പ്രകാശത്തിന്റെ മക്കള്‍ [14]

പ്രകാശത്തിന്റെ മക്കള്‍ [14]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 14]


മനോജും ഡെയ്‌സി യും യു കെയ്ക്കു പോയിട്ട് ഒരു മാസം കഴിഞ്ഞു.

അമ്മച്ചിയുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിച്ച് അജയ് ഇടയ്ക്കിടെ തറവാട്ടില്‍ വരും. അമ്മച്ചിയുമായി സംസാരിക്കും.

ഇപ്പോഴും സൗമ്യ അവനോട് നിശ്ചിത അകലം കീപ്പ് ചെയ്ത് സംസാരിക്കുന്നു.

അവള്‍ക്ക് സ്‌നേഹമുണ്ടെന്ന് അവളുടെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാണ് - ഒന്നും വിട്ടു പറയുന്നില്ലെങ്കിലും. അതിലവന്‍ ആശ്വാസം കൊള്ളുന്നു.

ഓരോ ദിവസവും അവളേക്കുറിച്ചുള്ള അവന്റെ ചിന്തകള്‍ കൂടിക്കൂടി വന്നു. സാമൂഹ്യ സേവന പ്രവര്‍ ത്തനങ്ങള്‍ക്കു പോവുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴുമെല്ലാം അവന്റെ ചിന്തകള്‍ സൗമ്യയേക്കുറിച്ചായിരിക്കും.

''ഞാന്‍ സൗമ്യയെക്കുറിച്ച് എന്റെ വീട്ടില്‍ സംസാരിക്കാന്‍ പോവുകയാ.'' അവന്‍ അവളോടു പറഞ്ഞു.

''എന്തു സംസാരിക്കാന്‍?''

''എനിക്കു നിന്നെ ഇഷ്ടമാ കല്യാണം നടത്തിത്തരാന്‍ പറയും.''

''വണ്‍വേ ആണോ. എന്റെയും എന്റെ വീട്ടുകാരുടേം അഭിപ്രായമല്ലേ ആദ്യം അറിയേണ്ടത്.'' അവള്‍ ചിരിച്ചു.

''എന്നാ നിന്റെ വീട്ടിപ്പോയി ചോദിക്കാം ഇല്ലേ?''

''എന്റെ പൊന്നേ ഒരിടത്തും പോയി ചോദിക്കണ്ട.''

''എന്നാ സൗമ്യേടെ ഫോണ്‍ നമ്പര്‍ താ.''

''എന്റെ ഫോണ്‍ നമ്പറൊന്നും ചെറുക്കന്മാര്‍ക്കു കൊടുക്കരുതെന്നാ മമ്മി പറഞ്ഞിരിക്കുന്നത്.''

''എന്നെ അത്തരം ചെറുക്കാന്മാരുടെ കൂടെ കൂട്ടണ്ട. ഞാന്‍ ചെറുക്കനല്ലല്ലോ മുതിര്‍ന്ന ആളല്ലേ.''

''അത്ര മുതിര്‍ന്ന ആളാണ് എനിക്കു തോന്നണില്ല.'' അവള്‍ ചിരിയടക്കി.

''സമാധാനമായി. ഞാനോര്‍ത്തു പ്രായക്കൂടുതല്‍ കാരണം എന്നെ ഇഷ്ടമാകില്ലെന്ന്'' അവന്‍ ആശ്വാസത്തോടെ പ്രതികരിച്ചു.

''പ്രായക്കൂടുതല്‍ ഉണ്ടെന്നതു ശരിയാ. പക്ഷേ, സംസാരവും പെരുമാറ്റവും ഒരു കഥയില്ലാത്ത ചെറുക്കന്റെ മാതിരിയാ.'' അവളുടെ മറുപടി അവന്റെ മുഖ ത്തെ തെളിച്ചം കെടുത്തി.

''ഞാന്‍ ചുമ്മാ പറഞ്ഞതാ മാഷേ. മാഷ് കഥയുള്ള ചെറുക്കന്‍ തന്നെയാ.'' അവള്‍ ചിരിച്ചപ്പോള്‍ കൂടെ അവനും ചിരിച്ചു.

രാത്രി ഓരോന്നു ചിന്തിച്ചു കിടന്ന് അജയ് വൈകിയാണ് ഉറങ്ങിയത്.

മനസ്സിനെ അസ്വസ്ഥമാക്കി അനിശ്ചിതത്വത്തി ന്റെ പാതയിലൂടെ എത്രനാള്‍ സഞ്ചരിക്കും. അതു ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ നഷ്ടപ്പെടുത്താനേ ഉപകരിക്കൂ.

രാവിലെ കാപ്പിക്കുശേഷം അജയ് കോണ്‍ വെന്റിലേക്കു ചെന്നു. സിസ്റ്റര്‍ ബെന്നറ്റിനെ സന്ദര്‍ശിക്കാനായി.

അവന്റെ സന്ദര്‍ശനത്തില്‍ ബെന്നറ്റ് ഉല്‍ക്കണ്ഠാകുലയായി. കഴിഞ്ഞയാഴ്ചയാണ് അവന്‍ അവരെ ഹോസ്പിറ്റലില്‍ ഡോക്ടറെ കാണിക്കാനായി കൊണ്ടുപോയത്. പിന്നീട് ഇപ്പോള്‍ പെട്ടെന്നൊരു സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. ചേച്ചിക്ക് എന്തെങ്കിലും മേലായ്കയുണ്ടോ?

''അമ്മച്ചിയുടെ അടുക്കല്‍ പോയിരുന്നോ, അമ്മച്ചിക്കെന്താ വിശേഷം?'' ബെന്നറ്റ് അജയ്‌നോടു ചോദിച്ചു.

''അമ്മച്ചിയെ കാണാന്‍ ഇന്നലെ പോയിരുന്നു. അമ്മച്ചി സുഖമായിരിക്കുന്നു.''

''യു കെ യില്‍ മനോജും മറ്റും സുഖമായിരിക്കുന്നു ഇല്ലേ?''

''മിനിഞ്ഞാന്നു വിളിച്ചിരുന്നു. അവിടെ വിശേഷമൊന്നുമില്ല. തണുപ്പ് കൂടിയിട്ടുണ്ടെന്നു പറഞ്ഞു.''

''നിന്റെ മുഖത്തെന്താ ഒരു പ്രസാദമില്ലാത്തത്. കഴിഞ്ഞ പ്രാവശ്യം കണ്ട പ്പം ഞാന്‍ ചോദിക്കണമെന്നു കരുതിയതാ. നിനക്കെന്താ പറ്റിയത്. വീട്ടിലെ കാര്യം ഓര്‍ത്തിട്ടാണോ? പപ്പയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെടാ. എല്ലാം ശരിയാകും. നല്ലൊരു പ്രൊജ ക്ട് പപ്പയ്ക്കു കിട്ടിയാല്‍ പപ്പയുടെ എ ല്ലാ കടങ്ങളും തീരാവുന്നതല്ലേ ഉള്ളൂ. നീ സമാധാനപ്പെട്.''

ചാച്ചിയുടെ ആശ്വാസവാക്കുകള്‍ അവന്റെ മുഖത്തെ പ്രകാശ രാഹിത്യത്തെ അകറ്റിയില്ല.

''അതല്ല, ഇപ്പോ എന്റെ പ്രോബ്‌ളം. ഞാന്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നുണ്ട്. അവള്‍ വ്യക്തമായ മറുപടിയൊന്നും തരണില്ല. എനിക്കവളെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്.''

ബെന്നറ്റ് ചിരിച്ചു.

''ഏതായാലും നീ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷം. നീ പെണ്‍കുട്ടിയുടെ വീട്ടുകാരോടു സംസാരിക്ക്. പെണ്‍കുട്ടിക്കും അവര്‍ക്കും ഇഷ്ടമാണെങ്കീ പ്രൊസീ ഡ് ചെയ്യ്.''

''ആ പെണ്‍കുട്ടിയുടെ വീട്ടുകാരോടു ചാച്ചിക്കൊ ന്നും സംസാരിക്കാമോ?'' അവന്‍ ചോദിച്ചു.

''ഞാനല്ലട സംസാരിക്കേണ്ടത്. ജോര്‍ജും മിനിയും സംസാരിക്കട്ടെ. അതാ അതിന്റെ ശരി.''

''പഷ്ട് ആള്‍ക്കാരെയാ സംസാരിക്കാന്‍ പറഞ്ഞയയ്ക്കണത്. അവരു പോയാ സമ്മതം തരണമെന്നു വിചാരിച്ചിരിക്കുന്നവരും സമ്മതം തരില്ല. ചാച്ചിക്ക് പറ്റുമോന്നാ ഞാന്‍ ചോദിക്കണത്.''

''അതിന് എന്നേക്കൊണ്ട് യാത്ര ചെയ്യാന്‍ പറ്റില്ലെടാ. തന്നെയുമല്ല ഒരു സന്ന്യാസിനിക്ക് പരിമിതികളും പരിധിയുമുണ്ട്. അവന്‍ നിരാശയോടെ തലകുമ്പിട്ടിരുന്നു.

അവന്റെ ഇരിപ്പു കണ്ടപ്പോള്‍ ബെന്നറ്റിനു വിഷമം തോന്നി.

''അവളുടെ വീടെവിടെയാ... വീട്ടിലാരൊക്കെ യുണ്ട്.''

അവന്‍ തലയുയര്‍ത്തി ചാച്ചിയെ നോക്കി. അവന്റെ മുഖത്തൊരു ചിരി വിരിഞ്ഞു.

''പെണ്‍കുട്ടി മറ്റാരുമല്ല സൗമ്യയാ. അമ്മച്ചിയുടെ അടുത്തു നില്‍ക്കുന്ന...''

സിസ്റ്റര്‍ ബെന്നറ്റ് സ്തബ്ധയായി ഇരുന്നു പോയി.

''നീ എന്താടാ ഈ പറേണത്. നിനക്കു സൗമ്യയെക്കുറിച്ച് എന്തറിയാം. ഇന്നലെയല്ലേ നീ സൗമ്യയെ കണ്ടത്. ഇന്നു കല്യാണം കഴിക്കണമെന്നു പറയുന്നു. എടുത്തു ചാട്ടക്കാരന്റെ എല്ലൊടിച്ചേ വിധി വിടൂ എന്നു നീ കേട്ടിട്ടില്ലേ?''

''ഞാന്‍ എടുത്തു ചാടുന്നതൊന്നുമല്ല. ഞാന്‍ ഒത്തിരി ആലോചിച്ചെടുത്ത തീരുമാനമാ. അവളേക്കുറിച്ച് കുറച്ചൊക്കെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.''

''കുറച്ചു മനസ്സിലാക്കിയാല്‍ പോരാ. കൂടുതല്‍ അറിഞ്ഞിട്ടുവേണം തീരുമാനമെടുക്കാന്‍. ഇതു ശരിയാകില്ല. നിന്റെ സ്ഥാനമെന്ത്? അവളുടെ സ്ഥാനമെന്ത്? അതേക്കുറിച്ചു നീ ചിന്തിച്ചോ? അവളുടെ കുടുംബ പശ്ചാത്തലമൊക്കെ നിനക്കറിയാമോ?'' അവര്‍ ചോദിച്ചു.

''അപ്പന്‍ മരത്തില്‍ നിന്നും വീണു മരിച്ചുപോയി. അമ്മ ഇവിടെ അടുക്കളയില്‍ ജോലി ചെയ്യുന്നു. അനിയത്തി ഡിഗ്രിക്കു പഠിക്കുന്നു. സൗമ്യ വിദേശത്തു ജോലി നേടി കുടുംബം രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു.'' അവന്‍ പറഞ്ഞു.

''കറക്റ്റ്. അപ്പോ എല്ലാം അറിഞ്ഞോണ്ടു തന്നെയാ പുറപ്പാട്. എടാ കല്യാണം കഴിഞ്ഞു നീയും സൗമ്യയും കൂടി നിന്റെ മമ്മിയുടെയും പപ്പയുടെയും ബന്ധുജനങ്ങളുടെ ഇടയില്‍ ചെല്ലേണ്ടവരാ. ഇവളുടെ ഫാമിലിയേക്കുറിച്ചു ചോദിക്കുമ്പം നീ എന്തു പറയും. കാര്യം അവളെ ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമാ. ആ ഇഷ്ടത്തിനൊന്നും വിവാഹാലോചനയില്‍ പ്രസക്തിയില്ല. നീ കുറേക്കൂടി പ്രാക്ടിക്കലായി ചിന്തിക്ക്.''

''വരും വരായ്കകളൊക്കെ ഞാന്‍ ചിന്തിച്ചു തന്നെയാ തീരുമാനത്തിലെത്തിയത്. എന്റെ ഇഷ്ടത്തിനാ ഞാന്‍ മുന്‍തൂക്കം നല്കിയത്. ബാക്കിയൊ ക്കെ പിന്നാലെ വരുന്നതാ.

കുടുംബ മഹിമ, പാരമ്പര്യം ഇതൊക്കെ നോക്കി കല്യാണം നടത്തി എന്തോരം പേര്‍ ഡൈവോഴ്‌സായിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം പരസ്പരമുള്ള ഇഷ്ടത്തിനാ പ്രാധാന്യം.

സൗമ്യയെക്കുറിച്ച് ചാച്ചിയുടെ അഭിപ്രായമെന്താ?'' അവന്‍ ചോദിച്ചു.

''നല്ല അഭിപ്രായം. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന പെണ്‍കുട്ടി.''

''ദാമ്പത്യജീവിതത്തില്‍ അതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്.'' അവന്‍ ചോദിച്ചു.

''അതെ. എന്റെ പ്രാര്‍ത്ഥനയും ആശംസകളും നിങ്ങള്‍ക്കുണ്ടാകും. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞു കഴിയുമ്പം ജോര്‍ജുകുട്ടി എന്നെ സംശയിക്കാതിരിക്കില്ല. അവന്റെ ഒച്ച കേക്കണേ എനിക്കു പേടിയാ. ഒരു മയവുമില്ല.'' അവര്‍ പറഞ്ഞു ചിരിച്ചു.

''ചാച്ചിക്കു പേടിയാണെങ്കീ പിന്നെ ഞങ്ങടെ കാര്യം പറയണോ. പ്രേമമെന്നു കേക്കുമ്പോഴേ ഉറഞ്ഞുതുള്ളും മകനേക്കൊണ്ട് പെണ്ണുകെട്ടിച്ച് നാലോ അഞ്ചോ കോടി തരപ്പെടുത്താന്‍ തക്കം നോക്കുന്ന ആളോട് എങ്ങനെ ഇക്കാര്യം പറയും. അതാ ഞാന്‍ കല്യാണം കഴിക്കാത്തതുകൊണ്ട് അപ്പന് ഇത്രയും ദേഷ്യം.''

''മാതാപിതാക്കള്‍ അങ്ങനെ ചില സ്വപ്നങ്ങളൊക്കെ കണ്ടല്ലേ മക്കളെ വളര്‍ത്തുന്നത്. നിനക്കു നല്ല പെണ്‍കുട്ടിയെ കിട്ടണമെന്ന് അപ്പനും അമ്മയ്ക്കും നല്ല ആഗ്രഹമുണ്ടാവും. അതൊരു സമ്പന്ന കുടുംബത്തിലെ ആകണമെന്ന് സ്വാഭാവികമായും അവര്‍ ആഗ്രഹിക്കും. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍.''

''അപ്പന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ ഇങ്ങനെയൊരു പ്രൊപ്പോസലുമായി ചെല്ലുമ്പം നീ ക്ഷമ പ്രകടിപ്പിക്കണം. ആദ്യം അപ്പന്‍ ദേഷ്യപ്പെടുമ്പോള്‍ അതിനൊപ്പം വികാരപ്രകടനത്തിനു പോകരുത്. അവരുടെ ദേഷ്യം തീരുവോളം എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ എന്നു വയ്ക്കണം.

എല്ലാം ദൈവത്തിനു സമര്‍പ്പിച്ച് നീ പ്രാര്‍ത്ഥിക്ക് ദൈവം നിനക്കു നല്ലതു തരും. അമ്മച്ചി ഈ വിവരം അറിഞ്ഞോ?'' ബെന്നറ്റ് ചോദിച്ചു.

''അമ്മച്ചിയോടു ഞാന്‍ പറഞ്ഞു. അമ്മച്ചിക്കും അപ്പനെ പേടിയാ.'' അവന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു.

''അമ്മച്ചിയും ചാച്ചിയും ഒരുപോലെയാ പറയണത്. ഒന്നിനും കൂടെ കൂടില്ല. നടന്നാല്‍ നല്ലതെന്ന്.''

ചാച്ചി ചിരിച്ചു.

''ദൈവത്തിന്റെ പദ്ധതികള്‍ മനുഷ്യന് അജ്ഞാതമാണ്. അവള്‍ അവിടെ അമ്മച്ചിക്കു കൂട്ടായിപോയത് ഇങ്ങനെയൊരു ബന്ധത്തിലേക്കു നിങ്ങളെ നയിക്കാനാവും. മനുഷ്യകഥയിലെ നല്ല തിരിക്കഥാകൃത്ത് ദൈവമാണ്. ദൈവത്തിന്റെ തിരക്കഥ ന്യൂനതയില്ലാത്തതാണ്.''

ചാച്ചി അവനെ നോക്കി പറഞ്ഞു.

അവന്‍ പുഞ്ചിരിതൂകി.

''ആ മമ്മി ഇന്ന് ഇവിടെ ജോലി ചെയ്യുന്നുണ്ടോ?'' അവന്‍ ചോദിച്ചു.

''ഇപ്പോത്തന്നെ മമ്മിയായോ?'' അവര്‍ ചിരിച്ചു.

''ഇന്ന് ഇവിടെ ഉണ്ട്. നാളെ സണ്‍ഡേ ഓഫാ.''

''എങ്കീ നാളെ ഞാനൊന്ന് സൗമ്യയുടെ വീടുവരെ പോയാലോ?''

''തനിച്ചോ?'' ബെന്നറ്റ് ചോദിച്ചു.

''ആദ്യം തനിയെ പോയി നോക്കട്ടെ. എന്താ പറയുന്നതെന്നറിയട്ടെ.''

''ബെസ്റ്റ് വിഷസ്.''

ബെന്നറ്റ് അവന് ആശംസ നേര്‍ന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org