിഞ്ഞു രണ്ടുപേര്‍ക്കും കൂടി ഒരുമിച്ചു ജോലിക്കു പോകാമല്ലോ.''

അവന്‍ സമ്മതഭാവത്തില്‍ തലകുലുക്കി.

''അമ്മയും അനുജത്തിയും കൂടി ഒരു ദിവസം വന്നിരുന്നു.''

''ഉവ്വോ. എന്നിട്ട് എന്റെ കാര്യം വല്ലതും ചോദിച്ചോ?''

അവന്‍ ജിജ്ഞാസ പ്രകടിപ്പിച്ചു.

''അതേ കുറിച്ചൊന്നും സംസാരിച്ചില്ലെടാ. അതൊ ക്കെ സംസാരിക്കേണ്ടവര്‍ തമ്മില്‍ സംസാരിക്കട്ടെ. അതാ അതിന്റെ ശരി.'' അമ്മച്ചി ഒന്നു ചിരിച്ചു.

''ഓ കെ'' അവനും ചിരിച്ചു.

''ഊണു കഴിഞ്ഞേ പോകാവൂ.''

''ആയിക്കോട്ടെ.''

അമ്മച്ചി ടേബിളില്‍ നിന്നും വിസില്‍ എടുത്ത് ഊതി.

''ഇതെന്തിനാ വിസില്‍ ഊതുന്നത്?'' അവന്‍ ചിരിച്ചു ചോദിച്ചു.

''ഇതു സൗമ്യയ്ക്കുള്ള വിസിലാ.''

''അതു കൊള്ളാം.'' അവന്‍ അമ്മച്ചിയുടെ വിസിലെടുത്ത് ഊതി.

''ഇതെന്താ പിള്ളേര് പീപ്പി ഊതിക്കളിക്കും പോലെ. ഞാന്‍ അടുക്കളയില്‍ ഇത്തിരി ജോലിയിലായിരുന്നു. അപ്പോഴാ ഒരു പീപ്പി കളി.'' അവള്‍ കൃത്രിമ ഗൗരവം നടിച്ച് അവനെ നോക്കി.

''ഏ... മാഡം അമ്മച്ചി പീപ്പി ഊതിക്കഴിഞ്ഞ് താങ്കളെ കാണാത്തതു കൊണ്ടാ ഞാന്‍ പീപ്പി എടുത്ത് ഊതിയത്. ആദ്യത്തെ ഊതിനു തന്നെ ഹാജരാകാത്തതെന്തേ.''

''ഞാന്‍ നടന്നാ ഇങ്ങോട്ടു വരണത്. ഞാന്‍ മായാവിയൊന്നുമല്ല. ഊതണതേ പ്രത്യക്ഷപ്പെടാന്‍.''

''മതി, നിര്‍ത്ത്. ഇത്രയും മതി.''

അമ്മച്ചി പറഞ്ഞു ചിരിച്ചപ്പോള്‍ അജയ്‌യും സൗമ്യയും ചിരിച്ചു.

''എന്തുപറ്റി. കുറച്ചു ദിവസം കണ്ടില്ലല്ലോ?'' അവള്‍ ചോദിച്ചു.

''സമാധാനമായി. ആദ്യമായിട്ടാ, മര്യാദയ്‌ക്കൊരു ചോദ്യം ചോദിക്കണത്. അതിനു നന്ദിയുണ്ട്.''

''വരവു വച്ചിരിക്കുന്നു. ഊണു റെഡിയായിട്ടുണ്ട്. നമുക്കു ഊണു കഴിച്ചാലോ?''

സൗമ്യ അമ്മച്ചിയേയും അജയ്‌നെയും നോക്കി ചോദിച്ചു.

''കഴിക്കാം.''

അമ്മച്ചി അവരോടൊന്നിച്ച് ഊണു മുറിയിലേക്കു നടന്നു.

ഇപ്പോള്‍ അമ്മച്ചി വാക്കറില്ലാതെ സൗമ്യയുടെ കൈപിടിച്ചാണു നടക്കുന്നതെന്ന് അജയ് കണ്ടു.

''അമ്മച്ചി ബെറ്ററായല്ലോ, ഇപ്പോ വാക്കറിന്റെ ആവശ്യം ഇല്ലല്ലോ.'' അവന്‍ ചോദിച്ചു.

''എന്റെ വാക്കറിപ്പം സൗമ്യയാടാ. സൗമ്യ തൊട്ടാമതി എനിക്കൊരു ധൈര്യമാ... നടക്കാന്‍.''

''ഡ്രൈവിംഗ് പഠനം എവിടെ വരെയായി.'' ഊണു കഴിക്കുന്നതിനിടയില്‍ അജയ് അവളോടു ചോദിച്ചു.

''ഞാന്‍ നന്നായി പഠിച്ചു എന്നാ പാപ്പച്ചന്‍ ചേട്ടന്‍ പറഞ്ഞത്. ഇനി ലൈസന്‍സിന് അപേക്ഷിക്കാമെന്ന്.''

''ഇവിടെ ഓടിച്ചിട്ടു കാര്യമില്ല. റോഡില്‍ക്കൂടി ഓടിക്കണം എന്നിട്ടു ലൈ സന്‍സിന് അപേക്ഷിച്ചാല്‍ മതി.'' അവന്‍ പറഞ്ഞു.

''റോഡില്‍ ഒന്നു രണ്ടു പ്രാവശ്യം ആ ചേട്ടന്റെ കൂടെ പോയിരുന്നു. പിന്നെ അമ്മച്ചിയെ തനിയെ ആക്കിയിട്ടു പോകണമല്ലോ എന്നു കരുതി പോയില്ല. കാര്യം ജാന്‍സിച്ചേച്ചി ഉണ്ടെങ്കിലും.''

''എടാ നീ ഇവളെ ടൗണിലൊന്നു കൊണ്ടുപോ. ആ തിരക്കുള്ളിടത്ത് ഇവളൊന്നു ഓടിച്ചു നോക്കട്ടെ. എന്നിട്ടു ലൈസന്‍സിന് അപേക്ഷിക്കാം. നീ എന്തു പറയുന്നു.'' അമ്മച്ചി അവനെ നോക്കി ചോദിച്ചു.

അവന്‍ സൗമ്യയുടെ നേരെ നോക്കി.

എന്നെ കൊണ്ടുപോകാമോ? എന്ന് അവളുടെ കണ്ണുകള്‍ അവന്റെ കണ്ണുകളോടു ചോദിച്ചു.

''അതിനെന്താ അമ്മച്ചി, ഞാന്‍ സൗമ്യയെ കൊണ്ടുപോകാം.''

ഊണുകഴിഞ്ഞ് അമ്മച്ചിയെ ജാന്‍സിയുടെ അടുത്ത് ആക്കിയിട്ട് സൗമ്യയും അജയ്‌യും കൂടി അജയ്‌യുടെ കാറില്‍ പ്രാക്ടീസിനായി പോയി.

തിരക്കുള്ള വഴിയിലൂടെ അവള്‍ അനായാസം ഡ്രൈവ് ചെയ്യുന്നതു കണ്ട് അവന്‍ ആശ്ചര്യപ്പെട്ടു.

''നീ എത്ര വേഗമാ ഡ്രൈവിംഗ് പഠിച്ചത്. ഞാ നിത്രയും പ്രതീക്ഷിച്ചില്ല.''

''പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കും പോലെയല്ലല്ലോ സംഭവിക്കുന്നത്.''

''നീ എന്താ അര്‍ത്ഥം വച്ചു പറയുന്നത്.''

''ഒന്നുമില്ല. പറഞ്ഞെ ന്നു മാത്രം. വീട്ടില്‍ച്ചെന്നിരുന്നു എന്ന് മമ്മി വന്നപ്പോള്‍ പറഞ്ഞു.''

''മമ്മിയോട് എന്താ പറഞ്ഞുവിട്ടത്. എന്നെ ഇഷ്ടമല്ലെന്നോ ഇഷ്ടമാണെന്നോ.'' അവന്‍ ചോദിച്ചു.

''രണ്ടും പറഞ്ഞില്ല. ഒന്നും പറയാന്‍ തോന്നിയില്ല. കുറച്ചുനാള്‍ കഴിയുമ്പം ചേട്ടന്റെ മനസ്സു മാറിയെങ്കിലോ എന്നു കരുതി. എല്ലായ്‌പ്പോഴും ഒരേ മനസ്സായിരിക്കണമെന്നില്ലല്ലോ?''

തണല്‍ മരണങ്ങള്‍ നിഴല്‍ വിരിച്ച പാതയിലേക്കു കാര്‍ കടന്നപ്പോള്‍ അവന്‍ വണ്ടി നിറുത്താന്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ വണ്ടി സൈഡൊതുക്കി.

''എനിക്കൊരു മനസ്സേ ഉള്ളൂ. എന്റെ മരണം വരെ ഞാന്‍ നിന്നെ സ്‌നേഹിക്കും.''

വികാരാധീനനായി പറഞ്ഞു.

''എനിക്കു ചേട്ടനെ ഇഷ്ടമാ. ചേട്ടന്റെ വീട്ടില്‍ എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ പ്രൊസീഡ് ചെയ്‌തോ.''

അവന്റെ കണ്ണുകളിലേക്കു നോക്കു അവള്‍ പറഞ്ഞു.

ഇരുവരുടെയും മുഖം അപ്പോള്‍ പ്രകാശിതമായിരുന്നു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org