പ്രകാശത്തിന്റെ മക്കള്‍ [20]

പ്രകാശത്തിന്റെ മക്കള്‍ [20]
Published on

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 20]

സന്തോഷത്തോടെയാണ് അങ്കിളിന്റെ വീട്ടില്‍ നിന്നും അജയ് മടങ്ങിയത്. ബാങ്കിന്റെ ഭാഗത്തുനിന്ന് ചെയ്യാവുന്നതു ചെയ്തു തരാമെന്നാണ് സെബാസ്റ്റ്യന്‍ അങ്കിള്‍ പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ പത്തുലക്ഷം രൂപയെങ്കിലും ഇളവ് ചെയ്തു കിട്ടിയേക്കുമെന്നാണു പറഞ്ഞത്. അങ്കിളിന്റെ കയ്യില്‍ നിന്നും പത്തുലക്ഷം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല പോയത്.

പ്രശ്‌നങ്ങള്‍ സോള്‍വ് ചെയ്യാന്‍ സഹായിക്കാന്‍ ഒരാള്‍ കൂടെയുണ്ടെന്ന ബോദ്ധ്യം അവനെ ആശ്വാസദായകനാക്കി.

അജയ് വീട്ടിലെത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. അപ്പ ഇനിയും വീട്ടിലെത്താത്തത് അവനെ ഉല്‍ക്കണ്ഠാകുലനാക്കി.

അപ്പയുടെ വരവിനായി അവന്‍ കാത്തിരുന്നു. അവന്റെ മനസ്സിലൂടെ പലവിധ ചിന്തകള്‍ കടന്നുപോയി.

കടക്കെണിയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. ഒരു തോന്നല്‍ മനസ്സില്‍ ക്കയറിക്കൂടിയാല്‍ പിന്നെ മനസ്സ് ആ വഴി തന്നെ ആയിരിക്കും. ഈശ്വരചിന്ത കുറയുമ്പോഴാണ് ആത്മഹത്യാചിന്ത മനസ്സിലേക്കു കയറി വരുന്നത്.

ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടാവുമോ അപ്പ. അറിയില്ല. അങ്ങനെയൊന്നും അപ്പ ചിന്തിക്കുന്നില്ലെന്ന് മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിച്ചു.

ഒരു ടാക്‌സികാര്‍ വീടിന്റെ ഗെയ്റ്റു കടന്നു വരുന്നു. അജയ് മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു.

''സാറ് ബാറില്‍ നിന്ന് ഇറങ്ങാതെ വന്നപ്പോള്‍ എന്നോടു വീട്ടില്‍ കൊണ്ടുപോയി വിടാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ വന്നതാ.''

''ബാറിന്റെ മുതലാളിയാണോ കൊണ്ടുപോയി ആക്കാന്‍ പറഞ്ഞത്.'' അജയ് അയാളോടു ചോദിച്ചു.

അജയ്‌യും വന്ന ആളും കൂടി ജോര്‍ജ്കുട്ടിയെ പിടിച്ച് റൂമില്‍ കൊണ്ടുപോയി കിടത്തി.

ജോര്‍ജ്കുട്ടി പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു.

പിറ്റേന്നു ബ്രേക് ഫാസ്റ്റിനുശേഷം അപ്പ ഉണര്‍ന്നു വരുന്നതും കാത്ത് അജയ് സിറ്റൗട്ടില്‍ പേപ്പറും വായിച്ചിരുന്നു.

പീളകെട്ടിയ കണ്ണുകളും ഷേവ് ചെയ്യാത്ത മുഖവുമായി ജോര്‍ജ്കുട്ടി സിറ്റൗണ്ടിലേക്കു വന്നു.

''ഞാനിന്നലെ വന്നപ്പം നിന്നെ കണ്ടില്ലല്ലോ. നീ വൈകിയാണോ വന്നത്.''

ജോര്‍ജ്കുട്ടി അവനോടു ചോദിച്ചു.

''അതെ. അപ്പയുടെ കാറെവിടെ?''

''പറഞ്ഞതുപോലെ എന്റെ കാറെന്തിയേ, ഓ അത് വര്‍ക്‌ഷോപ്പില്‍ കൊടുത്തു. ഇത്തിരി പണിയൊണ്ട്.''

''ബാര്‍ എന്നു മുതലാ കാര്‍ വര്‍ക്‌ഷോപ്പ് ആയത്. അപ്പയുടെ കാറ് ബാറുകാരു പിടിച്ചു വച്ചേക്കുവാ. അവരെനിക്കു ഫോണ്‍ ചെയ്തു. ബാറിലെ പറ്റ് ഒരു ലക്ഷം കടന്നു അതു കൊടുത്താലേ കാര്‍ തിരിച്ചു കിട്ടൂ.''

''ഏയ്. നിന്നോടാരാ ഈ നുണയൊക്കെ പറഞ്ഞത്. എന്നോട് അവര്‍ അങ്ങനെയല്ലല്ലോ പറഞ്ഞത്. സാര്‍ ഇത്തിരി ഓവറായി. വണ്ടി ഓടിക്കണ്ട. ടാക്‌സിയില്‍ വീട്ടില്‍ എത്തിക്കാമെന്നാണല്ലോ പറഞ്ഞത്. നീ എന്റെ ഫോണിങ്ങെടുത്തേ, ഞാനവരെ ഒന്നു വിളിക്കട്ടെ, ആ മാനേജരെന്നു പറയുന്നവനെ.''

''അതൊന്നും വേണ്ട. നാണം കെടുന്നതിന് ഒരു പരിധിയില്ലേ. നിര്‍മ്മലിനോടു ഞാന്‍ ബാറിലെ അക്കൗണ്ടില്‍ പൈസ ഇടാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ കാറെടുത്തു കൊണ്ടു പോന്നാളാം.''

''അപ്പയോടു പുറത്തുപോകരുതെന്നാ പറഞ്ഞത്.'' അജയ്‌ന്റെ ശബ്ദം വല്ലാതെ ഉയര്‍ന്നു.

അവിശ്വസനീയതയോടെ ജോര്‍ജ്കുട്ടി മകനെ നോക്കി. ഒരിക്കലും അവന്‍ തന്റെ നേരേ ശബ്ദമുയര്‍ത്തിയിട്ടില്ലല്ലോ എന്ന് അയാള്‍ ഓര്‍ത്തു.

അയാള്‍ നിശ്ശബ്ദനായി കസേരയില്‍ ഇരുന്നു.

''പണമില്ലാതായാല്‍ പിന്നെ മക്കള്‍ക്കും ഭാര്യയ്ക്കുമൊന്നും വേണ്ടാതാകം.''

അയാള്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു.

''അപ്പനെ ഞങ്ങള്‍ക്കു വേണം. അതുകൊണ്ടാ ബാറിലേക്കു ചോദിക്കാനായി പോകണ്ട എന്നു പറഞ്ഞത്.'' അജയ്‌ന്റെ കണ്ണുകള്‍ നിറഞ്ഞു.

''അപ്പയ്ക്കുവേണ്ടി ഞങ്ങള്‍ക്കുവേണ്ടി നമ്മുടെ കുടുംബത്തെ ഓര്‍ത്ത് അപ്പനീ വിഷം കുടിക്കല്‍ നിര്‍ത്തിക്കൂടേ.'' അവന്‍ കരഞ്ഞുകൊണ്ട് അപ്പയുടെ ഇരുകാലുകളിലും പിടിച്ചു.

''ഞാന്‍ പിന്നെ എന്തു ചെയ്യുമെടാ. എല്ലാം നശിപ്പിച്ചില്ലേ ഞാന്‍.'' അയാളും കരഞ്ഞു.

മിനി ഇരുവരെയും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ആരം കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

''അപ്പയെ ഞാന്‍ ഏതെങ്കിലും ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച് ട്രീറ്റ് ചെയ്യട്ടെ.'' അവന്‍ ചോദിച്ചു.

''അതൊന്നും വേണ്ട. ഞാനിനി പുറത്തേക്കു പോകുന്നില്ല. പുറത്തേക്കു പോയാലല്ലേ മദ്യപിക്കൂ. പുറത്തു പോകാന്‍ എനിക്കു വല്ല തൊഴിലും ഉണ്ടോ. എത്രയോ പോരോടു ഞാന്‍ എനിക്കു സമയമില്ല പ്രോജക്ട് ഏറ്റെടുക്കാനെന്നു പറഞ്ഞിട്ടുണ്ട്. അപ്പോ അവരു പറയും. ജോര്‍ജ് കുട്ടിക്ക് സമയമുള്ളപ്പോ ചെയ്തു തന്നാല്‍ മതിയെന്ന്. ഇപ്പോള്‍ ആര്‍ക്കും ജോര്‍ജ്കുട്ടിയെ വേണ്ട.

അല്ലെങ്കിലും ഞാനിനി എന്നാ എടുത്തു വച്ചു കുടിക്കാനാ. എന്റെ ഉടുതുണിപോലും ബാങ്കുകാരു കൊണ്ടു പോയില്ലേ. പിന്നെ തന്നേ കുടി നിന്നോളും.''

അയാള്‍ സ്വയം പരിഹസിച്ചു ചിരിച്ചു.

അന്നു മുഴുവന്‍ സമയവും ജോര്‍ജ് വീട്ടില്‍ത്തന്നെ കഴിച്ചു കൂട്ടി. അന്ന് അജയ്‌യും പുറത്തേക്കു പോയില്ല.

ഉച്ചയൂണിനു മുമ്പായി ഡേവിഡ് യു കെ യില്‍ നിന്നും അജയ്‌യെ വിളിച്ചു. അവന്‍ അപ്പോള്‍ റൂമിലായിരുന്നു.

''ചേട്ടായി ചാരിറ്റബിള്‍ ട്രസ്റ്റിലൊക്കെ ഞങ്ങളെ ചേര്‍ത്തു. ചേട്ടായിക്ക് വലിയ പ്രതിസന്ധി വന്നിട്ട് എന്തേ ഞങ്ങളെ അറിയിച്ചില്ല.''

''എന്തു കാര്യമാടാ ഞാന്‍ അറിയിക്കാതിരുന്നത്.''

''എന്നെ യു എസില്‍ നിന്നും സെബാന്‍ അങ്കിളിന്റെ മകന്‍ സ്റ്റീഫന്‍ വിളിച്ചിരുന്നു. അപ്പോഴാ ജോര്‍ജ്കുട്ടി പേരപ്പന്റെ ഫിനാന്‍ഷ്യല്‍ പ്രോബ്‌ളം അറിഞ്ഞത്. അതു സോള്‍വ് ചെയ്യാന്‍ മൊത്തമായി സാധിക്കില്ലെങ്കിലും നമ്മുടെ കുടുംബത്തിലെ മിക്കവരും സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ കുറെ പണം സംഘടിപ്പിക്കും. അതു തിരിച്ചു തരണമല്ലോ ഓന്നോര്‍ത്തു ചേട്ടായി ടെന്‍ഷനടിക്കണ്ട. അതിനൊക്കെ നമുക്കു വഴിയുണ്ടാക്കാം.

''നാളെ മുതല്‍ ചേട്ടായിയുടെ അക്കൗണ്ടിലേക്ക് ഞങ്ങള്‍ പൈസ അയയ്ക്കും. ഞാന്‍ ഏകദേശം കൂട്ടിനോക്കിയിട്ട് ഒരു കോടി രൂപ ഉണ്ടാകും.''

''വളരെ നന്ദിയെടാ. എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ പിന്നെ വിളിച്ചോളാം. നിന്റെ കുഞ്ഞും ഭാര്യയും സുഖമായിരിക്കുന്നല്ലോ അല്ലേ.''

''സുഖമായിരിക്കുന്നു ചേട്ടായി.''

''ആന്റിയും അങ്കിളും രണ്ടു മാസം കഴിഞ്ഞു വരുമല്ലോ. അല്ലേ.''

''വരും. ഇപ്പോത്തന്നെ അവര്‍ക്കു നാട്ടിലെത്തിയാല്‍ മതിയെന്നായിട്ടുണ്ടെന്നു തോന്നുന്നു. പിന്നെ മോന്റെ അടുത്താണ് അവരുടെ ഭൂരിപക്ഷ സമയവും. അതുകൊണ്ട് സമയം പോകുന്നത് അറിയില്ലെന്നാ പറഞ്ഞത്.''

''ശരിയടാ. ഞാന്‍ പിന്നെ വിളിക്കാം.''

ഫോണ്‍ വച്ചതിനുശേഷം അജയ് അപ്പയുടെയും അമ്മയുടെയും മുറിയിലേക്കു ചെന്നു.

അവര്‍ എന്തോ സംസാരിക്കുകയായിരുന്നു.

''അപ്പോ ഊണു കഴിച്ചാലോ?'' അവന്‍ ചോദിച്ചു.

''ആയിക്കോ. എനിക്കു വിശപ്പില്ല. ഞാന്‍ കഴിക്കുന്നില്ല.''

''അപ്പനിങ്ങനെ ഉണ്ണാതെയും ഉറങ്ങാതെയും ഇരുന്നാല്‍ കാര്യങ്ങള്‍ക്കു തീരുമാനം ഉണ്ടാവുമോ? '' അവന്‍ ചോദിച്ചു.

''ലോണെടുത്താല്‍ തിരിച്ചടച്ചേ പറ്റൂ. സാമ്പത്തിക പ്രതിസന്ധിയും രോഗങ്ങളുമൊന്നും ബാങ്കുകാര്‍ക്കു വിഷയമല്ല. അതുകൊണ്ട് എങ്ങനെയും ലോണ്‍ തിരിച്ചടയ്ക്കാനുള്ള നടപടി ക്രമങ്ങളിലേക്കു നമുക്കു നീങ്ങണം.''

''എന്റെ കയ്യില്‍ അഞ്ചു പൈസയില്ലാതെ ഞാനെങ്ങനെ ലോണ്‍ തിരിച്ചടയ്ക്കും.''

''ഒന്നുകില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് വില്‍ക്കണം അല്ലെങ്കില്‍ വീടു വില്‍ക്കണം. ഏതെങ്കിലും ഒന്നു വിറ്റേ മതിയാകൂ.''

ജോര്‍ജ്കുട്ടി കുറെ സമയത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു. വീടു വിറ്റാലും കടം തീരില്ല. ഷോപ്പിംഗ് കോംപ്ലക്‌സ് വിറ്റാലും കടം തീരില്ല. കടം തീരണമെങ്കീ രണ്ടും വില്‍ക്കണം.''

''അതൊന്നും വേണ്ട. ഏതെങ്കിലും ഒന്നു വിറ്റാല്‍ മതി കടം വീടാന്‍. അതിനു മുമ്പ് അപ്പയൊരു കാര്യം ചെയ്യണം. കുടി നിര്‍ത്തണം.''

''എടാ ഞാന്‍ കുടി നിര്‍ത്തിയാ എങ്ങനെയാ കടം വീടുന്നത്.''

അയ്യാള്‍ മനസ്സിലാകാതെ മകനെ നോക്കി.

''ഞാന്‍ ഒരു കോടി രൂപ എന്റെ സ്വന്തം റിസ്‌ക്കില്‍ സംഘടിപ്പിക്കാം. പിന്നെ ഈ വീടും വില്‍ക്കാം. നമുക്ക് ഇത്രയും വലിയ വീടു വേണ്ട. ഷോപ്പിംഗ് കോംപ്ലക്‌സ് വിറ്റാല്‍ നമ്മുടെ ദൈനംദിന കാര്യങ്ങള്‍ക്കു ബുദ്ധിമുട്ടനുഭവപ്പെടും.''

''വീടൊന്നു പെയിന്റ് ചെയ്യണം. എങ്കിലേ വാങ്ങാന്‍ വരുന്നവര്‍ക്കു ക്കൊരു തൃപ്തി തോന്നൂ.''

''ഞാനേതായാലും വെളിയില്‍പ്പോയി ജോലി ചെയ്യാന്‍ തീരുമാനിച്ചു. നിര്‍മ്മല്‍ മുംബൈയിലായി. പിന്നെ എന്തിനാ വലിയ വീട്.

വീടു വിറ്റു കിട്ടുന്ന പണവും ഞാന്‍ സംഘടിപ്പിക്കുന്ന ഒരു കോടിയും ചേര്‍ത്ത് ലോണ്‍ ക്ലോസ് ചെയ്യണം. ബാക്കി പണം ഉണ്ടെങ്കീ ചെറിയൊരു വീടു വാങ്ങാം. പറ്റിയില്ലെങ്കില്‍ വാടകയ്ക്കു വീട് എടുക്കണം. പിന്നീട് പൈസ ഉണ്ടായിക്കഴിയുമ്പോള്‍ വീടു വാങ്ങാം.''

''ഐഡിയ കുഴപ്പമില്ല. നീ എങ്ങനെ ഒരു കോടി സംഘടിപ്പിക്കും. നീ ഒരു കോടി മേടിച്ചു പെണ്ണുകെട്ടാന്‍ പോവുകയാണോ?'' അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

''അതെ. ഞാന്‍ പെണ്ണുകെട്ടും. ഒരു കോടിസാരി അവള്‍ക്കു കൊടുത്ത്.''

അജയ് ചിരിച്ചു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org