പ്രകാശത്തിന്റെ മക്കള്‍ [15]

പ്രകാശത്തിന്റെ മക്കള്‍ [15]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 15]

മേരിക്കുട്ടിയും പ്രീതിയും ഞായറാഴ്ച രാവിലത്തെ കുര്‍ബനയ്ക്കാണ് പള്ളിയില്‍ പോയത്. അതാണ് പതിവും. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് അവര്‍ സിമിത്തേരിയില്‍ പോയിട്ടാണ് മടങ്ങാറ്.

സിമിത്തേരിയില്‍ ജെയിംസിന്റെ കുഴിമാടത്തിങ്കല്‍ പ്രാര്‍ത്ഥന ചൊല്ലിയിട്ടേ അവര്‍ വീട്ടിലേക്കു മടങ്ങൂ.

''ചേച്ചി അവിടെ പള്ളിയില്‍ പോകുന്നുണ്ടോ അമ്മേ?'' പ്രീതി ചോദിച്ചു.

''അവിടെ പള്ളി അടുത്താന്നാ പറഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച അമ്മച്ചി പള്ളിയില്‍ പറഞ്ഞുവിട്ടു എന്നാ പറഞ്ഞത്. ഈ ഞായറാഴ്ചയും പോകുമായിരിക്കും.''

''ഇന്ന് ഇറച്ചി മേടിക്കുന്നുണ്ടോ അമ്മേ?''

മകളുടെ ചോദ്യം കേട്ട് മേരിക്കുട്ടി ചിരിച്ചു.

''എന്താ മേടിക്കണോ?''

''ചേച്ചി ഇവിടെ ഇല്ലാത്തോണ്ട് മേടിച്ചില്ലെങ്കിലും കുഴപ്പമില്ല.''

''ആ കേശവന്‍ ചേട്ടന്‍ രാവിലെ ഇറച്ചി മേടിക്കാന്‍ പോവുന്ന കണ്ടപ്പം ഒരു കിലോ കൊണ്ടുവരാന്‍ പറഞ്ഞിട്ടുണ്ട്.''

പ്രീതി ചിരിച്ചു. കൂടെ മേരിക്കുട്ടിയും.

ചേച്ചിയെ കണ്ടിട്ടു കുറച്ചു നാളായല്ലോ അമ്മേ. അടുത്ത ഞായറാഴ്ച പള്ളിയില്‍ കഴിഞ്ഞ് നമുക്കൊന്നു പോയാലോ?''

''പോകാം കൊച്ചേ, ഞാനതു പറയാന്‍ തുടങ്ങുകയായിരുന്നു. ഇന്നലെ അവിടുത്തെ സാറ് യു കെ യില്‍ നിന്നും വിളിച്ചിരുന്നു. ഇനി നാലു മാസം കഴിഞ്ഞ് സാറും ഭാര്യയും മടങ്ങി വരുമെന്നു പറഞ്ഞു.

''അവരു നോക്കിയാല്‍ നമ്മുടെ ചേച്ചിക്കു യു കെ യില്‍ ജോലി കിട്ടില്ലേ മമ്മാ.''

''അതിനേക്കുറിച്ച് കൃത്യം അറിയില്ല. എന്നാലും സൗമ്യയോട് അതേപ്പറ്റി പറഞ്ഞിട്ട് ആ സാറിനോടൊന്നു ചോദിച്ചു നോക്കണം.''

രാവിലത്തെ കാപ്പിക്കു ശേഷം ഉച്ചഭക്ഷണം തയ്യാറാക്കാന്‍ മേരിക്കുട്ടി ശ്രമം തുടങ്ങി.

''ഞാന്‍ ഇറച്ചി നുറുക്കിത്തരട്ടെ മമ്മി.'' പ്രീതി ചോദിച്ചു.

''നിനക്കു നാളത്തേക്കു പഠിക്കാന്‍ ഇല്ലേ?''

''ഞാന്‍ നുറുക്കിത്തന്നിട്ടു പഠിച്ചോളാം.''

പ്രീതി ഇറച്ചി നുറുക്കിക്കൊടുത്തിട്ടു പഠിക്കാനിരുന്നു.

മേരിക്കുട്ടി ബീഫ് തയ്യാറാക്കി. മുറ്റത്തെ വെണ്ടയില്‍ നിന്നും രണ്ടുമൂന്നു വെണ്ടക്ക പൊട്ടിച്ചു തോരനും തയ്യാറാക്കി.

ഊണിനു സമയമാകുന്നതിനു മുമ്പ് തുണികള്‍ വാഷ് ചെയ്യാനായി പിറകുവശത്തെ ടാപ്പിനരികിലേക്ക് മേരിക്കുട്ടി നടക്കുമ്പോഴാണ് ചെറുചിരിയുമായി സുമുഖനായ ചെറുപ്പക്കാരന്‍ നടന്നടുക്കുന്നതു കണ്ടത്.

തുണികള്‍ നിറഞ്ഞ ബക്കറ്റവര്‍ ഒരു സൈഡിലേക്കു വച്ചിട്ട് മുന്‍വശത്തേക്കു ചെന്നു.

ഏതെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനിയുടെ റെപ്രസന്റേറ്റീവ് ആയിരിക്കുമെന്നാ മേരിക്കുട്ടി കരുതിയത്. അങ്ങനെ ചിലര്‍ വരാറുണ്ട്.

''ആരാ... എന്താ'' മേരിക്കുട്ടി ചിരിച്ചുകൊണ്ടു ചോദിച്ചു.

''ഞാന്‍ അജയ്. പാലക്കാട്ടു തറവാട്ടിലെയാ... അമ്മച്ചിയുടെ അടുത്താ സൗമ്യ.''

അത്രയും കേട്ടപ്പോഴേക്കും മേരിക്കുട്ടി വരാന്തയിലേക്കു കയറി കസേരനീക്കിയിട്ടു.

''സൗമ്യക്ക് എന്തേലും...'' മേരിക്കുട്ടി ഉല്‍ക്കണ്ഠാകുലയായി.

''അയ്യോ സൗമ്യയ്ക്ക് ഒന്നുമില്ല. ഞാന്‍ ബെന്നറ്റ് ചാച്ചിയുടെ അടുത്തു വന്നപ്പം ഇവിടെയും കയറിയെന്നേ ഉള്ളൂ.''

അയാള്‍ കസസേരയില്‍ ഇരുന്നുകൊണ്ടു പറഞ്ഞു.

മേരിക്കുട്ടി ആശ്വാസമുതിര്‍ത്തു.

പ്രീതി പുറത്തേക്കു വന്നു.

''മോള്‍ ഏതു കോഴ്‌സാ പഠിക്കുന്നത്?'' അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

''ഡിഗ്രിക്കാ... കെമിസ്ട്രി.'' അവള്‍ പുഞ്ചിരിയോടെ പ്രതിവചിച്ചു. പ്രീതി അകത്തേക്കു കയറിപ്പോയി പഠനം തുടര്‍ന്നു.

''കുടിക്കാന്‍ വെള്ളം എടുക്കട്ടെ.'' മേരിക്കുട്ടി ചോദിച്ചു.

''ഒന്നും വേണ്ട. മമ്മി ആ കസേരയില്‍ ഇരുന്നേ പറയട്ടെ.'' അയാള്‍ കര്‍ച്ചീഫെടുത്തു മുഖം തുടച്ചു.

അത്രയും കേട്ടപ്പോഴേക്കും മേരിക്കുട്ടിയില്‍ ഉല്‍ക്കണ്ഠ രൂപപ്പെട്ടു.

''മമ്മി ഞാന്‍ പറയുന്നതു മുഴുവന്‍ കേട്ടിട്ടു മറുപടി പറഞ്ഞാല്‍ മതി. ഞാന്‍ തറവാട്ടില്‍ വച്ച് സൗമ്യയെ കണ്ടു. എന്റെ ഫാദറിന്റെ അനുജനാ മനോജ് അങ്കിള്‍. എന്റെ ഫാദറിന് ഒരു സിസ്റ്ററും ബ്രദറും. ഞങ്ങള്‍ മൂന്നു മക്കളാ. അതുപോലെ തന്നെ രണ്ടാണും ഒരു പെണ്ണും. എന്റെ ബ്രദര്‍ മുംബൈയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. സിസ്റ്റര്‍ ഫാമിലിയായി കാനഡയിലാ. എന്റെ ഫാദറിന് കണ്‍സ്ട്രക്ഷന്‍ കമ്പനിയുണ്ട്. എനിക്ക് ബെംഗ്‌ളൂരുവില്‍ ഐ ടി കമ്പനിയില്‍ ജോലിയായിരുന്നു. ഇനി ഫോറിനു പോകാനാ പ്ലാന്‍. എനിക്കു സൗമ്യയെ ഇഷ്ടമായി. സൗമ്യയെ വിവാഹം ചെയ്തു തരുമോന്ന് ചോദിക്കാനാ ഞാന്‍ വന്നത്.''

അയാള്‍ വീണ്ടും കര്‍ച്ചീഫെടുത്ത് മുഖം തുടച്ചു.

മേരിക്കുട്ടി ദീര്‍ഘനിശ്വാസമുതിര്‍ത്തു.

അജയ് പ്രതീക്ഷയോടെ സൗമ്യയുടെ മമ്മിയെ നോക്കി.

''ഇപ്പോ ഞങ്ങളൊരു വിവാഹത്തേക്കുറിച്ചു ചിന്തിക്കുന്നില്ല. സൗമ്യയ്ക്ക് ഒരു ജോലിയൊക്കെ ആയിട്ടു പതുക്കെ മതിയെന്നായിരുന്നു.''

''ആയിക്കോട്ടെ മമ്മി. ആ തീരുമാനം പുനപരിശോധിക്കാമല്ലോ.

സൗമ്യയോടു ഞാന്‍ ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും സൗമ്യ ഇഷ്ടമാണെന്നു പറഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ അവളോടു മമ്മിക്കു നീരസമൊന്നും തോന്നല്ലേ. അതുപോലെ എന്നോടും. മമ്മിയുടെ അഭിപ്രായം അറിഞ്ഞേ ഞാന്‍ മുന്നോട്ടു നീങ്ങൂ.''

മേരിക്കുട്ടി പുഞ്ചിരി തൂകി.

''ഊണിനു സമയമായല്ലോ. ഊണെടുക്കട്ടെ.''

മേരിക്കുട്ടി ഭംഗിവാക്കു ചോദിച്ചു. പക്ഷേ, മറുപടി അപ്രതീക്ഷിതമായിരുന്നു.

''അതിനെന്താ മമ്മി. കഴിക്കാം.'' അജയ് എഴുന്നേറ്റു.

''വാ. അകത്തോട്ടിരിക്കാം.''

അകത്തെ ചെറിയ ഊണു മുറിയലെ ടേബിളിനരികിലെ കസേരയില്‍ കൈകഴുകി വന്ന് അയാള്‍ ഇരുന്നു. അമ്മയെ സഹായിക്കാനായി പ്രീതിയും അടുക്കളയിലേക്കു ചെന്നു.

മേരിക്കുട്ടി ചോറും കറികളുമായി വന്നു.

''മമ്മിയും പ്രീതിയും കഴിക്കുന്നില്ലേ?'' അവന്‍ ചോദിച്ചു.

''ഞങ്ങള്‍ പിന്നെ കഴിച്ചോളാം.''

''ഞങ്ങളുടെ വീടും സാഹചര്യങ്ങളുമൊക്കെ കണ്ടല്ലോ. ഞങ്ങളുടെ ബന്ധുക്കളുടെ വീടും ഇങ്ങനെയൊക്കെത്തന്നെ. മഠത്തിലെ സിസ്റ്റേഴ്‌സിന്റെ കരുണ കൊണ്ടാ ഞങ്ങള്‍ കഴിയണത്. പ്രത്യേകിച്ച് ബെന്നറ്റ് മദര്‍. മദര്‍ ഞങ്ങള്‍ക്ക് ഒത്തിരി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. പിള്ളേരുടെ പപ്പ എങ്ങനെയാ മരിച്ചതെന്നറിയാമോ?''

''അറിയാം മമ്മി.''

''ബന്ധുജനങ്ങള്‍ ഒത്തു കൂടുന്ന സാഹചര്യം വരുമ്പോള്‍ എന്റെ മകള്‍ ഒറ്റപ്പെട്ടു പോകും. തന്നെയുമല്ല അവള്‍ക്കു ജോലികിട്ടിയിട്ടു വേണം കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യത്തിലേക്കു മാറാനും. ഇവളെ പഠിപ്പിക്കണം. ഇവളുടെ കാര്യങ്ങള്‍ നടത്തണം എന്നൊക്കെ കരുതിയിരിക്കുകയാ.''

''അതിനൊന്നും ഒരു തടസ്സവും വരില്ല മമ്മി. മമ്മി എന്നെ മമ്മിയുടെ മകനായിത്തന്നെ കണ്ടോ. സൗമ്യയെ ഞാന്‍ വിദേശത്തുകൊണ്ടുപോയി നല്ല ജോലി വാങ്ങിച്ചുകൊടുക്കാം. അവളുടെ ശമ്പളം അവളുടെ ഇഷ്ടംപോലെ വിനിയോഗിച്ചോട്ടെ. ഞാനൊരു തടസ്സവും പറയില്ല. മമ്മി എന്നേക്കുറിച്ച് അന്വേഷിച്ചിട്ടു മറുപടി പറഞ്ഞാല്‍ മതി.''

അയാള്‍ ഊണു കഴിഞ്ഞ് എഴുന്നേറ്റു.

''ഇനി ഞാനിറങ്ങട്ടെ.'' അയാള്‍ യാത്ര ചോദിച്ചു.

''ശരി.''

പ്രീതിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അയാള്‍ പുറത്തേക്കിറങ്ങി.

അജയ് പോകുന്നതു നോക്കി അവര്‍ മുറ്റത്തു നിന്നു.

''അതാരാ മേരിക്കുട്ടിയേ.. ഇവിടെ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ.'' കേശവന്റെ ഭാര്യ കമലാക്ഷി വിളിച്ചു ചോദിച്ചു.

''അതു ഞങ്ങടെ പേരപ്പന്റെ മകനാ ചേച്ചി അവന്‍ ഗള്‍ഫിലായിരുന്നു.''

''മ്ഊം''കമലാക്ഷി നീട്ടിയൊന്നു മൂളി.

''സൗമ്യ എന്തു പഠിക്കാന്‍ പോയിരിക്കയാ. അവളെ കാണുന്നില്ലല്ലോ.''

''അവള് ഹോസ്റ്റലില്‍ നിന്ന് ഐ ഇ എല്‍ ടി എസ് പഠിക്കയാ. അതാ കാണാത്തേ.''

മേരിക്കുട്ടി അകത്തേക്കു കയറിപ്പോയി.

''ആ ചേട്ടന്‍ നല്ല ചേട്ടനാ. ഇല്ലേ അമ്മേ.''

പ്രീതി അമ്മയുടെ കൈപിടിച്ചു ചോദിച്ചു.

''നിനക്കിഷ്ടായോ'' മേരിക്കുട്ടി പുഞ്ചിരിയോടെ ചോദിച്ചു.

''എനിക്കിഷ്ടായി. ചേച്ചീടെ ഭാഗ്യമെന്നാ എനിക്കു തോന്നണത്. പണക്കാരനാന്നുള്ള ഭാവമൊന്നും ഇല്ല. കണ്ടാലും നല്ലതാ. ചേച്ചിക്കു ചേരും. നല്ല സ്വഭാവമാന്നാ തോന്നണേ.''

മേരിക്കുട്ടി പുഞ്ചിരി തൂകി അവള്‍ പറയുന്നതു കേട്ടുനിന്നു.

''മമ്മീ, മമ്മീന്ന് എത്രയാ വിളിക്കണത്. ഞങ്ങളുപോലും അത്രയും വിളിക്കണില്ല.''

പ്രീതി പറഞ്ഞു ചിരിച്ചപ്പോള്‍ മേരിക്കുട്ടിയും ചിരിച്ചു.

''ഇപ്പഴേ മമ്മിയെ മണിയടിച്ചു തുടങ്ങിയേക്കുവാ. മമ്മിയെ സൈഡ് കൂട്ടാനായിരിക്കും.''

''ഒന്നുപോ കൊച്ചേ, മണിയടിയൊന്നുമല്ല. നല്ല സ്‌നേഹമുള്ള പയ്യനാന്നു തോന്നണു.''

''പറയണ കേട്ടില്ലേ... മമ്മിയുടെ മകനായി കാണണമെന്ന്. ചിലപ്പോ ദൈവം അമ്മക്ക് മകനെ കൊണ്ടെത്തന്നതാരിക്കും.''

''നീ പറയണത് ശരിയായിരിക്കും. ദൈവം കൊണ്ടുവന്നു തന്ന ആളായിരിക്കും. എന്തായാലും അവന്റെ സമീപനം എനിക്കിഷ്ടപ്പെട്ടു. കാരണവന്മാരെ തഴഞ്ഞ് പെണ്ണിനെ അടിച്ചോണ്ടു പോകുന്നവരാ പലരും. എന്റെ പൊന്നു കൊച്ചേ നീ ആരേം കണ്ടു വയ്ക്കുകയൊന്നും വേണ്ടാട്ടോ.''

''എന്റമ്മോ എനിക്കു പേടിയാ... ഒരാളില്‍ത്തന്നെ മാലാഖയും പിശാചും ഉണ്ടെന്നാ പറയണത്. ഞാനിപ്പം കാണുന്നത് മാലാഖയെയാ ഇനി പിശാചിനെ കാണാന്‍ എനിക്കു വയ്യാ...''

''ങാ, അപ്പം നിനക്ക് എന്റെ തനിനിറം അറിയാം. അതുമതി.'' ഇരുവരും ചിരിച്ചു.

''സ്വര്‍ഗത്തിലിരുന്ന് പപ്പ പറഞ്ഞയച്ചതായിരിക്കും. അമ്മ ഇന്നാളു പറയണ കേട്ടല്ലോ പപ്പ പല പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്ന്. നമ്മുടെ പെണ്ണുങ്ങളെ ഞാന്‍ ജോലിക്കാരേക്കൊണ്ട് കെട്ടിക്കുമെന്ന്.''

''ശരിയാ മോളേ, നീ പറഞ്ഞത്. ഞാനിപ്പം ഓര്‍ത്തതേയുള്ളൂ.''

''സൗമ്യയോട് അജയ് വന്ന കാര്യം ഇപ്പോ പറയണ്ട. ബെന്നറ്റ് മദറോടു പറയാതിരിക്കാന്‍ വയ്യ. മദര്‍ അറിഞ്ഞാണോ അജയ് ഇങ്ങോട്ടു വന്നതെന്ന് അറിയില്ല.''

''എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ. നമ്മുടെ പ്രാര്‍ത്ഥനയും സിസ്റ്റേഴ്‌സിന്റെ പ്രാര്‍ത്ഥനയുമാ നമ്മുടെ എല്ലാ കാര്യങ്ങളുടെയും പിന്നില്‍. മോള് നന്നായി പ്രാര്‍ത്ഥിക്കണം. ചേച്ചിക്കു നന്മ വരുന്ന കല്യാണമാണെങ്കില്‍ നടക്കാനും തിന്മ വരുന്ന കല്യാണമാണെങ്കീ നടക്കാതിരിക്കാനും.''

''ശരി അമ്മേ, ഞാന്‍ നന്നായി പ്രാര്‍ത്ഥിച്ചോളാം.''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org