നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി
ചിത്രീകരണം: എന്‍ എസ് ബൈജു
[നോവല്‍ 16]
പിറ്റേന്നു കോണ്‍വെന്റിലെ വിശ്രമ സമയത്ത് മേരിക്കുട്ടി അടുക്കളയില്‍ നിന്നും സിസ്റ്റര്‍ ബെന്നറ്റിന്റെ മുറിയുടെ വാതില്‍ക്കലെത്തി.
''എന്താ മേരിക്കുട്ടി?'' മദര്‍ ആരാഞ്ഞു.
''അജയ് ഇന്നലെ വീട്ടില്‍ വന്നിരുന്നു. അമ്മ അറിഞ്ഞിരുന്നോ?''
''ചിലപ്പോ പോയേക്കുമെന്ന് കഴിഞ്ഞ ദിവസം വന്നപ്പോള്‍ പറഞ്ഞിരുന്നു. അവന്‍ കാര്യങ്ങളൊക്കെ എന്നോടു പറഞ്ഞു. നമ്മള്‍ തമ്മിലുള്ള അടുപ്പം നിന്റെ തീരുമാനത്തെ സ്വാധീനിക്കരുത്. നിനക്കു താത്പര്യമായി തോന്നുന്നെങ്കീ മുന്നോട്ടു നീങ്ങിയാ മതി.''
''സൗമ്യയുടെ ഇഷ്ടം എന്താണെന്നു ചോദിച്ചില്ല. എനിക്കും പ്രീതിക്കും അജയിനെ ഇഷ്ടമായി.''
മേരിക്കുട്ടി പുഞ്ചിരിതൂകി. സിസ്റ്റര്‍ ബെന്നറ്റും പുഞ്ചിരിച്ചു.
''അമ്മേ, അമ്മയോടു ഞാന്‍ ആത്മാര്‍ത്ഥമായി ചോദിക്കുകയാ, ഈ ബന്ധത്തില്‍ അമ്മയ്ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടോ?'' അവള്‍ ചോദിച്ചു.
''എനിക്കു സന്തോഷമേ ഉള്ളൂ മോളെ. അവള്‍ക്കൊരു നന്മ വരുമ്പം ഞാന്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അജയ് നല്ല പയ്യനാ. എന്റെ റിലേഷന്‍ ആയതുകൊണ്ടു പറയുകയല്ല. മറ്റുള്ളവര്‍ക്കു സേവനം ചെയ്യാന്‍ ഒരു മടിയും ഇല്ലാത്തവനാ. അവരു കുറെ ആള്‍ക്കാര്‍ കൂടി ഒരു ചാരിറ്റബിള്‍ ട്രസ്റ്റു നടത്തുന്നുണ്ട്. അതിന്റെ പ്രസിഡന്റ് അവനാ.
പാവങ്ങള്‍ക്കു വീടു വച്ചു കൊടുക്കുക, രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്കുക, രക്തദാനം... അങ്ങനെ പല നല്ല കാര്യങ്ങളും അവര്‍ ചെയ്യുന്നുണ്ട്.''
''അജയ്‌ന്റെ അപ്പനും അമ്മയും എതിര്‍പ്പായിരിക്കില്ലേ മദര്‍.''
മേരിക്കുട്ടി സങ്കോചമുന്നയിച്ചു.
''എതിര്‍പ്പായിരിക്കുമെന്നു മുന്‍കൂട്ടി നിശ്ചയിക്കണ്ട. അവര്‍ക്കു മകനാണല്ലോ എല്ലാറ്റിലും വലുത്. നീ പ്രാര്‍ത്ഥിക്ക്. ഞാനും പ്രാര്‍ത്ഥിക്കാം. നല്ലതു നടക്കാനായി. ഞാന്‍ ചാപ്പലിലേക്ക് പോവുകയാ, പ്രാര്‍ത്ഥനയ്ക്കു സമയമായി.''
മേരിക്കുട്ടി തലകുലുക്കി.
ഞായറാഴ്ച രാവിലെ പള്ളിയില്‍പ്പോയി വന്ന് കാപ്പി കുടിയും കഴിഞ്ഞ് മേരിക്കുട്ടിയും പ്രീതിയും സൗമ്യയെ കാണാനായി പോയി.
ബസ് കയറി ടൗണിലെത്തി ഒരു ഓട്ടോ പിടിച്ച് അവര്‍ പാലക്കാട്ട് വീടിന്റെ ഗെയ്റ്റിങ്കലെത്തി. ഓട്ടോക്കാരന് പണം കൊടുത്ത്അവര്‍ ഗെയ്റ്റു കടന്ന് അകത്തു കയറി.
വലിയ മതില്‍ക്കെട്ടും ബംഗ്ലാവും കണ്ട് പ്രീതി ആശ്ചര്യം കൊണ്ടു. അവര്‍ മുറ്റത്തേക്കു നടന്നപ്പോള്‍ മുറ്റത്തു കൂടി കാര്‍ ഓടിച്ചു പോകുന്ന യുവതിയെ മിന്നായം പോലെ കണ്ടു.
''ആ കാറ് ഓടിച്ചുപോയത് ചേച്ചിയാണോ അമ്മേ?''
''ഏയ് അത് ഈ തറവാട്ടിലെ ആരെങ്കിലുമായിരിക്കും.''
മേരിക്കുട്ടി പറഞ്ഞു തീരുമ്പോഴേക്കും വീടിനു ചുറ്റും റൗണ്ട് വച്ച് ഒരു കാര്‍ അവര്‍ക്കരികില്‍ വന്നു നിന്നു. കാറില്‍ നിന്നും ചിരിച്ചുകൊണ്ട് സൗമ്യ പുറത്തിറങ്ങി. മേരിക്കുട്ടിയും പ്രീതിയും അമ്പരപ്പോടെ അവളെ നോക്കി.
''ഇവിടുത്തെ ഡ്രൈവര്‍ പാപ്പച്ചന്‍ ചേട്ടന്‍ പഠിപ്പിച്ചു തന്നു. ഇനി ലൈസന്‍സ് എടുക്കണം.'' അവള്‍ ആഹ്‌ളാദത്തോടെ പറഞ്ഞ് മമ്മിയുടെയും പ്രീതിയുടെയും തോളില്‍ കൈയിട്ടു സ്‌നേഹം പ്രകടിപ്പിച്ചു.
''ഇതേതാ ഈ ചുരിദാര്‍.'' മേരിക്കുട്ടി സന്ദേഹത്തോടെ ചോദിച്ചു.
''ഇത് അമ്മച്ചി വാങ്ങിത്തന്നതാ. വേണ്ടെന്നു ഞാന്‍ ആകുന്നതും പറഞ്ഞതാ അമ്മച്ചി സമ്മതിക്കണ്ടെ.''
മേരിക്കുട്ടി ആശ്വാസം കൊണ്ടു. ഒരു നിമിഷം ചിന്തിച്ചുപോയിരുന്നു. അജയ് വാങ്ങിച്ചു കൊടുത്തതാണോ എന്ന്.
മേരിക്കുട്ടിയേയും പ്രീതിയേയും കണ്ട് ഏലമ്മ ആഹ്‌ളാദവതിയായി.
''നീ ജാന്‍സിയെ ഇങ്ങോട്ടൊന്നു വിളിച്ചോണ്ടു വന്നേ.''
അമ്മച്ചി ആവശ്യ പ്പെട്ടതു പ്രകാരം സൗമ്യ അടുക്കളയില്‍ച്ചെന്ന് ജാന്‍സിചേച്ചിയെ കൂട്ടിക്കൊണ്ടു വന്നു.
''ജാന്‍സി ഇത് സൗമ്യയുടെ അമ്മയും അനുജത്തിയുമാ.''
ജാന്‍സി ഇരുവരെയും നോക്കി ചിരിച്ചു.
''ഉച്ചയ്ക്ക് ഇവര്‍ക്കു കൂടി ഭക്ഷണം വേണം.''
''ശരി അമ്മച്ചി.''
''ഞാന്‍ കൂടാം ചേച്ചി.'' സൗമ്യ ജാന്‍സിയുടെ പിന്നാലെ ചെന്നു.
''വേണ്ട. ഞാന്‍ തനിയെ ചെയ്‌തോളം. നിങ്ങള്‍ സംസാരി ച്ചിരിക്ക്.''
അമ്മച്ചി മേരിയോട് വീട്ടുവിശേഷങ്ങള്‍ തിരക്കി. പ്രീതിയോടു പഠനകാര്യങ്ങളും.
''നന്നായി പഠിച്ച് ഉയര്‍ന്നുയര്‍ന്നു പോകണം. ഒട്ടും സമയം വേസ്റ്റാക്കരുത്. ഒരു സ്ഥാനത്ത് എത്തിയാല്‍ എല്ലാവരുടെയും ആദരവു ലഭിക്കുക മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വവും ലഭിക്കും.''
''എന്റെ ലൈബ്രറി മോളൊന്നു നോക്കിക്കോളൂ. മോള്‍ക്ക് ഉപകാരപ്പെടുന്ന രണ്ടു മൂന്നു പുസ്തകങ്ങള്‍ എടുത്തു കൊണ്ടുപൊയ്‌ക്കോ. ഇതെല്ലാം അലമാരയില്‍ നിരന്നിരിക്കുന്നതു കാണുമ്പോള്‍ എനിക്കു നല്ല സന്തോഷമായിരുന്നു ഇപ്പോഴും സന്തോഷക്കുറവൊന്നുമില്ല.''
''ഈ പുസ്തകങ്ങളില്‍ ചിലത് ശരിക്കും ഉപകാരപ്പെടുന്നവരുടെ കൈയില്‍ എത്തിയാല്‍ അതല്ലേ കൂടുതല്‍ സന്തോഷം. മോള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് ലൈബ്രറി ഉപയോഗിക്കാം.''
''വായനാശീലം ഉണ്ടോ?'' അമ്മച്ചി പ്രീതിയോടു ചോദിച്ചു.
''ഉണ്ട്, അമ്മച്ചി.'' അവള്‍ വിനയാന്വിതയായി പ്രതികരിച്ച് ലൈബ്രറിയിലേക്കു പ്രവേശിച്ചു. സൗമ്യ അനുജത്തിയെ സഹായിക്കാനായി കൂടെ ചെന്നു.
''മുഖസ്തുതി പറയുകയല്ല. സൗമ്യ നല്ല മോളാ. അവള്‍ എനിക്ക് മോളേപ്പോലെയാ. മേരിക്കുട്ടിയുടെ കണ്ണീരിനു ദൈവം പ്രതിഫലം തരാതിരിക്കില്ല. പ്രാര്‍ത്ഥിച്ചോളൂ എല്ലാം നന്നായി വരാന്‍.''
മേരിക്കുട്ടിയുടെ കണ്‍കോണുകളില്‍ ജലം പൊടിഞ്ഞു.
''ഇനി നാലു മാസമില്ല മനോജും മറ്റും തിരിച്ചെത്താന്‍. പിന്നെ സൗമ്യ പോകുമല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. എന്നും കരുതി എന്നും അവള്‍ക്കിവിടെ നിന്നാല്‍ മതിയോ. അവള്‍ക്കു ജോലിക്കു പോവണ്ടെ. അവളുടെ കല്യാണം നമുക്കു നടത്തണ്ടേ. അവള്‍ നല്ല കുടുംബജീവിതം നയിക്കുന്നതു കണ്ടെങ്കിലല്ലേ നമുക്കൊരു സമാധാനം ഉണ്ടാവൂ.''
മഠത്തിലെ ബെന്നറ്റ് മദര്‍ പറയുംപോലെ മേരിക്കുട്ടിക്ക് അനുഭവപ്പെട്ടു. രണ്ടുപേരും ചേച്ചിയും അനുജത്തിയുമാണല്ലോ എന്ന ചിന്ത അവരുടെ മനസ്സില്‍ തെളിഞ്ഞു വന്നു.
ഈ അമ്മച്ചിക്ക് ഇത്രയും പ്രായമായിട്ടും എത്ര നല്ല അക്ഷരശുദ്ധിയും ഓര്‍മ്മയുമാണെന്ന ചിന്ത മേരിക്കുട്ടിയെ ആശ്ചര്യപ്പെടുത്തി.
''ബെന്നറ്റിനു സുഖമാണോ? ബെന്നറ്റിനെ എല്ലാ ദിവസവും കാണാറുണ്ടായിരിക്കുമല്ലോ.''
''കാണാറുണ്ടമ്മച്ചി. മദറിനു സുഖമാണ്.''
എല്ലാവരും ഒരുമിച്ചിരുന്ന് ഊണു കഴിച്ചു.
ഊണു കഴിഞ്ഞ് അമ്മച്ചി പ്രീതിയെക്കൂട്ടി ലൈബ്രറിയിലേക്കു പോയി.
മേരിക്കുട്ടി സൗമ്യയുടെ മുറിയിലേക്കു ചെന്നു. അവള്‍ വാഷ് ചെയ്ത് ഉണങ്ങിയെടുത്ത ഡ്രസുകള്‍ അടുക്കിവയ്ക്കുകയായിരുന്നു.
''ഇതെത്ര പുതിയ ചുരിദാറാ കൊച്ചേ. ഇതെല്ലാം നല്ല വിലയുള്ളതാണല്ലോ.''
സൗമ്യ ഒന്നു ചിരിച്ചു.
''അമ്മച്ചിയോടു ഞാന്‍ നൂറുവട്ടം പറഞ്ഞതാ, എനിക്ക് ആവശ്യത്തിനു ഡ്രസ് ഉണ്ടെന്ന്. അപ്പോള്‍ പറഞ്ഞു ഞാന്‍ വാങ്ങിച്ചു തരുന്ന ഡ്രസിട്ട് ഇവിടെ നിന്നാല്‍ മതിയെന്ന്.''
''പ്രായമായ അമ്മച്ചിയെ പറ്റിച് നീ കൈക്കലാക്കിയെന്ന് ഇവിടുത്തെ സാറും ചേച്ചിയും കരുതിയെങ്കിലോ എന്നാ എന്റെ പേടി.''
''പഷ്ട്. സാറും ചേച്ചിയും എല്ലാം കണ്ടു. വീഡിയോ കോള്‍ ചെയ്തപ്പം. അവര്‍ക്കെല്ലാം ചുരിദാര്‍ ഇഷ്ടമായി. അമ്മച്ചിയുടെ തീരുമാനവും ഇഷ്ടമായി. അവര്‍ മേടിച്ചു വച്ചിട്ടു പോകേണ്ടതായിരുന്നു എന്നു പറഞ്ഞു.''
''അങ്കിളും ആന്റിയും അറിഞ്ഞാ ഞാന്‍ ഡ്രൈവിംഗ് പഠിക്കുന്നതും. അവര്‍ക്കെന്നെ മകളേപ്പോലെ ഇഷ്ടമാ. ഇന്നലെയും വിളിച്ചിരുന്നു.''
''ഈ ഇഷ്ടം എന്നും കാണുമോ?'' മേരിക്കുട്ടി ചോദിച്ചു.
''മനസ്സിലായില്ല.''
''അതായത് ഇവിടെ നിക്കുവോളമല്ലേ ഈ ഇഷ്ടം കാണൂ എന്ന്.''
''അങ്ങനെയല്ലമ്മേ, അവരു നല്ല ആത്മാര്‍ത്ഥതയുള്ളവരാ.''
അജയ്‌നെക്കുറിച്ച് ഒന്നും ചോദിക്കണ്ട എന്നു കരുതിയാണ് മേരിക്കുട്ടി പോന്നതെങ്കിലും സാഹചര്യം അനുകൂലമെന്നു കണ്ട് ചോദിക്കാന്‍ തന്നെ തീരുമാനിച്ചു.
''നിനക്ക് അജയ്‌നെ ഇഷ്ടമാണോ?''
പെട്ടെന്നുള്ള മമ്മിയുടെ ചോദ്യം കേട്ട് അവള്‍ നടുങ്ങാതിരുന്നില്ല.
അമ്മ എങ്ങനെ അറിഞ്ഞു എന്ന ഭാവത്തില്‍ അവള്‍ നോക്കി.
''ഏത് അജയ് എന്നു ഞാന്‍ ചോദിക്കുന്നില്ല. ഈ കുടുംബത്തിലെ അജയ് ആണെന്നു മനസ്സിലായി. അമ്മയ്‌ക്കെങ്ങനെ അറിയാം അജയ്‌ന്റെ കാര്യം.''അവള്‍ ജിജ്ഞാസ പ്രകടിപ്പിച്ചു.
''അജയ് വീട്ടില്‍ വന്നിരുന്നു.''
സൗമ്യ അമ്പരപ്പില്‍ അമ്മയെ നോക്കി.
മേരിക്കുട്ടി ചിരിച്ചു.
''അവനു നിന്നെ ഇഷ്ടമാ. കല്യാണം കഴിച്ചു തരുമോ എന്നു ചോദിച്ചു.''
''അമ്മ എന്തു പറഞ്ഞു.''
''ഞാന്‍ പറഞ്ഞു ആലോചിച്ചു പറയാമെന്ന്. നീ എന്തു പറയുന്നു.''
''മമ്മി തീരുമാനിച്ചോ... എനിക്കങ്ങനെ ആരോടും പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല. ആരോടും ഇഷ്ടമാണെന്നു പറയാനും ഒരുക്കമല്ല. ആരെയും പ്രേമിച്ചു കല്യാണം നടക്കാതെ വന്നാല്‍ ആ വിഷമം സഹിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്.''
മകള്‍ എത്ര വിവേകത്തോടെയാണു സംസാരിക്കുന്നത്.
''നിനക്കൊരു ജോലിയായിട്ടേ കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂ എന്നു പറഞ്ഞപ്പം അജയ് പറഞ്ഞത് അവന്‍ ജോലി മേടിച്ചു കൊടുക്കാമെന്നും ശമ്പളം നിന്റെ ഇഷ്ടംപോലെ വിനിയോഗിച്ചോട്ടെ എന്നുമൊക്കെയാ. അവനെ എന്റെ മകനേപ്പോലെ കാണണമെന്നും പറഞ്ഞു.''
സൗമ്യ ചിരിച്ചുപോയി.
''ഒരു പാവമാന്നാ ഇവിടുത്തെ അമ്മച്ചി പറഞ്ഞത്. ഇവിടുത്തെ അമ്മച്ചിയെയും ബെന്നറ്റ് മദറിനെയും വിഷമിപ്പിച്ച് നമുക്കൊരു ബന്ധവും വേണ്ട. അജയിന്റെ അപ്പനും അമ്മയും എതിരൊന്നും പറഞ്ഞില്ലെങ്കില്‍ നമുക്ക് ആലോചിച്ചാ മതി മമ്മീ.''
''അതു മതി മോളെ. എല്ലാവരും ഇഷ്ടമായി വന്നാല്‍ ഞാനെന്താ പറയേണ്ടത്. നിനക്ക് അജയിനോട് ഇഷ്ടക്കുറവൊന്നുമില്ലല്ലോ.''
''ഇല്ലമ്മേ. എല്ലാവര്‍ക്കും ഇഷ്ടമായാല്‍ എനിക്കും ഇഷ്ടമാ.''
അവള്‍ ലജ്ജ കലര്‍ന്ന മുഖത്തോടെ പറഞ്ഞു.
മേരിക്കുട്ടിയുടെ മുഖത്തു പ്രകാശം പരന്നു.
(തുടരും)